Slider

ഒരു തൈറോയ്ഡ് രോഗിയുടെ ആത്മനൊമ്പരങ്ങള്‍- #ഭാഗം3

0
Image may contain: 1 person, beard

റിസൽട്ടുകൾ എന്നും എനിക്കൊരു പ്രശ്നമായിരുന്നില്ല. എസ് എസ് എൽ സി റിസൽട്ട് പോലും എല്ലാരും നോക്കിക്കഴിഞ്ഞ ബാക്കിയായിരുന്നു ഞാനെടുത്തത്.
പക്ഷെ ഇത് ഫീൽസ് സംതിങ് ഡിഫറെൻറ്.
മകന്റെ ഐ എ എസ് റിസൾട് കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ ആധി.
ഈ കാലയളവിൽ തൈറോയ്ഡ് സംബന്ധിയായി ഇതുവരെ എഴുതപ്പെട്ട ലേഖനങ്ങളും പ്രബന്ധങ്ങളും തേടിനടന്നു വായിച്ചു എന്ന് മാത്രമല്ല ഈ ഓപ്പറേഷന് വിധേയരായ മഹാത്മാക്കളുമായുള്ള കൂടിക്കാഴ്ച്ചകൾ വരെ തകൃതിയായി നടത്തിക്കൊണ്ടിരുന്നു.
കൂടാതെ ഇതിനെല്ലാം മേമ്പൊടിയായി തൊണ്ടയ്ക്ക് അസുഖം മൂർച്ഛിച്ച് എന്റെ ഏക എന്റർടൈൻമെന്റ് മാർഗമായ ആയ ചാപ്പാട് അടിക്കാനാകാതെ ഞാൻ ദിവംഗതനാകുന്ന സ്വപ്നങ്ങളും ഡെയിലി കണ്ടുകൊണ്ടിരുന്നു.
ഭാഗ്യത്തിന് അന്ന് ഗൂഗിൾ സാർ കണ്ണപുരം ഗ്രാമത്തിൽ സേവനം ആരംഭിച്ചിട്ടില്ലാത്തതിനാൽ എന്നിൽ മറ്റ് മാരകരോഗങ്ങളൊന്നും ഞാൻ കണ്ടെത്തിയില്ല.ഇല്ലെങ്കിൽ ഞാനന്നേ പേടിച്ചു ചത്തേനെ !
അതിനിടയിലാണ്
"ഓരോ സന്നിഗ്ധഘട്ടങ്ങളിലും ഞാൻ ആവശ്യമായ രൂപമെടുത്ത് അവതരിക്കും"
എന്ന ഭഗവത് വാക്യം അന്വർത്ഥമാക്കിക്കൊണ്ട് എന്റെ മുന്നിൽ ഒരു യുഗപുരുഷൻ അവതരിച്ചത്.
പേര് - ' ഇന്ത്യൻ രാജു '.
(നിയമനടപടിയും അദ്ദേഹത്തിന്റെ പ്രതികരണവും ഭയക്കുന്നതിനാൽ യഥാർത്ഥ പേരല്ല കൊടുത്തിരിക്കുന്നത്)
പേരിനോട് ചേർന്ന ഇന്ത്യൻ എന്നതിന്റെ കഥ പിന്നെ പറയാം.
മുഖക്കുരു മുതൽ മൂലക്കുരുവിനു വരെ ചികിത്സക്കും വിവിധ തരം ശസ്ത്രക്രിയയ്ക്കും വിധേയനാകുകയും ചികിത്സാവേളയിലും തുടർന്നും അവയെക്കുറിച്ച് നേടിയ തന്റെ അമൂല്യമായ അറിവുകൾ നാട്ടുകാരായ ജൂനിയർ രോഗികൾക്ക് പകർന്നു നൽകുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന മഹാ മനീഷി. അതാണ് ഇന്ത്യൻ രാജു.
എന്റെ രൂപം കണ്ട് അസുഖം മനസ്സിലാക്കിയിട്ടാകണം ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് ആഗതനായി.
മുന്നിൽ നിൽക്കുന്ന ആ സ്വരൂപത്തിൽ നിന്നും ദിവ്യദീപ്തികൾ എന്നിലേക്ക് പ്രവഹിക്കുന്നത് എനിക്കറിയാൻ സാധിക്കുന്നുണ്ടായിരുന്നു.
'റിസൾട്ടിനെക്കുറിച്ചു നീ വെറുതെ വേവലാതിപ്പെടേണ്ട. അത് വെറും ഫോര്മാലിറ്റിയാണ്'. കസേരയിലിരുന്നു കൊണ്ട് അദ്ദേഹം മൊഴിഞ്ഞു. ആശ്വാസത്തിന്റെ സന്തോഷാശ്രു കൊണ്ട് അദ്ദേഹത്തിൻറെ പാദങ്ങൾ കഴുകിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു.
എന്തായാലും ഓപ്പറേഷൻ ചെയ്യുന്നതാണ് നല്ലതെന്നും ഏകദേശചിലവ് ഇത്രയാകുമെന്നും ഇന്ന ഡോക്ടറെ കണ്ടാൽ മതിയെന്നും ഓപ്പറേഷൻ കഴിഞ്ഞാൽ നിത്യം മരുന്ന് കഴിക്കേണ്ടി വരുമെന്നുമുള്ളതടക്കം ഒരു തൈറോയ്ഡ് രോഗി അറിയാനാഗ്രഹിക്കുന്ന സകല വിവരങ്ങളും ആ മഹാത്‌മാവ്‌ എനിക്ക് പറഞ്ഞു തന്ന് മനസ്സിന്റെ ഭാരം ഒരു നൂറ് പൗണ്ട് കുറച്ചു തന്നു.
പെട്ടെന്ന് ഓപ്പറേഷൻ ചെയ്യാൻ സാമ്പത്തിക ബുദ്ദിമുട്ടുണ്ടെന്നു സൂചിപ്പിച്ചപ്പോൾ ഒരു രണ്ടായിരം ക എന്റെ ചികിത്സാഫണ്ടിലേക്ക് കടമായി വാഗ്ദാനം ചെയ്ത് ഇടയ്ക്കിടെ വരാമെന്നു പറഞ്ഞു ആ ധന്യാത്മൻ യാത്രയായി...
ഞാനെന്റെ ഓപ്പറേഷൻ സ്വപ്നങ്ങളിലേക്കും...
ഒരു ഭ്രാന്തൻ കുരങ്ങിനെപ്പോലെ നിൽക്കുന്ന എന്റെ മനസ്സിൽ ഒരു ഉണക്കത്തേങ്ങ ഇട്ടുകൊണ്ടാണ് അദ്ദേഹം പോയത്.. കുറച്ചു കഴിഞ്ഞതോടെ കുരങ്ങ് പണി തുടങ്ങി.
എന്താണെന്നല്ലേ ?
ഓപ്പറേഷൻ സമയത്തു ഡോക്ടർക്ക് കൈയോ മറ്റോ വിറച്ചുപോയാൽ കത്തി സ്വനപേടകത്തിൽ തട്ടി ശബ്ദം മാറുകയോ ഇല്ലാതാക്കുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന്.
സംഗീതം പഠിച്ച് യേശുദാസിന്റെ പകരക്കാരൻ ആകാൻ കാത്തു നിൽക്കുന്ന എനിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു ആ വെളിപ്പെടുത്തൽ.
ഇതോടെ നേരത്തെ കുറഞ്ഞ നൂറ് പൗണ്ടിന്റെ കൂടെ ഒരു ഇരുന്നൂറു പൗണ്ട് ഭാരം കൂടെ മനസ്സിലേക്ക് കേറി.
എരിപൊരി സഞ്ചാരങ്ങൾ തുടരുന്നതിനിടെ റിസൾട്ട് കിട്ടി. ഇന്ത്യൻ ഗുരു പറഞ്ഞ പോലെ തന്നെ നോർമൽ !
ആ സന്തോഷത്തിൽ അപ്പോൾ തന്നെ അടുത്തുള്ള ഹോട്ടലിൽ ചെന്ന് ഒരു മൂന്നു പൊറോട്ടയും സാധാരണയായി കഴിക്കാറുള്ള മസാലക്കറി ഒഴിവാക്കി പെഷൽ മുട്ടക്കറിയും കഴിച്ച് ആഹ്‌ളാദം പ്രകടിപ്പിച്ചു.
റിസൾട്ട് കിട്ടിയതോടെ ഓപ്പറേഷൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
ഇന്ത്യൻ ഗുരുവിന്റെ നിർദ്ദേശാനുസരണം അദ്ദേഹത്തെ ചികില്സിച്ച ഡോക്ടറിന്റെ അടുത്ത് പോകാനാണു തീരുമാനിച്ചത്.
അങ്ങനെ ഞാനും പപ്പനും വീണ്ടും ഒരു മറ്റൊരു ദൗത്യത്തിനായി കണ്ണൂരേക്ക് പുറപ്പെട്ടു.
സെന്റ് മൈക്കിൾ സ്‌കൂളിന്റെ മുറ്റത്തു തന്നെയാണ് ആശുപത്രിയെന്നു ഗുരു പറഞ്ഞതിനാൽ സൗന്ദര്യത്തിൽ അതീവ ശ്രദ്ധകൊടുത്താണ് പപ്പന്റെ വരവ്. ഓപ്പറേഷൻ സമയത്ത് അവൻ തന്നെ ഹോസ്പിറ്റലിൽ നിൽക്കാം എന്ന് ത്യാഗ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു മഹാൻ.
വഴി പറഞ്ഞത് കേട്ട് പോയ കെട്ടിടത്തിന് ആശുപത്രിയുടെ ഒരു ഛായ പോയിട്ട് പാലുംവെള്ളം പോലുമില്ല.
ഒരു നെയ്തുകമ്പനി പോലെയുള്ള ഓടിട്ട ഇരുനില കെട്ടിടം.മണ്ണിന്റെ തറയോട് പാകിയിരിക്കുന്നു. മണം ആശുപത്രിയുടേത് തന്നെ. സമാധാനമായി
പുറത്ത് കുറെ വയസ്സന്മാർ തൊണ്ടയിലെ കഫം ഉപയോഗിച്ച് പലവിധ ശബ്‍ദവീചികൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ഒരു കാര്യം ശ്രദ്ദിച്ചു.അവിടെയെല്ലാരുടേയും മുഖത്ത് ഭയം തളം കെട്ടി നിൽക്കുന്നു.
അടുത്തിരുന്ന ഒരു അമ്മാവനാണ് കാര്യം പറഞ്ഞത് ഡോക്ടർ ഉഗ്രകോപിയായ ഒരു മിലിട്ടറി സർജൻ ആണത്രേ.
റിട്ടയർ ആയതിനു ശേഷം ഒരു സേവനമെന്ന നിലക്ക് ഈ കെട്ടിടം വാങ്ങി ഓപ്പറേഷൻ കേസുകൾ മാത്രം ചെയ്യുന്നു. അതും സാധാരണ ആശുപത്രിക്കാർ ചെയ്യുന്നതിന്റെ മൂന്നിലൊന്ന് ചെലവിൽ.
എത്ര വലിയ ഓപ്പറേഷൻ ആയാലും രണ്ടാമത്തെ ദിവസം ഡിസ്ചാർജ് ചെയ്യുമത്രേ.
അദ്ദേഹത്തിൻറെ ഭാര്യ അനസ്തേഷ്യ ചെയ്യും പുള്ളി ഓപ്പറേഷനും. കൂട്ടിനു പ്രായമുള്ള രണ്ടുമൂന്നു നഴ്‌സമ്മമാരും ഒരു വയസ്സൻ കമ്പൗണ്ടറും.
ആൾക്കാരുടെ പേടിയുടെ കാര്യം പിടികിട്ടി ഇവിടെയും മറ്റേതാണത്രേ ഏത് ? മിലിട്ടറി ചിട്ട.
ഞാനിങ്ങനെ താളവട്ടത്തിലെ ജഗതിയെപ്പോലെ പൂസായി വന്നു ഡോക്ടറെ തെറിവിളിക്കുന്ന രംഗം ഒന്ന് ഭാവനയിൽ കണ്ടു.
അപ്പോഴേക്കും ഡോക്ടറുടെ കാര്‍ വന്നു നിന്നു. എല്ലാരും എഴുന്നേറ്റ് ഭയഭക്തിബഹുമാനത്തോടെ നിന്നു.
കൂടെ ഞാനും മുക്കിൽ വിരലിട്ട് എന്തോതിരഞ്ഞുകൊണ്ട് പപ്പനും...
തുടരും..
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo