Slider

അഡ്വഞ്ചേഴ്സ് ഓഫ് അച്ചായൻസ്.

0
Image may contain: 1 person

പ്രവാസ ലോകത്തിൽ വൈകിട്ടത്തെ ഞങ്ങളുടെ കൂടിച്ചേരലുകൾ അണ്ണന്റെ ഇലക്ട്രോണിക്സ് സെയിൽസ് ആന്റ് റിപ്പയറിംഗ് ഷോപ്പിലാണ്.
അന്ന് അണ്ണൻ വളരെ സന്തോഷത്തോടെ പറഞ്ഞു നാളെ കടയിലേക്ക് പുതിയ സ്റ്റാഫ് വരുന്നുണ്ട് നാട് തിരുവല്ലയാണ്, നാട്ടിൽ കടയുണ്ടായിരുന്നു. ഒമാനിലേക്ക് ആദ്യമാണ്.
ഞങ്ങൾ എല്ലാവരും ഒന്നിച്ചാണ് താമസം. ആ ചെറിയ പട്ടണത്തിലെ കണ്ണായ അഞ്ചാറു കടകൾക്കു മുകളിലുള്ള മൂന്നുനിലയുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള വിശാലമായ ടെറസ്സിൽ ഏറ്റവും പുറകിലുള്ള രണ്ടു മുറികൾ രണ്ടു കിച്ചനുകൾ.അതിലെ ഒരു മുറിയും ഒരു കിച്ചനും ആരോ വാടകക്ക് എടുത്തിട്ടും ഇപ്പോൾ താമസമില്ല. ആ വിശാലമായ ടെറസ് ആയിരുന്നു ഞങ്ങളുടെ കേളീരംഗം.
പുറകിലുള്ള സ്റ്റേഡിയത്തിൽ ക്രോപ്പ് ചെയ്ത പുൽമൈതാനം എപ്പോഴും പച്ചപ്പ് നിലനിർത്താൻ ഡ്രിപ്പ് ഇറിഗേഷനിലൂടേയും മറ്റു മാർഗ്ഗങ്ങളിലൂടേയും വെള്ളം തളിച്ചുകൊണ്ടിരുന്നതിനാൽ ദിവസം മുഴുവനും അവിടെ നിന്നെത്തുന്ന കുളിർ കാറ്റിന് ജലരേണുക്കളുടെ തണുപ്പും കലർന്നിരുന്നതിനാൽ ഞങ്ങളുടെ രാത്രികൾ കുളിർമ നിറഞ്ഞതായിരുന്നു.
നിയോൺ ബൾബുകളിൽ മഞ്ഞച്ചു കിടക്കുന്ന പട്ടണം താഴെയായ് ചീറി പായുന്ന വാഹനങ്ങൾ ആകാശം നിറയെ നക്ഷത്രങ്ങൾ പാലൊളി ചന്ദ്രിക മധുചഷകം നിറച്ചു തരുന്ന സന്തോഷത്തിന്റെ മുന്തിരിച്ചാർനിറഞ്ഞ സായംകാലങ്ങൾ. കാക്കനാടൻ കഥകളിലെ കൽക്കത്തയിലെ ബർസാത്തിയായിരുന്നു ഞങ്ങൾക്കാ താമസസ്ഥലം. അവിടെ പരിസരത്തുള്ള എല്ലാ കൂട്ടാകാരും എന്നും ഒത്തുചേർന്ന് കഥകളും കവിതകളും കത്തിവയ്പുകളും നിറഞ്ഞ സ്വപ്നസമാന എത്ര സുന്ദരരാത്രികൾ.
അടുത്ത ദിവസം വൈകിട്ട് ഞങ്ങളെല്ലാം എത്തിയപ്പോൾ പുതിയ സ്റ്റാഫ് ആയ അച്ഛായനെ അണ്ണൻ ഞങ്ങൾക്ക്‌ പരിചയപ്പെടുത്തി തന്നു. അച്ഛായന്റെ ചിരി ആയിരുന്നു പ്ലസ് പോയിന്റ്. സുന്ദര സുമുഖനായ തിരുവല്ലക്കാരനായ അച്ഛായൻ. ആറടി ഉയരം, അതിനൊത്ത ശരീരം, ചുരുണ്ട മുടി വെളുത്ത മുഖത്ത് നനുനനുത്ത പൊടിമീശ, മുദുവായ സംസാരം, നിഷ്കളങ്കമായ മുഖഭാവം, മനസ്സ് കീഴടക്കുന്ന പാൽപ്പുഞ്ചിരി. പെട്ടെന്ന് തന്നെ അച്ചായൻ ഞങ്ങളും ആയി നല്ല സൗഹൃദത്തിൽ ആയി.
കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ മനസ്സിലായി കൊച്ചു കുട്ടികളുടെ മനസ്സാണ് അച്ഛായനെന്ന്. അതുപോലെ തന്നെ കൊച്ചു കുട്ടികളുടെ പോലെയുള്ള ശരീരവും. ശരീരത്തിൽ മീശ ഒഴിച്ച് കൈയ്യിലും കാലിലും നെഞ്ചിലും ഒരു രോമം പോലുമില്ലാത്ത മിനുസമാർന്ന വെളുത്തു തടിച്ച ശരീരം. ഇതെന്തിനാ ഇപ്പോൾ പറഞ്ഞത് എന്നു വച്ചാൽ നമ്മുടെ അച്ചായൻസ് കഥ തുടങ്ങുന്നത് അങ്ങിനെയാണ്.
അണ്ണൻ പുറത്തെവിടെയോ പോയ നേരത്താണ് ഒരു ഒമാനി ഷേവിംഗ് റേസർ കേടായത് നന്നാക്കാൻ കൊണ്ടുവന്നു. അറബി ഭാഷ എന്ന് പറഞ്ഞാൽ അച്ചായന് മോരും മുതിരയും പോലെയാണ്.
ഒമാനി ആ റേസർ കേടായതും നന്നാക്കുന്ന കാര്യങ്ങളുമെല്ലാം അച്ഛായന് വിശദമായി പറഞ്ഞു കൊടുത്തതിനെല്ലാം അച്ചായൻ തലയാട്ടി മൊത്തം കേട്ടു നിന്നു.
അവസാനം അച്ചായൻ ഞങ്ങളോട് ചോദിച്ചു. ഇവൻ കുറെ നേരമായല്ലോ ഇതും പൊക്കി പിടിച്ച് എന്തെല്ലാമോ പറയുന്നു. പുതിയത് വേണമെന്നാണോ പറയുന്നത്
അവസാനം ഞങ്ങൾ പറഞ്ഞു കൊടുത്തു. റേസർ വർക് ചെയ്യുന്നില്ല നന്നാക്കി കൊടുക്കാൻ ആണ് അവൻ പറയുന്നത്. അച്ഛായൻ വേഗം തന്നെ അത് നന്നാക്കിയിട്ട് അറബിയെ തിരിച്ചേൽപ്പിച്ചു അതിന്റെ പൈസ എത്രയെന്ന് പറയാൻ ഞങ്ങളേയും ഏല്പിച്ചു.
അറബി റേസറ് കൈയിൽ എടുത്ത് ഫീ ഷുഗൽ, ഫീ ഷുഗൽ എന്ന് പറഞ്ഞപ്പോൾ അതെന്താണെന്നായി അച്ഛായൻ.
അത് വർക് ചെയ്യുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാനാണ് അറബി പറഞ്ഞത് എന്നു പറഞ്ഞു കൊടുത്തു.
ഓഹോ അതാണോ ഇപ്പോൾ കാണിച്ചു കൊടുക്കാം എന്നും പറഞ്ഞ് അച്ചായൻ അറബിയുടെ കൈയ്യിൽ നിന്നും റേസർ വാങ്ങി വലതു കൈയിൽ പിടിച്ച് പവ്വർ ഓൺ ചെയ്തു. റേസർ ക്ർ ർ ർ എന്ന് വർക് ചെയ്തു തുടങ്ങി. ഇടത് കൈത്തണ്ടിലേക്ക് റേസർ കൊണ്ടുചെന്നു പക്ഷെ ഇടതു കൈതണ്ടിൽ ഒരു രോമം പോലുമില്ല. ഇത്തിരി നേരം അങ്ങിനെ നിന്നിട്ട് അച്ചായൻ ഒരു ചിരിയോടെ റേസർ ഇടതു കൈയിലേക്ക് മാറ്റിപ്പിടിച്ചിട്ട് വലതു കൈതണ്ടിലേക്ക് റേസർ കൊണ്ടുവന്നു രോമ രഹിതമായ കൈത്തണ്ട അച്ചായനേ നോക്കി പരിഹസിച്ച് ചിരിച്ചോ എന്നറിയില്ല. അച്ചായനും ചിരിച്ചു ഞങ്ങളും ചിരിച്ചു കണ്ടു നിന്ന ഒമാനിയും ചിരിച്ചു.
ഒമാനി ഉടൻ തന്നെ സ്വന്തം കൈതണ്ട അച്ചായന്റെ നേരെ നീട്ടി കൊടുത്തു. അച്ചായൻ ഉടനെ തന്നെ ഒമാനിയുടെ കൈ തണ്ടയിൽ റേസർ വിജയകരമായി പരീക്ഷിച്ചു വിജയിപ്പിച്ചു. ഒമാനിക്കും സന്താഷമായി അവൻ പൈസയും കൊടുത്ത് റേസറും വാങ്ങിപ്പോയി.
അവിടം വരെ എല്ലാം ഓക്കെയായി പക്ഷെ അച്ചായന്റെ അടുത്ത പറച്ചിലാണ് ഞങ്ങളെ എല്ലാവരേയും അത്ഭുതപരതന്ത്രനാക്കിയത്.
ആ ഒമാനി കൈ നീട്ടി കാണിച്ചില്ലായിരുന്നെങ്കിൽ ഞാൻ ആ റേസർ എങ്ങിനെ ടെസ്റ്റ് ചെയ്യുമായിരുന്നു?
നിഷ്കളങ്കമായ അച്ഛായന്റെ മുഖത്ത് നോക്കി നിന്നു പോയി ഞങ്ങൾ.
ഞാൻ ചെല്ലുന്ന വൈകുന്നേരങ്ങളിലെ അച്ചായ രസകാഴചകൾ ധാരാളാമുണ്ട്.
അങ്ങിനെയുള്ളതിൽ നിന്ന് ഒരു രസകാഴ്ച.
ഒരു ഒമാനി റിസീവറും വയറും എൽഎൻബിയും ഉൾപ്പെടെ കുറെ സാധനങ്ങൾ അണ്ണന്റെ കൈയിൽ നിന്ന് വാങ്ങി മേശപ്പുറത്ത് നിരത്തി വച്ചിട്ട് അണ്ണനുമായി ഡിസ്കൗണ്ടിനായി ഉള്ള തർക്കത്തിൽ ആണ്. തർക്കം നന്നായി നടക്കുന്നുണ്ട്. ആ സമയത്താണ് പുറത്ത് മറ്റൊരാൾ കാറിന്റെ ഡിക്കി തുറന്ന് നന്നാക്കാൻ ഉള്ള ടിവി എടുത്ത് അകത്തേക്ക് വയ്ക്കാൻ അച്ചായനെ പുറത്തേക്ക് വിളിച്ചു. വലിയ ടിവി യാണ്. അച്ചായൻ രണ്ടു കൈയും കൊണ്ട് ടിവി പിടിച്ചോണ്ട് അകത്തേക്ക് വന്നു. ടി വി വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ അണ്ണനോട് പറഞ്ഞു മേശപ്പുറത്തുള്ള സാധനങ്ങൾ ചൂണ്ടി കാണിച്ചിട്ട് നീക്ക് ഇതെല്ലാം ഈ ടിവി വയ്ക്കട്ടെ.
അത് പറഞ്ഞതും ഡിസ്കൗണ്ടിന് തർക്കിച്ചു നിന്ന ഒമാനി അച്ചായന്റെ കഴുത്തിനു കുത്തിപ്പിടിച്ച് അറബിയിലുള്ള തെറിയെല്ലാം വിളിക്കാൻ തുടങ്ങി,
കർബൂത്ത്, ഹറാമി റക്കം വാഹദ് അങ്ങിനെ പലതും.
കഥയൊന്നും മനസ്സിലാകാതെ അച്ചായൻ ഞങ്ങളോട് കിലുക്കത്തിലെ ജഗതി പറയുന്ന സ്റ്റൈയിലിൽ എനിക്കറബി അറിയില്ല എന്നീ മറുതയോടൊന്ന് പറഞ്ഞു കൊടുക്കാൻ ഇവിടെ ആരുമില്ലെ എന്ന് വിളിച്ചുകൂവി കൊണ്ടിരുന്നു.
ഞാനാകെ പറഞ്ഞത് ഫോർമാനോട് നീക്ക് ഇതെല്ലാം എന്നു മാത്രമല്ലെ.
അത് കേട്ടപ്പോൾ ഒമാനി പിന്നെയും അച്ചായന്റെ കഴുത്തിന് പിടിക്കാൻ വന്നിട്ട് പറയുന്നു അച്ചായൻ അവനെ തെറി പറഞ്ഞു എന്ന്.
സംഗതി ഇതാണ് അച്ചായൻ പറഞ്ഞത് നീക്ക് ഇതെല്ലാം എന്ന്
ഒമാനി കേട്ടത് നീക്ക് ഇൻദ്ദേ. അത് അറബി ഭാഷയിൽ ചീത്ത വാക്കാണ്. പിന്നെ എല്ലാരും കൂടെ
അച്ചായൻ പുതിയ ആളാണ് അറബി ഭാഷ അറിയാത്ത ആളാണ് , അച്ചായൻ മലബാറിയാണ് പറഞ്ഞതെന്ന് എല്ലാം ഒമാനിയെ തണുപ്പിച്ച് വിട്ടു.
അച്ചായൻ ആകെ അടിതെറ്റി നിൽക്കുകയാണ് അത് കൊണ്ട്
അച്ചായന്റ ബാക്കി കഥകൾ പിന്നീടാകാം. കഥകൾ തീരുന്നില്ല.....

by: PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo