Slider

താലി

0


നീതു....
ഇന്നാണവളുടെ വിവാഹം....
ചുവന്ന പട്ടുസാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന അവളുടെ മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരിയിൽ മറ്റെല്ലാം നിഷ്പ്രഭമായതുപോലെ ...കഴുത്തിലണിയിച്ച താലിയേക്കാൾ തിളക്കമുണ്ടായിരുന്നു ആ കണ്ണുകൾക്ക്...എല്ലാവരുടേയും അനുഗ്രഹാശംസകൾ ഏറ്റുവാങ്ങികൊണ്ട്
അവർക്കു നടുവിലൊരു പ്രകാശം പരത്തുന്ന പൂർണചന്ദ്രനെപ്പോലെ...
അവൾക്ക് വയസ്സ് പത്തൊൻപത്...
പ്രസന്നവദയായ പെൺകുട്ടി...
അച്ഛന്റെയും, അമ്മയുടെയും ഒരേയൊരു പെൺതരി..സഹോദരന്റെ പെങ്ങളൂട്ടി....
പഠിക്കാൻ ബഹുമിടുക്കി... എല്ലായിടത്തു നിന്നും സ്നേഹം മാത്രം ലഭിച്ച് ഒരു പൂമ്പാറ്റയേപ്പോൽ പാറിക്കളിച്ചു നടന്നവൾ...
പഠിച്ചു ജോലി കിട്ടിയശേഷം മതി വിവാഹമെന്ന അവളുടെ തീരുമാനത്തെ മാതാപിതാക്കളുടെ സ്നേഹമാർന്ന യാചനകൾക്കു മുൻപിൽ നിരാശയോടെ അവൾ അടിയറവു വച്ചു..... തങ്ങളേക്കാൾ ഉയർന്ന നിലയിൽനിന്നുവന്ന ബന്ധത്തിൽ തന്റെ മകളുടെ ശോഭനമായ ഭാവി കണ്ടതിന് അവരെ കുറ്റം പറയാനാവില്ലല്ലോ?
ഡിമാന്റുകൾ ഇല്ലാതിരുന്നതിനാൽ വാക്കുറപ്പിച്ച് പതിനഞ്ചാം നാളിൽ വിവാഹം.... പഠിപ്പ് എന്ന ചിന്തയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മറ്റു ചിന്തകളൊന്നും അവളെ അലട്ടിയിരുന്നില്ല.... അച്ചടക്കമാർന്ന ജീവിതവും ദൈവഭയവും അവളുടെ മാതാപിതാക്കളുടെ സംഭാവനയായിരുന്നു....
ഒറ്റ മകനായതിനാൽ വരന്റെ വീട്ടിൽ സ്വന്തം മകളെപ്പോലെ ആ മാതാപിതാക്കൾ അവളെ സ്വീകരിച്ചു... കളങ്കമില്ലാതെ കളിച്ചു ചിരിച്ചു നടന്ന അവൾക്ക് വിവാഹ ജീവിതവും മറ്റും സിനിമകളിൽ കണ്ട അറിവേ ഉണ്ടായിരുന്നുള്ളു.... ആദ്യമായി ഒരു പുരുഷൻ അടുത്തു വന്നപ്പോൾ എന്തോ അവൾ വല്ലാതെ ഭയപ്പെട്ടുപോയി..കൈകാലുകൾ വിറക്കുന്നപോലെ.. ചുറ്റിലും ആകെ ഒരു പുകമറ അനുഭവപ്പെട്ടു...തൊണ്ട വരളുന്നതും, ശരീരഭാരം കുറയുന്നതുമറിഞ്ഞു..അവളടെ മനസ്സ് ആ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനു മുൻപെ അയാളുടെ ബലിഷ്ഠമായ കൈകൾ അവളെ ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു.. ഒരു പകപ്പോടെ മുഖമുയർത്തിയതും അവളെ ബെഡ്ഡിലേക്ക്
വീഴ്ത്തിയതും ഒരുമിച്ചായിരുന്നു...
പിറ്റേ ദിവസം കഴുത്തിലും, ചുണ്ടിലുമുള്ള ക്ഷതങ്ങൾ മറക്കുവാൻ പാടുപെടുന്നതിനിടയിൽ ചിലരുടെ അർത്ഥം വച്ചുള്ള ചിരിയിൽ വല്ലാതെ അപമാനിക്കപ്പെട്ടതുപോലെ തോന്നി...
നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ വല്ലാതെ പണിപ്പെട്ടു.... ശരീരത്തിലെ നീറ്റലിനേക്കാൾ,മനസ്സിലേറ്റ മുറിവിന് അവളുടെ സ്വപ്നങ്ങളേയും, പുഞ്ചിരിയേയും മായ്ചുകളയുവാനുള്ള കഴിവുണ്ടായിരുന്നു... ആകെ ഭയചകിതയായ അവൾ അടുത്ത രാത്രികളെ വല്ലാതെ ഭയപ്പെട്ടു....
ഇതാണോ ദാമ്പത്യം...
സിനിമയിലും മറ്റും കണ്ടിട്ടുള്ളത് സ്നേഹോഷ്മളമായ പെരുമാറ്റവും, തലോടലുമാണ്.. എത്ര സന്തോഷത്തോടെ യും, സ്നേഹത്തോടെയുമാണ് പുരുഷൻ അവളോടിടപെടുന്നത്... അവളടെ ചിന്തകളിൽ ആ കണ്ടതിലപ്പുറം സെക്സിനെ കുറിച്ച് ഒരു അറിവോ സംസാരമോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.. അത്തരം ചിന്തകളും, കാഴ്ചയുമെല്ലാം തെറ്റാണെന്നാണവൾ ചിന്തിച്ചു വച്ചിരുന്നത്.... പഠനം മാത്രമായിരുന്നു അവളുടെ ലോകം... അതുകൊണ്ടുതന്നെ . ഇത്തരം കാര്യങ്ങൾ ഒറ്റ ദിവസം കൊണ്ട് ഉൾക്കൊള്ളാൻ അവളെ പോലൊരു പെൺകുട്ടിക്ക് കഴിയുമായിരുന്നില്ല... അവളുടെ ചിന്തകളിപ്പോൾ ഭയത്തിന്റേതായിരുന്നു... ഇന്നലെ ഒരു സിംഹക്കൂട്ടിൽ അകപ്പെട്ടതാണെന്നവൾക്കു തോന്നി..സിംഹം തന്റെ ഇരയെ കടിച്ചു കുടയുന്നതു പോലെ..... ഇനിയും..? അതോർക്കുവാൻ ശക്തിയില്ലാതെ എന്തു ചെയ്യണമെന്നറിയാതെ, ആരോട് പറയും എന്നറിയാതെയവൾ വിങ്ങിപ്പൊട്ടി....
മുൻപിലുള്ളത് തന്റെ ജീവിതസഖിയാണെന്നും, തന്നിലുള്ള വിശ്വാസവും, സ്നേഹവും, പ്രണയവും നൽകി അവളുടെ മനസ്സിനെ തയ്യാറാക്കിയതിനു ശേഷം മാത്രമേ അവളെ പ്രാപിക്കാവു എന്നും ചിന്തിക്കാൻ മാത്രം വിവേകമില്ലാത്ത ഒരു പുരുഷന്റെ ചിന്തയിൽ അയാളുടെ ക്രൂരമായ പ്രവർത്തികളിൽ ഒരു പാവം പെൺകുട്ടിയുടെ സ്വപ്നങ്ങളും, ജീവിതവും ഒരേയൊരു ദിവസം കൊണ്ട് തന്നെ എരിഞ്ഞടങ്ങിയിരിക്കുന്നു...
താൻ കണ്ടു കൂട്ടിയ വൃത്തികേടുകളെല്ലാം സ്വാഭാവികമെന്ന് കരുതിയ അയാളുടെ ചിന്തകളിലെല്ലാം സ്ത്രീകൾക്ക് ഒരേയൊരു മുഖം മാത്രമായിരുന്നു... അത് കാമത്തിന്റേതായിരുന്നു... സ്ത്രീകളെല്ലാം അത്തരം ചിന്തകളാൽ മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന വികലമായ ധാരണകളാണ് അയാളുടെ മനസ്സിനെ മദിച്ചിരുന്നത്.. കാരണം അയാൾ കണ്ട കാഴ്ചകളിലെല്ലാം സ്ത്രീകൾ അത്തരമൊരു സ്വഭാവത്തിനടിമകൾ മാത്രമായാണ് ചിത്രീകരിച്ചിരുന്നത്....
സ്വകാര്യ നിമിഷങ്ങളിൽ താൻ കണ്ടുകൂട്ടിയ സെക്സിനെ കുറിച്ചുള്ള തെറ്റായ ധാരണകളും, കാഴ്ചകളും ഒരു പെൺകുട്ടിയിൽ പരീക്ഷിക്കപ്പെടുന്ന നിമിഷം അയാൾ ചിന്തിച്ചില്ല, അവൾ ഒരു സാധാരണ പെൺകുട്ടിയെന്നും, ഇത്തരം ചിന്തകളും, പ്രവർത്തികളും, അവൾക്ക് ഒരിക്കലും ഉൾക്കൊള്ളാനാവുകയില്ലെന്നും...രതിവൈകൃതക്കാഴ്ചകളിൽ ചിന്താശേഷി നഷ്ടപ്പെട്ട അയാൾക്കു മുന്പിൽ അവൾ നിസ്സഹായയായിരുന്നു... ഉൾക്കൊള്ളാനാവാത്ത പല കാര്യങ്ങൾക്കും അയാളവളെ നിർബന്ധിച്ചു കൊണ്ടിരുന്നു...
ഏതൊരു പെൺകുട്ടിക്കും ആദ്യം വേണ്ടത് അവനിലെ പ്രണയമാണെന്നും, ആ പ്രണയത്തിനു മാത്രമെ അവളെ പൂർണമായ ആസ്വാദനത്തിലേക്കെത്തിക്കാൻ കഴിയു എന്നും,സ്ത്രീകളെ സംബന്ധിച്ച് മനസ്സിനുശേഷമെ ശരീരത്തിന് സ്ഥാനമുള്ളു എന്നും തിരിച്ചറിയപ്പെടാനുള്ള വിവേകം അയാളിലുണ്ടായിരുന്നില്ല...
വല്ലാതെ മനസ്സു മരവിച്ച വരുംദിനങ്ങളിൽ അവളുടെ പുഞ്ചിരി അപ്രത്യക്ഷമായി.. മുഖത്തെ പ്രസാദം അസ്തമിച്ചു..
എന്തുപറ്റി മോളെ എന്ന പലരുടേയും ചോദ്യത്തിനു മുൻപിൽ ഒന്നും പറയാനാകാതെയവൾ വീർപ്പുമുട്ടി.... കാരണമന്വേഷിക്കുന്ന മാതാപിതാക്കൾക്കൾക്കു മുൻപിൽ ഒന്നും പറയാതെ വിറങ്ങലിച്ചു നിന്നു.... അല്ലെങ്കിലും തന്നെ പോലൊരു പെൺകുട്ടിക്ക് ഇതെല്ലാം എങ്ങനെ തുറന്നു പറയാനാകും? പിന്നീട് ആകെയുള്ള പ്രതീക്ഷ പഠനമായിരുന്നു.... എന്നാൽ പഠിച്ചു ജോലി ചെയ്ത് കൊണ്ടുവന്നിട്ടു വേണ്ട ഇവിടെ ജീവിക്കാൻ എന്നുള്ള ആജ്ഞയിൽ സകല പ്രതീക്ഷകളും അസ്തമിച്ചു കഴിഞ്ഞിരുന്നു... അവൾക്ക് താങ്ങാവുന്നതിനേക്കാൾ വലിയ പ്രഹരമായിരുന്നു അത്...
മോൾക്ക് നല്ല സുഖമില്ല, ഒന്നു സിറ്റി ഹോസ്പിറ്റലിലേക്കു വരു എന്ന ഫോൺ വിളിയിൽ ഓടിയെത്തിയ മാതാപിതാക്കൾക്കും സഹോദരനും മുൻപിൽ വിറങ്ങലിച്ച അവളുടെ ശരീരം ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു... പൊന്നുമോളെ നീ എന്തിനിത് ചെയ്തു എന്ന ചോദ്യത്തിനുത്തരം പറയാൻ കഴിയാതെ, തന്നെ സ്നേഹിച്ചവർക്കു മുന്പിൽ നിശ്ചലയായി അവൾ കിടന്നു... കൂമ്പിയ മിഴികളോടെ... വിളറിയ ചുണ്ടുകളോടെ...
ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ.. വെറും ആറുമാസങ്ങൾ കൊണ്ട് അവളുടെ ജീവിതവും, സ്വപ്നങ്ങളും, പ്രതീക്ഷകളും, സന്തോഷവുമെല്ലാം തല്ലിക്കെടുുത്തിയ ആ തിളങ്ങുന്ന താലി അപ്പോഴും അവളുടെ
നെഞ്ചോട് ചേർന്ന് വിശ്രമിക്കുന്നുണ്ടായിരുന്നു....
മരണ കാരണമന്വേഷിച്ച പോലിസുകാർക്കു മുന്പിൽ പൊന്നുമോളുടെ മരണത്തിന്റെ കാരണമറിയാതെ, അതിന് ഉത്തരവാദിയായവരെ ചൂണ്ടിക്കാണിക്കാൻ കഴിയാതെ,പകച്ചുനിന്ന നേരം,അവർക്കു നേരെ നീണ്ടുവന്ന,യാതൊരു പരാതിയുമില്ല എന്നെഴുതിയ പേപ്പറിൽ വിറക്കുന്ന കൈകളാൽ ഒപ്പുവക്കുകയല്ലാതെ മറ്റൊരു നിർവ്വാഹവും ആ മാതാപിതാക്കൾക്ക് മുൻപിൽ ഉണ്ടായിരുന്നില്ല.....
( Raziya Maju)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo