Slider

പ്രകാശഗോപുരങ്ങൾ. - കാഥോദയം - 1

0
Image may contain: 1 person, selfie and closeup

ബാംഗ്ലൂർ എയർപോർട്ടിന്റെ വാതിൽക്കൽ നിൽക്കുന്ന പോലീസുകാരൻ ടിക്കറ്റും, പാസ്‌പോർട്ടും പരിശോധിച്ച് ഉറപ്പ് വരുത്തി. മകനും, മരുമോളും, പേരക്കുട്ടിയും ഉള്ളിലേക്ക് കടന്നു. അവർ ഒന്ന് തിരിഞ്ഞു നോക്കും എന്ന് കരുതി നിന്നിരുന്ന മേനോൻ നിരാശയോടെ ഭാര്യ ഗൗരിയുടെ മുഖത്തേക്ക് നോക്കി.
"ടെൻഷൻ കാരണം കുട്ടികൾ മറന്നു കാണും ".
"ഊം!!
കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ഗൗരി തന്റെ കൈവിരലുകൾ മേനോന്റെ കൈവിരലിൽ കോർത്തു.
"സാരമില്ല.എമിഗ്രേഷൻ ഒക്കെ കഴിയുമ്പോൾ അവർ വിളിക്കും. ഇല്ലേൽ കുറച്ച് കഴിയുമ്പോൾ നമുക്ക് അങ്ങോട്ട്‌ ഒന്ന് വിളിച്ചു നോക്കാം. "
"അവർക്ക് വേണമെങ്കിൽ നമ്മളേയും കൊണ്ടുപോകാമായിരുന്നു അല്ലേടോ ?.
"അമേരിക്കയിലൊക്കെ പോയുള്ള ജീവിതം ഇവിടുത്തെപോലെയാണോ എന്റെ മേനോനേ ?.അവിടുത്തെ ഓട്ടപ്പാച്ചിലിൽ അവർക്ക് നമ്മളേക്കൂടെ ശ്രദ്ധിക്കാൻ പറ്റുമോ ?.
------------------------------------------------------------------
എയർപോർട്ട് റോഡിൽ നിന്നും കാർ ബാംഗ്ലൂർ -ഹൈദരാബാദ് ഹൈവേയിലേക്ക് കയറി.
" ആ മൊബൈൽ താഴെ വെക്കടോ. മൊബൈലിനെ നോക്കിപ്പേടിപ്പിച്ചാൽ അവർ വിളിക്കുമോ ?.
മൊബൈൽ ഡാഷ്ബോർഡിൽ വെച്ചിട്ട് ഗൗരി പുറത്തേക്കു നോക്കി.
ആകാശത്ത്‌ നേവിയുടെ ജെറ്റ് വിമാനങ്ങൾ എയർഷോയ്ക്കുള്ള പരിശീലനപ്പറക്കലിലാണ്.
"എടോ ! എന്റെ കൂടെയുള്ള ഓട്ടത്തിൽ ചില ഇഷ്ടങ്ങൾ നഷ്ടമായി എന്ന് തോന്നിയിട്ടുണ്ടോ തനിക്കെപ്പോഴെങ്കിലും ?".
"ന്റെ മേനോനേ! ഈ വയസ്സിൽ എന്താ ഇങ്ങനെയൊരു ചോദ്യം ?."
"കല്യാണം കഴിഞ്ഞ് താൻ എന്നോട് പറഞ്ഞ ആദ്യ ആഗ്രഹം ഓർക്കുന്നുണ്ടോ ?".
"മേനോൻ അതൊക്കെ ഓർക്കുന്നുണ്ടോ ഇപ്പോഴും ?"
"താൻ എത്രമാത്രം പ്രതീക്ഷയോടെ ആയിരുന്നിരിക്കും അന്നത് എന്നോട് പറഞ്ഞത്."
ഒരു ഇന്നോവ നീട്ടി ഹോൺ മുഴക്കി അവരെ ഓവർറ്റേക്ക് ചെയ്തുപോയി. ഒന്ന് നിർത്തിയിട്ട് മേനോൻ തുടർന്നു.
"കടം പെരുകിയ കുടുംബത്തിലേ മുഖങ്ങളായിരുന്നു മനസ്സിൽ എപ്പോഴും.
സ്വന്തം ഇഷ്ട്ടങ്ങളെല്ലാം പടിക്ക് പുറത്ത് നിറുത്താനേ സാധിച്ചുള്ളൂ.
"എനിക്കറിയാവുന്നതല്ലേ മേനോനേ അതെല്ലാം. നമ്മൾ ഇഷ്ടങ്ങളെല്ലാം മറന്ന് മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു. ഇഷ്ടങ്ങൾക്കനുസരിച്ച് പോയതിനാൽ നാളെ നമ്മുടെ മോന് ഒരിക്കലും ഇങ്ങനെ ചിന്തിക്കേണ്ടി വരില്ല ".
"അത് ശരിയാടോ.ആസ്വദിക്കാൻ കഴിയാതെ പോയ ചില നിമിഷങ്ങളെങ്കിലും തിരിച്ചു കിട്ടുമോന്ന് അറിയാൻ നമ്മൾക്ക് ഒന്ന് തിരിച്ചുപോയാലോ ?. ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലാതെ നമ്മൾ ഇപ്പോൾ തനിച്ചല്ലേ ".
"സംഭവം കൊള്ളാം മേനോനേ. പക്ഷേ അന്നത്തെ മധുരം ഇന്ന് കിട്ടില്ലല്ലോ ?".
"ഊം".
ഒന്ന് മൂളിയിട്ട് മേനോൻ ഗിയർ ടോപ്പിലേക്ക് വലിച്ചിട്ടു. പണ്ടെങ്ങോ പാടിമറന്ന മൂളിപ്പാട്ട് മേനോന്റെ നാവിലേക്ക് കടന്നു വന്നു.
ഗൗരി സീറ്റ് ചായ്ച്ചു കണ്ണുകൾ പതിയെ അടച്ചു.
സെപ്റ്റംബർ- 15, നല്ല നിലാവുള്ള ആ രാത്രിയിൽ ഒരു നവവധുവിന്റെ ആശങ്കകൾ നിറഞ്ഞ മനസ്സുമായി മേനോനെ കാത്തിരുന്ന മുഖം അവൾ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.മുല്ലപ്പൂവുകൾ ചതഞ്ഞരഞ്ഞ നിലാവെളിച്ചത്തിൽ ആശങ്കകളെല്ലാം അലിഞ്ഞുപോയി. ഏറ്റവും പ്രിയപ്പെട്ടവനായി മാറിയവനോട് അവൾ മനസ്സ് തുറന്നു.
യാത്രകൾ എന്നും ഇഷ്ടപ്പെട്ടിരുന്നവൾക്ക് ഒരു യാത്ര പോകണം. ഇടുക്കിയിലെ മലനിരകളിലൂടെ.കാടിന്റെ ഉള്ളിൽ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മരങ്ങളോടും, പക്ഷിമൃഗാദികളോടും കിന്നാരം പറഞ്ഞ്, കാട്ടരുവിയിൽ മുങ്ങിക്കുളിച്ച് , ഏറുമാടത്തിൽ അന്തിയുറങ്ങണമെന്ന്. എല്ലാത്തിനും സമ്മതമായിരുന്നു. സൂര്യനും, ചന്ദ്രനും മാറി, മാറി വന്നു. കാശ് കൊടുക്കാനുള്ള പലരും വീട്ടിൽ വരാൻ തുടങ്ങി.വേവുന്ന മനസ്സുമായി ഉത്തരവാദിത്തങ്ങളെല്ലാം തലയിൽ കയറ്റി ഓടുന്ന പ്രിയനേ എങ്ങനെ സഹായിക്കാമെന്ന ചിന്തയിൽ ഇഷ്ടങ്ങൾ എല്ലാം മറന്നു.
-------------------------------------------------------------------
"മേനോൻ സാറേ ! നോട്ട് നിരോധനം വന്നില്ലാരുന്നെങ്കിൽ തൊടുപുഴയാറിന്റെ തീരത്ത് ഇങ്ങനൊരു വീടും, സ്ഥലവും ഈ വിലയ്ക്ക് ആലോചിക്കാനേ പറ്റില്ല ."
"അതാരാ ദിവാകരാ അപ്പുറത്തെ ഷെഡിൽ താമസിക്കുന്നവർ ?"
"ആ പറമ്പിന്റെ ഉടമസ്ഥൻ തൽക്കാലം കിടക്കാൻ ഒരു സ്ഥലം കൊടുത്തതാ. പിന്നെ പറമ്പിലെ പണി ചെയ്യാൻ ആളുമായി.ഇത്രയും വലിയ വീടിന്റെ അടുത്ത് ഇങ്ങനെ ഒരു കൂര ശരിയല്ലല്ലേ . അവരേ മാറ്റാൻ ഞാൻ പറഞ്ഞിട്ടുണ്ട്. "
"അതൊന്നും വേണ്ട ദിവാകരാ. ആ പാവങ്ങൾ അവിടെ താമസിക്കുന്നത് കൊണ്ട് ഞങ്ങൾക്കൊരു കുഴപ്പവുമില്ല ".
"സാറിന്റെ ഇഷ്ടം. എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ എന്നേ വിളിച്ചാൽ മതി ".
ബ്രോക്കർ ദിവാകരൻ പോയപ്പോൾ മേനോൻ ചുറ്റുമതിലിനു മുകളിലൂടെ ടാർപോളിൻ വലിച്ച് കെട്ടിയിരിക്കുന്ന അവരുടെ വീട്ടിലേക്ക് നോക്കി. നിക്കർ മാത്രം ഇട്ടിട്ടുള്ള രണ്ട് കുട്ടികൾ ആരെയോ പ്രതീക്ഷച്ചെന്നപോലെ ഒരു കല്ലിൽ കുത്തിയിരിക്കുന്നു. അവരുടെ ശരീരത്തിലെ ഉന്തിനിൽക്കുന്ന എല്ലുകൾ മേനോനിൽ അസ്വസ്ഥത ഉളവാക്കി.
----------------------------------------------------------------
തൊടുപുഴയിൽ നിന്നും നേരെ ഇടുക്കിക്ക് ഒരു യാത്ര. കാനനഭംഗി ആവോളം നുകർന്ന് സന്ധ്യയോടെ തിരിച്ചെത്തിയ മേനോനും, ഗൗരിയും വീടിന് പിറകിലേ ആറിന്റെ കല്പടവിൽ കാലുകൾ മുട്ടോളം വെള്ളത്തിലാക്കി ഇരുന്നു.തെളിഞ്ഞ ആകാശത്ത്‌ പതിവിലും കൂടുതൽ ചിരിയോടെ ചന്ദ്രൻ.പാട്ടും പാടി, താളത്തിൽ കൈകൾ കൊട്ടി നാലഞ്ചു പേരടങ്ങുന്ന സംഘം ഒരു ചെറുവള്ളത്തിൽ അവർക്കരികിലൂടെ പോയി.
"കൂട്ടുകാരേ !!!"
മേനോന്റെ ഉച്ചത്തിലുള്ള വിളി കേട്ട് ചെറുവള്ളത്തിലെ സംഘം തിരിച്ചു വന്നു. സംഘാംങ്ങളിൽ ഒരാൾ പാടിയപ്പോൾ മറ്റുള്ളവരോടൊപ്പം മേനോനും ഏറ്റുപാടി. ഗൗരിയും താളത്തിൽ കൈകൾ കൊട്ടി അവരോടൊപ്പം ചേർന്നു.
ആദ്യമായി കണ്ടുമുട്ടിയവർ, രാഗങ്ങളുടെ ഓളപ്പരപ്പിൽ അസുലഭനിമിഷങ്ങൾ സമ്മാനിച്ച് അകന്നുപോയപ്പോൾ മേനോൻ വെള്ളത്തിലേക്ക് ഇറങ്ങി. കൂടെ ഗൗരിയും.കുറേ സമയത്തിനുശേഷം തിരിച്ചുകയറുമ്പോൾ അവർ സംതൃപ്തരായിരുന്നു.
------------------------------------------------------------------------
പച്ച വിരിച്ച നെൽ വരമ്പുകളില്ല, പൂത്തുലഞ്ഞു നിന്നിരുന്ന വൃക്ഷലതാദികളും വിരളമായി.കുളിരുള്ള മന്ദമാരുതനും ഓർമ്മയായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ.
"സർവ്വമനോഹരമായൊരു ഭൂമി ഇവിടെയുണ്ടായിരുന്നു എന്ന് നമ്മൾക്കറിയാം. പക്ഷേ ഈ തലമുറയ്ക്ക് ആ ഭാഗ്യമില്ലാതേ പോയി ".
"ശരിയാ മേനോൻ സാറേ ! പക്ഷേ ഇന്നത്തെ കുട്ടികൾക്ക് അതൊന്നും ഒരു വിഷയമല്ലന്നേ. ഒന്നിനും സമയമില്ല അവർക്ക്. തിരക്കല്ലേ, സർവ്വത്ര തിരക്ക്. "
മേനോനും, ഗൗരിയും ബാംഗ്ലൂർക്ക് തിരിച്ചു പോകുകയാണ്. അവരെ യാത്രയാക്കാൻ വന്നതാണ് അപ്പുറത്തെ കൂരയിലെ താമസക്കാരായ വിജയനും, ഭാര്യയും കുട്ടികളും. കുറച്ച് ദിവസങ്ങൾ കൊണ്ട് അവർ ഉയർച്ചതാഴ്ച്ചകളുടെ വേർതിരിവില്ലാതെ അടുത്തിരിക്കുന്നു. മേനോൻ വാങ്ങിക്കൊടുത്ത പുതിയ ഉടുപ്പുകൾ കുട്ടികളുടെ ഉന്തി നിന്ന എല്ലുകളേ മറച്ചിരിക്കുന്നു.
കാറിന്റെ ഡിക്കിയിലേക്ക് എല്ലാം എടുത്ത് വെച്ചു വിജയൻ. മേനോനും, ഗൗരിയും വീട് പൂട്ടി ഇറങ്ങി.
"വിജയാ ! ഇനി വരുമ്പോൾ നമ്മൾ കാണുമോ ?".
"അറിയില്ല സാറേ ! അവിടുന്നിറങ്ങണമെന്ന് പറഞ്ഞിട്ടുണ്ട്. ഇവരെയും കൊണ്ട് എങ്ങോട്ട് പോകണമെന്ന് അറിയില്ല. എങ്ങോട്ടെങ്കിലും പോകണം. സാർ വന്നെന്നറിഞ്ഞാൽ എവിടെയുണ്ടേലും ഞങ്ങൾ ഓടി വരും. "
മേനോൻ വിജയന്റെ കൈകൾ തുറന്ന് വീടിന്റെ താക്കോൽ ആ കൈകളിലേക്ക് വെച്ചു.
"നിങ്ങൾ ഒരിടത്തും പോകണ്ട. എത്ര കാലം വേണമെങ്കിലും ഇവിടെ താമസിക്കാം. ആരും നിങ്ങളെ ഇറക്കി വിടില്ല ".
"സാറേ ! ഇത്ര വലിയ വീട്ടിൽ.. വേണ്ട സാറേ ! ഈ പറമ്പിന്റെ ഏതെങ്കിലും കോണിൽ അവിടെ കെട്ടിയിരിക്കുന്ന ഷീറ്റ് ഒന്ന് വലിച്ചുകെട്ടാൻ അനുവദിച്ചാൽ മതി. "
വിജയന്റെ ഭാര്യയേ ചേർത്തുപിടിച്ചുകൊണ്ട് ഗൗരിയാണ് മറുപടി പറഞ്ഞത്.
"അത് പോരാ വിജയാ. നിങ്ങൾ ഈ വീട്ടിൽ തന്നെ താമസിക്കണം. നല്ല കാലത്ത് ആസ്വദിക്കാൻ കഴിയാതെ പോയ ചിലതെങ്കിലും തിരിച്ചുകിട്ടുമോന്നുള്ള അന്വേഷണത്തിലാ ഞങ്ങൾ ഇവിടെ വന്നതും, നിങ്ങളെ കാണാൻ ഇടയായതും. പഴയതൊന്നും തിരിച്ചുകിട്ടിയില്ലങ്കിലും, പ്രതീക്ഷിക്കാത്ത ചില സമ്മാനങ്ങൾ ഞങ്ങൾക്ക് കിട്ടി. അതിലൊന്ന് നിങ്ങളാണ്. നിങ്ങളുടെ മുഖത്ത്‌ വിടരുന്ന പുഞ്ചിരിയാണ് ഞങ്ങൾക്ക് കാണേണ്ടത്. ആ പുഞ്ചിരി കാണാൻ വിരുന്നുകാരായി ഞങ്ങൾ വീണ്ടും വരും ".
മനസ്സ് നിറഞ്ഞ സന്തോഷത്തോടെ മേനോനും, ഗൗരിയും കാറിൽ കയറി. കാർ മുന്നോട്ട് നീങ്ങിയപ്പോൾ അവർ ഒന്നുകൂടി തിരിഞ്ഞുനോക്കി. വിജയന്റെയും, ഭാര്യയുടെയും മുഖങ്ങളിൽ അപ്പോഴും കണ്ണീർചാലുകൾ തോർന്നിരുന്നില്ല.
മേനോൻ കൈകൾ നീട്ടിയപ്പോൾ ഗൗരി തന്റെ കൈവിരലുകൾ കോർത്ത്‌ അമർത്തി. സന്തോഷം കൊണ്ടായിരിക്കും ഗൗരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.മേനോൻ കാർ മുന്നോട്ടെടുത്തു. ഇനിയും ആർക്കൊക്കെയോ വെളിച്ചമാകാനുള്ള യാത്ര.
By.. ബിൻസ് തോമസ്..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo