
അച്ഛാ..... അച്ഛാ.... എനിച്ചാ പൊട്ട് മേടിച്ച് തരാമോ....?"
ഉത്സവ പറമ്പിൽ, മിന്നാമിനുങ്ങളെ പോലെ തിളങ്ങുന്ന ബൾബുകൾ കൊണ്ടലങ്കരിച്ച വളക്കടയിലെ കല്ലുപതിപ്പിച്ച ഒട്ടിക്കുന്ന പൊട്ട് നോക്കി കുഞ്ഞിമാളു കൊഞ്ചി
" ആ പൊട്ടിലേ പശയുണ്ട്, അത് കുഞ്ഞിമാളൂന്റെ നെറ്റിയേലൊട്ടിച്ചാൽ നെറ്റി കേടാവും, നമുക്കത് വേണ്ട കേട്ടോ ...."
അവളുടെ നെറ്റീല് ഉമ്മ വച്ച് കൊണ്ടച്ഛൻ പറഞ്ഞു.
അവളുടെ നെറ്റീല് ഉമ്മ വച്ച് കൊണ്ടച്ഛൻ പറഞ്ഞു.
"പൊട്ടു തൊട്ടില്ലേ, കുഞ്ഞിമാളു എങ്ങ നാച്ഛാ സുന്ദരിക്കുട്ടിയാവുക....?"
അച്ഛന്റെ കൈയ്യിലിരുന്ന് കൊണ്ട് കുഞ്ഞിമാളു ചിണുങ്ങി.
അച്ഛന്റെ കൈയ്യിലിരുന്ന് കൊണ്ട് കുഞ്ഞിമാളു ചിണുങ്ങി.
" എന്റെ പൊന്നും കുടത്തിനെന്തിനാ പൊട്ട്? അച്ഛന്റെ കുഞ്ഞിമാളു പൊട്ടിട്ടില്ലേലും ,പൊന്നണിഞ്ഞില്ലേലും സുന്ദരിയാ..."
" ആണോച്ഛാ...? കുഞ്ഞിമാളു പൊന്നാണോ...?"
" അതേല്ലോ ..... അച്ഛന്റെ പൊന്നാ എന്റെ കുഞ്ഞിമാളു ... "
കുഞ്ഞിമാളൂന്റെ കുഞ്ഞിക്കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങി.
ഭൂമി കറങ്ങിക്കൊണ്ടേയിരുന്നു, ഋതുക്കൾ മാറിക്കൊണ്ടും. ഓണപ്പൂക്കൾക്കിടയിലൂടെ, നക്ഷത്ര വെളിച്ചത്തിൽ, കൊന്നപ്പൂക്കളുടെ പരിശുദ്ധിയോടെ, കുഞ്ഞിമാളു യൗവ്വനത്തിലേക്ക് നടന്നു കയറി.
അമിതാഭ് ബച്ചന്റെ പൊക്കമുള്ള, അരവിന്ദ സ്വാമീടെ മീശ വച്ച്, പൃഥ്വിരാജിനെ പോലെ ചിരിക്കുന്ന ചുള്ളൻ ചെക്കനും വീട്ടുകാരും വന്ന് കുഞ്ഞിമാളൂനെം, അവളുടച്ഛന്റെ ബാങ്ക് ബാലൻസിനേം, ബോധിച്ച് മടങ്ങുമ്പോൾ, കുഞ്ഞിമാളു ഹൃദയത്തിലൊരു പുൽത്തകിടിയും, നീലാകാശവും സൃഷ്ടിച്ച് ചുള്ളനെ അവിടെ പറത്തി തുടങ്ങിയിരുന്നു.
മഞ്ഞ ചരടിലെ താലിയും,രക്തവർണ്ണമായ സിന്ദൂരവുമണിഞ്ഞ കുഞ്ഞിമാളൂനെ ചെക്കന്റെ കൈയ്യിലേൽപ്പിക്കുമ്പോൾ
"എന്റെ പൊന്നിനെയാ ഏൽപ്പിക്കുന്നത്" എന്ന് അച്ഛന്റെ മനസ്സ് പറയുന്നത് കുഞ്ഞിമാളു മാത്രം കേട്ടു .
"എന്റെ പൊന്നിനെയാ ഏൽപ്പിക്കുന്നത്" എന്ന് അച്ഛന്റെ മനസ്സ് പറയുന്നത് കുഞ്ഞിമാളു മാത്രം കേട്ടു .
നിലവിളക്കുമേന്തി, വലതുകാൽ വച്ച് ഇരുട്ട് കട്ടപിടിച്ചൊരു കെട്ടിടത്തിലേക്ക് കയറിയ ഉടനെ ചെക്കനും, വീട്ടുകാരും, അച്ഛന്റെ പൊന്നിന്റെ ദേഹത്തണിഞ്ഞ പൊന്നഴിച്ചു വാങ്ങുന്ന തിരക്കിലമർന്നപ്പോൾ ജീവിതത്തിലാദ്യായിട്ട് കുഞ്ഞിമാളു ഒറ്റപ്പെട്ടു.
പിന്നീടങ്ങോട്ട് ഒറ്റപ്പെടലുകളുടെ ഒടുങ്ങാത്ത യാത്രയായിരുന്നു.
ഹൃദയത്തിലെ നീലാകാശത്തിൽ അവനോടൊപ്പം, കൊക്കുരുമ്മി പറക്കാനാഗ്രഹിച്ച അവളുടെ മനസ്സോ, അവനോടുള്ള പ്രണയം നിറഞ്ഞ അവളുടെ മിഴികളോ അവൻ കണ്ടില്ല.
സുഗന്ധമാർന്ന പൂക്കളും, പ്രണയാർദ്രമായ രാഗങ്ങളുമുണ്ടായിരുന്ന അവളുടെ മനസ്സ് എങ്ങോട്ടെന്നില്ലാതെ അവൻ വലിച്ചെറിഞ്ഞപ്പോൾ അവളുടെ പ്രണയം ചിന്നി ചിതറി.
ചിതറിയ കഷണങ്ങളാൽ ആഴത്തിൽ മനസ്സിന് മുറിവേൽക്കപ്പെട്ട്, കണ്ണിലൂടെ രക്തം ഒലിച്ചിറങ്ങുമ്പോൾ ഇനിയൊരു പ്രണയത്തെയും ഗർഭം ധരിക്കാനാവാത്ത വിധം തളർന്നു പോയിരുന്നവൾ.
ആനയ്ക്കെടുപ്പത് പൊന്നും പണവും ഇനീം വേണമെന്നവനും വീട്ടുകാരും നീട്ടി പാടുമ്പോൾ, അവന്റ നിലയ്ക്കാത്ത ചിറകിടയിൽ നൊന്ത് കുഞ്ഞിമാളു പറഞ്ഞു
"അച്ഛന്റെ പൊന്നിൻ കുടത്തിനെയാ നിങ്ങളുടെ കൈയ്യിലേൽപ്പിച്ചത് ..."
"അച്ഛന്റെ പൊന്നിൻ കുടത്തിനെയാ നിങ്ങളുടെ കൈയ്യിലേൽപ്പിച്ചത് ..."
"പൊന്നിൻ കുടമോ..... നീയോ....? നീ വെറും ക്ലാവ് പിടിച്ച ചെമ്പ് ... ത്ഫൂ...... "
അവന്റെ അൾട്രാസോണിക് ശബദത്തിലുള്ള അലർച്ച കേട്ട് പതുങ്ങിയ കുഞ്ഞിമാളു, അവന്റെ മനസ്സിൽ നിന്ന് തന്റെ നേർക്ക് പാഞ്ഞു വരുന്ന വെറുപ്പിന്റെ തീഗോളം കണ്ട് ഭയന്നു കണ്ണുകളടച്ചു.
ആ തീഗോളത്തിലുരുകി കരിക്കട്ടയായി മാറുമ്പോൾ ജീവിതം കേടാക്കിയ പശയുള്ള ആ താലി അവൻ അഴിച്ചുമാറ്റിയിരുന്നു.
ആ കരിക്കട്ട വലിച്ചെറിഞ്ഞിട്ട് അവൻ വീണ്ടും ചുള്ളന്റെ വേഷഭൂഷാധികളണിഞ്ഞ് കൊണ്ട് മറ്റൊരച്ഛന്റ പൊന്നിൻ കുടത്തിന്റെ "പൊന്ന് " സ്വന്തമാക്കാൻ പുതിയ താലി പണിയിക്കാൻ തട്ടാന്റടുത്തേക്കോടി ..
ഒരു താലിയിലൂടെ സ്വന്തമാക്കേണ്ടത് പെണ്ണിന്റെ ദേഹത്തണിഞ്ഞ പൊന്നല്ല, അവളുടെ ഹൃദയം തന്നെയാണെന്നു മനസ്സിലാക്കാൻ അവനൊരു ഹൃദയമില്ലായിരുന്നു.
കരിക്കട്ടയായി വലിച്ചെറിയപ്പെട്ട കുഞ്ഞിമാളുവിനെ അവളുടെ അച്ഛൻ ഏറ്റവുമധികം ശ്രദ്ധയോടെ പെറുക്കിയെടുത്ത് തന്റെ നെഞ്ചോട് ചേർത്തു വച്ചു.
അച്ഛന്റെ തന്റെ മനസ്സുരുകിയുള്ള പ്രാർത്ഥനയാലും, സ്നേഹത്താലും, കഠിനാധ്വാനത്താലും, കരിക്കട്ടയെ ശുദ്ധീകരിച്ചു വജ്രമാക്കി മാറ്റി.
വജ്രത്തിന്റെ തിളക്കം കണ്ടു കണ്ണു മഞ്ഞളിച്ച ചുള്ളൻ പഞ്ചാര ചിരിയുമായെത്തിയപ്പോൾ വജ്രത്തിന്റെ തിളക്കമാർന്ന കിരണങ്ങൾ, ചുള്ളന്റെ ക്രൂരത മറഞ്ഞിരിക്കുന്ന കണ്ണുകളിലേക്ക് ആഴത്തിൽ തുളഞ്ഞു കയറി. അത് നേരിടാനുള്ള കരുത്തില്ലാതെയവൻ പിറകോട്ട് മലച്ചു.
by Anjali Rajan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക