Slider

കാരുണ്യവാനായ ഷിജാർ (നർമ്മകഥ)

0
Image may contain: 1 person, standing and indoor

വാപ്പായുടെ സുഹൃത്തിന്റെ സ്വാധീനത്താൽ കൊച്ചിയിലൊരു ജോലി ഷിജാറിനു തരപെട്ടു..
അങ്ങനെ വീട്ടുകാരുടെ നിർബന്ധപ്രകാരം അരിതേടിപോയപ്പോളുണ്ടായ അനുഭവമാണിത്‌..
കായംകുളത്തുനിന്നും എറണാകുളത്തേക്ക്‌ ട്രയിനിൽ പോകുന്നതാണ് നല്ലതെന്നുമനസിലാക്കിയപ്പോൾമുതൽ യാത്ര ട്രയിനിലാക്കി..
റെയിൽവേ സ്റ്റേഷനിൽ തന്റെ യമഹ വച്ചിട്ട്‌ പോകും,വൈകിട്ട്‌ വരുമ്പോൾ തിരികെയെടുക്കും.. രാവിലെ തന്നെ പുറപെട്ട്‌ പാതിരാത്രിയാകുമ്പോൾ വരുന്നതിനാൽ കൂട്ടുകെട്ടിന് ഒട്ടുശമനമായിരിക്കുന്നു എന്നത്‌ വീട്ടുകാർ മനസിലാക്കി..
അല്ല അവർ ഇതിനുവേണ്ടിതന്നെയായിരുന്നു അവിടെ ജോലിക്കയച്ചത്‌..
ഗണേശേട്ടന്റേയും,അരുൺഭായിയുടേയും കഥയിൽ പറയുന്ന പോലെ അടിച്ചുപൊളി കൂട്ടായ്മയും,ആനന്ദവും ഒന്നും അവനില്ല...
എവിടെ സ്ഥലം കിട്ടുന്നോ,അതാണ് തമ്പടിക്കാനുള്ളസ്ഥലം..
എന്നാൽ ബാക്കിയുള്ളയാത്രക്കാരുടെവക ചീട്ടുകളിയും,അന്താക്ഷരീ റൗണ്ടും,രാഷ്ടീയ ചർച്ചകളും,അലമ്പുകളുമൊക്കെഅതിൽനടക്കാറുണ്ട്‌..
അത്‌ ഏതുകമ്പാർട്ടുമെന്റിൽ കയറിയാലുമുണ്ടാകും..
സീറ്റുകിട്ടാതെ വിഷമിച്ച്‌ കമ്പിയിൽ തൂങ്ങികിടക്കുന്നവാവലുകളേയും,നാലുപേർ ഇരിക്കേണ്ട സീറ്റിൽ മത്തിയടുക്കിവച്ചിരിക്കുന്നതുപോലെ,കുറേപേരെ കാണുമ്പോൾ വള്ളം കളിക്കുപോകുന്ന ആറന്മുള ചുണ്ടനെപോലെയാണ് ഷിജാറിനുതോന്നിയത്‌..
ആസനസ്ഥനായിരിക്കുന്നവരിൽ ആരെങ്കിലും അവരുടെ കുടയോ വടിയോ,ബാഗോ ചെരുപ്പോ ഒക്കെ തിരക്കുമ്പോൾതന്നെ..
വാവലുകൾ പറന്ന് അവരുടെ അടുത്തായി താഴ്‌ന്ന് പറക്കും
എന്നിട്ട്‌ ഞാനൊന്നുമറിഞ്ഞില്ലേ എന്നഭാവത്തിൽ അവരുടെ അടുത്തായി കോൺക്രീറ്റ്‌ പില്ലറായിമാറും..
ചിലപ്പോൾ സീറ്റുമുതലാളിമാർ വാവലുകളെ കളിപ്പിക്കാനായി കാട്ടികൂട്ടുന്ന തന്ത്രങ്ങളാകാം(ഇതുപോലെ ഷിജാറും പലരേയും കളിപ്പിച്ചിട്ടുണ്ട്‌,അവനു സീറ്റുകിട്ടാതെ വിഷമിക്കുമ്പോൾ ഇങ്ങനെയുള്ളമുതലാളി തന്ത്രങ്ങളിൽ മനസറിയാതെ വീഴാറുമുണ്ട്‌..
കൊടുത്താൽ കൊല്ലത്തുംകിട്ടും എന്നുപറയുന്നപോലെ..കൊല്ലത്തുമാത്രമല്ല ആലപ്പുഴ ജില്ലയിലും കിട്ടും എന്നവനുമനസിലായി)
അങ്ങനെ മിക്കദിവസങ്ങളിലും ഈ വാവലുകളിതുടരുന്നതുകൊണ്ട്‌...
ഇതിനു പിന്നാലെ പോകുന്ന തിരക്കു കുറഞ്ഞ തീവണ്ടിയിലേക്ക്‌ യാത്രമാറ്റി..
ഒച്ചയും അനക്കവുമൊന്നും ഇല്ലാത്തയാത്ര കുറേനാൾകഴിഞ്ഞപ്പോൾ ,ഷിജാറിനു ബോറായി തുടങ്ങി..
അത്‌ ഒഴിവാക്കുവാൻ, അനിയനു വാപ്പാ മേടിച്ചുകൊടുത്ത ടാബ്‌ലെറ്റും,
റെയിൽവേസ്റ്റേഷനിൽ ആരെങ്കിലും ഉപേക്ഷിച്ച പത്രവും അവന്റെ സന്തത സഹചാരിയായി മാറി..
രാവിലെ മാത്രമേ ടാബ്‌ ലെറ്റിന്റെ ആവശ്യം ഉമ്മിക്കുണ്ടായിരുന്നുള്ളു.
അനിയനെ രാവിലെ ഉണർത്തുവാൻ,അതിലെ ആങ്ക്രിബേർഡ്‌സിന്റെ മ്യൂസിക്ക്‌ ഒന്ന് ഓണാക്കിയാൽമതി.എത്ര ഉറക്കത്തിലും അവൻ ചാടിയെണീക്കും..
ഷിജാർ എങ്ങനെയേലും പണിക്ക്‌ പോകട്ടെ എന്നുകരുതി അതുകൊണ്ടുപോകുവാൻ ഉമ്മി മൗനാനുവാദംകൊടുത്തിരിക്കുകയാണ്.അതാണിപ്പോൾ ഷിജാറിന്റെ ബോറടിമാറ്റുന്ന സാധനം..
രാജകീയ യാത്രയിൽ ഒരുദിവസം,
ടാബ്‌ലെറ്റിൽ കിളികളേകൊണ്ട്‌ എത്ര പണിയെടുപ്പിച്ചിട്ടും,അടുത്ത ലെവലിലേക്ക്‌ പോകാൻ കഴിയാത്തതിനാൽ,പതുക്കെ പുള്ളി എല്ലാകിളികളേയും കൂട്ടിൽകയറ്റി ബാഗടച്ചു...ശേഷം ബാഗിലിരുന്ന പത്രം നിവർത്തി..അപ്പോൾ നല്ല പരിപ്പുവടയുടേയോ,ഉള്ളിവടയുടേയോ ഗന്ധം..
പത്രത്തിൽ അങ്ങിങ്ങായി എണ്ണപറ്റിയിട്ടുണ്ട്‌..മുൻപ്രമാണകാരന്റെ ഉടമസ്ഥതയിലുള്ള പത്രത്തിൽ വച്ച്‌ അയാൾ കഴിച്ചതാകാം..
ഷിജാർ അതൊന്നും മൈൻഡ്‌ ചെയ്യാതെ ഓരോ വാർത്തയുടെ ഹെഡിംഗ്‌ നോക്കി പേജ്‌ മറിച്ചുകൊണ്ടിരുന്നു..
രാവിലെ കായംകുളം സ്റ്റേഷനിൽവെച്ച്‌ ആധാരമാക്കി സ്വന്തമാക്കിയപത്രമാണ്..
പ്രാദേശിക വാർത്താ പേജിലേക്ക്‌ കണ്ണുപായിച്ച ഷിജാറിനെകൊണ്ട്‌ ആ വാർത്ത വായിക്കുവാൻ ബ്രയിൻ നിർദ്ദേശം കൊടുത്തു നാട്ടിൽ(കായംകുളത്ത്‌) കഴിഞ്ഞദിവസം നടന്ന ഈ വാർത്ത പത്രത്തിൽകൂടിവായിക്കേണ്ടിവന്നുവെല്ലോ എന്ന് മനസ്താപപ്പെട്ട്‌ ,സൈഡ്‌ വിൻഡോയിൽ കൈമുട്ടൂന്നി പുറം കാഴ്ചകൾ കാണാൻ ഒരുങ്ങവേയാണ് സുമുഖനായ ഒരുപയ്യൻ മുന്നിലത്തെ സീറ്റ്‌ സ്വന്തമാക്കുന്നത്‌.
ഷിജാറവനെ ശ്രദ്ധിച്ചു..നല്ല മുഖപരിചയം..
തലച്ചോറിനെ ഇട്ട്‌ തലങ്ങും,വിലങ്ങും "ക്ഷ,മ്മ,ജ്ജ,ഞഞ്ഞ പിഞ്ഞ" ചൊല്ലിച്ചതിനൊടുവിൽ അവനെകുറിച്ച്‌ കുറച്ചുകാര്യങ്ങൾ ഓർമ്മയിൽ തെളിഞ്ഞുവന്നു..
കുറേകൊല്ലം മുൻപ്‌ ഷിജാറിന്റെ പ്രവർത്തനമേഖലയായ ഫ്രൂട്ട്സ്‌ കടയുടെ സൈഡിൽ,സൈക്കിൾ വെച്ചുകൊണ്ടിരുന്ന പയ്യൻ...
അന്ന് അവൻ പഠിക്കാനായിപോയിരുന്നത്‌ ഇവിടെ സൈക്കിൾ വെച്ചിട്ടാണ്...
എല്ലാം തെളിഞ്ഞുവരുന്നു..
തമ്മിൽ അടുപ്പമില്ലെങ്കിലും മുഖപരിചയമുണ്ട്‌.
ആ പരിചയം വെച്ച്‌ അവനോടുഷിജാർ ചോദിച്ചു..
താൻ കായംകുളത്തുള്ളതല്ലെ,
എന്താ ഇവിടെ..ഇപ്പോൾ എന്തുചെയ്യുകയാ..
കുറേകാര്യങ്ങൾ ഒറ്റശ്വാസത്തിൽ ചോദിച്ചതിനാലാകും
താൽപര്യമില്ലാത്തമട്ടിൽ അവൻ എന്തൊക്കെയോ പറഞ്ഞ്‌ ഒഴിഞ്ഞുമാറി..
ഷിജാറിലേക്ക്‌ നോട്ടം കൊടുക്കാതെ നിലത്തുനോക്കിയായിരുന്നു മറുപടികൊടുത്തിരുന്നത്‌..
അന്ന് കൂട്ടുകാരും മൊക്കെകൂടി വളരെ ഉഷാറായിരുന്ന ഇവനെന്താണ് ഇപ്പോൾ ഇങ്ങനെ മുഖത്തുനോക്കാതെ സംസാരിക്കുന്നത്‌..
എന്തുപറ്റിയിവന് എന്നുചിന്തിച്ചിരുന്നപ്പോൾ അടുത്തസ്റ്റേഷനായി..
മൂന്നാലുപേർകൂടി അതിലേക്ക്‌ കടന്നു..
ആ സമയം പയ്യൻ അവന്റെ കയ്യിലിരുന്ന ഫയൽ എടുത്തുകൊണ്ട്‌ ടോയിലറ്റിലേക്ക്‌ കയറി..
ട്രയിനിൽനിന്നുവാങ്ങിയ പത്തുരൂപയുടെ മനശാസ്ത്രബുക്കുകൾവായിച്ചുപഠിച്ചഷിജാർ ഡോക്ടർ സണ്ണിയായിമാറി...
അവനെകുഴക്കുന്ന ചോദ്യങ്ങൾക്ക്‌ നിമിഷനേരംകൊണ്ട്‌ പരിഹാരം കണ്ടെത്തി..
പയ്യനെ ബാധിച്ചിരിക്കുന്നത്‌
സോഷ്യൽ ആംഗ്‌സൈറ്റിയിൽ പെടുന്ന സോഷ്യൽ ഫോബിയ തന്നെയാകും എന്നുറപ്പിച്ചു..
ശേഷം സ്വയം താടിരോമങ്ങളിൽ ഉഴിഞ്ഞു..
പത്തുരൂപയുടെ ബുക്ക്‌ കിട്ടിയാൽ ഇനിയും വാങ്ങണം..ഞാനൊരു സംഭവമായി മാറികൊണ്ടിരിക്കുകയാണ്..
ഒന്നുരണ്ട്‌ സ്റ്റേഷൻ കഴിഞ്ഞിട്ടും ആ പയ്യൻ അതിൽനിന്ന് ഇറങ്ങുന്നില്ല..
അങ്ങനെയായപ്പോൾ ഷിജാർ സേതുരാമയ്യരുടെ ഭാവം പകർന്നു..
അയ്യരെപോലെ കൈ പുറകിൽകെട്ടി നടക്കാതെ നേരെ ടോയിലെറ്റിന്റെ വാതിൽ തുറക്കുന്നതും കാത്തുനിന്നു..
പെട്ടന്നായിരുന്നു ഇന്നത്തെ പത്രവാർത്ത ഓർമ്മവന്നത്‌.
കഴിഞ്ഞദിവസം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഒരു പയ്യൻ ബാത്ത്‌റൂമിൽ കയറി കതകടച്ചിരിപ്പായി, എത്രവിളിച്ചിട്ടും തുറക്കാത്തതിനാൽ യാത്രികർ തന്നെ വാതിൽ പൊളിച്ച്‌ പുറത്തുകൊണ്ടുവന്നുവെന്നും ഒക്കെ വാർത്തയിൽ വായിച്ചപ്പോൾ....
പയ്യൻ,..മാനസിക അസ്വാസ്ഥ്യം,...
നാട്‌ ഒക്കെ ഹുസൈൻ ബോൾട്ടിനേപോൽ തലമണ്ടയിൽ കിടന്ന് മാരത്തൺ ഓടി..
വീണ്ടും ഡോക്ടർ സണ്ണിവന്ന് ഉറപ്പിച്ചു സംശയിക്കണ്ടാ ഇത്‌ അവൻ തന്നെ..
ശുദ്ധനായ ഷിജാറിലെ മനുഷ്യത്വം സടകുടഞ്ഞ്‌ എഴുനേറ്റു..
പാവം പയ്യനെ എങ്ങനെയെങ്കിലും അസുഖത്തിൽനിന്ന് മുക്തനാക്കണം,
ഒരു ചെറുപ്പകാരനല്ലേ അവൻ..
ഷിജാർ വാതിലിൽ തള്ളിനോക്കി..ഇല്ല അകത്തുനിന്നും കുറ്റിയിട്ടിരിക്കുകയാണ് തുറക്കാൻ പറ്റുന്നില്ല..
ഒടുവിൽ അടുത്തുകണ്ട സഹയാത്രികരോട്‌ കാര്യങ്ങൾ അവതരിപ്പിച്ചു..
തെളിവിനായി ഈ പത്രവാർത്തയും കാണിച്ചുകൊടുത്തു.
എല്ലാവരും ഉഷാറായി..
നേരെ ടോയിലെറ്റിന്റെ മുന്നിൽ പിക്കറ്റുചെയ്യലുകാരേപോൽ എല്ലാവരും ഒത്തുകൂടി..
അറിയാത്തവരെ അറിയിക്കാനായി ചിലർ അടുത്ത കമ്പാർട്ട്‌മെന്റിലേക്കോടി...
ഇന്നിവിടെ എന്തെങ്കിലുമൊക്കെ നടക്കും,നാളത്തെ വാർത്തയിൽ രക്ഷിച്ച ഞങ്ങളുടെപേരുണ്ടാകും എന്നൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ..
പെട്ടന്നായിരുന്നു ഒരു ഘാംഭീര്യ ശബ്ദം അവിടെ മുഴങ്ങികേട്ടത്‌..
"ഡാ തുറക്കുന്നതാ നിനക്ക്‌ നല്ലത്‌..
നീ പുറത്തുവന്നേ..
നിന്നോട്‌ ചിലത്‌ ചോദിക്കുവാനുണ്ട്‌"..
ക്വോട്ട എടുക്കുവാൻ പോയി ,തിരികെവരുന്ന
അജാനബാഹുവായ ഒരു റിട്ടയഡ്‌ പട്ടാളക്കാരൻ ചേട്ടൻ കതകിൽതട്ടിഅവനെ വിരട്ടുകയാണ്..
ഒപ്പം വാതിലിൽ ഇടിച്ച്‌ ശബ്ദമുണ്ടാക്കുന്നുമുണ്ട്‌.
അപ്പോൾ നല്ലൊരിടയനെപോലെ തോന്നിക്കുന്ന ക്ലീൻ ഷേവ്‌ ചെയ്ത ഒരുചേട്ടൻ പറഞ്ഞു..
അവനെ ഇങ്ങനെ പേടിപ്പിക്കാതെ..
നിങ്ങൾ മാറി നിൾക്ക്‌ ഞാൻ വിളിക്കാം..
"എടാ മോനേ..
കതക്‌ തുറക്കെടാ...
ചേട്ടനാ വിളിക്കുന്നത്‌"..എന്തായാലും കുഞ്ഞാടേയെന്ന് വിളിച്ചില്ല...
ഉറങ്ങികിടക്കുന്ന മക്കളെ വിളിച്ചുണർത്തുന്ന അച്ഛനെപോലെ ഇടയൻചേട്ടൻ
പറയുകയാണ്
കതക്‌ തുറക്ക്‌ മോനേ..
വെറുതേ എന്തിനാ അതിൽകയറിനിൾക്കുന്നത്‌..
പുറത്തുവരൂ ..,വഴക്കൊന്നും പറയില്ലടാമോനെ..നീ വാ..
ആ ഇടയൻചേട്ടൻ പരമാവധി വിളിച്ചിട്ടും ആ പയ്യൻ തുറന്നില്ല...
ഇപ്പോൾ ആദ്യത്തെ ട്രയിനിലേപോലെ തന്നെ നല്ല തിരക്കായി..പക്ഷെ,ആർക്കും സീറ്റുവേണ്ടാ എല്ലാവരും ബാത്ത്‌റൂമിനുമുന്നിൽ തടിച്ചുകൂടി നിൾക്കുകയാണ്.. .
മറ്റൊരു അമ്മാവനും കൂടി ട്രൈചെയ്ത്‌ പരാജയപെട്ടപ്പോൾ, പട്ടാളക്കാരൻ ചേട്ടൻപറഞ്ഞു..ഇവനെയൊന്നും ഇങ്ങനെയല്ല വിളിക്കേണ്ടത്‌..നല്ല അടികിട്ടാഞ്ഞതിന്റെ സൂക്കേടാ,
എല്ലാവരും മാറിനിൾക്ക്‌ ഞാനിപ്പോൾ കാണിച്ചുതരാം..
പെനാൽറ്റിബോളടിക്കുവാൻ പോകുന്ന ഫുട്ബോൾകളിക്കാരനെ പോലെ ആ ഏടാകൂടത്തിൽ സ്ഥലമൊരുക്കി കതകുലക്ഷ്യമാക്കി ചേട്ടൻ പാഞ്ഞു ശക്തിയായി കതകിൽ വന്നിടിച്ചു..
ഡോർ മലക്കെതുറന്നു..
പയ്യനെകാണുന്നില്ല...
കുട്ടികൾ പറത്തുന്ന വിമാനം മൂക്കിടിച്ചുവീഴുന്നപോലെ,പെനാൽറ്റി കിക്കിന്റെ ആയത്തിൽ പുള്ളിനേരെ ക്ലോസറ്റിലേക്ക്‌ തലകുത്തി,
സൂര്യനമസ്കാരം ചെയ്യുന്നതുപോലെ തോന്നും എങ്കിലും,കണ്ടുനിക്കുന്നവർക്ക്‌ അത്‌ ശീർഷാസനം ആയിരുന്നു.. അവിടെനിൾക്കുന്നവരെമുഴുവൻ കോൾമയിർക്കൊള്ളിക്കുന്ന ഒരുപ്രകടനം ജവാനവിടെ കാഴ്ചവെച്ചു..
ആ അവസ്ഥയിലും,തലയുയർത്തി പുള്ളി പറയുന്നുണ്ടായിരുന്നു ആ പത്രം കാണിച്ചവനെ വെറുതേവിടരുതെന്ന്..
അപ്പോഴേക്കും അടുത്തകമ്പാർട്ടുമെന്റിലേക്കോടിയ ഷിജാർ മറ്റൊരു ബാത്ത്‌റൂമിൽ അഭയം പ്രാപിച്ചിരുന്നു..
By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo