Slider

ദാമ്പത്യം

0
No automatic alt text available.

ആശുപത്രിയിൽ നഴ്സിംഗ് റൂമിലിരിക്കുന്ന വൃദ്ധൻ വല്ലാതെ അസ്വസ്‌ഥത കാണിക്കുന്നുണ്ട്. ഡയബറ്റിക് പേഷ്യന്റ് ആയതുകൊണ്ടുതന്നെ അദ്ദേഹം ആശുപത്രിയിൽ സുപരിചിതനാണ്. പൊതിഞ്ഞു കെട്ടിയിരിക്കുന്ന കാലിലെ വെളുത്തനിറമുള്ള വലപോലുള്ള തുണി തനിയെ അഴിച്ചു തുടങ്ങുന്നതുകണ്ടാണ് പുതുതായി ജോയിൻ ചെയ്ത നേഴ്സ് അങ്ങോട്ടേക്ക് വന്നത്. അപ്പാപ്പനെന്താ ഈ കാട്ടുന്നത്? എന്ന ചോദ്യം ഇഷ്ടപ്പെടാത്തപോലെ അയാൾ പുരികം ചുളിച്ചു. ചുവരിലെ ക്ലോക്കിലേക്കു മലർന്നു നോക്കി അയാൾ പറഞ്ഞു കുഞ്ഞേ ഇപ്പോൾ തന്നെ സമയം ഏഴായി.. ഇനിയും താമസിപ്പിക്കല്ലേ. ഞാനില്ലാതെ അവളൊന്നും കഴിക്കില്ല. അപ്പാപ്പന്റെ കാലിലെ മുറിവ് ഞാനൊന്നു നോക്കട്ടെ അതുകഴിഞ്ഞു എപ്പോ പോകണണമെന്നു തീരുമാനിക്കാം. അയ്യോ പറ്റില്ല മോളെ, മേരിക്കുട്ടി സിസ്റ്റർ എവിടെ? അവരിനി വരില്ല, പകരം ഞാനാണ്.. കാലിലെ പഞ്ഞി നീക്കുന്നതിനിടയിൽ അവൾ പറഞ്ഞു. ആഹാ ഷുഗറുണ്ടെങ്കിലും മുറിവ് കരിഞ്ഞല്ലോ മിടുക്കൻ.. ആരോഗ്യത്തിലൊക്കെ നല്ല ശ്രദ്ധയാ അല്ലേ? പിന്നെ എന്നെക്കുറിച്ചെന്താ കുഞ്ഞു കരുതിയത്? കുലുങ്ങി ചിരിച്ചുകൊണ്ട് അയാൾ മറുപടി കൊടുത്തു. കാലിലെ മുറിവ് വൃത്തിയാക്കി വീണ്ടും പൊതിഞ്ഞു കെട്ടുന്നതിനിടയിൽ അവളാ പ്ലാസ്റ്റിക് കൂട് ശ്രദ്ധിച്ചു. ഇതെന്താ രാവിലെ തന്നെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞോ? അതുപിന്നെ മോൾക്കറിയില്ലേ ഹോസ്പിറ്റൽ ഗേറ്റിനരികിലെ കടയിൽ ദോശമാവ് കിട്ടും. ഫ്രഷ് ആണ്. പിന്നെ ഒരു കൂട് പാലും. മക്കളൊന്നുമില്ല കുഞ്ഞേ.. രണ്ടു വയറു കഴിഞ്ഞാൽ മതി. എന്നാ പിന്നെ അപ്പാപ്പന് എന്നെ ദത്തെടുത്തൂടെ? നല്ല സ്റ്റൈൽ ആയി പറഞ്ഞാൽ ഞാനൊരു ഓർഫൻ ആണ്.
കാൽ സൂക്ഷിച്ചു അയാൾ നിലത്തുവെച്ചു. കയ്യിലിരുന്ന ഊന്നുവടി കുത്തി എഴുന്നേൽക്കുമ്പോൾ വീണ്ടും ക്ലോക്കിലേക്കു നോക്കി. അവളവിടെ തനിച്ചാ മോളെ.. എന്റെ ഭാര്യ. മോളുടെ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞെങ്കിൽ എന്റെ കൂടെ പോന്നോളൂ. നല്ല ഒന്നാന്തരം ദോശയും വെളിച്ചെണ്ണയൊഴിച്ച ചമ്മന്തിപ്പൊടിയും ഞാൻ തരാം. കൂടെ അവളെയും കാണാം. ഒരു വളവിന്റെ ദൂരമേയുള്ളൂ വീട്ടിലേക്ക്. അപ്പാപ്പന് ഒരു അഞ്ചു മിനിറ്റ് കൂടി വെയിറ്റ് ചെയ്യാമെങ്കിൽ ഞാൻ വരാം. അയാൾ ഹോസ്പിറ്റൽ മുറ്റത്തു പൂത്തുലഞ്ഞു കിടക്കുന്ന ബൊഗൈൻ വില്ല പൂക്കൾ തലോടി. ആ പൂക്കൾക്ക് മണമില്ലെന്നറിഞ്ഞിട്ടും അയാളാ കൈകൾ മണത്തു നോക്കി. വാ പോകാം. അയാളുടെ കൈയിലെ ഊന്നുവടി അവൾ വാങ്ങാൻ ശ്രമിച്ചെങ്കിലും അയാൾ കൊടുത്തില്ല.
"അപ്പാപ്പന്റെ ഭാര്യ എന്നെ കണ്ടു വഴക്കുണ്ടക്കോ?" അയാൾ വീണ്ടും ഒന്ന് കുലുങ്ങി ചിരിച്ചു. ഒരു വളവ് തിരിഞ്ഞു അവർ ഒരു വീട്ടുമുറ്റത്തെത്തി. ഒരു പൂന്തോട്ടം, ഒരു ഊഞ്ഞാൽ ഓടുപാകിയ മേൽക്കൂര നിറയെ പടർന്നു കിടക്കുന്ന ഏതോ ഒരു ചെടി. എന്തൊരു ഭംഗിയാ ഇവിടെ അതിശയത്തോടെ അവൾ പറഞ്ഞു. അയാൾ പോക്കറ്റിൽ നിന്നും താക്കോലെടുത്തു വീട് തുറന്നു. വീടിനുള്ളിൽ ആകെ നിശബ്ദത. അമ്മ എവിടെ എന്ന ചോദ്യത്തിന് അയാൾ ഒരു മുറി ചൂണ്ടി കാണിച്ചു. ഇളം നീല കർട്ടൻ മാറ്റി അവൾ അകത്തേക്ക് കയറി. അവിടെ കസേരയിൽ വിദൂരതയിലോട്ട് നോക്കിയിരിക്കുന്ന ഒരു വൃദ്ധ. നല്ല പിയേഴ്സ് സോപ്പിന്റെ മണം. അമ്മേ എന്ന് വിളിച്ചത് കേട്ടു തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു. അടുക്കളയിൽ നിന്നും മൊരിഞ്ഞ ദോശയുടെ മണം. അവളവിടെക്കു ചെന്നപ്പോൾ ഒരു കപ്പ് ചായ നീട്ടി അയാൾ പറഞ്ഞു കമലക്ക് അൽഷിമേഴ്‌സ് ആണ്. കുറെയായി തുടങ്ങിയിട്ട്. ചായക്കപ്പ് വാങ്ങി അവൾ ചോദിച്ചു ഒരു ഹോം നഴ്സിനെ? വേണ്ട കുഞ്ഞേ, ഞാനുണ്ടല്ലോ.
ഭക്ഷണം കഴിക്കാൻ അമ്മ കാത്തിരിക്കുമെന്നു എന്തിനാ കള്ളം പറഞ്ഞത്? അമ്മക്ക് അപ്പാപ്പനെ തിരിച്ചറിയാൻ പോലും കഴിയില്ലെന്ന് എനിക്കറിയാം.
മോൾ പറഞ്ഞത് ശരിയാണ്. അവൾക്കെന്നെ അറിയില്ല, പക്ഷേ എനിക്കവളെ അറിയാം. അവളെ ഞാൻ കൂടുതൽ അറിയേണ്ടതും ഇപ്പോളല്ലേ?
വേച്ചു വേച്ചു ഭക്ഷണവുമായി, നീല കർട്ടനിട്ട മുറിയിലേക്ക് പോകുന്ന ആ മനുഷ്യനെ അവൾ അദ്‌ഭുദത്തോടെ നോക്കി നിന്നു.

by UmaPradeep Puthukatil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo