ഏതോ ഭ്രാന്തമറുപടിയുടെ
മുറിഞ്ഞു വീണ
നൂല്‍ത്തുമ്പില്‍
മത്സരബുദ്ധിയോടെ
പടര്‍ന്നുകയറിയ
സ്നേഹവള്ളികള്‍നമ്മള്‍.,
ഇരുകരകളിലിരുന്നു
വാക്കിന്‍റെ വഞ്ചിയില്‍
വികര്‍ഷിച്ചു പോകുമ്പോഴും
അരികിലേക്കെത്താന്‍
ആഞ്ഞുതുഴഞ്ഞവര്‍ നമ്മള്‍.,
ഇടവേളകളുടെ
വിരസദൈര്‍ഘ്യത്തില്‍
ഒരുമറുപടിയുടെ
ആര്‍ദ്രതണലിനായ്
അന്യോന്യം ആശിച്ചിരുന്നവര്‍നമ്മള്‍.,
അദൃശ്യമായെങ്കിലും
ഭ്രാതൃനോവിന്‍റെ
വേവും പുകച്ചിലും
അറിയിച്ചു തന്നവനേ,
വിരല്‍ത്തുമ്പിലെന്‍റെ
വിലയറ്റ ജീവനെകൊരുത്തിട്ട്
നിന്നിലേക്കു ഞാന്‍ നീട്ടിയെറിയുന്നു.
നിന്നെ പൊതിഞ്ഞിരുന്ന
ഗര്‍ഭപാത്രത്തില്‍നിന്നും
മുറിഞ്ഞകന്ന അമൃതവള്ളികളില്‍
വറ്റാതെ ശേഷിച്ച
പാലാഴിമഥനപുണ്യമായ
അമൃതകുംഭവുമായി
അമരത്വത്തിലേക്ക്
നീ പിടിച്ചു കയറുക ................
സിരകളിലേക്ക്
തിളച്ചലാവാപ്രവാഹംപോലെ
മരുന്നുനിറച്ച അമ്ലകണങ്ങള്‍
നോവിന്‍റെ അതിരുകള്‍ ഭേദിച്ച്
നുഴഞ്ഞു കയറുമ്പോഴും
തിറയാടിവരുന്ന
സങ്കടത്തോറ്റങ്ങളെ
പുഞ്ചിരിച്ചു തോല്പിക്കുന്ന
നീയാണ് വിശ്വവിജയി.....
------------അനഘ രാജ്
(സ്നേഹസൗഹൃദത്തിനു ഹൃദയപൂര്‍വ്വം )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക