Slider

ഫിഫ്റ്റി ഫിഫ്റ്റി ചാൻസ്

0
Image may contain: Sreejith Govind, beard, hat, closeup and indoor
-----------------
‍‍‍‍‍‍‍‍‍ഓഫീസിലെ പിടിപ്പതു ജോലിക്ക് ഒരിടവേള കൊടുത്ത് ഒന്ന് നടു നിവർത്തി ഞാൻ കസേരയിലേക്ക് വീണു.
..ഹോ എന്തൊരു ക്ഷീണം..
സമയം നോക്കി. നാലു മണി..
ഒരു ചായ കുടിച്ചിട്ട് വരാം എന്ന് കരുതി തിരക്കിട്ട് ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെ ഇടയിൽ കൂടി ഞാൻ നടന്നു.
കുനിഞ്ഞു ഫയൽ അടുക്കിക്കൊണ്ടിരുന്ന ക്ലാർക്ക് സാവിത്രി എന്നെ തിരിഞ്ഞു നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
ഇവൾ ഇന്നും കണ്ണെഴുതിയിട്ടുണ്ടല്ലോ.. തിരക്കിനിടയിൽ ശ്രദ്ധിക്കാൻ പറ്റിയില്ല.
പുറത്തിറങ്ങി അടുത്തുള്ള കടയിലേക്കു നടന്നു.
എന്നും വൈകിട്ട് ബാലേട്ടന്റെ തട്ടുകടയിൽ നിന്നുമുള്ള ചായയും ഉഴുന്ന് വടയും ഇല്ലെങ്കിൽ എന്തോ ഒന്ന് മറന്നത് പോലാണ്.
മതിലിനപ്പുറത്തെ റോഡിലേക്ക് നോക്കി ഞാൻ ചൂടുള്ള ചായ ഊതിക്കുടിച്ചു.
റോഡിൽ നല്ല തിരക്കാണ്.
അടുത്തുള്ള സ്കൂളിൽ നിന്നും കുട്ടികൾ വരിയായി അനുസരണയുള്ള താറാവുകളെപ്പോലെ റോഡിന്റെ ഒരറ്റത്ത് കൂടി മെല്ലെ നടക്കാൻ തുടങ്ങിയിരിക്കുന്നു.
പല വേഷത്തിലുമുള്ള ആൾക്കാർ വാഹനങ്ങളിൽ വന്നിറങ്ങിയും കയറിപ്പോകുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി അനുസ്യൂതം തുടരുന്നു.
ബാലേട്ടന്റെ കടയിലെ ബെഞ്ചിൽ ചിതറിക്കിടക്കുന്ന ലുലു ഓഫർ പേപ്പർ വായിച്ച് ചായ ഒരു കവിൾ കുടിച്ചപ്പോഴാണ് റേഡിയോ എഫ് എമ്മിൽ ആ വാർത്ത കേട്ടത്.
..റിപ്പർ രാഘവൻ ജയിൽ ചാടിയിരിക്കുന്നു.. !!
ഞാൻ പേപ്പറിലും ടിവിയിലും കണ്ട രാഘവന്റെ രൂപം ഓർത്തു.
ഉദ്ദേശം അഞ്ചടി ഉയരത്തിൽ എണ്ണക്കറുപ്പിൽ ഒരു ദൃഢഗാത്രൻ..
പത്തിലധികം ആളുകളെ നിഷ്ക്കരുണം തലക്കടിച്ചു കൊലപ്പെടുത്തിയവൻ.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവരാണയാളുടെ ലക്ഷ്യം..
ഒഴുകിപ്പടരുന്ന ചുവപ്പ്‌നിറം കാണുമ്പോൾ അനുഭവിക്കുന്ന ഉന്മാദം..
അപ്പോൾ കിട്ടുന്ന മനഃസംതൃപ്തി ..
അത് തന്നെ അടുത്ത കൊലക്കുള്ള ചോദനയും.
അയാൾ നടത്തിയ കൊലപാതകങ്ങളുടെ ചിത്രങ്ങൾ ആലോചിച്ചപ്പോൾ എനിക്ക് തല കറങ്ങി. ചോരയിൽ കുളിച്ച് തലച്ചോർ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ ഭീകര രംഗങ്ങൾ മനസ്സിൽ മിന്നിമറയാൻ തുടങ്ങി.
ഓക്കാനം വന്ന് ഞാൻ വായിലെ ചായ പുറത്തേക്ക് തുപ്പിക്കളഞ്ഞു.
എന്റെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർ മാത്രം അകലെയാണ് അയാളുടെ തറവാട് വീട്.
കയ്യിലെ ഡിസ്പോസിബിൾ ഗ്ലാസ്‌ ചുരുട്ടി വേസ്റ്റ് ബിന്നിലിട്ട് ബാലേട്ടന്റെ ക്യാഷ് കൊടുത്ത് തിരിച്ച് ഓഫീസിലേക്ക് പോകുമ്പോൾ മനസ്സ് കാരണമില്ലാതെ അസ്വസ്ഥമായിരുന്നു..
..വീട്ടിൽ ഭാര്യ ഒറ്റക്കാണ്...
ഓഫീസിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ജോലി തീർത്തു വിശ്രമിക്കുന്നു. ചിലർ ചായ കുടിക്കുന്ന തിരക്കിലാണ്. എന്നെക്കണ്ടപ്പോൾ സാവിത്രി മുഖമുയർത്തി നോക്കി..
പഴയ ചിരി മാഞ്ഞതു പോലെ തോന്നി..
ചെയറിൽ വന്നിരുന്നു..
ഞാൻ ചെറുതായി കിതക്കുന്നുണ്ടായിരുന്നു. കുറച്ച് നാളായി മനസ്സിൽ വെപ്രാളം തോന്നിത്തുടങ്ങിയാൽ ശ്വാസം മുട്ടാൻ തുടങ്ങും.
മുന്നിലെ മേശമേൽ പൂർത്തിയാക്കാതെ കിടക്കുന്ന ഫയലിൽ ഞാൻ കണ്ണോടിച്ചു... ഇന്നിനി മുഴുമിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല മനസ്സാന്നിധ്യം നഷ്ടപ്പെട്ടിരിക്കുന്നു. ഫയലുകൾ മടക്കി ഒരു വശത്തേക്ക് നീക്കി വെച്ചു.
എന്റെ മുന്നിൽ രണ്ട് വഴികളാണുള്ളത്.
മനസ്സിനെ അലട്ടുന്ന ആ കാര്യം പാടേ മറന്ന്‌ എന്റെ ജോലിയിൽ വ്യാപൃതനാവുക.
അല്ലെങ്കിൽ ഇതുവരെ നഗരത്തിൽ ഒറ്റയ്ക്ക് പോയിട്ടില്ലാത്ത ഭാര്യയെ എത്രയും പെട്ടെന്ന് പുറത്തേക്ക് പറഞ്ഞു വിട്ട് ഭാഗ്യം പരീക്ഷിക്കുക.
ചില സന്ദിഗ്ദ്ധ ഘട്ടങ്ങളിൽ തീരുമാനമെടുക്കുക ദുഷ്കരം തന്നെ..
ഞാൻ രണ്ടാമത്തെ ചോയ്സ് തെരഞ്ഞെടുക്കാൻ തീരുമാനിച്ചു.
ഫോൺ കയ്യിലെടുത്തു ഭാര്യയുടെ നമ്പർ ഡയൽ ചെയ്തു.
ഇനി വൈകിക്കൂടാ.തീരുമാനം പെട്ടെന്നായിരിക്കണം.
ഓരോ നിമിഷവും നിർണ്ണായകമാണ്...
ഇവളെന്താണ് ഫോണെടുക്കാത്തത്..?
കുറച്ച് നേരം റിംഗ് ചെയ്ത് ഫോൺ കട്ടായി.
ഫോണും കയ്യിൽ പിടിച്ച് വിയർത്തു കുളിച്ച് കുറച്ച് നേരം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ഇരുന്നു.
ഒന്നുകൂടി ഡയൽ ചെയ്യുമ്പോൾ എത്രയും പെട്ടെന്ന് അവൾ ഫോൺ അറ്റൻഡ് ചെയ്യാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു.
...ഹലോ.. എന്താ ഏട്ടാ..
അവൾ കിതച്ചു കൊണ്ട് ചോദിച്ചു.
വിളിച്ചിരുന്നു അല്ലേ...?
ഞാൻ കുളിമുറിയിൽ ആയിരുന്നു..
സ്കൂൾ വിട്ട് മോൻ എത്തിയോ...?
ഇല്ല.. നാലര അല്ലേ ആയുള്ളൂ..
അവനെത്താൻ കാൽമണിക്കൂർ കൂടി കഴിയും
ഉം.. സാരമില്ല..
നീ പെട്ടെന്ന് ഒരുങ്ങു.
ഒരു സ്ഥലം വരെ പോകണം..
ഞാനൊറ്റക്കോ...?
മോൻ വന്നിട്ട് പോയാൽ പോരേ..?
എന്റെ സ്വരത്തിലെ മാറ്റം കണ്ട് അവൾ പകച്ചെന്നു തോന്നുന്നു.
ഞാൻ കിതക്കുന്നുണ്ടായിരുന്നു.
സാവിത്രി എന്നെ നെറ്റി ചുളിച്ചൊന്നു നോക്കിയത് ഞാൻ കണ്ടു.
നെറ്റിയിലെ വിയർപ്പ് തൂവാല കൊണ്ട് അമർത്തിത്തുടച്ച് ഞാൻ തുടർന്നു.
....പോര.. എത്രയും പെട്ടെന്ന് പുറത്തിറങ്ങി ഓട്ടോ പിടിച്ച് അഞ്ച് മണിക്ക് മുൻപ് ലുലു മാളിൽ എത്തണം. അപ്പുറത്തെ നാരായണി ചേച്ചിയോട് അവനെ വീട്ടിലോട്ടു കൂട്ടാൻ പറ
ഓഫറുണ്ട്.. നീ ബിരിയാണി വെക്കാൻ ഒരു പാത്രം വേണമെന്ന് പറഞ്ഞില്ലേ..
അമ്പത് പെർസെന്റ് ഓഫർ ഇന്നഞ്ചു മണി വരെ മാത്രം.. കണ്ടത് മുതൽ എന്ത് ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.
..ഇപ്പൊ സമാധാനമായി..
പെട്ടെന്നായിക്കോട്ടെ..
ഫോൺ കട്ട് ചെയ്ത് സീറ്റിൽ ചാരിയിരുന്ന് ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു.
അപ്പുറത്തെ സീറ്റിൽ ഒരു കയ്യിൽ പകുതി കടിച്ച പരിപ്പുവടയും മറുകയ്യിൽ ചായഗ്ലാസ്സുമായി സാവിത്രി കരിമഷിക്കണ്ണുകളോടെ എന്നെ പകച്ചു നോക്കുന്നുണ്ടായിരുന്നു...
ശ്രീ
18/05/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo