Slider

ഭ്രൂണഹത്യ

0
Image may contain: 1 person, closeup
ബ്ലാക്ക് ഫോറസ്റ്റിന്റെ ക്രീം നിറഞ്ഞ കുഞ്ഞിളംചുണ്ടുമായി ഉണ്ണിമോൻ അച്ചുവിന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് ഉറക്കെ ഒരു മുത്തംകൊടുത്തു. ആ മുത്തം ഏറ്റുവാങ്ങിയപ്പോൾ അശ്വതിയുടെ നെഞ്ചകം ഒന്നു പിടച്ചു .
ഉണ്ണിമോന്റെ നാലാം പിറന്നാളാണിന്ന്.
കാലം എത്ര പെട്ടന്നാണ് ഓടി മറഞ്ഞത്..!
പിറന്നാളിന്റെ ആഹ്ലാദത്തിൽ ഉണ്ണിമോൻ അവിടെയെല്ലാം തുള്ളിച്ചാടി നടന്നു.
പുതിയ ഉടുപ്പും കളിപ്പാട്ടങ്ങളുമായി അവൻ അതീവസന്തോഷത്തിലാണ് ...
അവന്റെ ആ ആഹ്ലാദം കണ്ടപ്പോൾ കാലങ്ങൾക്കുമുൻപ് അടർത്തിമാറ്റാനാഗ്രഹിച്ച ഒരു തുടിപ്പ് അടിവയറിൽ ഒരുവേദന സമ്മാനിച്ചു..! ഏതാനും ചോരത്തുളളികളായി ഒഴുകിപ്പോകേണ്ടിയിരുന്ന പൊന്നുമോൻ..! അവനിന്ന് നൽകിയ ആ സ്നേഹചുംബനം അതുകൊണ്ടുതന്നെ അച്ചുവിന് ആഴത്തിലുളള ഒരു മുറിപ്പാടായിമാറി.സ്നേഹം കൊണ്ടുവിങ്ങുന്ന ഒരു മുറിപ്പാട്..!
കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ അച്ചു ഗർഭം ധരിച്ചു. വിവാഹശേഷവും പഠനം എന്ന അവളുടെ ആഗ്രഹത്തിന് തടസ്സം നിൽക്കുന്ന ഒന്നായിട്ടാണ് അശ്വതി ആ ഗർഭധാരണത്തെ കണ്ടത്. ഇനിയും പഠിക്കണമെന്ന മോഹം അച്ചുവിന്റെ മനസ് ഗർഭഛിദ്രത്തിലേക്കോടിയടുത്തു..!
പക്ഷേ മനുവിന് എതിർപ്പായിരുന്നു. തന്റെ കലാലയവും ക്ലാസ് മുറിയും മാത്രമായിരുന്നു അവളുടെ മനം നിറയെ.!! അതിനിടയ്ക്ക് മനുപറഞ്ഞ വാക്കുകളോ കുഞ്ഞിന്റെ കൊഞ്ചലുകളോ അവളെ ബാധിച്ചില്ല!!
അങ്ങെയാണ് ഗായത്രി ഡോക്ടറെ കാണാൻ അവരിരുവരും പോയത്.
ഭ്രൂണഹത്യയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും കുഞ്ഞിനുവേണ്ടി കണ്ണീരൊഴുക്കുന്നവരെക്കുറിച്ചുമെല്ലാം ഡോക്ടർ വിശദീകരിച്ചു . നന്നായി ചിന്തിച്ച്
ഒരു ദിവസം വരൂ എന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു.
തിരിച്ചുള്ള യാത്ര അവളുടെ മനസ് തിരിച്ചറിവിലക്കുളള യാത്രയായിരുന്നു ..!
ചിന്തകളിൽ ഉഴറിയിട്ടോ യാത്രാക്ഷീണം കൊണ്ടോ അവൾ വേഗം നിദ്രയിലേക്കലിഞ്ഞു ചേർന്നു. ആ രാത്രിയിൽ മോണ കാട്ടി ചിരിക്കുന്ന അവരുടെ ഉണ്ണിമോൻ അവളെ തേടി വന്നു.. വാരിയെടുക്കാൻ ഓടിയടുത്ത അവൾ കാൽ തെന്നി വീണു ..
കണങ്കാലിലൂടെ രക്തമൊഴുകുന്നു തറയിൽ നിറയെ രക്തം തളം കെട്ടി നിൽക്കുന്നു..!!
'മനുവേട്ടാ' എന്ന ഒരാർത്തനാദത്തോടെ അവൾ ഞെട്ടിയുണർന്നു ...
"എന്താ അച്ചു എന്തുപ്പറ്റി..?" അവളുടെ പരിഭ്രമിച്ച മുഖം കൈക്കുമ്പിളിലേന്തി മനു ചോദിച്ചു .
"എനിക്കിത്തിരി വെള്ളം വേണം.."
തണുത്ത വെള്ളം കുടിച്ചിറക്കുമ്പോഴും അച്ചുവിന്റെ ദേഹമാകെ ചുട്ടുപൊള്ളുകയായിരുന്നു..!
അവൾ മെല്ലെ മനുവിന്റെ കൈ പിടിച്ച് സ്വന്തം വയറിൽ വച്ചു എന്നിട്ട് ചിരിയോടെ ചോദിച്ചു.. "മനുവേട്ടാ നമ്മുടെ ഉണ്ണിമോൻ അനങ്ങുന്നുണ്ടോന്ന് നോക്കിയേ.."
ആനന്ദത്തിൽ ആറാടിയ മനു അവളെ ഒത്തിരി ചുംബിച്ചു
ഒരു പാട് സ്വപ്നങ്ങളുമായി കെട്ടി പുണർന്ന് അവർ നിദ്രയിലേക്കാണ്ടു ..!
ഉണ്ണിമോന്റെ കിണുങ്ങിച്ചിരി കേട്ടാണ് അച്ചു ചിന്തയിൽ നിന്നുണർന്നത്.ഒഴുകിയിറങ്ങിയ ചുടുകണ്ണീർ തുടച്ചെറിഞ്ഞിട്ട് അവൾ മുറിയിലെത്തി ബെഡ്ഡിൽ കമിഴ്ന്ന് കിടന്നു. നെഞ്ചിലൊരു കൊച്ചുകൊഞ്ചൽ അന്ന് 'അമ്മേ..' എന്ന് കരഞ്ഞില്ലായിരുന്നുവെങ്കിൽ, ഗായത്രി ഡോക്ടറുടെ ചിലവാക്കുകൾ പൊളളിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ന് മരുന്ന് കഴിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്ന അനേകം പെണ്ണുങ്ങളിൽ ഒരുവളായി താനും...!!
" മോളെ.."
പിൻകഴുത്തിലെ ചുടുനിശ്വാസത്തിൽ അവൾ ശക്തിയായി ഒന്നുതേങ്ങി.
മനു അവളെ കോരിയെടുത്ത് നെഞ്ചോട് ചേർത്തു.
"എനിക്കറിയാം..അതൊക്കെ കഴിഞ്ഞില്ലേ..നമ്മുടെ മോൻ നമ്മുടെ കൂടെയില്ലേ.ഇനി പഴയതൊന്നും ഓർക്കണ്ട"
അവൾ മനുവിന്റെ നെഞ്ചിലേയ്ക്ക് ഒന്നുകൂടി പറ്റിച്ചേർന്നു. പാറിവീണ മുടിയിഴയൊതുക്കി മനു മെല്ലെ കുറുമ്പ് പറഞ്ഞു..
"അതേയ്...ഉണ്ണിമോന് കളിക്കാൻ ഒരു കൂട്ട് വേണ്ടേ..?"
അതോടെ മനസിലെ സംഘർഷം തോർന്ന് നാണത്തിൽ കുതിർന്ന അവളുടെ മുഖം പൂർണചന്ദ്രനെപ്പോലെ കാണപ്പെട്ടു. അവളുടെ നെറുകയിൽ മനു മെല്ലെ ചുണ്ടമർത്തി ..
ഓടിയെത്തിയ ഉണ്ണിമോനെയും ചേർത്ത് പിടിച്ച് അവർ ആനന്ദത്തിന്റെ താഴ്വാരത്തിലേക്കിറങ്ങി ..
അജിത്ത് .ആർ.കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo