Slider

മരണം തേടുന്നവരോട്‌

0
ഇടറാത്തകാലുകളുമായി
മരണത്തിന്‍റെ നരകവാതിലില്‍
ഉയിരുപണയം വെക്കാന്‍ചെന്ന
വെറുമൊരു അധമനാകുന്നുവോ നീ
അധികാരദുരയുടെ
തിമിരപ്പുകച്ചുഴിയില്‍
തീയുണ്ടകള്‍പെയ്തുവീഴുന്ന
പകയലറും കശാപ്പുശാലയിലേക്ക്
ചാപ്പകുത്തിയ അറവുമൃഗങ്ങളെപ്പോലെ
മരണമെന്തന്നറിയാതെനടന്നടുക്കുന്ന
നിസ്വരെക്കുറിച്ചു നീ വായിച്ചിട്ടില്ലെങ്കില്‍...
പാതിചത്ത വിശപ്പിന്‍റെ
മുറിഞ്ഞു പോയഭാഗത്തേക്ക്
അരമുറിറൊട്ടിയുടെ കടവുമായി
ആകാശത്തിന്‍റെഅതിരിലേക്ക്‌
നേര്‍ത്തനൂല്‍പ്പാലത്തിലൂടെ
മരണത്തെ പിന്തുടരുന്ന
കാലുറയ്ക്കാത്തകുരുന്നുകളെ
പകലിന്‍റെ തീ വെളിച്ചത്തിലും
നീ കണ്ടിട്ടില്ലെങ്കില്‍..
പെറ്റമണ്ണിന്‍റെ നെഞ്ചിലേക്ക്
ചതിയുടെ കൊടിയടയാളവുമായി
മതഭ്രാന്തൂറ്റിക്കുടിച്ചെത്തുന്നവന്‍റെ
നിഴലുപോലും വീഴാതിരിക്കാന്‍,
നിനച്ചിരിക്കാതെ വരുന്ന മരണത്തെ
ചങ്കിലഭിമാനത്തിന്റെ കനലുകത്തിച്ചു
ചിരിയോടെ കാത്തിരിക്കുന്നവനെ
നീ അറിയുന്നില്ലെങ്കില്‍....
ജനിച്ചഭൂമിയില്‍
കാലുറപ്പിക്കാന്‍
നീട്ടിപ്പിടിച്ച തോക്കിനെഭയക്കാതെ
മരണത്തെ വെല്ലുവിളിച്ചു
ഗാസയുടെ മുനമ്പിലേക്ക്‌
നടന്നു ചെല്ലുന്ന
നിരായുധ ജന്മങ്ങളെക്കുറിച്ച്
നീ കേട്ടിട്ടില്ലെങ്കില്‍...
അണയാന്‍തുടങ്ങിയ ചിന്തകളുടെ
കനല്‍ക്കൂമ്പാരത്തിലേക്ക്
ആത്മനിന്ദയുടെ ചോരയിറ്റിക്കുക,
ചുറ്റുമുള്ളതിനെ തമസ്കരിക്കുന്ന
ഞാന്‍ മാത്രമെന്ന സ്വാര്‍ത്ഥതയുടെ
നാറുന്ന വിഷച്ചാറു മോന്തുക,
മരണത്തിന്‍റെ നെഞ്ചിലേക്ക്
ഒരമ്പുപോലും തൊടുക്കാതെ
നിര്‍ഗുണഭീരുവിനെപ്പോലെ കീഴടങ്ങുക .
------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo