Slider

മാതൃദിനം

0

Image may contain: Hari Menon
മാതൃദിനത്തിലീ ഫേസ്ബുക്കിലേവരും
മാതാവിനാശംസ നേര്‍ന്നുനില്‍ക്കേ,
പണ്ടെങ്ങോ വച്ചു മറന്ന പടങ്ങളെ
കൊണ്ടിങ്ങു വാളില്‍ പതിച്ചുവയ്ക്കേ,
ഞാനുമെന്നമ്മയെ താങ്ങിയെടുത്തു കൊ-
ണ്ടാനയിയ്ക്കുന്നു, പടം പിടിയ്ക്കാന്‍..
ചുക്കിച്ചുളിഞ്ഞ മുഖത്തിലങ്ങാകവേ
ഞെക്കിപ്പിടിപ്പിച്ചു പൌഡറിട്ടു..
ആകെ നരച്ച മുടിക്കെട്ടു ഡൈയ്യടി-
ച്ചാകമാനം കറുപ്പിച്ചുവച്ചു..
ചാഞ്ഞും ചരിഞ്ഞും തരാതരം പോസുകള്‍
ഞാനെന്‍ മൊബൈലില്‍ പകര്‍ത്തിവച്ചു.
പിന്നെ ഞാനമ്മയെ ആകെയിരുട്ടിനാല്‍
മുങ്ങും മുറിയ്ക്കുള്ളിലുന്തിവിട്ടു..
പോകുന്ന നേരത്ത് മെല്ലെ തിരിഞ്ഞെന്നെ-
യാകെ ചുഴിഞ്ഞൊന്നു നോക്കിയമ്മ..
ഇന്നത്തെയേകദിനത്തിലേയ്ക്കേവരും
അമ്മ പൊന്നമ്മയെന്നോതി നില്‍പ്പൂ..
ഇന്നെത്ര ലൈക്കുകള്‍ കിട്ടുമെന്നാധിയില്‍
അന്യത്ര പോകുന്നു ലാപ്പുമായി...
ഒറ്റ ദിനത്തിന്‍ മഹത്വമല്ലോര്‍ക്കുക,
പെറ്റമ്മയെന്നതെന്‍ കൂട്ടുകാരേ....

By: Hari Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo