
ലിറ്റിൽ ഫ്ലവർ' ഹോസ്പിറ്റലിന്റെ വിസിറ്റേഴ്സ് ലോഞ്ചിൽ മകളുടെ വിളി കാത്ത്, മൊബൈലിൽ നോക്കിയിരിക്കുമ്പോൾ നിഷ വല്ലാത്ത ഒരു ടെൻഷനിലായിരുന്നു. അപ്പോഴാണ് അയാളവിടേക്ക് വന്നത്.
അടിയന്തിരമായ ഒരു ജോലിക്ക് ഞാനുമപ്പോൾ അവിടെത്തി.
ആ സമയം നിഷയുടെ മൊബൈൽ ഒന്ന് വൈബ്രേറ്റ് ചെയ്തു. ''Reached, will come there soon." മെസേജ് വായിച്ച് ഒരു ദീർഘശ്വാസമെടുത്തപ്പോഴാണ് ചിരപരിചിതമായ ആ ശബ്ദം കേട്ടത്.
''പൊടി മോളേ? നീയെന്താ ഇവിടെ? എന്തുണ്ട് വിശേഷം?" ചിരിച്ചു കൊണ്ട് അയാളവളുടെ അടുത്ത കസേരയിലേക്കിരുന്നു.
''എന്നും വരാറുള്ള സമയം കഴിഞ്ഞിട്ടും മോള് വന്നില്ല, അതിന്റെ ടെൻഷനിലായിരുന്നു, ഇന്നത്തെ കാലമല്ലേ, അതാ''
കൺതടത്തിലെ കറുപ്പും അവിടവിടെ കുറച്ച് നരയും ഒഴികെ അയാൾക്ക് പ്രത്യേകിച്ചൊരു മാറ്റവുമില്ല - അന്നത്തെ ആ സംഭവത്തിന് ശേഷം അയാളെ കണ്ടിട്ടുമില്ല. അവളോർത്തു.
"സുഖമാണോ മനോജിന്?''
''ഓ അസുഖങ്ങളൊന്നുമില്ലാതെ ഇങ്ങനെ പോകുന്നു... നിനക്കെന്തു പറ്റി പൊടി മോളേ? കണ്ടിട്ടൊരു രോഗിയേപ്പോലുണ്ടല്ലോ.... മനുവേട്ടാന്നും വിളിച്ച് ചാടിയെണീക്കുമെന്നാ വിചാരിച്ചേ" അയാൾ മെല്ലെ അവളുടെ കൈയ്യിലൊന്നു തൊട്ടു.
''മനുവേട്ടൻ! നമ്മൾ ഇപ്പോഴും കോളേജ് പിള്ളേരല്ലല്ലോ - ചാടിയെണീക്കാനും കരയാനും - കെട്ടിപ്പിടിക്കാനും - പിന്നെ എന്തൊക്കെയാ വിശേഷം? എന്താ ഇവിടെ?''
"ഓ രണ്ടു മൂന്നു ദിവസമായി ഒരു ചെറിയ പനി, ഇപ്പൊഴത്തെ പനിയല്ലേ അതുകൊണ്ട് ഡോക്ടറെ കണ്ടു, ടെസ്റ്റെന്നും പറഞ്ഞ് അവളുമാര് കുറച്ച് ചോര കുത്തിയെടുത്തു., നാലു ദിവസം കഴിഞ്ഞു വിളിക്കുമ്പോ വരാൻ പറഞ്ഞു. കാശടിക്കാനുള്ള ഓരോ വഴികളേ., നമുക്ക് ചോദിക്കാനും പറയാനുമൊന്നും ആളില്ലല്ലോ!" കണ്ണു നിറഞ്ഞെങ്കിലും അയാളപ്പോളും അവളുടെ കൈവിട്ടിരുന്നില്ല...
"കൈവിട് ...മോള് വരുന്നുണ്ട്... നിമിഷാ ദേ ഇവിടെ'' കൈയ്യാട്ടി മോളെ അവൾ അടുത്തേക്ക് വിളിച്ചു.
"എന്താ നീ ഫോൺ എടുക്കാഞ്ഞത്? ഞാനാകെ പേടിച്ചു പോയി".
"ഇങ്ങനെ പേടിക്കല്ലെന്റെ നിഷക്കുട്ടീ... ബാറ്ററി ലോ... അതാ മെസേജിട്ടത്....അപ്പയുടെ റൂമിൽ കുത്തിയിട്ടിട്ടാ ഇങ്ങോട്ട് വന്നത്.. പോട്ടെടാ" നിഷയുടെ കവിളിൽ പിടിച്ചു കൊണ്ട് നിമിഷ കൊഞ്ചി.
''122 ലെ ആ ബഷീർ മാമ പോയി മോളേ... ഇപ്പൊ...തീയറ്ററിലുണ്ട്... പോയി കണ്ടിട്ട് വാ ബോഡി എടുക്കാറായി''
ഭിത്തിയിലൂടെ വരി വച്ച് പോകുന്ന ശവംതീനി ഉറുമ്പുകളെ തൂത്തു കൂട്ടുന്ന അറ്റന്ററെ മറികടന്ന്, ഈ സംസാരം ശ്രവിച്ചുകൊണ്ട്, ഞാൻ പുറത്തേക്ക് നടന്നു; ആരാലും ശ്രദ്ധിക്കപ്പെടാതെ.
ശാന്തമായി ഉറങ്ങും മട്ടിലുള്ള ബഷീറിന്റെ മൃതദേഹം ഓപ്പറേഷൻ തീയറ്ററിൽ നിന്ന് അറ്റന്റർമാർ പുറത്തേക്ക് കൊണ്ടുവന്നു.
122 ൽ നിന്നും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിഷയ്ക്കരികിൽ എത്തിയ നിമിഷയെ അടിമുടി നോക്കിക്കൊണ്ട് അയാൾ അവൾക്കു നേരേ കൈ നീട്ടി "ആം മനോജ്, മോളുടെ അമ്മയുടെ ഫ്രണ്ടാ... പഴയ ഫ്രണ്ട്...ഹൗ ആർ യു?"
"ഓ! മനോജ് അങ്കിൾ! അമ്മ പറഞ്ഞിട്ടുണ്ട്
അങ്കിളിനെപ്പറ്റി, ആം ഫൈൻ അങ്കിൾ, ഞാനിവിടെ ബ്രില്യൻസിൽ എൻട്രൻസ് കോച്ചിംഗിനു പോകുന്നു."
അങ്കിളിനെപ്പറ്റി, ആം ഫൈൻ അങ്കിൾ, ഞാനിവിടെ ബ്രില്യൻസിൽ എൻട്രൻസ് കോച്ചിംഗിനു പോകുന്നു."
"ഫാമിലിയെപ്പറ്റി ഒന്നും പറഞ്ഞില്ല.?" മൊബൈൽ ബാഗിലേക്ക് വച്ചു കൊണ്ട് നിഷ മുഖമുയർത്തി ചോദിച്ചു.
"ഓ എന്ത് ഫാമിലി! സുപ്രിയ പോയി, ദൈവത്തിന്റെ അടുത്ത്, പോയപ്പൊ 8 മാസം ഗർഭിണിയാരുന്നു., അതൊരു മോളാരുന്നെങ്കിൽ! ദേ ഇവൾക്ക് ഒരു അനിയത്തിയായേനേ! മോളേ കണ്ടപ്പൊ അതൊക്കെ ഒന്ന് ഓർത്തു". അയാൾ നിറകണ്ണുകളോടെ തോളിൽ കൈവച്ച് നിമിഷയെ തന്നോട് ചേർത്തു നിർത്തി മെല്ലെ തഴുകി.
"അങ്കിൾ വരൂ, നമുക്ക് അപ്പയുടെ റൂമിൽ പോകാം''
"ഇല്ല മോളെ നോട്ട് ഇൻ ഗുഡ് മൂഡ് - റിസൾട്ട് വാങ്ങാൻ വരുമ്പൊ മോളുടെ അപ്പയെ കണ്ടോളാം". രണ്ടാളോടും കണ്ണു കൊണ്ട് ഒന്ന് യാത്ര പറഞ്ഞ് അയാൾ വേഗത്തിൽ നടന്നു.
***** ***** ***** *****
കൃത്യം 5 മണിക്ക് മനോജിന്റെ കാർ 'മിഥുന' ബാറിലെത്തി. പാർക്കിംഗ് സ്ഥലത്തെ സെക്യൂരിറ്റി ബാബു ഓടി വന്ന് സല്യൂട്ടിച്ചു... പതിവ് പടിയായ 50 രൂപയും ചാവിയും ഏൽപ്പിച്ച് ''സാറെ മിനിഞ്ഞാന്ന് എങ്ങനെ വീടെത്തി?" എന്ന ഇളിഞ്ഞ ചോദ്യത്തെ അവഗണിച്ചു കൊണ്ട് അയാൾ എ.സി ബാറിന്റെ ഒഴിഞ്ഞ ക്യുബിക്കിളിലേക്ക് നടന്നു.
മനോജിന്റെ കണ്ണിൽപ്പെടാതെ ഞാനും അവിടെ കറങ്ങി നടന്നു, വരിവരിയായി പോകുന്ന ശവം തീനി ഉറുമ്പുകളെ ശ്രദ്ധിച്ചു കൊണ്ട്...
''മനോജ് സാറേ, രണ്ടു ദിവസമായല്ലോ കണ്ടിട്ട് ?" ബെയറർ ശശി ഭവ്യതയോടെ അടുത്തു വന്ന് വിഷ് ചെയ്ത് തിരിഞ്ഞു നടന്നു. തിരിച്ചെത്തിയപ്പോൾ അയാളുടെ കൈയ്യിൽ മൂന്ന് പെഗ് സിഗ്നേച്ചർ ബ്രാണ്ടിയും, ഐസും, സോഡയും, വെജ് സാലഡും ഉണ്ടായിരുന്നു.
''രണ്ടു ദിവസമായി നല്ല പനീം ക്ഷീണോം, ഇന്നലെ രാത്രി കുരുമുളകിട്ട് റമ്മിൽ ഒരു പിടി പിടിച്ചിട്ടാ കിടന്നത്, ഇപ്പൊ നല്ല വ്യത്യാസമുണ്ട്., ശശിയേ ഇന്നിത് പോരാതെ വരും., എന്തോ... ഒരു ഒരിത്... ഒരു വല്ലായ്മ".
"എന്തു പറ്റി സാറേ! അന്നത്തെപ്പോലെ വല്ല മലങ്കോളും ഒത്തോ?''
"ഓ അവളുമാരെപ്പോലെ ഒന്നുമല്ലെടാ ഇത്, എന്റെ പഴയ കാമുകിയെ ആശുപത്രീൽ വച്ച് കണ്ടു. അവളുടെ ഭർത്താവ് തെണ്ടി അവിടെ സുഖമില്ലാതെ കിടക്കുവാണെന്ന് തോന്നുന്നു. പണ്ട് പ്രേമിച്ച് നടന്നപ്പൊ അവളെ ഒന്നു ട്രൈ ചെയ്തതാ., മൈ ഫസ്റ്റ് അറ്റംപ്റ്റ്., എല്ലാം ഒത്തുവന്നതാരുന്നു പക്ഷെ ഒന്നും നടന്നില്ല... അന്ന് ഇക്കാര്യത്തിൽ ശിശുവല്ലാരുന്നോ ഞാൻ! വെറും ശിശു ഹ ഹ'' അയാൾ ഒന്നു നിർത്തി ശശിയെ നോക്കി കണ്ണടച്ചു.
അർത്ഥം മനസ്സിലാക്കി റിപ്പീറ്റിനായി ശശി അകത്തേക്ക് പോയി.
"എന്താ ശശീ പുറത്തൊരു ബഹളം'' കുക്കുമ്പർ കടിച്ചു കൊണ്ടയാൾ തിരക്കി.
''ഓ അതോ അതാ ലോക്കൽ കൗണ്ടറിൽ അടിച്ചോണ്ട് നിന്ന ഏതോ ഒരു കീടം കുഴഞ്ഞ് വീണതാ... പോക്കാന്നാ തോന്നുന്നേ!! ഓട്ടോയിൽ കേറ്റി കൊണ്ടു പോയിട്ടുണ്ട്... അത് പോട്ടേ സാറ് ബാക്കി പറ".
''എന്റെ എല്ലാ കാര്യവും ശശിക്കറിയാലോ'' നാലാമത്തെ പെഗ്ഗിലേക്കയാൾ ഐസിട്ടു.
''ഞാനവളെ വിളിച്ചിരുന്നത് പൊടിമോൾ എന്നാ, അതും വിളിച്ചാ തുടങ്ങിയത്, ഭാര്യേടെ കാര്യമൊക്കെ ഇത്തിരി സെന്റി കൂട്ടിത്തട്ടിവിട്ടു, അവൾ പോയപ്പാ ഗർഭിണിയാരുന്നൂ എന്നൂടെ പറഞ്ഞപ്പൊ ലവക്ക് ചെറുതായി ഒന്നു നൊന്തിട്ടുണ്ട്, അതു കൊണ്ട് അവളുടെ ഭർത്താവിന്റെ കാര്യമൊന്നും പറയാൻ ഞാൻ സമ്മതിച്ചില്ല. ഓവർ സെന്റിയായാലും കാര്യം നടക്കൂല്ല, ഭാര്യയില്ലാത്തവന്റെ വേദനയേ, എത്? ഹ ഹ ഹ''
''അവരാകെ വളഞ്ഞൊടിഞ്ഞു കാണും... ഈ സാറൊരു കുട്ടേട്ടൻ തന്നെ'' മനോജിനേ നോക്കി ശശി തല കുമ്പിട്ടു തൊഴുതു. "പാവം ക്രൂരൻ കുട്ടേട്ടൻ''.
ആ വിളിയിലെ തമാശ ആസ്വദിച്ച് അയാളൊന്നൂറിച്ചിരിച്ചു. 'പാവം ക്രൂരൻ' - സുപ്രിയയുടെ അവസാന നിമിഷങ്ങളും അവളുടെ നോട്ടവും പെട്ടെന്ന് അയാളുടെ മുന്നിൽത്തെളിഞ്ഞു.
"കല്യാണം കഴിച്ച അന്നു മുതൽ ഞാൻ പ്ലാൻഡ് ആയിരുന്നെന്റെ പ്രീയക്കുട്ടീ., നിന്റെ അച്ഛന്റെ വിശ്വാസം നേടിയെടുത്ത് ബിസിനസ്സ് എന്റെ പേരിൽ ആക്കിയത് ഒന്നാം ഘട്ടം., പിന്നെ അയാളെ മേലോട്ട് പറഞ്ഞ് വിട്ടത് രണ്ടാം ഘട്ടം., അയാളെപ്പോലെ നിന്നെയും പറഞ്ഞ് വിടാൻ തുടങ്ങുന്നത് അടുത്ത പടി., മരിക്കുന്നതിന് മുമ്പ് മോളറിയണം സ്ലോ പോയിസണിംഗിന്റെ സുഖം... അയാൾക്ക് റമ്മിൽ, നിനക്ക് മരുന്നിൽ... പ്രഗ്നൻറാവണം പോലും! ഞൊണ്ടിക്കാലുള്ള നിന്നെപ്പോലൊരു എടുക്കാച്ചരക്കിനെ കാലങ്ങളോളം ചുമക്കാൻ എനിക്ക് വട്ടാണോ? ഐ നീഡ് മണി., ഞാനിങ്ങനെ ഒരു സെൽഫിഷ് ആയിപ്പോയി., സോ സ്ലീപ്പ് വെൽ ഡിയർ., ?വെൻ യു വെയ്ക് അപ്പ് യൂ ക്യാൻ സീ യുവർ പേരന്റ്സ് ദേർ''...
"സോജാ.....രാജകുമാരീ.....സോജാ.....''
കിടക്കവിട്ടെഴുന്നേൽക്കാനാവാതെ, ഒന്നും സംസാരിക്കാനാവാതെ, ഇരുഭാഗത്തേക്കും ഒഴുകിയ അവളുടെ കണ്ണീർ ഒരു വെള്ളത്തൂവാല കൊണ്ട് തുടച്ചപ്പോൾ അവളും ഇതു തന്നെയാവും പറയാതെ പറഞ്ഞത് " ക്രൂരൻ".
അടുത്ത പെഗ്ഗിലേക്ക് ശശി സോഡ ഒഴിച്ചു കൊടുത്തു.
"സാറെന്താ ആലോചിക്കുന്നത്? എന്നിട്ടെന്തായി ആള് ഒടിഞ്ഞു മടങ്ങിയല്ലേ?"
എവിടെ ഒടിയാൻ? അവളൊരു ഒന്നൊന്നര താരമല്ലേ, നമ്പർ കിട്ടിയതു തന്നെ ഭാഗ്യം. പക്ഷെ എനിക്ക് അവളെക്കാൾ പിടിച്ചത് അവടെ മോളെയാ, തെറിച്ചു നടക്കുന്ന പ്രായമല്ലേ, അവളുമാര് രണ്ടിനേം എനിക്ക് വേണം...ഇന്നു തുടങ്ങി മൂന്നേ മൂന്നു ദിവസം''. ഗ്ലാസിലേക്ക് ചുണ്ട് ചേർത്തപ്പോൾ മനോജിന്റെ ചുവന്ന കണ്ണുകൾ ഒന്നുകൂടി ചെറുകി..
***** ***** ***** ***** *****
പിറ്റേന്ന് വൈകിട്ട് അതേ സമയത്ത് അയാൾ ബാറിലെത്തി തന്റെ സ്ഥിരം സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. അയാളെ കാണത്തക്കവിധം ഒരു തൂണിന്റെ മറവിൽ ഞാനും ഇരുന്നു.
"ഒരു ദിവസം കഴിഞ്ഞല്ലോ? എന്തായി സാറേ കാര്യങ്ങൾ?''
"ഞാൻ വിചാരിച്ച പോലൊന്നുമല്ല ശശീ അവള് വല്യ ബാങ്ക് മാനേജറാ, ഫെഡറൽ ബാങ്കിലെ... അയാള് ഡോ.അരുൺ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ ഓങ്കോളജിസ്റ്റ്, മുടിഞ്ഞ തിരക്കല്ലേ അയാൾക്ക്, ചാവാൻ കിടക്കുന്ന ഏതോ തെണ്ടിയാന്നാ ഞാൻ വിചാരിച്ചേ, അതും പറഞ്ഞ് രണ്ടു മൂന്ന് നമ്പർ ഇട്ടു ...ചളമായി... അവളാണേല് ഒടുക്കത്തെ പതിവ്രത... അതു കൊണ്ടാദ്യം മോള്, പിന്നെ മതി അമ്മ".
അപ്പോഴേക്കും നല്ല ലഹരിയിലായ അയാൾ മൊബൈൽ എടുത്ത് നിമിഷയുടെ നമ്പർ ഡയൽ ചെയ്തു. ആടിയാടി പുറത്തേക്ക് പോയി, അയാളുടെ പ്രവർത്തികൾ ശ്രദ്ധിച്ച് ഞാനും മുന്നോട്ട് നടന്നു, ബാറിനു മുന്നിൽ ബൈക്കപകടത്തിൽ മരിച്ച പ്ലസ്ടുക്കാരന്റെ വീട്ടിലേക്ക്...
***** ***** ***** ***** *****
"സാറേ!'' കുപ്പിയും സ്നാക്സും പെട്ടെന്ന് കൊണ്ടുവന്ന് മേശപ്പുറത്തു വച്ചു ശശി "ഇന്നല്ലേ മൂന്നാം ദിവസം?"
"തള്ളേടെ പഴയ ഫോട്ടോയും ലെറ്ററുമെല്ലാം ഇപ്പോഴുമെന്റെ കൈയ്യിലുണ്ട്, ഓർമ്മകളെല്ലാം പടിയിറക്കാൻ മോളെന്നെ ഒന്നു കാണാൻ വരണം എന്നും പറഞ്ഞ് വിളിച്ചിട്ടുണ്ട് ഞാനവളെ., ഞങ്ങൾക്ക് ആദ്യം ജനിക്കുന്ന മോൾക്ക് നിമിഷ എന്നിടണമെന്നും തീരുമാനിച്ചിരുന്നു എന്നൊക്കെ പറഞ്ഞ് കൊച്ചിനെ സെൻറിയാക്കിയിട്ടുണ്ട്., ഞാൻ പറയുന്നിടത്ത് അവളെത്തും., നീയും വേണേല് നാളെ ലീവാക്ക്... നമുക്കന്നത്തേപ്പോലെ ഒന്നു പൊളിക്കാം... സ്ഥലം ഞാൻ വിളിച്ചു പറയാം''
മൂന്നാമത്തെ പെഗ്ഗ് അയാൾ മെല്ലെ സിപ്പ് ചെയതു.
''ഓ... നിഷ...മനോജ്...നിമിഷ... നിഷയ്ക്കിടയിൽ മനോജ് വരുമ്പോ നിമിഷ... ഓഹോ.!" എന്തോ ഓർത്തിട്ടെന്നവണ്ണം ശശി ചുണ്ടുകടിച്ച് ഗൂഢമായി ഒന്നു ചിരിച്ചു.
'നിഷ കോളിംഗ്' എന്ന് ഫോണിൽ കണ്ടപ്പോൾ അയാൾ ആർത്തിയോടെ അറ്റൻറ് ചെയ്തു.
''ശശീ പെട്ടെന്ന് ഒരു ഫുള്ള് എടുക്ക്., പെഗ്ഗിനൊന്നും നേരമില്ല., വല്ലാത്ത പരവേശം., ശ്ശെ ! നായിന്റ മക്കൾ കാരണം ആകെ നാറി., എല്ലാത്തിനും കാരണം ആ പന്ന പു.... മോളാ അവള് ചെന്നെല്ലാം തളളയോടും തന്തയോടും പറഞ്ഞു".
ഗ്ലാസിലിരുന്ന മദ്യം വെള്ളം ചേർക്കാതെ അയാൾ കുടിച്ചിറക്കി.
''നാളെ ഹോസ്പിറ്റലിൽ വന്ന് ഫോട്ടോയും ലെറ്ററും കൊടുക്കണമെന്ന്!, എന്തോ അത്യാവശ്യ കാര്യമുണ്ടെന്ന്! ഇല്ലാത്ത കോപ്പ് ഞാനെവിടുന്നുണ്ടാക്കും!. അതവൾക്കറിയാം.,അതാ ഇത്ര ധൈര്യത്തിൽ വിളിച്ചത്., ഒരു മറ്റവളേയും വിടത്തില്ല ഞാൻ! ഇനി അതൊരു വാശിയാ".
കലി തീർക്കും മട്ടിൽ ഗ്ലാസ്സുകൾ അയാൾ കാലിയാക്കിക്കൊണ്ടിരുന്നു...
"മി.മനോജ് സുരേന്ദ്രൻ, സുപ്രിയ എന്റർപ്രൈസസ് എം.ഡി. കണ്ണ് തുറക്ക്!''
അർദ്ധ ബോധത്തിൽ കണ്ണുതുറക്കുമ്പോൾ സ്വന്തം വീട്ടിന്റെ ഡ്രോയിംഗ് റൂമിലായിരുന്നു അയാൾ.
"നീ ഏതാ? ഞാനെങ്ങനെ ഇവിടെത്തി?" കുഴഞ്ഞ ശബ്ദത്തിൽ അയാളെന്നോട് ചോദിച്ചു.
"ഇതുവരെയും ഞാനാരെന്ന് നിനക്ക് മനസ്സിലായിട്ടില്ല അല്ലേ? എനിക്ക് സ്വന്തമായി ഒരു പേരില്ല., പലയിടത്തും വെച്ചു നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ എന്നെയൊരിക്കലും നീ ശ്രദ്ധിച്ചിട്ടില്ല. അന്ന് ആശുപത്രിയിൽ വെച്ച് ബഷീറിന്റെ മരണസമയത്ത് നമ്മൾ പരസ്പരം അഭിമുഖമായി വന്നു... ബാറിൽ വെച്ച് ഒരാൾ കുഴഞ്ഞു വീണു മരിച്ചപ്പോഴും നിന്റെ നിശ്വാസത്തിനുമപ്പുറം ഞാൻ നിന്നിരുന്നു. പിന്നെ ആ പ്ലസ് ടു പയ്യൻ പോയപ്പോൾ നിന്റെ തൊട്ടുപിറകിൽ നിന്നതും ഞാനാണ്. എന്റെ ഗന്ധം എൽക്കുന്നിടത്തെല്ലാം ഒരേ വികാരമാണ്. മരണം! പലരും പല പല പേരിലാണെന്നെ വിളിക്കുന്നത്.,വിധി -തലയിലെഴുത്ത് - കണ്ടകശനി - കഷ്ടകാലം - ദൈവകോപം അങ്ങനെയങ്ങനെ... എങ്കിലും നീയുമെന്നെ മരണമെന്ന് വിളിച്ച്കേൾക്കുന്നതാ കൂടുതലിഷ്ടം അതാണല്ലോ എന്റെ അച്ചീവ്മെൻറ്". പകച്ചു പോയ അയാളെ നോക്കി ഞാൻ തുടർന്നു.
"ഇവിടെയും എനിക്കൊരോമനപ്പേരുണ്ട് 'ലിവർ ക്യാൻസർ' ....കാത്തു നിന്നതാ ഞാൻ.... കുറച്ചു ദിവസം നിന്നെ ഇങ്ങനെ നോവിച്ച് നോവിച്ചൊടുവിൽ നമുക്കൊരു ഒരു യാത്ര പോണം..... ഹ ഹ ഹ.... ഡോ.അരുണിന്റെ ടേബിളിൽ മൂന്നാമത്തെ ഫയൽ മാത്രമാണിനി നീ"
വല്ലാത്ത ഒരലർച്ചയോടെ അയാളുണർന്നു... അടഞ്ഞു തൂങ്ങിയ കൺപോളകൾ ബദ്ധപ്പെട്ട് തുറന്നു. മുന്നിൽ നിന്ന് സുപ്രിയ മൂന്നാം ഫയലിൽ നോക്കി മനോഹരമായി ചിരിച്ചു.
കടവായിലൂടെ ഒഴുകിയിറങ്ങിയ കൊഴുത്ത ചോര,ഷർട്ടിലവിടെയായി തീർത്ത കുങ്കുമപ്പൂക്കൾ, വരാൻ പോകുന്ന കൊടിയ വേദനയുടെ പൂക്കാലത്തെ എതിരേൽക്കാൻ എന്നവണ്ണം ഒരുങ്ങി നിന്നിരുന്നു അപ്പോൾ....
- ഗണേശ് -
12-5-18
12-5-18
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക