Slider

തനിയാവർത്തനങ്ങൾ - കഥോദയം 1

0
Image may contain: 2 people, people smiling

ഹേയ് അന്ന, നീ മഹോന്നതമായ കോടതിയിൽ നിൽക്കുന്നു. പ്രതിക്കൂടില്ല ഇവിടെ. ദാ, ആ കാണുന്ന വാതിലുകളിൽ ഒന്നിലാണ് എഴുതപ്പെടാൻ പോകുന്ന നിന്റെ വിധിയും.
അറിഞ്ഞു കൊള്ളുക അന്ന, വിധി നിനക്കെതിരെയാണ്.
എന്ത് !നീ കരയുവാൻ ശ്രമിക്കുന്നുവോ. ഹാ ഹാ. കണ്ണീർ വരുകയില്ല അന്ന, നിന്റെ കണ്ണുകളിൽ നിന്നും ഇനിയൊരിക്കലും . മാത്രമല്ല, നിന്റെ ശരീത്തിന്റെ വിസർജനങ്ങളിലൊന്നായ മൂത്രം പോലും ഇനി ഉണ്ടാവില്ല. ഒരിറ്റു ജലാംശത്തിനായി നീ അലയും.അതാണ് നിന്റെ വിധി. അതേ അന്ന, നീ പാപിയാകുന്നു. നീ സ്വാർത്ഥയാകുന്നു.
അന്ന ചെവികൾ പൊത്തി അലറി വിളിച്ചു, ഇല്ല, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ പാപിയല്ല. ഒരു തെറ്റും ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഒരിക്കൽ കൂടി പറയു ദൈവമേ. ഇതെന്തു വിധി, ഇതെന്തു ന്യായം !
അന്നയുടെ കണ്ണുകളിൽ നിന്നും കണ്ണീർ വരുന്നില്ല.അവളുടെ കണ്ണുകൾ വേദനിച്ചു. നെഞ്ചു പൊട്ടും വിധം അവൾ അലറി വിളിച്ചു.
പെട്ടന്ന് കറുത്ത നിറമുള്ള ചാക്ക് വസ്ത്രം ധരിച്ച രണ്ടു പേർ അവൾക്കരികെയെത്തി. അവരുടെ തലമുടി നിലത്തിഴയുന്നതു അവൾക്കു കാണാം. ചെമ്പൻ നിറമുള്ള സർപ്പങ്ങൾ പോലെ തോന്നിച്ചു അവ.അവരുടെ മുഖം കാണുവാൻ വയ്യ. മുടി കൊണ്ട് മുഖം മറഞ്ഞിരിക്കുന്നു. അവർ രണ്ടുപേരും അവളുടെ ഓരോ കൈകളിൽ പിടിച്ചു വലിച്ചു. അന്ന അപ്പോഴേക്കും ഒരു തരം നിർവികാരമായ അവസ്ഥയിൽ ആയികഴിഞ്ഞിരുന്നു. വേദനയുടെ ഉച്ചസ്ഥായിലെത്തിയാൽ പിന്നീടുള്ള ഭാവം ശാന്തമാണ്. അവരുടെ കൈകൾക്കു വല്ലാത്ത തണുപ്പ് തോന്നിച്ചു. കൊടും തണുപ്പ്. അവളെ ഇടത്തെ ചുമരിലെ നൂറുകണക്കിന് വാതിലിനരികിലൂടെ അവർ നടത്തിച്ചു. ഒടുക്കം കറുത്ത നിറമുള്ള, നിറയെ കൂർത്ത മുള്ളാണികൾ നിറഞ്ഞ ഒരു വാതിലിനഭിമുഖമായി അവളെ നിർത്തികൊണ്ട്,ചുമരിനടുത്തുള്ള കറുത്ത പീഠത്തിൽ നിന്നും അവരിലൊരാൾ പ്രത്യേക തരത്തിലുള്ള താക്കോലെടുത്തു. ത്രികോണാകൃതിയിലുള്ള ആ താക്കോൽ കൊണ്ട് അയാൾ വാതിൽ മലർക്കെ തുറന്നു. മുന്നിൽ ആകാശമാണ് അന്ന കണ്ടത്. മേഘങ്ങളില്ലാത്ത നിശ്ചലമായ ആകാശം. പെട്ടെന്ന് അവർ രണ്ടുപേരും അവളുടെ മാറിടങ്ങളിൽ അമർത്തി പിടിച്ചു. അവൾ വേദന കൊണ്ടലറി. അവർ ആർത്തു ചിരിച്ചു കൊണ്ട് അവളെ വാതിലിനപ്പുറത്തേക്കു തള്ളിയിട്ടു. കൊടുമുടിയുടെ മുകളിൽ നിന്നും വീഴുന്ന കണക്കേ വായുവിൽ അവൾ താഴോട്ട് വീണു കൊണ്ടിരിക്കുമ്പോൾ മുകളിൽ നിന്നും അവരുടെ ശബ്ദം അവൾക്കു കേൾക്കാമായിരുന്നു " വിലക്കപ്പെട്ട കനി ഭക്ഷിച്ചവൾ,അവൾ പാപി, മഹാപാപി.ഹാ ഹാ ഹാ!!
ചുട്ടുപൊള്ളുന്ന മണലിൽ ആണ് അവൾ ചെന്നു വീണത്. ചുറ്റും മണൽ മാത്രം.അവളുടെ തൊണ്ട വരണ്ടു തുടങ്ങി.ഒരിറ്റു വെള്ളത്തിനായി അവൾ മണലിലൂടെ വേച്ചു വേച്ചു നടന്നു.കാലുകൾ പൊള്ളുന്നുണ്ട്.തളർന്നു തുടങ്ങി.നടക്കാൻ വയ്യാതെ അവൾ നിലത്തു വീണു.അവൾ കുറച്ചു ദൂരം ഇഴഞ്ഞു നീങ്ങി.ഇല്ല, എവിടെയും വെള്ളമില്ല. ശരീരം മുഴുവൻ ചുട്ടു നീറുന്നു.അവൾ സ്വന്തം ശരീരത്തിലേക്ക് നോക്കി.ഈ ചുട്ടു പൊള്ളുന്ന വെയിലിലും അവൾ വിയർത്തിരുന്നില്ല. എങ്കിൽ അങ്ങനെയെങ്കിലും നാവൊന്നു നനയ്ക്കാമായിരുന്നു. മൂത്രം, കണ്ണീര്, വിയർപ്പ്,ഇവയൊന്നുമില്ല. ഇനി ബാക്കി രക്തം മാത്രം.അവൾ സ്വന്തം കൈകൾ കടിച്ചു പൊട്ടിച്ചു.മാംസം പോലും വരണ്ടിരിക്കുന്നു.ഒരു തുള്ളി ചോര പൊടിയുന്നില്ല. അന്ന നിസ്സഹായായി മണലിൽ കമിഴ്ന്നു കിടന്നു.അവളുടെ ശ്വാസമേറ്റു മൂക്കിന് താഴെയുള്ള മണൽത്തരികൾ വിറച്ചു. അവൾ പതുക്കെ കണ്ണുകൾ അടച്ചു. കൺപീലികളിൽ പറ്റിയ മണൽതരികൾ കവിളിലേക്കുതിർന്നു വീണു. വിലക്കപ്പെട്ട കനി.മഹാ പാപി.അവളുടെ ചെവികളിൽ ആരോ മന്ത്രിച്ചു.
അവളുടെ കണ്ണുകൾക്കുള്ളിൽ അവൾ ആ കാഴ്ച കണ്ടു. ചിരിക്കുന്ന ജെന്നിഫർ. അവളുടെ കയ്യിൽ നീല കണ്ണുകളുള്ള പിഞ്ചോമന ഐറിൻ. അവർക്ക് പിന്നിൽ ഇരട്ടതാടിയുള്ള സുന്ദരൻ റൊസാരിയോ. അവന്റെ കൈകൾ ജെന്നിഫറുടെ തൊളിലാണെങ്കിലും കണ്ണുകൾ തന്നെ കൊത്തിപ്പറിക്കുന്നു. അവന്റെ കൈക്കുള്ളിൽ പരിപൂർണ നഗ്നയായി കിടക്കുന്ന തന്നെത്തന്നെ അന്ന കണ്ടു.വിലക്കപ്പെട്ട കനി.മഹാപാപി. അവളുടെ ചെവിയിൽ വീണ്ടും ആരോ മന്ത്രിച്ചു.
പൊടുന്നനെ അന്ന ഞെട്ടിയുണർന്നു. ദാഹിക്കുന്നു.തൊണ്ട വരണ്ടിരിക്കുന്നു.കൈകൾ വേദനിക്കുന്നുണ്ട്.വെള്ളകിടപ്പു വിരിയിൽ രക്തം തളം കെട്ടിയിട്ടുണ്ട്.കൈകൾ കടിച്ചു മുറിഞ്ഞിരിക്കുന്നു. താൻ കണ്ടത് സ്വപ്നമായിരുന്നോ.മേശയിൽ വച്ചിരിക്കുന്ന ജഗ്ഗിൽ നിന്നും അവൾ ആർത്തിയോടെ വെള്ളം കുടിച്ചു. പിന്നീട് അവൾ തൻ്റെ ബാഗിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്ത് കയ്യിലെ മുറിവ് ഡ്രസ്സ് ചെയ്തു. തൻ്റെ വസ്ത്രങ്ങളെല്ലാം അടുക്കി പെറുക്കി ബാഗിൽ വച്ചു.
നേരം പുലർന്നയുടനെ അവൾ ബാഗുമെടുത്തു താഴത്തെ നിലയിൽ എത്തി. സ്വീകരണമുറിയിൽ സോഫയിൽ ഇരിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ജെന്നിഫറിനെ കണ്ട് അന്ന ഞെട്ടി. അവളുടെ പുഞ്ചിരിയിൽ പലയർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നി അന്നയ്ക്ക്.
മിസ്സ്‌. ജെന്നിഫർ, നിങ്ങളുടെ ആതിഥേയത്തിനു നന്ദി. ഞാൻ പോവുകയാണ്. എന്റെ സ്വന്തം നാട്ടിൽ കുറച്ച് അത്യാവശ്യകാര്യങ്ങൾ ചെയ്തുതീർക്കേണ്ടതായുണ്ട്. മുൻകൂട്ടി വിവരം ധരിപ്പിക്കുവാൻ സാധിക്കാത്തതിന് ക്ഷമ ചോദിക്കുന്നു. അവളതു പറയുമ്പോൾ ജെന്നിഫറുടെ കയ്യിലിരുന്ന ആറുമാസം പ്രായമുള്ള ഐറിൻ പെട്ടെന്ന് അന്നയുടെ മുഖത്തേക്ക് നോക്കി.അവളുടെ നീല കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
അന്ന പടിയിറങ്ങി പോവുന്നത് നോക്കി സ്വന്തം മുറിയുടെ ജനാലയ്ക്കൽ റൊസാരിയോ നിന്നു. അയാളുടെ കൈത്തണ്ടയും അന്നയുടേത് പോലെ മുറിഞ്ഞിരിക്കുന്നു.ആ മുറിവിൽ നിന്നും രക്തത്തുള്ളികൾ നിലത്തൊറ്റി വീണു കൊണ്ടിരുന്നു.അയാളുടെ ചെവിയിലും ആരോ മന്ത്രിക്കുന്നതു പോലെ. 'വിലക്കപ്പെട്ട കനി,വിലക്കപ്പെട്ട കനി! മഹാപാപി! റൊസാരിയോ ചെവികൾ പൊത്തിപ്പിടിച്ചു!!

BY Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo