Slider

അവസ്ഥാന്തരം കഥ - കഥോദയം -1 ( ഭാഗം അഞ്ച്)

0
Image may contain: 1 person, closeup

"പണിക്കര്ടെ ഒസ്യത്ത് വായ്ക്ക്ണം. അത് മക്ക്ളേം ഭാര്യേം വായ്ച്ച് കേൾപ്പിച്ചിട്ടേ തന്‍റെ ദേഹം ദഹ്പ്പിക്കാവൂന്ന് ഒസ്യത്തിലുണ്ട്. അതിന് നിയമപരമായി എഴ്തി രജിസ്റ്റർ ചെയ്ത് എന്നെ ചൊമ്തലപ്പെട്ത്തീട്ടൊണ്ട്..”
“അതെന്താണ് എന്നറിയാനുള്ള അവ്കാശം എല്ലാ മക്കക്കും ഇവ്ടെ കൂടീര്ക്കണ എല്ലാര്ക്കുമൊണ്ട്. അതോണ്ടാര്ക്കും പണിക്കർ ഇങ്ങ്നെക്കെ തീര്മാന്ച്ചതെന്ന് തോന്ന്ണത്. ഞാന്പ്പോ വായ്ക്കാം.."
പോക്കറ്റിൽക്കിടന്ന കണ്ണടയെടുത്ത് മേൽവസ്ത്രത്തിന്‍റെ പോക്കറ്റിൽനിന്നും തൂവാലയെടുത്തു തുടച്ചുകൊണ്ട് അത് മുഖത്ത് ഉറപ്പിച്ചശേഷം ഗോപിനാഥൻവക്കീൽ ഒസ്യത്ത് വായിക്കാൻ തുടങ്ങി.
"ഹൊസ്ദുർഗ് അംശംദേശത്ത് സർവ്വേനമ്പർ 114/5Aൽ കെട്ടിടനമ്പർ 8/409 താമസിക്കുന്ന, പരേതനായ പൂമഠംവീട്ടിൽ ശ്രീ. ഗംഗാധരപ്പണിക്കർ അവർകളുടെ മകന്‍ വാസുദേവപ്പണിക്കർ, 69 വയസ്സ്, ഒന്നാം കക്ഷി താഴേ പട്ടികയായി വരുന്ന കക്ഷികൾ
രണ്ടാം കക്ഷി
1, ബാലഗോപാലൻ 43 വയസ് മകൻ
2,സുകേശൻ 41 വയസ് മകൻ
3, അന്നപൂർണ്ണ 39 വയസ് മകൾ
4, പാർത്ഥസാരഥി 35 വയസ് മകൻ
5, കാർത്ത്യാനിയമ്മ 60 വയസ് ഭാര്യ
മൂന്നാം കക്ഷി
1, വക്കീൽ ഗോപിനാഥൻ
2, സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട്
3, എൻ എസ് എസ് കരയോഗം കാര്യദർശി
4, തഹശീൽദാർ ഹൊസ്ദുർഗ്
5, സ്ഥലം പോലീസ് സ്റ്റേഷൻ SHO
6, കാർത്ത്യായനിയമ്മ ഒന്നാം കക്ഷിയുടെ ഭാര്യ
രണ്ടാം കക്ഷികൾക്കും മൂന്നാം കക്ഷികൾക്കും വേണ്ടി ഒന്നാംകക്ഷി എഴുതുന്ന മരണശാസനം.
ഈ നിലയാധാരത്തിൽ രണ്ടാം പേജിൽ പട്ടികയായ് കൊടുത്തിരിക്കുന്ന നിയമപരമായി ഒന്നാം കക്ഷിയുടെ പേരിൽ രജിസ്റ്റർചെയ്തിരിക്കുന്ന സ്ഥാവരജംഗമവസ്തുക്കളും സ്വത്തുക്കളും പാരമ്പര്യമായി പൂർവ്വപിതാക്കന്മാമാരിൽനിന്നോ താവഴിയായോ ലഭിച്ചതല്ലെന്നും സ്വന്തം പ്രയത്നവും അദ്ധ്വാനവുംകൊണ്ട് സമ്പാദിച്ചതാണെന്നും ബോധിപ്പിച്ചുകൊള്ളുന്നു. ഇത് ആരുടെയെങ്കിലും നിർബന്ധമോ നിർദ്ദേശപ്രകാരമോ എഴുതുന്നതല്ലെന്നും സ്വയം ഒന്നാം കക്ഷിയുടെ ഇഷ്ടപ്രകാരം എഴുതുന്നതുമാണ്.
താഴേ പട്ടികയായി വരുന്ന ആസ്തികളും വസ്തുക്കളും ഒന്നാം കക്ഷി പറയുന്നവർക്കും നിർദ്ദേശിക്കുന്നവർക്കും ഒന്നാം കക്ഷിയുടെ മരണാനന്തരം കൈവന്നുചേരുന്നതായിരിക്കും.
സർവ്വേനമ്പർ 114/49Cയിൽ PWD റോഡ് വടക്കുഭാഗം അതിരും 114/28 സർവ്വേനമ്പർ തെക്കുകിഴക്ക് അതിരും 114/24 സർവ്വേനമ്പറിനോട് ചേർന്ന് വനാതിർത്തിയിലുള്ള ജംണ്ട പടിഞ്ഞാറ് അതിരായിക്കിടക്കുന്ന ചിറയുള്ളതും റബ്ബർ, കശുമാവ്, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങി ആദായങ്ങളുമുള്ള ഇരുപത്തിയഞ്ചേക്കർ കൃഷിസ്ഥലത്തിൽ വഴിയും വെള്ളവും കരണ്ടും എല്ലാ രണ്ടാം കക്ഷികൾക്ക് തുല്യമായി വരത്തക്കവിധത്തിലും ഓരോ കക്ഷികളുടെവീതത്തിന്‍റെയും അതിരിൽക്കൂടി പത്തടിയകലത്തിൽ വഴി നിർബന്ധമാക്കിയും ഇരുപത്തഞ്ചിൽ, അഞ്ചേക്കർമാത്രം പട്ടികയിലെ അംഗങ്ങളിൽ മൂന്നാം ക്രമത്തിൽ വരുന്നവർക്കും, ബാക്കിവരുന്ന ഇരുപതേക്കറിൽ, ആറേക്കര്‍ അറുപത് സെന്റ് വീതം പട്ടികയിലെ ഒന്നാം ക്രമത്തിലും, രണ്ടാം ക്രമത്തിലും നാലാം ക്രമത്തിലും വരുന്നവർക്ക് ലഭിക്കുകയും ബാക്കിവരുന്ന സ്ഥലം പട്ടികയിലെ ആദ്യത്തെ നാല് അംഗങ്ങൾക്കും അവർക്ക് പരസ്പരമുള്ള അതിരുകൾക്കിടയിൽ ആവശ്യമുള്ള പത്തടിയ കലത്തിൽ വഴിക്കുംവേണ്ടി വിട്ടുനല്കിയിരിക്കുന്നു. ഈ വസ്തുവകകൾ രണ്ടാം കക്ഷികളിലെ ആദ്യ നാല് പേരുകാരുടെ എല്ലാ മക്കൾക്കും പ്രായപൂർത്തിയാകുമ്പോൾമാത്രമേ അവരവരുടെ വീതത്തിന് കൈവശാകാശം ലഭിക്കുകയുള്ളു. അതുവരെ ഇത് , മേൽപ്പറഞ്ഞ പട്ടികയിലെ മൂന്നാം കക്ഷികൾ അംഗങ്ങളായ ഒരു ട്രസ്റ്റിനായിരിക്കും ഇതിൽനിന്നു കിട്ടുന്ന ആദായം വന്നു ചേരുക. ഭൂമിയുടെ സമയാസമയങ്ങളിലുള്ള പരിചരണങ്ങൾ മുറപ്രകാരം നല്കേണ്ടതും ഇവരുടെ കടമയാണ്.
സർവ്വേനമ്പർ 114/5Aയിൽ സമചതുരത്തിൽക്കിടക്കുന്ന പത്തേക്കർ കൃഷിസ്ഥലങ്ങളും കെട്ടിടനമ്പർ 8/409 ഉൾപ്പെട്ട പുരയിടവും വസ്തുവകകളും പട്ടികയിലെ രണ്ടാം കക്ഷികളിൽ അഞ്ചാം ക്രമത്തിൽ വരുന്ന ഭാര്യ കാർത്ത്യായനിക്ക് അവകാശപ്പെട്ടെതെന്നും ഇതിനാൽ അറിയിക്കുന്നു.
ഹൊസ്ദുർഗിൽ, സർവ്വേനമ്പർ 145/205Dൽ നാലുവശങ്ങളും PWDവഴികളാൽ ചുറ്റപ്പെട്ട കെട്ടിടനമ്പർ 5/108, 109, 110, 111, 112 തുടങ്ങിയ കെട്ടിടങ്ങളുള്‍പ്പെട്ട പൂമഠം ഹയർസെക്കൻഡറിസ്ക്കൂൾ ഉൾപ്പെടുന്ന നാലേക്കര്‍ സ്ഥലവും മേൽപ്പറഞ്ഞ പട്ടികയിൽ വരുന്ന മൂന്നാം കക്ഷികൾ അടങ്ങുന്ന ട്രസ്റ്റിനു കീഴിലായിരിക്കും. ഇവിടെ പാവപ്പെട്ട കുടുംബത്തിലെ നല്ല മാർക്കു വാങ്ങി ജയിക്കുന്ന നിർദ്ധനരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്കേണ്ടതാണ്.
ഹൊസ്ദുർഗിൽ സർവ്വേനമ്പർ 145/200-ല്‍, കെട്ടിടനമ്പർ 5/600-ൽ പ്രവർത്തിക്കുന്ന 1980/05/106 എന്ന രജിസ്ട്രേഷൻനമ്പറുള്ള പൂമഠം ഫൈനാൻസിയേഴ്സ് ആൻഡ് ചിറ്റ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനവും വാടകക്കെട്ടിടങ്ങളും മേൽപ്പറഞ്ഞ ട്രസ്റ്റിന് സ്വന്തമായിരിക്കും. ഇടപാടുകാർ മുതൽ അടച്ചുതീർക്കുന്നപക്ഷം, അവരുടെ പണയവസ്തുക്കൾ പലിശരഹിതമായി തിരികേ നല്കേണ്ടതുമാണ്. എല്ലാ വിവരങ്ങളും അടങ്ങിയ മുഴുവൻ രേഖകളും വക്കീൽ ഗോപിനാഥന്‍റെ കൈവശം നല്കിയിരിക്കുന്നു. അതിന്‍റെ ഒരു കോപ്പി ഒന്നാം കക്ഷിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്നു.
ഹൊസ്ദുർഗിൽ സർവ്വേനമ്പർ 114/49D-യിൽ തെക്കുപടിഞ്ഞാറ് ചുടലക്കാടും വടക്കു കിഴക്ക് ഹൊസ്ദുർഗ് പാടശേഖരവും അതിരുകളായിക്കിടക്കുന്ന ഒരേക്കർഭൂമിയിൽ, ചുടലക്കാടിനോട് ചേർന്നുകിടക്കുന്ന അരയേക്കർഭൂമിയും ചുടലക്കാടും അവിടെ കുടിപ്പാർക്കുന്ന രാമുവിനും ഭാര്യ സീതാലക്ഷ്മിക്കും ബാക്കിവരുന്ന അരയേക്കറിൽ ഭൂരഹിതരായ അഞ്ച് കുടുംബങ്ങൾക്ക് നല്കേണ്ടതും രാമുവിനും ബാക്കിയുള്ള കുടുംബങ്ങൾക്കും രണ്ട് കിടപ്പുമുറികളുള്ള വീട് വച്ചുനല്കേണ്ടതും ട്രസ്റ്റിന്‍റെ ചുമതലയാണ്. ഇതിനുള്ള പണം ഒന്നാം കക്ഷിയുടെ ഇരുപത്തഞ്ച് ഏക്കർ സ്ഥലത്തിലെ ആദായത്തിൽനിന്നും എടുക്കേണ്ടതാണ്.
ഇത് ഒന്നാം കക്ഷിയുടെ സ്വന്തം തീരുമാനമാണ്.
പൂമഠം വീട്ടില്‍ ഗംഗാധരപ്പണിക്കർ മകൻ വാസുദേവപ്പണിക്കർ. ( ഒപ്പ്)
* * * * *
ഒസ്യത്ത് വായിച്ചശേഷം വക്കീൽ എല്ലാവരുടെയും പ്രത്യേകിച്ച് പണിക്കരുടെ മക്കളുടെ മുഖത്തേക്കു നോക്കി. ആരും ഒന്നും മിണ്ടുന്നില്ല. കൂടിനിന്നവർ പരസ്പരം മുഖത്തോടുമുഖം നോക്കി മിണ്ടാതെ നിന്നു. ഇത്രയും കാലം ദുഷ്ടനെന്നു ചിന്തിച്ചിരുന്ന ഒരു വ്യക്തിയുടെ ഒസ്യത്തു തന്നെയാണോ ഇത്? അവർ ചിന്തിക്കാതിരുന്നില്ല.
"പ്ധും..."
ചിതയ്ക്കടുത്തുനിന്നും ഒരു ശബ്ദവും ഒപ്പം ആക്രോശവും. എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടു നീങ്ങി. തർപ്പണം ചെയ്യാൻ കൊണ്ടുവന്ന വെള്ളംനിറച്ച മൺകുടം പണിക്കരുടെ മൂത്തപുത്രൻ തൊഴിച്ചുടച്ച ശബ്ദമായിരുന്നത്. ദേഷ്യം പിടിച്ച് വിറച്ചുകൊണ്ട് അലറി.
"ഇങ്ങ്നൊരു തന്തേടെ മക്നായിപ്പെർന്നെന്‍റെ കുറ്റം. യിത്രക്കും ദുഷ്ട്നായ അച്ഛന്‍റെ ചെത്ക്ക് ഞാന്തീ കൊള്ത്തില്ല. ആര്വണെങ്കിലും കൊള്ത്തട്ടേ.. സ്വത്ത് മുഴ്വൻ കണ്ണിക്കണ്ട്വർക്ക് കൊട്ത്തിട്ട് ചെത്ക്ക് തീകൊള്ത്താൻ മക്കള്വണത്രേ?! അച്ഛനാണത്രേ അച്ഛന്‍! യിനൊര് നിമ്ഷം ഇവ്ടെ നിക്കില്ല. യിതെന്റച്ഛന്‍ തന്ന്യാണോ...?"
അയാൾ ഈറനോടെ വീടിനുള്ളിലേക്ക് നടന്നു. എല്ലാം കേട്ടുനിന്ന അന്നപൂർണ്ണ അലറി.
"യിതെല്ലാം ഞങ്ങ്ള് മക്കക്കവ്കാശപ്പെട്ട്താ. യീ കോമ്പൗണ്ട്നകത്ത് ഒറ്റെണ്ണത്ത്നെ കേറ്റ്ല്ല. ന്‍റെ സ്ക്കൂളുംപോയേ.. മുട്ഞ്ഞ തന്തക്കാല്മാടൻ.. യെല്ലാം നശ്പ്പിച്ചല്ലോ.. യെന്തോരം രൂപേന്‍റെ സ്വത്താ... മുത്കാലൻ കണ്ണിക്കണ്ട ചെറ്റോൾക്കെഴ്തീത്. ങ്ങടെ കൊക്ക്ന് ജീവ്നൊണ്ട്ങ്കീ.. സമ്മത്ക്കൂല കണ്ടോരേ തീറ്റ്ക്കാൻ. ഉണ്ണ്യേട്ടോ.. കുട്ട്യേട്ടാ.. പാർത്തൂ.. നിങ്ങ്ള് കേട്ടോ.. മ്മടെ തന്തക്കഴ്വേറി കാണ്ച്ചത്..?”
ഒരു അദ്ധ്യാപികയുടെ വായിൽനിന്നും വീണ വാക്കുകൾ കേട്ട് അവിടെ കൂടിനിന്നവർ മൂക്കത്ത് വിരൽവയ്ക്കുന്നത് ആത്മാവ് കണ്ടു. ഇത് പ്രതീക്ഷിച്ചതു തന്നെ. എങ്കിലും വിഷമം തോന്നിയില്ല. അല്പം മുമ്പേ ഇത് ഇങ്ങനെ അവസാനിക്കുമെന്ന് ഊഹിച്ചിരുന്നല്ലോ എന്നോർത്തു നെടുവീർപ്പിട്ടപ്പോൾ എൻജിനീയർമകന്‍റെ അമ്മായിയപ്പൻ പറഞ്ഞതു കേട്ട് ആ അരൂപി മെല്ലേ അങ്ങോട്ട് നോക്കി.
"യിന്യെന്ത് തിന്നാനാ.. ഇഞ്ച്നീയർസാറിവ്ടെ മിഴ്ച്ച് നിക്ക്ണേ..? നെന്റെപ്പനെഴ്തി വെച്ച്ത് വായ്ച്ച് കേട്ട്ല്ലാ..? പള്ളനെർഞ്ഞെങ്കീ.. വന്ന് വണ്ടീക്കേറ്. അല്ലേയീ ചവ്ത്തിനെ പണ്ടാരട്ക്കീട്ടങ്ങ്ട് യെഴ്ന്നെള്ള്യാമതി സാറ്. ഞങ്ങ്ള് പോണു. പൊന്നാര മക്കക്കെല്ലാർക്കും കൊഴ്ച്ചുര്ട്ടി അണ്ണാക്ക്ലേക്ക് തള്ളിതന്നീക്ക്ണല്ലോ നെന്‍റെപ്പൻ മേലാൻ.. ത്ഫൂ.."
ചാടിത്തുള്ളി ചിതയുടെ അടുത്തുനിന്നും തന്‍റെ കാറിന്‍റെ അടുത്തേക്ക് ദേഷ്യത്തിൽ നടന്നുപോകുന്ന അയാളുടെ പിന്നാലേ ഒന്നും മിണ്ടാതെ തലയുംതാഴ്ത്തി തന്‍റെ മകൻ സുകേശൻ പോകുന്നതും അവൻ തന്‍റെ ഭാര്യയെയും മക്കളെയുംകൂട്ടി കാറിൽക്കയറിയിരുന്നത് വല്ലാത്ത ഹൃദയഭാരത്തോടെ ആത്മാവു കണ്ടു. അവരുടെ വാഹനത്തിനു മുന്നിൽ ആൾക്കൂട്ടവും മറ്റു വാഹനങ്ങളും ഉള്ളതുകൊണ്ട് അവർക്ക് പുറപ്പെടാൻ കഴിഞ്ഞില്ല. കുറുപ്പിന്‍റെ ദേഷ്യത്തോടെയുള്ള ഹോണടി അവിടെ നിറുത്താതെ മുഴങ്ങി.
*****
"പാർത്തൂ.. നമ്മ്ളെ വേണ്ടാത്ത അപ്പ്നെ മ്മക്കും വേണ്ട്ട്ടോ.. നീയും കുട്മ്പോം ഇപ്പോ ഇവ്ടെന്ന് യെറ്ങ്ങിക്കോ. ആര്വേണെങ്കിലും ചവ്ത്തിനെ കത്തിക്കട്ടേ.. നിന്ക്ക്പ്പനോട് സ്നേഹോണ്ടെങ്കീ.. ഇവ്ടെ നിന്ന് ചടങ്ങ് നട്ത്തിക്കോ.. പിന്നെ കൂടപ്പെർപ്പാണ്ന്ന് പർഞ്ഞ് ഞങ്ങ്ളെ വിള്ക്കര്ത്.. യെല്ലാ ബന്ധോം ഇവ്ടെ തീരും പർഞ്ഞേക്കാം.."
തന്‍റെ മകളുടെ ശബ്ദമുയർന്നത് ആത്മാവിനെ അസ്വസ്ഥനാക്കി. അപ്പോൾ ഇളയമകന്‍റെ ഭാര്യാപിതാവിന്‍റെ സ്വരം കേട്ട് ആത്മാവ് അയാളെ നോക്കി.
"പാർത്ഥാ.. നിങ്ങൾ മക്കൾ ഇങ്ങനെ കലഹിച്ചാൽ ഈ ശരീരമെങ്ങനെ ദഹിപ്പിക്കും? പരസ്പരം വാശിപിടിക്കാനുള്ള സമയമല്ലിത്. ദേഹം ദഹിപ്പിക്കുന്നതിനുള്ള കാര്യങ്ങൾ നോക്കൂ.. മൃതദേഹത്തോട് അനാദരവ് കാണിക്കരുത്. നിങ്ങളുടെ അച്ഛനാണെന്ന ഓർമ്മ വേണം.."
"ഞങ്ങൾ നാലുപേരും മക്കളാണെന്ന ചിന്ത അച്ഛനുണ്ടായില്ലല്ലോ..? അച്ഛനോ പോയി. ഇനി സഹോദരങ്ങളെ പിണക്കി നഷ്ടപ്പെട്ത്താൻ എനിക്കൊട്ടും ഇഷ്ടമില്ല അങ്കിളേ.. ഞാനും എന്‍റെ സഹോദരങ്ങളുടെ കൂടെയാണ്. അതിലൊട്ടും മാറ്റമില്ല.."
"ഇത് നിങ്ങളുടെ കുടുംബക്കാര്യം. ഞാൻ ഇടപെടുന്നില്ല. നിങ്ങളുടെ കാര്യം നിങ്ങൾതന്നെ തീർക്കുക. എങ്കിലും മൃതദേഹത്തോട് അനാദരവ് കാണിക്കരുത്. പാർത്ഥാ. അത് ശരിയല്ലാ.."
തന്‍റെ ബന്ധുക്കളിൽ താനല്പം ബഹുമാനിച്ചിരുന്ന വ്യക്തിയാണത്. ഒരു ഡോക്ടറിന്‍റെ കടമകൾ ചെയ്യുന്നതിനൊപ്പം സമൂഹത്തിൽ നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ പിശുക്കു കാണിക്കാറില്ലെന്നു മാത്രമല്ല കോഴിക്കോട് റോട്ടറി ക്ലബിന്‍റെ ഗവർണ്ണറുമാണദ്ദേഹം.
ഡോക്ടർ പാർത്ഥസാരഥി, മറുപടി പറയാതെ തന്‍റെ സഹോദരങ്ങളുടെ അടുത്തേക്ക് ചെന്നു. ഇളയസഹോദരനും തങ്ങൾക്കൊപ്പമെന്നറിഞ്ഞപ്പോൾ ആ നിമിഷത്തിലും തന്‍റെ മകളുടെ മുഖത്ത് വിജയച്ചിരി തെളിഞ്ഞത് ആത്മാവ് കണ്ടു. താൻ ചെല്ലുംചിലവും നല്കി വളർത്തിയ മക്കൾ, സ്വത്തിന്‍റെ കാര്യം വന്നപ്പോൾ തന്‍റെ ശവത്തിനെപ്പോലും തള്ളിക്കളഞ്ഞിരിക്കുന്നു എന്നറിഞ്ഞിട്ടും ആത്മാവിന് അത്ഭുതം തോന്നിയില്ല. ആരു കത്തിക്കും തന്‍റെ ചിത? വല്ലാത്ത ധർമ്മസങ്കടത്തിൽ എത്തി. ഇനി ആര്..? തന്‍റെ ഭാര്യയോ..? അവൾക്കതിനാവുമോ..? ആത്മാവിന്‍റെ നോട്ടം ഭാര്യയുടെ അടുത്തേക്കു പോയി.
*****
ഒസ്യത്ത് വായിച്ചപ്പോൾ, തന്‍റെ മക്കളിൽ വന്ന മാറ്റം ആ മാതാവിനെ തകർത്തുകളഞ്ഞു. അവസാന ശ്രമമെന്ന നിലയിൽ അവർ തന്‍റെ മക്കളുടെ അടുത്തുചെന്ന് കെഞ്ചി.
"മക്ക്ളേ.. നിങ്ങ്ളെല്ലാം മർക്ക്ണം. യെന്‍റെ പേരിക്കിട്ട്യത് ഞാനിങ്ങക്ക് തരാം. അച്ചേനെ ദഹ്പ്പിക്ക്ണം. ഇങ്ങ്നെ ചെയ്യ്‌ര്തു. പാപം ചെയ്യല്ലീ. മര്ച്ച ആൽമാവ്ന് മോഷം കിട്ടൂല. ഒന്നൂലെങ്കിലും അച്ച്യല്ലേ..!"
തന്‍റെ മക്കൾ ആരും തന്‍റെ ഭാര്യയുടെ ആവശ്യം കേൾക്കാതെ മുഖം തിരിക്കുന്നതും അവിടെ കൂട്ടിയിരുന്നവർ പിറുപിറുക്കുന്നതും കണ്ട് ആത്മാവ് ഒന്നും ചെയ്യാനാവാതെ തളർന്നുനിന്നു.
"യെല്ലാ സ്വത്തുക്ക്ളും.. തോന്ന്യാസം കാണ്ക്കുമ്പോലെ എഴ്തിവെച്ച്പ്പോ മക്ക്ളൊണ്ടെന്ന് യീകെട്ക്കന്ന അച്ഛനോർത്താര്ന്നോ..? അപ്പോ ഞങ്ങ്ളേക്കാ കാര്യം കണ്ണിക്കണ്ട്വരോടല്ലേ..? അവര് പാർന്നോളും ചെത്ക്ക് തീ. അല്ലേ നിങ്ങള്തന്നെ ചെയ്തോള്. ഞങ്ങ്ള് ഒറ്റമക്ക്ളും ചെയ്യേല. നിങ്ങള് ചെയ്താപ്പിന്നെ അമ്മ്യയാണെന്ന് ഞങ്ങ്ളോർക്കൂല. മ്മടെ വെന്ധോം സ്വന്തോം ഇവ്ടംങ്കൊണ്ട് തീരും. ഇവ്ടെക്കെട്ന്ന് പുഴ്ത്ത് നാർട്ടേ. അല്ലെങ്കി സ്വത്ത് കിട്ട്യ നാട്ടാരൊണ്ടെല്ലോ.. വന്ന് കത്തിക്ക്യോ, ദഹ്പ്പിക്ക്യോ, കുഴ്ച്ചിട്വോ.. എന്തെങ്ക്ലും കാട്ടട്ടേ.."
അന്നപൂർണ്ണയുടെ സ്വരം അലർച്ചപോലേ മുഴങ്ങി.
"പൂർണ്ണ പർഞ്ഞത് നിങ്ങള് കേട്ടൂലോ..? അത് തന്ന്യാണ് ഞങ്ങടെ തീര്മാനം. മന്‍സ്സലായില്ലെങ്കീ ഒറ്റക്കിവ്ടെ യീ വീട്ട്ല് ത്റവാട്ടമ്മ്യായി കഴ്ഞ്ഞോള്. ചത്താലും ജീവ്ച്ചാലും ഞങ്ങ്ള് തിര്ഞ്ഞോക്കൂലാ.. പർഞ്ഞേക്കാം".
മൂത്തമകൻ കാർത്ത്യായനിയമ്മയുടെ നേരേ കൈ ചൂണ്ടി പറയുന്നതും അവർ തന്‍റെ ശരീരം ദഹിപ്പിക്കാൻവേണ്ടി മക്കളുടെ മുന്നിൽ യാചിക്കുന്നതും കണ്ടു.
"വേണ്ട കാര്‍ത്ത്യായനീ.. വേണ്ടാ. എനിക്കുവേണ്ടി നീ മക്കളുടെ കാലു പിടിക്കണ്ട.."
എന്ന് ഉറക്കെയലറിക്കൊണ്ട് തന്‍റെ ചിതയുടെ മുകളിൽ ഇരുന്നു. രണ്ട് കൈകളും തലയുടെ പുറകിൽകെട്ടി ആത്മാവ് നൊമ്പരപ്പെട്ടു. അവിടെ കൂടിനിന്നവർ ഒരോരുത്തരായി പിരിഞ്ഞുപോകുന്നതും ചിലർ മാറിനിന്ന് സംസാരിക്കുന്നതും കണ്ട് ഹൃദയം മുറിഞ്ഞ് തന്‍റെ മൃതദേഹത്തെ നോക്കി കണ്ണീർ വാർത്തു.
*****
"യെത്ര സൊത്തും മൊത്ലും ഒണ്ടായിട്ടിപ്പോന്തിന്നാ.. ജീവ്ച്ചിര്ന്നപ്പോ ആർക്കുമൊരഞ്ച് പൈസേടുപകാരോം ചെയ്തീട്ടില്ല. നാട്ടാരേം, വീട്ടാരേം മൊത്തം വെർപ്പിച്ച് ചാകാന്നേരം മക്ക്ളേം വെർപ്പിച്ച് സ്വത്ത് നാട്ടാർക്കും കൊട്ത്ത് യിപ്പോ കൊള്ളിവെയ്ക്കാൻ മക്ക്ളൂല്ല, നാട്ടാരൂല്ല. കണ്ട്ല്ലേ അനാഥശവമ്പോലേ കെട്ക്കണ്ത് നോക്കീന്. എങ്ങ്നെ ജീവിച്ച്താല്ലേ.. നായരേ..?"
പപ്പുമാരാർ അടുത്തുനിന്ന കുട്ടികൃഷ്ണൻനായരോട് പറഞ്ഞു.
"യേതായാലും കാണ്ച്ചത് മോശം തന്ന്യാ.. മക്കക്ക് കൊട്ത്തേന്ങ്കീ.. അത്ങ്ങള് മര്യാദക്ക് കൊള്ളിവച്ചേന്.. യിതിപ്പോ മക്ക്ളും മാറീന്നീക്ക്ണ്. കെട്ട്യോളെക്കൊണ്ട് തൊടാൻ മക്കളും സമതിക്ക്ണില്ല. ഓള് ചെയ്താതന്ന്യേ യീ മക്കള് ചാവ്മ്പം അയ്നും കൊള്ളിവെക്കാതെ.. യിതുപോലേ കാണ്ക്കില്ലേ..? യീ.. മേലാന്റ്യല്ലേ വിത്ത്കള്. യേതായാലും യിതിച്ച്രി കട്പ്പായ്പ്പോയ്ന്. പാവം കാർത്ത്യായനി. ചെക്ത്താനും കട്ലിനും നട്ക്കായീലോ..?!"
കുട്ടികൃഷ്ണൻനായർ പറഞ്ഞത് പപ്പുമാരാർ ശരിവച്ചു
"ശര്യാ.. നായര് പർഞ്ഞ്ത് അഷ്രംപ്രതി ശര്യാ. ആങ്കുട്ട്യോള് ചെയ്തത് പോട്ടേന്ന്വയ്ക്കാ.. ന്നാ.. മക്ള് അങ്ങ്നെ ചെയ്യാമ്പാടൊണ്ടോ..? ഓളൊര് ഉസ്ക്കൂൾ മാഷല്ലേന്ന്..?! പത്ത് കുട്ട്യോൾക്ക് അർവ് പർഞ്ഞോട്ക്ക്ണ ഓളുങ്കൂടി യിങ്ങ്നെ ചെയ്തതൊട്ടും ശര്യായില്ലെന്നാണെന്റൊരിത്.."
"മ്മളിവ്ടെ നിന്നുംങ്കോണ്ട് അതുയിതും പറർഞ്ഞോണ്ട്ര്ന്നാ കാര്യോന്നുല്ല്യാ. കർമ്മപലം അന്വവിക്ക്യന്നേ. മക്കക്കില്ലാത്ത ദുക്കോം വെഷ്മോം മ്മള് അന്യർക്കെന്ത്നാ..? യിത് മ്മക്കൂടെ ഒര് പാടായ്ക്കര്തി മുന്നോട്ട് ജീവ്ക്കാലോ..? അല്ലേല് നാളെ മ്മളും യിതോലെ കെട്ക്കേണ്ടിവന്നേക്കാം. ഞാമ്പോക്വ. ങ്ങള് വര്ന്നോ..?"
അവരുടെ സംസാരം കേട്ടുനിന്നിരുന്ന കേശവൻനായർ ഇങ്ങനെപറഞ്ഞുകൊണ്ട് അവിടുന്നു തന്‍റെ ഭാര്യയുടെ അടുത്തേക്കു നടക്കുന്നതും അവളോട് എന്തോ സംസാരിച്ചിട്ട് അവിടം വിട്ടുപോകുന്നതും പപ്പുമാരാരും കുട്ടികൃഷ്ണൻനായരും അയാളെ പിന്തുടരുന്നതും ഒടുവിൽ തന്‍റെ മക്കളും ബന്ധുജനങ്ങളും നാട്ടുകാരും ഓരോരുത്തരായി പോയിക്കഴിഞ്ഞപ്പോൾ അവിടം ശൂന്യമാകുന്നതും തന്‍റെ ഭാര്യയും കത്തിക്കാത്ത ചിതയും മാത്രം ബാക്കിയാകുന്നതും കണ്ട് ചിതയ്ക്കായി അടുക്കിയ വിറകിലേക്ക് തന്‍റെ ശിരസ്സുമുട്ടിച്ച് ആ ആത്മാവ് വിങ്ങിപ്പൊട്ടി. തന്‍റെ ശരീരം എങ്ങനെ ദഹിപ്പിക്കും? ആര് മറവു ചെയ്യും? തന്‍റെ ഭാര്യ മക്കളെ എതിർത്തുകൊണ്ട് ദഹിപ്പിക്കുമോ..? അനാഥശവംപോലേ കിടക്കുന്ന തന്‍റെ ദേഹത്തെ നോക്കിക്കൊണ്ട് ആത്മാവവിടെ കാത്തിരുന്നു.
വൈകുന്നേരമായപ്പോഴേയ്ക്കും വാർത്ത കാട്ടുതീപോലേ ഹൊസ്ദുർഗ് മുഴുവൻ പടർന്നിരുന്നു.
* * * * *
അന്നുരാവിലേ പണിക്കുപോയ രാമു, പണിക്കരുടെ മരണവാർത്ത അറിഞ്ഞിരുന്നില്ല. നാല് ദിവസത്തിനിടയ്ക്ക് ആദ്യമായി കിട്ടിയ പണിയാണ്. ഹൊസ്ദുർഗിൽ കൊപ്രവ്യാപാരം നടത്തുന്ന അബ്ദുൾഹമീദ് സാഹിബിന്‍റെ കടയിൽ കൊപ്ര ലോഡ്‌ ചെയ്യാൻ. മംഗലാപുരത്തേക്ക് ആഴ്ചയുടെ അവസാനം ലോഡെത്തിക്കുന്നതാണ്. പണിക്കരുടെ പറമ്പിൽനിന്നും തേങ്ങാ ശേഖരിക്കാറുണ്ടായിരുന്ന ചുരുക്കം ചിലരിൽപ്പെട്ടയാളായിരുന്നു അയാൾ. പണിക്കരുടെ മരണവാർത്തയറിഞ്ഞ് ബഹുമാനാർത്ഥം ഹൊസ്ദുർഗിൽ അന്ന് ഉച്ചവരെ വ്യവസായ സ്ഥാപനങ്ങൾ അടച്ചിട്ട് ഹർത്താൽ ആചരിക്കാൻ വ്യാപാരി-വ്യവസായി ഏകോപനസമിതി തീരുമാനിച്ചതുകൊണ്ട്, അയാൾ തുറന്ന കട അടച്ച് പണിക്കരുടെ വീട്ടിലേക്കു പോകാൻ തുടങ്ങുമ്പോഴാണ് രാമു കടയിൽ ചെല്ലുന്നത്.
"സായിബ്രേ... യെന്തീനു കട തൊർക്ക്ണില്ലേ..?"
"ങ്ങ്ഹാ.. ഇയ്‌ വന്നോ രാമ്വേ.. ന്നു ളോറ്ബരെ കടമൊട്ക്കാ. ഇയ് ഉച്ചഷ്ണം കയ്ച്ച് അസ്റാങ്ക് ബിള്ക്കുമ്പോ പൊരേന്നു പോന്നാമ്തി.."
ചുറ്റും നോക്കിയപ്പോൾ തൊട്ടടുത്തുള്ള സ്ഥാപനങ്ങളൊന്നും തുറന്നുകാണാത്തതുകൊണ്ട് അവൻ ചോദിച്ചു.
"യിന്നു സമരോണ്ടോ സായ്ബ്രേ..? കടേം കെട്ടിട്ങ്ങളും തൊർന്നീക്കില്ല..! യെന്നാ.. യെന്തേലും കൊയ്പ്പൊണ്ടോ..?"
"ങ്ങേ..! അപ്പോ യീയൊന്നുമർഞ്ഞില്ലേ രാമ്വേ..? മ്മ്ടെ പൂമട്ത്തെ മേലാൻ പണിക്കരിന്ന്ലെ ലാത്രീല് മയ്യത്തായ്ക്ക്ണ്. അതോണ്ടുച്ചവ്രെ ഹൊസ്ദുർഗില് യെല്ലാ കടേം മൊട്ക്കാ.."
"ങ്ങേ.. മേലാനോ..?! പൂമട്ത്ത്യോ..? നമ്പാമ്പറ്റ്ണില്ല.. ങ്ങ്ള് പൊള്ള് പർയ്വാണോ സായ്ബ്രേ..?!"
"അന്നോട് ചെല്ച്ചോണ്ട്ക്ക്വാനിക്ക് സമ്യോല്ല്യ രാമ്വേ. ഇയ് കിഴ്ഞ്ഞോപ്പം അസറ് കയ്ഞ്ഞ് ബാ. കൊർച്ച് തെര്കക്കൊണ്ട്.."
സംസാരം നിറുത്തി അബ്ദുൾഹമീദ് നടന്നുപോയി. രാമു അവിടെത്തന്നെ തറഞ്ഞുനിന്നുപോയി. എന്തു ചെയ്യണമെന്ന ആശയകുഴപ്പത്തിൽ പെട്ടുപോയി. കൈയിലുണ്ടായിരുന്ന പണംകൊണ്ട് സീതാലക്ഷ്മിയുടെ ചെക്കപ്പും നടത്തി മരുന്നും വാങ്ങിയതുകൊണ്ട് ചെലവിനുള്ള പണം ഇല്ലായിരുന്നു.
*****
ആകെയുള്ള പ്രതീക്ഷയായിരുന്നു ഇന്നത്തെ ജോലി. വീട്ടിലേക്ക് എങ്ങനെ അരി മേടിക്കും എന്ന ചിന്ത അവനെ അസ്വസ്ഥനാക്കി. നല്ല ഭക്ഷണം സീതാലക്ഷ്മിക്ക് നല്കണമെന്നാണ് ഡോക്ടർ പറഞ്ഞത്. വയറ്റിൽക്കിടക്കുന്ന കുഞ്ഞിന് ആരോഗ്യക്കുറവുണ്ടത്രേ! ചെക്കപ്പിന് ചെന്നപ്പോൾ ഡോക്ടർ തങ്ങളെ രണ്ടു പേരേയും ഒരുപാട് വഴക്കുംപറഞ്ഞു. ശ്രദ്ധക്കുറവ് കാരണം കുഞ്ഞിനെന്തെങ്കിലും സംഭവിച്ചാലോ എന്നാണ് പേടി. പക്ഷേ, എന്തുചെയ്യാം? ഒരു പണിയും കിട്ടിയില്ലെങ്കിൽ മോഷ്ടിക്കാൻ കഴിയുമോ..? നേരേ വീട്ടിൽ ചെന്നപ്പോൾ വാതിൽപ്പടിയിൽ നിറവയറും തടവി ചാരിയിരിക്കുന്ന സീതാലക്ഷ്മിയെയാണ് കണ്ടത്.
"അല്ലേ യീയെന്ത്നാണ് സീതൂ വെഷ്മിച്ച് കുത്ത്യിര്ക്ക്ണേ..? അന്ക്ക് കെട്ന്നൂടെനൂ..? അല്ലെങ്കീ കൊർച്ച് നട്ന്നൂടെനൂ..? ആ ഡോട്ടർസാർ യിനി മ്മ്ളെ കാണുമ്പോ പള്ളനെർച്ച് വഴ്ക്ക്പർയും. യെന്നെയത് കേപ്പിച്ചാലന്ക്ക് സന്തോഷ്വാവൂലോ..?"
സ്നേഹത്തോടെ അവളെ വഴക്കുപറഞ്ഞുകൊണ്ട് വീടിന്‍റെ വരാന്തയിൽ ഇരുന്നു. അവളൊന്ന് ചിരിച്ചുകൊണ്ട് മെല്ലേ എഴുന്നേൽക്കുവാൻ ശ്രമം നടത്തി. അതു തടഞ്ഞുകൊണ്ട് അവൻ പറഞ്ഞു.
"വേണ്ടാണീ.. യെഴ്ന്നേറ്റുര്ണ്ട് വീഴ്ണ്ടാ.. യെന്തേലും വര്ത്തീച്ചാൽ.. കൈയില് കാലണയില്ല.. കഷ്ടാലാപ്പോ.. അതോണ്ട് നോക്കീങ്കണ്ടും നട്ന്നോളീ.."
"ന്നെ കാക്കാനെന്ക്കർയാം.. യീയെട്ട് മാസോം ങ്ങ്ളല്ലല്ലോ നോക്കീത്.. ഞാന്തന്നല്ലേ? ന്നേം കൊച്ച്നേം ഞാ കാത്തോൾണ്ട്.. അത് പർഞ്ഞെന്നെ മക്കാറാക്കല്ലീ.."
മറുപടി പറഞ്ഞുകൊണ്ട് ബുദ്ധിമുട്ടി അവള്‍ എഴുന്നേറ്റു.
"സീതൂ.. നീയർഞ്ഞോ..? മ്മ്ടെ പൂമട്ത്തെ മേലാൻ മര്ച്ചു.. ന്നലെ ലാത്രീലാന്നാ പർഞ്ഞ് കേട്ടേ.."
"ങ്ങേ.. പൂമട്ത്ത്യോ...? യെങ്ങ്നെ..? ഓര്ക്കെന്ത്സൂക്കേട്ണ്ടാര്ന്നോ..?"
വിശ്വാസംവരാത്തപോലേ സീതാലക്ഷ്മി താടിക്കു കൈകൊടുത്തു നിന്നു.
"അത് അർയത്തില്ല. ആ കൊപ്രക്കാരൻ അദ്ദുള്ളമീത്.. പറേന്നത് കേട്ട്താ.."
"ങ്ങ്ളവ്ടെ പോയ്നാ..?"
"ല്ലെടീ.. യിന്ന്യവ്ടെ ചെന്ന്ട്ടത് മതി പുകില്ണ്ടാക്കാന്. ഓരെക്കെ മുന്ത്യേട്ത്തൊള്ളോരല്ലേ.. ന്‍റെ മൊകം കണ്ടാലത് മത്യാവും.. മുർമുർക്കാൻ.."
"അത് സാരല്ല. നിങ്ങ്ളൊന്നവ്ടെവരേം പോയാ.. ഒന്നൂല്ലെങ്കിലും ഇയ്ക്ക് മര്ന്നു മേങ്ങാൻ പൈസ തന്നീനല്ലോ..? അയ്ന്റ നന്നി കാട്ട്ണല്ലോ? മര്ച്ചെട്ക്കുമ്പോള് ജാതീം മതോം ആരേലും നോക്ക്വോ..? യെല്ലാരും ചെന്ന് കാണും. അല്ലേലും ചത്ത ശവത്ത്നോട് വാശീം വൈരാക്യോം ആരേലും വയ്ക്ക്വോ..?"
"സീതൂ.. നിനക്കർയോ..? കഴിഞ്ഞായ്ച്ചെന്നെ പേപ്പട്ട്യേപ്പോലെ തച്ചതാണ്. അവ്ടെ പണിക്ക് ചെന്നപ്പോ. കൂലീ ചോയ്ച്ചത്ന്..!"
"യെപ്പോ..?! ങ്ങ്ളെന്നോടൊള്ച്ച് വച്ച്ല്ലേത്..?"
രാമു അന്നു നടന്ന സംഭവങ്ങൾ അവളെ അറിയിച്ചു. അല്പംനേരം മിണ്ടാതിരുന്നിട്ട് സീതാലക്ഷ്മി പറഞ്ഞു.
"യേതായാലും സമ്പവ്ച്ചത് കഴ്ഞ്ഞീക്ക്ണ്. ചെയ്യ്ച്ചോൻ ചത്തുംപോയ്ന്. ങ്കിലും ഓന്‍റെ മണ്ണ്ലാണ് മ്മ്ള് കുടിയ്ര്ക്ക്ണേ. അതോർത്തെങ്കിലും അവ്ടെ ചെല്ല്. ഓര്ടെ ചവ്ത്തില് കൊർച്ച് മണ്ണിട്ണം മ്മ്ള്. ഷെമ്ച്ചാല് മ്മ്ടെ കൊച്ച്നാ പുണ്യോണ്ടാവ്ലോ..? മ്മ്ക്കത് മത്യീലോ..? ഒന്നവ്ടെപോയ് വാ.."
"ശര്യെ.. യിപ്പോ പോക്ണില്ല. ന്ടന്ന് കൊയ്ങ്ങി. ചെത മൂവന്തിക്ക് മുന്നേ കത്ത്യിക്ക്വോള്.. ദൂര്യൊള്ളെല്ലാരും വര്ണ്ടേ? അപ്പോ സമ്യം പിട്ക്കും. അതോണ്ട് കൊറ്ച്ച് വെയ്ലാറീട്ട് പൂവാം. ഞാനൊന്ന് മയ്ങ്ങട്ടേ. പണിയൊള്ള്തല്ലേ..?"
രാമു അകത്തു പോയി ഒരു പുല്പാപായയെടുത്തുകൊണ്ട് വന്ന് തിണ്ണയിൽ വിരിച്ചുകിടന്നു. അതുകണ്ട് തലയാട്ടിക്കൊണ്ട് സീതാലക്ഷ്മി മുറ്റത്തേക്കിറങ്ങി വീടിന് ചുറ്റും മെല്ലേ നടന്നു.
*****
ഉച്ചകഴിഞ്ഞ് മൂന്നു മണി കഴിഞ്ഞപ്പോൾ രാമു പോകാൻ തയ്യാറായി. സീതാലക്ഷ്മി നല്കിയ കട്ടൻചായ കുടിച്ചുകൊണ്ട് രാമു പറഞ്ഞു.
"ഞാമ്പോയ്ട്ട് മേലാനേംങ്കണ്ട്.. അദ്ദുള്ളമീതിന്‍റെ കടേപ്പോയ്റ്റ് കൊപ്രം വണ്ടീക്കേറ്റീ ലാത്രീലേ വര്വോള്.."
രാമു മെല്ലേ നടന്നകന്നപ്പോൾ സീതാലക്ഷ്മി വിളിച്ചുപറഞ്ഞു.
"വര്മ്പോ ചന്തേന്നിച്ച്രി അരീം പച്ചക്കറീം മേങ്ങ്യിക്കോളീ.. ഇവ്ടൊന്നൂര്പ്പില്ല അട്പ്പ് കത്തിക്കാൻ.."
ഒന്നു തിരിഞ്ഞുനോക്കി തലയാട്ടിക്കൊണ്ട് അയാൾ നടന്നുമറഞ്ഞു.
പൂമഠംതറവാടിന്‍റെ മുറ്റത്ത് എത്തിയപ്പോൾ അവിടെ ഏകദേശം ശൂന്യമായിരുന്നു. മരണവീട്ടിൽ കാണുന്നതുപോലേ അധികം ആൾക്കാർ ഉണ്ടായിരുന്നില്ല. പന്തലിനുള്ളിൽ കുറച്ച് ആൾക്കാർ കൂടിയിരിപ്പുണ്ട്. അവർ കരയോഗത്തിലെ പ്രധാനികളാണെന്ന് മനസ്സിലായതും രാമുവിന്‍റെ ഹൃദയം പടപട മിടിച്ചു. എങ്കിലും ധൈര്യത്തോടെ കയറിച്ചെന്നു. അവനെ കണ്ടതും അവർ രാമുവിനെ കണ്ട് എന്തോ അടക്കം പറയുന്നതും അവരുടെ മുഖത്ത് ദേഷ്യം നിറയുന്നതും അയാൾ കണ്ടു. എങ്കിലും അവർ അയാൾക്കു നേരേ നോക്കുകയോ ഒന്നും പറയുകയോ ചെയ്തില്ല. അവർ പറയുന്നത് അവന് കേൾക്കാമായിരുന്നു.
"കര്യോഗത്തീന്ന് പോയൊരൊന്നും തിരച്ച്വന്നീക്കില്ല. സമ്യം കഴ്ഞ്ഞാപ്പോന്താക്കും? ആരും വന്നില്ലെങ്കിൽ കാർത്ത്യായനി ചെയ്യട്ടേന്ന്വക്കാല്ലേ..?"
"ശര്യാ.. പോയോര് വര്ന്നവരെ കാക്കാം ല്ലെങ്കീ.. കാർത്ത്യായനി പർയുമ്പോലേ ചെയ്യാം.."
ഇതെല്ലാം കേട്ടപ്പോൾ രാമുവിന് എന്തോ പന്തികേട് തോന്നി. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ആരോടാണ് ചോദിക്കുക? അപ്പോൾ തെക്കേ തൊടിയിൽനിന്നും തിരിച്ചുവരുന്ന സ്ത്രീകളോട് അവൻ കാര്യം തിരക്കി. അവർ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അവൻ നടന്നു. അവിടെയെത്തിയപ്പോൾ ചിതയ്ക്കരികിൽ ഒരു കസാരയിൽ ഇരിക്കുന്ന കാർത്ത്യായനിയമ്മയും അവരുടെ അടുത്ത് വേലക്കാരി വാസന്തിയക്കനും മാത്രം. രാമു ചിതയിലേക്കു നോക്കി. അട്ടിയിട്ട വിറകിനടിയിൽ കിടക്കുന്ന മേലാന്‍റെ തിരിച്ചറിയാനാവാത്ത വെള്ളപുതപ്പിച്ച രൂപം.
* * * * *
രാമുവിനെ കണ്ടതും കാർത്ത്യായനിയമ്മയുടെ മിഴികൾ നിറഞ്ഞു. നാലഞ്ചു ദിവസം മുന്നേ നടന്ന കാര്യം അവർക്ക് ഓർമ്മ വന്നു. അവൻ എന്തോ ചോദിക്കാൻ തുനിഞ്ഞതും അവർ വലിയ വായിൽ നിലവിളിച്ചു.
"നെന്റ ശാപ്വം പലിച്ചല്ലോ രാമ്വേ.."
അവനൊന്നും മനസ്സിലായില്ല. അടുത്തുനിന്ന വേലക്കാരി അവരെ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ അവനും വിഷമമായി. പണിക്കുവന്ന ദിവസത്തെ കാര്യങ്ങൾ ഓർമ്മ വന്നതും പെട്ടെന്ന് അവന്‍റെ ഉള്ളൊന്ന് നടുങ്ങി.
"യിങ്ങ്നൊന്നും വരൂന്നോർത്തില്ലമ്മേ.."
പെട്ടന്നവൻ വായ പൊത്തിപ്പിടിച്ചു. താന്‍ അവരെ എന്താണ് വിളിച്ചത് അമ്മയെന്നോ..?!
"ഷമ്ക്ക്ണം. അർയാതെ വായ്ല് വന്ന്താ. അമ്മേന്ന്.."
"അന്ന്ത്തെ ദേഷ്യത്ത്നങ്ങ്നെ പർഞ്ഞെന്നേയൊള്ള്. യിങ്ങ്നാകൂന്ന് സൊപ്നത്തിക്കൂടി നിരീച്ച്ല്ല. നിങ്ങക്കെന്നോടീറ്യാണ്ടെങ്കീ ന്നെ രണ്ട് വഴക്ക് പർഞ്ഞോ.. അല്ലേ മേടിക്കോ. അദല്ലാതിപ്പെന്നേക്കൊണ്ടെന്ത് പറ്റും? നിങ്ങക്കെന്നോട് പെണ്ക്കമില്ലാച്ചാല് ഞാമ്പോണ്.."
രാമുവിന് അവിടെനിന്നും ഓടിയൊളിക്കാൻ തോന്നി.
"യെന്ക്കന്നോട് ഈറയില്ല രാമ്വേ.. നെന്‍റെ സ്ഥാനത്ത് ഞാനാച്ചാ ഇത്നെക്കാലപ്പ്റംപർയ്വേം പ്രവർത്തിതിക്ക്യേം ചെയ്തേനേ. സൊന്തം മക്ക്ള് ചെയ്തേനപ്പ്റം നീ ചെയ്തില്ലല്ലോ..?"
അവനൊന്നും മനസ്സിലായില്ലെന്നറിഞ്ഞ വാസന്തിയക്കൻ കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു. അവൻ അവിടെയിരുന്ന് ശബ്ദമില്ലാതെ കരയുന്നത് അവർ നോക്കിനിന്നു. കൂടെ ഇതെല്ലാം കണ്ടുകൊണ്ട് പണിക്കരുടെ ആത്മാവും. കുറച്ചുകഴിഞ്ഞപ്പോൾ, കരയോഗത്തിലെ പ്രധാനികൾ കാർത്ത്യായനിയമ്മയെ കാണാന്‍ വന്നു.
*****
"കാർത്താന്യേ.. കര്യോഗത്തീന്ന് പോയോര് തിര്ച്ചെത്തി. നിങ്ങ്ടെ മക്ക്ളെല്ലാം വാശീതന്ന്യാ. അവര് വരാമ്പോണ്ല്ല. നേരം പൊയ്ക്കോണ്ട് ര്ക്ക്ണ്. യിനീം കാത്ത്രിക്കാന്ന്ച്ചാൽ ശര്യല്ല. നീ തന്നങ്ങ്ട് തീകൊള്ത്ത്വാ.. അല്ലാണ്ടിപ്പെന്താക്ക്ണെ..?"
അവർ ഒന്നും മിണ്ടാതെ ദൃഡനിശ്ചയത്തോടെ എഴുന്നേറ്റ് വീടിന്‍റെ അടുത്തുള്ള കിണറ് ലക്ഷ്യമാക്കി നടന്നു. എന്താണ് അവർ ചെയ്യുന്നതെന്നറിയാതെ ഭയന്ന് ബാക്കിയുള്ളവരും ആത്മാവും അവരെ പിന്തുടർന്നു. ഇനി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്യാനുള്ള പുറപ്പാടാണോ എന്നായിരുന്നു അവരുടെ ഭയം? കിണറ്റിൻകരയിലെത്തിയ അവർ ഉള്ളിലേക്ക് നോക്കിയപ്പോൾ കരയോഗത്തിലുള്ള ഒരു വ്യക്തി പറഞ്ഞു.
"നിക്ക് കാർത്ത്യാനി. നീയെന്ത്നൊള്ള പൊർപ്പാടാ.. നീ ചത്താലെല്ലാം ശെര്യാക്വോ..?"
"ഞാഞ്ചാകാമ്പോകാണെന്ന് ങ്ങ്ളോടാരാ പർഞ്ഞത്? ന്‍റെ മക്കക്ക് പറ്റൂലേ ഞാഞ്ചെയ്യും. കുള്ച്ചീറ്നാവാതെങ്ങ്നെ ചെത്ക്ക് തീ കൊള്ത്തും? മേലാൻ പൂമട്ത്ത് വാസ്ദേവപ്പണിക്കര്ടെ ബാര്യാണ് ഞാൻ.."
തന്‍റെ പുറകേ വന്നവരോട് പറഞ്ഞിട്ട്, രണ്ട് തൊട്ടി വെള്ളം കോരി അവർ തലയിലൊഴിച്ചു.
"രാമ്വേ.. നീയും തലേല് കൊർച്ച് വെള്ളം പാർന്നോ.."
കൂട്ടത്തിൽനിന്ന രാമുവിനോട് പറഞ്ഞിട്ട് അവർ ചിതയ്ക്കരികിലേക്ക് പോയി. കൂടിനിന്നവർക്കൊന്നും മനസ്സിലായില്ല. കാര്‍ത്ത്യായനിയമ്മ പറഞ്ഞതുപോലേ ചെയ്ത് രാമുവും ചിതയ്ക്കരികിലെത്തി. തന്‍റെ ഭാര്യയുടെ ധൈര്യത്തിൽ വാസുദേവപ്പണിക്കരുടെ ആത്മാവിന് അഭിമാനം തോന്നി. തനിക്ക് ഈ ലോകംവിട്ട് പോകാനുള്ള സമയമായി എന്നറിഞ്ഞ ആത്മാവ്, വിഷമിക്കാതെ, ജീവിച്ചിരുന്നപ്പോൾ കൊടുക്കാതെ മനസ്സിൽ സൂക്ഷിച്ച സ്നേഹം മുഴുവൻ തന്‍റെ കൈകളിൽ ആവാഹിച്ചുകൊണ്ട് തന്‍റെ ഭാര്യയെ മുറുകെ പുണർന്നുകൊണ്ട്, അവൾ കേൾക്കാതെ അവളോട് യാത്ര ചോദിച്ചു. രാമുവിനോടും അതുപോലേ എല്ലാവരോടും യാത്ര പറഞ്ഞു. ചിതയ്ക്കരികിൽ വല്ലാത്ത മൂകത പരന്നു. ഈറനോടെ അല്പനേരം മൗനമായി പ്രാർത്ഥിച്ചതിനുശേഷം രണ്ടും കല്പിച്ച് അവർ ചിതയ്ക്ക് തീ കൊളുത്തി. എന്നിട്ട് പന്തം രാമുവിന്‍റെ കൈകളിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
"ന്നാ രാമ്വേ.. നീയും തീ കൊള്ത്ത്. നെന്‍റെ ശാപെങ്കിലും ങ്ങ്നങ്ങ് തീരട്ടേ.. മക്ക്ളെ സ്നേഹിച്ച് വളർത്താങ്കഴ്യാത്ത അച്ഛമ്മാർക്കിതൊര് പാടമാക്ട്ടേ.."
ഒന്നു സംശയിച്ചുനിന്നശേഷം രാമു ചിതയുടെ ബാക്കി മൂന്നു ഭാഗങ്ങൾക്കും തീ കൊടുത്തു. ആളിപ്പടർന്ന തീയിലേക്ക് രാമു നെയ്യൊഴിച്ചപ്പോൾ പുകച്ചുരുൾ ഉയർന്നു. ആ പുകച്ചുരുളിൽ വാസുദേവപ്പണിക്കരുടെ ആത്മാവും അലിഞ്ഞുചേർന്നു. ചിത ആളിക്കത്തി. മനുഷ്യമാംസം വെന്തുരുകുന്നത്തിന്‍റെയും അസ്ഥികൾ പൊട്ടിത്തെറിക്കുന്നതിന്‍റെയും രൂക്ഷഗന്ധം വായുവിൽ നിറഞ്ഞു. എല്ലാവരും പിരിഞ്ഞുപോയിരുന്നു. കാർത്ത്യായനിയമ്മയും വാസന്തിയക്കനും രാമുവും മാത്രം അവിടെ അവശേഷിച്ചു. ചിതയമർന്നശേഷമാണ് രാമു വീട്ടിൽ പോയത്. പോകാൻനേരം വായ്ക്കരിയിടാൻ കൊണ്ടുവന്നതിൽ ബാക്കിവന്ന അരി കാർത്ത്യായനിയമ്മ രാമുവിനെ ഏല്പിച്ചു. അതും പിടിച്ചുകൊണ്ട് രാമു ചുടലക്കാട്ടിലെ തന്‍റെ വീട് ലക്ഷ്യമാക്കി നടന്നുപോയി.
*****
വലിയ മാറ്റങ്ങൾ സംഭവിച്ച് ഒരു വർഷം കടന്നുപോയി. പൂമഠംസ്ക്കൂൾ സീനിയർ ഹയർസെക്കൻഡറിസ്കൂളായി ഉയർന്നു. അവിടെ പ്രധാനയദ്ധ്യാപകനായി പുതിയ ആൾ ചാർജെടുത്തു. അന്നപൂർണ്ണ ഹൈസ്ക്കൂളിൽനിന്നും ജോലി രാജിവച്ചു. പണിക്കരുടെ ഒന്നാം ചരമവാർഷികം ഗംഭീരമായി ആഘോഷിക്കാൻ തീരുമാനമായി. പണിക്കരുടെ ഒസ്യത്തുപ്രകാരം രൂപികരിച്ച ട്രസ്റ്റിന്‍റെ ചുമതലക്കാർ എല്ലാവരും ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഹോസ്ദുർഗിൽ പൂമഠംസ്ക്കൂളിൽ സ്ഥാപിച്ച പണിക്കരുടെ പ്രതിമയുടെ അനാച്ഛാദനവും രാമുവിനും ഭവനരഹിതരായ വേറെ അഞ്ച് കുടുംബങ്ങൾക്കുംവേണ്ടി നിർമ്മിച്ച പുതിയ വീടുകളുടെ താക്കോൽദാനവും നടക്കുന്നുണ്ട്. ഇതിനൊപ്പം അന്ന് രാമുവിന്‍റെ പുതിയ വീട്ടിൽ മകൻ വാസുദേവന്‍റെ ചോറൂണും.
(ശുഭം)
ബെന്നി ടി. ജെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo