Slider

കഥ! ഉമ്മയെ തേടി ::

0
Image may contain: 1 person

സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. സുബ്ഹി ബാങ്ക് കൊടുക്കാൻ കുറച്ച് സമയം കൂടി ബാക്കിയുണ്ട്. മുറിക്കുള്ളിലെ ഉച്ഛോസനിശ്വാസങ്ങളുടെ ആനന്ദദായകമല്ലാത്ത ആവിയിൽ നിന്ന് പുലരിയുടെ കളിർമയേകുന്ന ശീതളിമയിലേക്ക് ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങി.
പുറത്ത് നല്ല നിലാവുണ്ട്. തെങ്ങോലകൾക്കിടയിലൂടെ ഒഴുകി വരുന്ന കുളിർ കാറ്റ് ഗൃഹാതുരത്വത്തിന്റെ പുതിയ പുലരികൾ തുറക്കുകയാണ്. പച്ച പിടിച്ച് നിൽക്കുന്ന മരത്തിന്റെ ഇലകൾ ഒന്നിളകാൻ മടിക്കുന്ന പോലെ. നിലാവിന്റെ അനുഭൂതി ദായകമായ ശോഭയിൽ മരച്ചില്ലകൾക്കിടയിൽ ഒരു പുതു പെണ്ണിന്റെ നാണത്തോടെ മുഖം മറച്ച് നിൽക്കുന്ന ചന്ദ്രൻ. രാവിന്റെ ഇരുണ്ട മൂടുപടങ്ങളെ വകഞ്ഞ് മാറ്റി കണ്ണിനും കരളിനും ഒരു പുതിയ കാവ്യഭംഗി നൽകുന്ന നിലാവിന് അകമ്പടിയായ് പച്ചിലകളുടെ നനു നനുത്ത പ്രതലത്തെ തഴുകിയെത്തുന്ന കുളിർതെന്നൽ.
കോലായിലെ ലൈറ്റ്ഓൺ ചെയ്ത് ഞാൻ മുറ്റത്തേക്കിറങ്ങി. അയൽവാസിയുടെ പോർച്ചിൽ കിടക്കുന്ന തെരുവുപട്ടികളിലൊന്ന് ചെറുതായൊന്ന് മുരണ്ടു. ഇത് ഇവറ്റകളുടെ സ്ഥിരം പരിപാടിയാണ്. ഞങ്ങൾ ഇവിടെ ഉണ്ട് എന്നറിയിക്കുന്നതായിരിക്കാം. അല്ലെങ്കിൽ ഞങ്ങളുടെ സ്വൈര്യ വിഹാരത്തെ തടസ്സപ്പെടുത്തിയതാരടാ എന്ന് ചോദിച്ചതായിരിക്കാം. അതുമല്ലെങ്കിൽ ആദമിന്റെ സന്താനമെ നിനക്ക് സലാം എന്ന് പറഞ്ഞതായിരിക്കാം.
ഈ പുലരിയിൽ എല്ലാം മറന്ന് കിടന്നുറങ്ങുന്നവരായിരിക്കും കൂടുതൽ പേരും. ഈ സമയത്തിന്റെ പ്രത്യേകതയും വിലയും മനസിലാക്കാതെ തെരുവുപട്ടികളെപ്പോലെ കിടന്നുറങ്ങുന്നവർ. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യ സംരക്ഷണത്തിന് ദൈവം അനുഗ്രഹിച്ചേകിയ സമയം. പിശാചിന്റെ മാന്ത്രികമായ കരലാളനയുടെ മായിക സ്പർശത്തിൽ മതിമറന്നുറങ്ങുന്ന മനുഷ്യ ജന്മങ്ങൾ!.
നേരിയ വെളിച്ചമേയുള്ളൂ. വെള്ളമുണ്ടും ഷർട്ടും തന്നെയാണ് വേഷം. ഞങ്ങളുടെ സ്വന്തം റോഡിലെ പൊടിമണ്ണിൽ പൂച്ചകളും നായകളും നിക്ഷേപിക്കുന്ന അവശിഷ്ടങ്ങൾ ചവിട്ടാതിരിക്കാൻ മൊബൈൽ ടോർച്ച് ഓൺ ചെയ്തു.
പെട്ടെന്ന് എന്തോ ഒന്ന് തകരുന്ന ശബ്ദം. പുലർച്ചെ ആയതിനാൽ നിശബ്ദതയാണെങ്ങും. അതു കൊണ്ട് ദൂരെ നിന്നുള്ള ശബ്ദങ്ങളും ഉച്ചത്തിൽ കേൾക്കാം.
എവിടെ നിന്നാണ് ആ ശബ്ദം കേട്ടത്?
നേരെ പോയാൽ ദേശീയ പാതയിലെത്തുന്ന തിരുനാവായ പുത്തനത്താണി റോഡ് ആണ്. വലതുഭാഗത്ത് താഴോട്ടിറങ്ങിയാൽ വൈരങ്കോട് ഭഗവതിക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന റോഡുമാണ്. രണ്ടു വഴിയിലൂടെ പോയാലും അങ്ങാടിയിലെത്താം.
ഞാൻ താഴെ റോഡിലേക്കിറങ്ങി. അവിടെ കോഴിക്കടയുണ്ട്. കോഴിക്കടയുടെ പരിസരത്ത് തെരുവുനായകളുടെ വിളയാട്ടമാണ്. അവരുടെ പരാക്രമങ്ങളുടെ ശബ്ദമായിരിക്കാം ഞാൻ കേട്ടത്. മുമ്പ് ഇതുപോലെ ഒരു ദിവസം കോഴിക്കടയുടെ അടുത്തെത്തിയപ്പോൾ ഉണ്ട് ഒരു മുരൾച്ച.മൂന്ന് നായകളുണ്ട് വരാന്തയിൽ നാക്കു നീട്ടി നിൽക്കുന്നു. എന്നെ കണ്ടതും നായകൾ കുരച്ചു കൊണ്ട് പുറത്തേക്കോടി. കോഴിക്കടയുടെ ദുർബലമായ വാതിൽ തകർത്ത് നായകൾ അകത്ത് കടന്ന് ബ്രോയിലർ കോഴികളെ എല്ലാം കൊന്നിട്ടിരിക്കുന്നു.എന്നെ കണ്ടതോട് കൂടി അകത്തുണ്ടായിരുന്നനായകളും കുരച്ചു കൊണ്ട് ഇറങ്ങിയോടി.പിന്നെ ഉടമസ്ഥൻ വരുന്നത് വരെ കോഴിക്കടക്ക് ഞാൻ കാവലിരിക്കേണ്ടി വന്നു.
എന്നാൽ ഇന്ന് കോഴിക്കടയുടെ പരിസരത്തൊന്നും നായകളെ ഒന്നിനെയും കാണാനില്ല. പിന്നെ എന്തിന്റേതായിരിക്കും ആശബ്ദം?.
ചിലപ്പോൾ ഏതെങ്കിലും ട്രിപ്പർ ലോറി കരിങ്കല്ല് തട്ടിയതായിരിക്കും. ആ....! എന്തെങ്കിലുമാകട്ടെ.
അങ്ങാടിയിൽ അങ്ങിങ്ങായി കിടക്കുകയും ഓടുകയും ചെയ്യുന്ന നായകളെ പിന്നിട്ട് ഞാൻ മുന്നോട്ടു നടന്നു. അപ്പോൾ അങ്ങകലെ നിന്നും സുബ്ഹി ബാങ്കിന്റെ അലയൊലികൾ കേൾക്കാൻ തുടങ്ങിയിരുന്നു.
പിന്നാലെ അടുത്തുള്ള പള്ളികളിൽ നിന്നും ബാങ്കൊലി ഉയർന്നു. എന്നാൽ ഞാൻ ലക്ഷ്യം വയ്ക്കുന്ന പള്ളിയിൽ നിന്ന് ബാങ്ക് വിളി കേൾക്കുന്നില്ല. ഒരു പക്ഷെ ഇന്ന് ആരും ഉണ്ടാകുകയില്ല. അങ്ങിനെയെങ്കിൽ ഞാൻ തന്നെ ബാങ്ക് വിളിക്കേണ്ടി വരും. നമസ്കാരത്തിന് നേതൃത്വം കൊടുക്കേണ്ടിയും വരും. നമസ്കാരത്തിന് നേതൃത്വം കൊടുക്കുകാ എന്നത് ആ സമൂഹത്തിന് തന്നെ നേതൃത്വം കൊടുക്കലാണ്.
ഒരു ഇന്നോവ മുന്നിൽ വന്ന് ബ്രേക്കിട്ടപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.
"വണ്ടിയിടിച്ച് ഒരാൾ റോഡിൽ കിടക്കുന്നു"
ഇന്നോവയുടെ ഡ്രൈവർ എന്നെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
" എവിടെ "
" അവിടെ ആ പാടത്ത് "
ഡ്രൈവർ പിറകിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.
ഞാനാകെ ധർമ്മസങ്കടത്തിലായി.പാടം വരെ നടന്നു പോകണമെങ്കിൽ അഞ്ചു മിനിറ്റ് സമയമെടുക്കും. അവിടെ അപകടമൊന്നും നടന്നിട്ടില്ലെങ്കിൽ പോക്ക് വെറുതെയാകും. മാത്രമല്ല പത്ത് മിനിറ്റ് സമയം അങ്ങിനെ പോകും. പള്ളി തുറക്കാനും വൈകും. പള്ളി തുറന്ന് ബാങ്ക് വിളിക്കുകയോ അതോ പാടത്തേക്ക് പോയി നോക്കുകയോ?
വിവരം പറഞ്ഞവണ്ടിക്കാരന് എന്നോട് കളവ് പറയേണ്ട ആവശ്യമില്ലല്ലോ!
ആദ്യമായ് കാണുകയാണ്. എന്നാലും പോയി നോക്കണോ?.
പെട്ടെന്നാണ് വീട്ടിൽ നിന്നിറങ്ങിയപ്പോൾ കേട്ട ശബ്ദത്തെപ്പറ്റി ഓർത്തത്.
ആ കേട്ട ശബ്ദം ഈ അപകടമാണോ?.ആശബ്ദം കേട്ടിട്ട് ഇപ്പോൾ അഞ്ചു മിനിറ്റിലധികം ആയിക്കാണും.
എന്റെ ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടി.. അപ്പോഴേക്കും വിവരം പറഞ്ഞയാൾ വണ്ടിയെടുത്തു കഴിഞ്ഞിരുന്നു.
ഓടുകയായിരുന്നു ഞാൻ. റോഡരികിൽ ഒരാൾ താഴെ വീണു കിടക്കുന്നുണ്ട്. ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞിരിക്കുകയാണ് ഓട്ടോറിക്ഷ. നാട്ടുകാരായ രണ്ടു മൂന്നു പേർ അവിടെ എത്തിക്കഴിഞ്ഞിട്ടുണ്ട്.
ആരോ തെളിച്ച ടോർച്ചിന്റെ വെളിച്ചത്തിൽ ഞാനാ ശരീരം കണ്ടു. ആകെ ചോരയിൽ കുളിച്ചിരിക്കുന്നു. നിറയെ ചോരയായതിനാൽ മുഖം വ്യക്തമല്ല. ഒരു കാൽ പൂർണ്ണമായി തകർന്ന് മാംസവും തൊലിയുമെല്ലാം തൂങ്ങിയാടുന്നു. അവിടെ കൂടി നിന്നവർ എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിൽക്കുകയാണ്.
പാടത്തിനപ്പുറത്തെ വീടുകളിൽ നിന്നെല്ലാം ടോർച്ചുകൾ മിന്നിത്തെളിയുന്നു,
ഒരു വാഹനം വരുന്നുണ്ട്. നാട്ടുകാരന്റെ വാഹനമാണെന്ന് തോന്നുന്നു, തടഞ്ഞു നിർത്തി തിരിച്ചിടാൻ ആവശ്യപ്പെട്ടു.
തൂങ്ങിയാടുന്ന മാംസക്കഷണങ്ങൾ താങ്ങിപ്പിടിച്ച് കാറിൽ കയറ്റുമ്പോൾ അയാൾ എന്തോ പറയുന്നുണ്ടായിരുന്നു.
തിരിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ വസ്ത്രത്തിലാകമാനം രക്തം പുരണ്ടിരുന്നു.രാവിലെ വാഹനമോടിച്ചപ്പോൾ ഉറങ്ങിപ്പോയതാണയാൾ. ഇനിയെത്ര വേദന സഹിക്കണം. ഓർക്കുമ്പോൾ ശരീരമൊന്നാകെ ഒരു പുളിച്ചു കയറൽ.
വീടിന്റെ വാതിൽ തുറന്ന ഭാര്യ വസ്ത്രത്തിലെ രക്തം കണ്ട് ഭയന്നത് പോലെ തോന്നി. വസ്ത്രം വേറെ എടുത്തു വയ്ക്കാൻ പറഞ്ഞ് ഞാൻ ബാത്ത് റൂമിലേക്ക് ഓടി.വസ്ത്രം മാറുന്നതിനിടയിൽ ഭാര്യയെ കാര്യങ്ങൾ സൂചിപ്പിച്ച് ഞാൻ പുറത്തേക്ക്, പള്ളി തന്നെയായിരുന്നു ലക്ഷ്യം.
പള്ളിയിലെത്തിയപ്പോൾ നമസ്കാരം തുടങ്ങിക്കഴിഞ്ഞിരുന്നു. നമസ്കാരം തുടങ്ങാൻ വൈകിയത് നേതൃത്വം കൊടുക്കാൻ ആളെ കിട്ടാഞ്ഞിട്ടാകും.ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് പുതിയൊരു ശബ്ദത്തിന്നുടമയാണ് എന്ന് എനിക്ക് മനസ്സിലായി.അതായത് ഇതുവരെ പരിചയമില്ലാത്ത ഒരാൾ.
നമസ്കാരം കഴിഞ്ഞതിന് ശേഷം ഞാൻ ഫാനിന്റെ ചുവട്ടിലെതണുപ്പിൽ നിന്നും മാറിയിരുന്നു.
മനസിന്റെ അകത്തളങ്ങളിൽ ഉരുണ്ടുകൂടുന്ന കാർമേഘങ്ങളെ തടഞ്ഞു നിർത്തി ദൈവീക ചിന്തയുടെ അനന്തമായ അനുഭൂതിയിലേക്ക് ഊളിയിട്ടിറങ്ങാൻ ശ്രമിക്കുമ്പോഴെല്ലാം മുമ്പത്തെ അപകട രംഗം മനസിലേക്കോടിയെത്തുകയാണ്.
വേപഥു പൂണ്ടു നടക്കുന്ന പട്ടിയെ പോലെ ചിന്തകളും വാക്കുകളും അലയുകയാണ്. കാടുകയറിപ്പോകുന്ന ചിന്തകളെ തടയിട്ട് കൊണ്ട് ഭജനയിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആളൊഴിഞ്ഞ പള്ളിക്കകത്ത് ഒരരുകിൽ ചാരിയിരിക്കുന്ന ആ വ്യക്തിയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഇന്നത്തെ നമസ്കാരത്തിന് നേതൃത്വം കൊടുത്തയാൾ. ഒരു പത്തിരുപത്തഞ്ച് വയസ്സ് പ്രായം തോന്നും. ഏതായാലും ഒന്നു പരിചയപ്പെടാമെന്ന് കരുതി എഴുന്നേറ്റു ചെന്നു സലാം പറഞ്ഞു.
' എന്താ പേര്...? ഞാൻ ചോദിച്ചു.
'' മുഹമ്മദ് സലാം"
'' സ്ഥലം'' വീണ്ടും എന്റെ ചോദ്യം.
" പാലക്കാടാണ്''
'' എന്നാ വരിൻ ഞമ്മക്കൊരു ചായ കുടിക്കാം''. ഞാൻ പുഞ്ചിരിച്ചു കൊണ്ട് ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന് നിരസിക്കാൻ കഴിഞ്ഞില്ല.
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്ത ചോദ്യത്തിലേക്ക് കടന്നു. ഒരു പരിചയപ്പെടൽ മാത്രം! അതിന്നപ്പുറമുള്ള ചോദ്യങ്ങൾ അദ്ദേഹത്തെ അലോസരപ്പെടുത്തിയേക്കാം.
" ഇവിടെ എങ്ങിനെ എത്തിപ്പെട്ടു. വേക്കൻസി അന്വോഷിച്ചു വന്നതാണോ?
'എന്ത് വേക്കൻസി''?.
'മദ്രസയിൽ ഉസ്താദായിട്ട് ''
''അല്ല ''
" പിന്നെ;?
" ഞാൻ എന്റെ ഉമ്മയെ തേടി വന്നതാണ് ''.
ജിജ്ഞാസയോട് കൂടി ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. കദന ഭാരം തൂങ്ങി നിൽക്കുന്ന മുഖഭാവം. ഒരു ചെറിയ വിഷയം കിട്ടിയാൽ തന്നെ പൊട്ടിക്കരയാൻ വെമ്പുന്ന മുഖം.
എന്റെ ആലോചനയെ തടസ്സപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി.
"ഉമ്മയുടെ ബന്ധുക്കൾ ഇവിടെയെവിടെയൊ ഉണ്ടെന്ന് അറിഞ്ഞു. അവരെ തിരഞ്ഞിറങ്ങിയതാണ്. ഇന്നലെ കുറെ അന്വോഷിച്ചു. ഒരു പിടിയും കിട്ടിയില്ല "
" അപ്പൊ ഉപ്പ യൊ?
" എനിക്ക് ഉപ്പയും ഉമ്മയും എവിടെയാണെന്നറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്നും അറിയില്ല. അതു കൊണ്ട് എനിക്ക് ബന്ധുക്കളാരും ഇല്ല".
സ്തബ്ധനായിപ്പോയി ഞാൻ. ഉമ്മയും ഉപ്പയും ആരാണെന്നറിയില്ലെന്നോ:?പിന്നെങ്ങിനെ ഇദ്ദേഹം ഇത്ര വരെ വളർന്നു? പിന്നെങ്ങിനെ ഇദ്ദേഹത്തിന് മാന്യമായ സ്വഭാവം കിട്ടി.ഉമ്മയും ഉപ്പയും ഇല്ലാത്തവർക്ക് എന്ത് ദുനിയാവ്?
ഒരു പാട് ഒരുപാട് ചോദ്യങ്ങൾ തികട്ടി വരികയാണ്. എല്ലാം അറിയണമെന്നുണ്ട് .പക്ഷേ ഒന്നും ചോദിക്കാൻ കഴിയുന്നില്ല. ഹൃദയത്തിൽ ഒരു കമ്പിയുടെ കുളത്തിട്ട് വലിക്കുന്ന പോലെ. തൊണ്ടയിലെ വെള്ളം വറ്റിയിരിക്കുന്നു. ഞാനാകെ വിയർത്തു പോയി.
ഒന്നും ചോദിക്കാത്തതു കൊണ്ടാവാം അദ്ദേഹം കസേരയിൽ നിന്നെണിറ്റു. പിന്നാലെ ഞാനും. ബില്ലsച്ച് കഴിഞ്ഞപ്പോഴേക്കും അദ്ദേഹം പുറത്തിറങ്ങിയിരിക്കുന്നു.
'ഇനി എങ്ങോട്ടാണ്?. അടുത്തെത്തി ഞാൻ ചോദിച്ചു.
"തിരയുകയാണ് ഞാൻ ഉമ്മയെ.
എവിടെയാണെന്നറിയില്ല. കണ്ടെത്തുന്നത് വരെ തുടരും ഈ പ്രയാണം".
എന്റെ ചോദ്യത്തിനുള്ള മറുപടി ഒറ്റ ശ്വാസത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ജിജ്ഞാസ എന്നിൽ വർദ്ധിക്കുകയായിരുന്നു,
"വരൂ... നമുക്ക് അൽപ നേരം സംസാരിക്കാം". ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് പള്ളിയിലേക്ക് തന്നെ നടന്നു.
അദ്ദേഹം പറഞ്ഞു തുടങ്ങി. " അഞ്ചാം വയസ്സിലാണ് എന്നെ ഉമ്മ യതീംഖാനയിൽ ചേർത്തത്.വീട്ടിൽ ഞാനും ഉമ്മയും മാത്രേ ഉണ്ടായിരുന്നുള്ളു എങ്കിലും സന്തോഷവാനായിരുന്നു ഞാൻ. അകലെയുള്ള ബന്ധുവീടുകളിലക്ക് വിരുന്നിന് പോയിരുന്നതും അയൽപക്കത്തെ കുട്ടികളുമായി കളിച്ചിരുന്നതും ഞാനിപ്പോഴും ഓർക്കുന്നു. ഓർമ്മ വച്ചു തുടങ്ങുന്ന പ്രായത്തിൽ സ്നേഹം എത്ര കിട്ടിയാലും മതിവരാത്ത പ്രായത്തിൽ ഞാൻ യത്തീംഖാനയുടെ നാലതിരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടു.
മൂന്ന് പ്രാവശ്യം ഉമ്മ എന്നെ കാണാൻ വന്നതായി യതീംഖാനയുടെ രജിസ്റ്ററിൽ കാണുന്നുണ്ട്. അതും മൂന്ന് മാസത്തിനുള്ളിൽ. പിന്നെ ഞാനെന്റെ ഉമ്മയെ കണ്ടിട്ടില്ല.
ഈ ലോകം ഒന്നാകെ കയ്യിൽ വച്ച് തന്നാലും ഞാനനുഭവിച്ച വേദനക്ക് പകരമാകുകയില്ല.
അഞ്ചാം വയസ്സിൽ, ! ഒന്ന് ഓർത്ത് നോക്കൂ...!
അത്രയേ അദ്ദേഹത്തിന് പറയാൻ കഴിഞ്ഞുള്ളൂ.. അപ്പോഴേക്കും അദ്ദേഹം പൊട്ടിക്കരഞ്ഞു കഴിഞ്ഞിരുന്നു.
തുടരും
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo