Slider

പനി.

0
Image may contain: 2 people, people standing and indoor

ഇന്നലെ രാവിലെ മുതൽ 
തൊണ്ടവേദന തോന്നുന്നുണ്ടായിരുന്നു, രാത്രി അതല്പം കൂടി. 
ഉറങ്ങുമ്പോൾ വായിലൂടെ 
ശ്വാസം വിടുമ്പോൾ തൊണ്ട വരണ്ട് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കി, 
പല കുറി ഉറക്കം മുറിഞ്ഞു. ഉണർന്നപ്പോഴൊക്കെയും അമ്മ 
ചൂടുള്ള കട്ടൻചായ കൊണ്ടുതന്നു. അല്ലെങ്കിലും അമ്മമാർക്ക് ഉറക്കം നഷ്ടപ്പെടുന്നതിൽ വേവലാതി ഉണ്ടാവാറില്ലല്ലോ... 
.
രാവിലെ ഉണർന്നപ്പോൾ നല്ല പനി, 
ചുമ, ജലദോഷം എല്ലാം പാകത്തിന് എല്ലാംകൂടെ എന്നെ കിടക്കയിൽ പിടിച്ചിട്ടു. കഴിഞ്ഞ ഒന്നരമാസം ടാർഗറ്റ് തികക്യാനുള്ള ഓട്ടം ഒരു പനിയിൽ അവസാനിക്കുമെന്ന് തോന്നിച്ചിരുന്നു.
അത് സത്യമായിരിക്കുന്നു.

ചൂടുള്ള കട്ടൻ കാപ്പിയും 
റസ്കും കഴിച്ചു വീണ്ടും കിടന്നു. 
ചെറിയ മയക്കം.
അപ്പഴേക്കും അടുക്കളയിൽ ഒരു ദിവസത്തിന്റെ തിരക്ക് തുടങ്ങിയിരുന്നു... പനിയോ മറ്റോ ആയി ഞാൻ അവധിയെടുക്കുന്ന ദിവസങ്ങൾ അമ്മക്ക് തിരക്ക് വല്ലാതെ
കൂടുകയും ചെയ്യും.

അടിച്ചുവാരൽ, നിലം തുടക്കൽ, ഭക്ഷണമുണ്ടാക്കൽ ഒക്കെ തീർത്തു എനിക്കുള്ള ഉപ്പുമാവ് മേശപ്പുറത്തു എടുത്ത് വച്ചു അമ്മ അപ്പുറത്തേക്ക് പോയി 
.
തൊടിയിലെ അലക്കുകല്ലിൽ
തല്ല് വീഴുന്ന ശബ്ദം കേട്ട് 
ഉണർന്നപ്പോൾ സമയം
പത്തേമുക്കാൽ ആയിരുന്നു, 
ഉപ്പുമാവ് കഴിച്ചോണ്ടിരിക്കുമ്പോൾ 
അമ്മ അലക്ക് പാതി നിർത്തി 
കഞ്ഞിക്ക് തീ കത്തുന്നുണ്ടോ എന്ന് നോക്കാൻ കയറി വന്നു, 
തീ ശരിയാക്കി പോകുമ്പോൾ 
അടുത്ത് വന്നു. അലക്കുസോപ്പ്ന്റെ നനഞ്ഞ മണം. തോർത്തിൽ കൈ തുടച്ചു നെറ്റിയിൽ തൊട്ട് പറഞ്ഞു 
"പനിക്കുന്നുണ്ട്, തിന്നു കഴിഞ്ഞു പോയി ഡോക്ടറെ കാണിച്ചു പോര്, ഇന്ന് ബുധനാഴ്ച അല്ലേ ഹെൽത്ത്‌ സെന്ററിൽ ഡോക്ടറുണ്ടാവും." 
അമ്മ വീണ്ടും അലക്കാൻ പോയി.. അലക്കു കല്ലിൽ തല്ല് വീഴുമ്പോൾ അയൽ വീട്ടിലെ കല്ലുകളിലും തല്ല് വീഴുന്ന ശബ്ദം... അമ്മമാർക്ക് ദേഷ്യം തീർക്കാൻ വേറെ ആരുണ്ട്... 
.
ഡോക്ടറെ കണ്ടു മടങ്ങി വരുമ്പോൾ അയകളിൽ നിറയെ തോരണം പോലെ ഉടുപ്പുകൾ, 
അടുക്കളയിൽ ചോറ് വേവുന്ന മണം, തേങ്ങ ചിരകുന്ന ശബ്ദം ആ ഫാക്റ്ററി സദാ സജീവമാണ്... കൂലിയില്ലാത്ത, അവധിയില്ലാത്ത അതിൽ പരാതികളില്ലാത്ത ജോലിക്കാരിയെ വല്ലപ്പോഴും വരുന്ന പനിക്കാലത്താണ് ശ്രദ്ധിക്കാറ്... 
.
ചോറുo മരുന്നും കഴിച്ചു 
കിടക്കാനാക്കി വാതിലും ചാരി 
അമ്മ കുളിക്കാൻ പോയി.
ഫോണിൽ കളിക്കുന്നതിനിടയിൽ ചുമയുടെ മരുന്ന് കുടിച്ച ക്ഷീണത്തിൽ എപ്പഴോ ഉറങ്ങിപ്പോയി... 
ഉറക്കത്തിൽ എന്തൊക്കെയോ സ്വപ്‌നങ്ങൾ.... 
ഇടക്കിടക്ക് തണുത്ത കൈകൊണ്ടു 
പനി അളന്നു അമ്മ വന്നുപോകുന്നത് ചെറുതായി അറിഞ്ഞു ... 

ഇടി വെട്ടുന്ന ഒച്ചകേട്ടുണരുമ്പോ 
സന്ധ്യ ആവാറായിരുന്നു, പുറത്ത്
മഴ പെയ്യാൻ തുടങ്ങുകയാണ്, എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു, കസേരയിൽ ഉണങ്ങിയ ഉടുപ്പുകളെല്ലാം കൂമ്പാരമായിക്കിടക്കുന്നു, 
അപ്പുറത്തെ വീട്ടിലെ ടെറസിൽ ഉണങ്ങാനിട്ട കൊപ്രയും പിടിച്ചു അമ്മ എത്തുമ്പോൾ മഴ കനത്തു പെയ്തു... 
മഴയുടെ കാഴ്ച കണ്ടു കോലായിലിരിക്കുമ്പോൾ
കാപ്പി കൊണ്ട് വന്നു... 
"തണുപ്പ് കൊള്ളണ്ട അകത്തുപോയ്ക്കോ" അമ്മ പറഞ്ഞു... 
.
മഴ കാണാൻ നല്ല ഭംഗി... ഓർമകളുടെ തണുപ്പുള്ള വെളുത്ത മഴ... അമ്മയെപ്പോലെ അത് ഭൂമിയുടെ നെറുകയിൽ തണുത്ത കൈത്തലം പോലെ പെയ്യുകയാണ്....

By Rasheed Arekkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo