Slider

നേർക്കാഴ്ച്ചകൾ

0
Image may contain: Suresh Ck Suresh, text
എന്റെ പത്താമത്തെ വയസ്സിൽ ചേച്ചി അളിയന്റെ കയ്യും പിടിച്ചോണ്ട് കല്യാണപ്പെണ്ണായി വീടിന്റെ പടിയിറങ്ങുമ്പോൾ കണ്ടുനിന്നവരുടെ കൂട്ടത്തിൽ മതിമറന്നു ചിരിച്ചിട്ടുണ്ടേൽ അത് ഞാൻ മാത്രയിരിക്കും....
അന്ന് എന്നേം ചേർത്തുപിടിച്ചു അമ്മ കണ്ണു നിറക്കുമ്പോൾ കൂടെ നല്ലൊരു നടനായി ഞാനും നിന്നുകൊടുത്തു എന്നുതന്നെ പറയാം...
കൂടപ്പിറപ്പുകളുടെ സ്നേഹത്തെപ്പറ്റി അമ്മ പറയുമ്പോഴും ഞാനവളുടെ മുഖത്തേക്ക് ഒന്നു നോക്കി കൊഞ്ഞനം കുത്തും...
"തമ്മിൽ കണ്ടാൽ കീരീം പാമ്പും പോലാ... ഈ അസത്താളെ ഒറ്റക്കാക്കി ഒന്നു പുറത്തുപോയി വരാന്നു വെച്ചാൽ വരുമ്പോഴേക്കും രണ്ടിലൊന്നെ ബാക്കി ണ്ടാവു...."എന്ന അമ്മയുടെ സ്ഥിരം പല്ലവി കേട്ടിട്ടും ഞങ്ങൾ രണ്ടുപേരും ഇതൊന്നു മാറ്റി പറയിപ്പിക്കാൻപോലും ശ്രമിച്ചിരുന്നില്ല..
പൊതുവെ നമ്മളാങ്കുകുട്ടികൾ ഇത്തിരി സ്വാർത്ഥരാണ്.. ഞാനും സ്വാർഥനായിരുന്നു....
അച്ഛൻ കൊണ്ടുവരുന്ന പലഹാരപ്പൊതികൾ പങ്കിടുമ്പോഴും വിഷുക്കൈനീട്ടവും ഓണക്കോടിയും വാങ്ങുന്ന സമയത്തും എന്നാ ഇതൊന്നു ഒറ്റക്ക് കിട്ടുക എന്ന ചിന്ത എന്നെയും അലട്ടിയിരുന്നു...
അതിന്റെ പര്യവസാനത്തിലെത്തിയ നിമിഷം അത് അവളുടെ കല്യാണ ദിവസം മാത്രമായിരുന്നു...
അമ്മ പലപ്പോഴും പറയാറുണ്ട് അപ്പുറത്തൊക്കെ മൂന്നും നാലും മക്കളുള്ള വീടുണ്ട് അവിടെ ഇല്ല ഇത്രേം അങ്കം..
അന്ന് ഞാനും ചിന്തിച്ചിരുന്നു മൂന്നും നാലും മക്കളുള്ളിടത്തൊക്കെ അച്ഛൻകൊടുന്ന ബേക്കറിക്കൊക്കെ തല്ലായിരിക്കും...
ഇവിടെപ്പിന്നെ ഇവളുടെ കല്യാണം കഴിഞ്ഞാൽ ഈ വീട്ടിലെ രാജാവ് ഞാനാ...പിന്നീടുള്ള സകലവിധ സൗഭാഗ്യങ്ങൾക്കും അവകാശി ഞാൻ തന്നാ....
കല്യാണം കഴിഞ്ഞു സൽക്കാരോം കഴിഞ്ഞു... വീട്ടിൽ വിരുന്നുവന്നവരൊക്കെ തിരിച്ചുപോയിതുടങ്ങി..
പഴയതിനെക്കാളും സുഖമായി ഞാൻ ജീവിച്ച്തുടങ്ങി...പലഹാരപ്പൊതികൾ എന്നിൽ മാത്രം ഒതുങ്ങിത്തുടങ്ങി ...
പലതവണ അവൾ വിരുന്ന് വന്നു പോകുമ്പോഴും എത്ര വേണ്ടാന്ന് വെച്ചാലും വഴക്കുകൂടിയെ പിരിയാറുള്ളു...
പിന്നീട് എപ്പോഴോ അതിനൊക്കെ ഞങ്ങളറിയാതെതന്നെ മാറ്റങ്ങൾ സംഭവിച്ചുതുടങ്ങി...
സഹോദര സ്നേഹത്തിന്റെ വിലയറിഞ്ഞു തുടങ്ങിയ നിമിഷം എന്നുതന്നെ പറയാം...
ചിലപ്പോഴൊക്കെ അവളുടെ മടങ്ങിപ്പോക്ക് ആരും കാണാതെ കണ്ണിനീറനണിയിച്ചു ഞാൻ കണ്ടുതുടങ്ങി...
പലപ്പോഴും അപ്പുറത്തുള്ളവരും കൂട്ടുകാരും കൂടപ്പിറപ്പുകളുടെ കളിതമാശ പറഞ്ഞു ചിരിക്കുമ്പോൾ ഓർത്തെടുക്കാൻ ഞങ്ങൾക്കിടയിൽ ഒരു നല്ല നിമിഷം പോലും ഇല്ലെന്ന് ചിന്തിച്ചെടുത്തപ്പോൾ തീർത്തും ഞാനൊരു നോക്കുകുത്തിയായി കഴിഞ്ഞകാല ജീവിതത്തിലേക്ക് നോക്കിക്കൊണ്ടേയിരുന്നു...അതായിരുന്നു ആദ്യമായി
ഒറ്റപ്പെടൽ അറിഞ്ഞു തുടങ്ങിയ നിമിഷം...
പലപ്പോഴും അമ്മയോട് ഞാൻ പറയും അമ്മേ എനിക്കൊരു അനിയനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ എന്തൊരു രസമായിരുന്നു...ല്ലേ ചേച്ചി പോയപ്പോഴാ അതിന്റെയൊക്കെ കുറവ് അറിയണെ ന്ന്
നിങ്ങൾ രണ്ടുപേരുടെ ഇടയില്നിന്നും തീതിന്നാ ഞാനിത്രേം കാലം ജീവിച്ചത്... ഇനി മൂന്നാമതൊരാൾ കൂടി ഉണ്ടെകിൽ എന്തിനു നന്നു....
എന്ന അമ്മേടെ മറുവാക്കുകേട്ടു പലപ്പോഴും നിരാശയോടെ അകത്തേക്ക് പോവുകയല്ലാതെ ഇനി മറ്റൊരു വഴിയും ഇല്ലെന്ന ചിന്തയാകാം പിന്നീട് ഞാനാരോടും ആ പരാതി പറഞ്ഞിട്ടില്ല....
കൂട്ടുകാരൊക്കെ കൂടപ്പിറപ്പുകൾക്കു കയ്യിൽ എന്തെങ്കിലും കരുതുമ്പോൾ ഞാനും വാങ്ങും ഒരു പൊതി... മനസ്സിന് ഒരാശ്വാസംകിട്ടാൻവേണ്ടി മാത്രം....
ആ നിരാശയും സങ്കടവും കണ്ടിട്ട് ദൈവത്തിന് അലിവ് തോന്നിയതുകൊണ്ടാകാം കല്യാണം കഴിഞ്ഞ് ആദ്യവർഷം ചേച്ചി പ്രസവിച്ചു....
ഒരു പെൺകുഞ്..
അന്നാദ്യമായി ദൈവത്തിനോട് നന്ദിയും പറഞ്ഞു പത്തുപതിമൂന്ന് കിലോമീറ്റർ ദൂരമുള്ള ആശുപത്രിയിലേക്ക് ഞാനൊറ്റക്കു ബസ്സിൽകയറി യാത്രപോയി.. ആശുപത്രിയിൽ ചെന്ന് കുട്ടിയേം കണ്ടു അവളെ ഒന്നു തൊട്ടു...
"ടാ ചെക്കാ എന്നോടുള്ള ദേഷ്യത്തിന് കുട്ടീനെ നുള്ളരുത് ട്ടോ"...
അപ്പോഴത്തെ ചേച്ചീടെ ആ തമാശ എനിക്ക് പിടിച്ചില്ല... അതുകൊണ്ടു ചേച്ചിയേം ഒരു നുള്ളു നുള്ളി ഞാൻ നേരെ ലേബർ റൂമിന്റെ വാതിലും കടന്നു പുറത്തേക്കിറങ്ങി...
തിരിച്ചു വീട്ടിലെത്തി കൂട്ടുകാർക്കിടയിലെ ഞാനാ സന്തോഷം പങ്കുവെച്ചു... അവർക്കിടയിൽ ഏറ്റവും പ്രായം കുറഞ്ഞ അമ്മാവൻ എന്ന അംഗീകാരത്തിന് ഞാനർഹനായി...
ഇനി ഒറ്റയ്ക്കല്ല കൂടെ ഒരനിയത്തിക്കുട്ടിയും ഉണ്ടെന്ന തികഞ്ഞ ബോധ്യം തന്നെയാണ് പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതരീതിയെ ആകെ മാറ്റിമറിച്ചത്...
അവളുടെ വളർച്ചയോടൊപ്പം എന്റെ കടമയും കൂടിക്കൂടിവന്നു...
ആദ്യമായി സ്കൂളിൽ ചേർക്കുമ്പോഴും പിന്നീടങ്ങോട്ടുള്ള ഓരോ ഘട്ടങ്ങളിലും അമ്മാവൻ എന്നതിലുപരി ഒരേട്ടനായി കൂടെത്തന്നെ നിന്നു... ഇതിനിടയിൽ ചേച്ചിക്ക് മക്കൾ മൂന്നായി...
എല്ലാവരെയും ഞാനെന്റെ മക്കളെപ്പോലെ നോക്കി വളർത്തി..പക്ഷെ ഇവളോട്‌ മാത്രം എനിക്കൊരു പ്രത്യേക ചായ്‌വ് തന്നെയുണ്ടായിരുന്നു..എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കൊടുത്തു.പുറത്ത് എന്തു പരിപാടിക്ക് പോവുകയാണേലും കൂടെ കൈപിടിച്ചുകൊണ്ടോവും... സ്പഷ്യലായി എന്തെങ്കിലും കണ്ടാലോ ഞാനതു കഴിച്ചാലോ ഒന്നവൾക്കും വാങ്ങും... പലരും പരിഹസിച്ചിട്ടുണ്ട് പെങ്ങളെ മോളെ അങ്ങനെ കണ്ടാൽ മതി എന്നും ആ സ്ഥാനമേ നമുക്ക് അവര് തരൂന്ന്...
എല്ലാവരും പറയും നിന്നെപ്പോലത്തെന്നാ നിന്റെ മരുമോളും ദേഷ്യവും വാശിയും വേണ്ടുവോളം ഉണ്ടെന്ന്നീയാ അവളെ കൊഞ്ചിച്ചു വഷളാക്കുന്നതെന്ന്....
പക്ഷെ എന്നോടിതുവരെ ഒന്നു വാശി കാണിച്ചിട്ടില്ല... എന്റെ പ്രാർത്ഥനക്കു ദൈവം തന്നതാ അവളെ അപ്പോ ഞാനിച്ചിരി കൊഞ്ചിച്ചു വഷളാക്കിയാലും തെറ്റൊന്നുമില്ല എന്ന് തിരിച്ചവരോട് മുഖം നോക്കി മറുപടി പറഞ്ഞു ഞാനാവിഷയമങ്ങു മാറ്റും....
ഇന്നിപ്പോൾ വളർന്നു വലുതായി പതിനഞ്ചു വയസ്സായി...
കളിയും ചിരിയുമായി എന്റെ ആയുസ്സിന്റെ പകുതിയിലേറെയും കഴിഞ്ഞു....
ഈ വർഷം ഉയർന്ന മാർക്കോട്കൂടി പത്താം ക്ലാസ് പാസ്സായി ..
തുടർന്ന് പഠിക്കണം എഞ്ചിനിയർ ആകണം എന്നൊക്കെയാ അവളുടെ കുഞ്ഞുമനസ്സിലെ ആഗ്രഹം...
അമ്മാവനിൽ നിന്നും ഒരു ഏട്ടന്റെ സ്ഥാനമായിരുന്നു അവൾക്കിടയിൽ എനിക്ക്...അതു മാറി ഇനി ഒരച്ഛന്റെ കടമയിലേക്കു കടക്കുന്നു...
നൂറായിരം പ്രശ്നങ്ങൾക്കിടയിൽ കിടന്നു നട്ടം തിരയുകയാ ഞാൻ...
ചില സമയങ്ങളിൽ കൈത്താങ്ങായി ഒരേട്ടനില്ലാത്ത അവസ്ഥ നല്ലവണ്ണം അറിയാറുമുണ്ട്...
എങ്കിലും ഇവർക്കിടയിൽ ജീവിച്ചു തീർക്കുമ്പോൾ ഒരു സുഖമാ എനിക്കുമുണ്ട് ഒരു ലക്ഷ്യം... അവളിലൂടെ എനിക്കതു നിറവേറ്റണം.. ഇനി അതിനുംകൂടിയുള്ള ഓട്ടത്തിലായിരിക്കും...
കൂടെ പ്രിയപ്പെട്ടവരും അവരുടെ പ്രാർത്ഥനയും എന്റെ ലക്ഷ്യത്തിലേക്കു കടന്നുചെല്ലാൻ കൂട്ടിനുണ്ടാവും എന്നൊരു പ്രതീക്ഷയിൽ ഇനിയങ്ങോട്ട് ഓടിതുടങ്ങട്ടെ....
C K
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo