Slider

ശുദ്ധജാതകം

0
ശുദ്ധജാതകം
~~~~~~~~~
ചെറുപ്പം മുതലേ വീട്ടുകാർക്ക് തന്നെക്കുറിച്ചുണ്ടായിരുന്ന ഏക സങ്കടം ജാതകത്തെ കുറിച്ചായിരുന്നു. ശുദ്ധജാതകമാണത്രെ.. അത് നല്ല കാര്യമല്ലേ.. പക്ഷെ ശുദ്ധജാതകക്കാരിക്ക് അതുപോലൊരുജാതകം ഒത്തുവരാൻ പ്രയാസമാണത്രെ!..
പ്ലസ് ടു കഴിഞ്ഞതും അമ്മാവൻ ബ്രോക്കർ രാജപ്പനെ ശട്ടം കെട്ടി.. കക്ഷത്തിൽ ഡയറിയുമായി ഇടയ്ക്കിടെ രാജപ്പൻ പൈസ വാങ്ങാൻ വന്നിരുന്നു. പിന്നൊരിക്കൽ ബസിൽ പെൺപിള്ളേരെ തൊണ്ടാറുള്ള മനോജിന്റെ ആലോചനയുമായി വന്നു. ജാതകം ശുദ്ധമാണെങ്കിലും അവന്റെ കൈ പാപക്കറ നിറഞ്ഞതാണെന്ന് നാട്ടുകാർക്ക് അറിയാമായിരുന്നു.. കൂടെ അമ്മാവനും.. രാജപ്പൻ ഭാഗ്യം കൊണ്ടാണ് അന്ന് തല്ലു വാങ്ങാതെപോയത്. ഏതായാലും ഡിഗ്രിക്ക് ചേർന്നു.. വയസ്സ് പതിനേഴു നടക്കുന്നെങ്കിലും കണ്ടാൽ തനിക്കു ഒരു പതിനാലിന്റെ മതിപ്പേ ഉള്ളൂത്രെ..
'അമ്മ രാത്രി പാലിൽ റവ കാച്ചിയെടുക്കുന്ന ഒരുതരം പശ തിന്നാനായി ഉണ്ടാക്കിത്തരും.. "അല്ലമ്മേ, എന്നെ അറക്കാൻ കൊടുക്കാൻ വേണ്ടിയാണോ വളർത്തുന്നത്?.. തൂക്കി വിൽക്കാൻ വല്ല ഉദ്ദേശവുമുണ്ടോ?" പലപ്പോഴും ഈ ചോദ്യത്തിന് തല്ല് കിട്ടിയിട്ടുണ്ട്. വീട്ടിലെല്ലാരും അത്താഴത്തിനു കഞ്ഞിയും ചമ്മന്തിയും അച്ചാറും പപ്പടവുമൊക്കെ തിന്നുമ്പോ എനിക്കുമാത്രം പശ!..
ഒരു ഞായറാഴ്ച രാവിലേ പതിവ് പോലെരാജപ്പൻ വന്നു.. 'അമ്മ തന്നചായ കൊടുത്തപ്പോൾ അയാളുടെ മുഖത്തു നോക്കിപറഞ്ഞു.. "ചൈൽഡ് മാര്യേജ് ഈസ് എ പനിഷബിൾ ഒഫൻസ്".. ചായ ഒറ്റവലിക്ക് കുടിച്ചു രാജപ്പൻ എണീറ്റ് നിന്ന് പറഞ്ഞു "ശരി മോളെ അങ്ങനത്തെ ചെക്കനെത്തന്നെ നോക്കിയേക്കാം എന്ന്"..
അങ്ങനിരിക്കെയാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്..ഒരു ജാതകം ഒത്തുവന്നിരിക്കുന്നു. കുടുംബവും വീട്ടുകാരും ചെക്കനും എല്ലാം കേമം. അവർ പെണ്ണ് കാണാൻവരുന്നുണ്ട്. വരുന്ന ഞായറാഴ്ച. ഇനി രണ്ടുദിവസം..
പഠിച്ചു പഠിച്ചു ഇമ്മിണി ബല്യ ഒരാളാവണമെന്ന തന്റെ ആഗ്രഹത്തിന്ഒരു വിലയുമില്ലല്ലോ എന്ന് പറഞ്ഞ് കരഞ്ഞപ്പോളാണ് കൂട്ടുകാരി ഒരു സൂത്രം പറഞ്ഞു തന്നത്.. ഭ്രാന്ത് അഭിനയിക്കണമെന്ന്. നീ അഭിനയിച്ചാൽ നല്ല ഒറിജിനാലിറ്റി ആയിരിക്കുമെന്നുകൂടി പറഞ്ഞപ്പോൾ ഉറപ്പിച്ചു.. അതുമതി.. അതിനുള്ള പ്ലാൻ തയ്യാറാക്കാൻ തുടങ്ങി.. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലെ കല്പന വേണോ, അതോ മണിച്ചിത്രത്താഴിലെശോഭന വേണോ.. ശോഭന വേണ്ട കൊണ്ടുപോയി വല്ല ഷോക്കും തന്നാൽ പിന്നെ താളവട്ടത്തിലെ മോഹൻലാലിനെ പോലെ കിടക്കേണ്ടിവരും..
ഞായറാഴ്ചയായി.. ഏതോ മിഡിയുടെ പാവാടയും മറ്റേതോ മിഡിയുടെ ടോപ്പുമിട്ടു ബ്രഷും കടിച്ചുപിടിച്ച നടക്കുന്ന തന്നെനോക്കി ഒരു ദീർഘനിശ്വാസമിട്ടു 'അമ്മ അതുവഴി നടന്നുപോയി.. അമ്മാവൻ മുറ്റത്തു നല്ല കാറ്റത്തുനിന്ന്കൊണ്ട് ന്യൂസ്പേപ്പർ കൊണ്ട് വീശുന്നു.. അമ്മായി എളിയിൽ കൈയുംകുത്തി തെങ്ങിന്റെ മണ്ടയിൽ നോക്കി നിൽക്കുന്നു.. ആകെ മൊത്തം അവാർഡ് പടം പോലെ..
കുളികഴിഞ്ഞു വന്നപ്പോൾ 'അമ്മ ഒരു ദാവണിയെടുത്ത കയ്യിൽ തന്നു.. അതും ചുറ്റിവന്നപ്പോ അനിയന്റെ കമന്റ് "അയ്യടാ ഇതാണല്ലേ പേക്കോലമെന്നു".. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഏഴു ഇഡ്ഡലിയും കുറെ സാമ്പാറും വലിയൊരു ഗ്ലാസ് നിറയെ പാലും.. അമ്മെ, അര മണിക്കൂർ കൊണ്ട് ഞാൻ തടിവെക്കില്ല എന്ന് അല്പം ദേഷ്യത്തോടെതന്നെ പറഞ്ഞു. ഒരു കാറുവന്നു മുറ്റത്തുനിന്നൂ.. നാലഞ്ചുപേർ ഇറങ്ങി..ഒരു ട്രേയിൽ ചായയും തന്നു അമ്മായി ഉന്തിത്തള്ളി വിട്ടു.. സുബ്രമണ്യപുരത്തിലെ നായകന്റെ മുഖച്ഛായയുള്ളചെക്കൻ.. "കൺകളിരണ്ടാൽ" ആ പാട്ടിലെ അതെ തലയാട്ടലും.. എല്ലാരും ഭയങ്കര മോഡേൺ ആണെന്ന് തോന്നുന്നു. ഒരു രണ്ടു മിനിറ്റ് അവിടെ നിന്നു.. ആരും ഒന്നും ചോദിച്ചില്ല.. കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവൻ പറയുന്ന കേട്ടു.. ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന്.. പറഞ്ഞു തീർന്നില്ല ആള് ദേ മുന്നിൽ.. നമുക്ക് മുറ്റത്തൂടെ നടന്നു സംസാരിക്കാം എന്നായി ചെക്കൻ.. കല്പനയെ മനസ്സിൽ ധ്യാനിച്ച് മുറ്റത്തേക്കിറങ്ങി..
"എന്താ പേര്?"
"ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമായ് രണ്ടക്ഷരം കുറഞ്ഞീടിലതു"..
"ഓ! മഞ്ജരി..എന്റെ പേരറിയണ്ടേ?..
"വേണ്ട"
"എന്തിനാ പഠിക്കുന്നത്?"
"എന്തിനോ വേണ്ടി"..
"എന്നെ ഇഷ്ടമായോ?"
"എന്റെ ഇഷ്ടങ്ങൾക്കൊന്നും ഇവിടൊരു വിലയുമില്ല".. ഇങ്ങനെ പറഞ്ഞു നടന്നപ്പോളാണ് കുറുഞ്ഞിപൂച്ച അടുത്തേക്ക് വന്നു കാലിൽ ഉരുമ്മിയത്. ഭ്രാന്ത് ഇനിയിപ്പോ എങ്ങനാണാവോ അഭിനയിക്കുക ഈശ്വരാ.. അപ്പോളാണ് ഒരു ഐഡിയ തോന്നിയത് ജീവന്റെ ജീവനായ കുറുഞ്ഞിയെ കാലുകൊണ്ട് തോണ്ടിയെടുത്ത് ഒരൊറ്റ ഏറുവെച്ചുകൊടുത്തു.. പൂച്ച നാലുകാലിൽ വീണിട്ടു എണീറ്റുപോയി.. കിണറ്റിന്കരയിലെത്തിയപ്പോൾ ഒറ്റച്ചാട്ടത്തിനു അതിന്റെ അരമതിലിൽ കേറിയിരുന്നു.. ഇതൊക്കെ കണ്ടുകൊണ്ട് കൈകെട്ടിനിന്നയാൾ പറഞ്ഞു ആൾ ഭയങ്കര മിടുക്കിയാണല്ലോ എന്ന്!!..
"ഇഷ്ടപ്പെട്ട സിനിമാ നടൻ ആരാ?"
" കമലഹാസൻ"
" അയ്യേ അയാൾ വയസ്സനല്ലേ?"..
അപ്പോഴാണ് എവിടെയോ അനൂപ്മേനോൻ പറഞ്ഞ വരി ഓർമ വന്നത്.."it is not the years, it is the milage".. അന്തം വിട്ടുകൊണ്ട് അയാൾ തന്നെത്തന്നെ നോക്കുന്നു.. സംഗതി ഫലിക്കുന്നുണ്ട്..
"ഓക്കേ, നമ്മുടെ കല്യാണം കഴിഞ്ഞുന്ന് വെച്ചോ.. ഹണിമൂണിന് എവിടെ പോകാനാ ഇഷ്ടം?"
അന്റാർട്ടിക്ക എന്നാണ് മനസ്സിൽ തോന്നിയതെങ്കിലും പറഞ്ഞപ്പോൾ നാഗാലാ‌ൻഡ് ആയിപ്പോയി..
"അതെന്താ നാഗാലാ‌ൻഡ്?"
"എനിക്ക് പട്ടിയിറച്ചി തിന്നണം, അതിനാ".. അയാൾ പട്ടിക്കൂട്ടിൽ കിടക്കുന്ന ഹിറ്റ്ലറെ ദയനീയമായി നോക്കുന്നു.
അടുത്തചോദ്യം
"പ്രേമിക്കുന്നുണ്ടോ"..
"ഉണ്ട്"..
"ആരെ?"
"മാനസ ബസിലെ കിളിച്ചേട്ടനെ".. അതുകേട്ടതും മറുഭാഗത്തുനിന്നുയർന്ന ചോദ്യം കേട്ട് തകർന്നുപോയി.."ഈ നാട്ടിൽ ആരോഗ്യമുള്ള പെൺപിള്ളേരൊന്നും ഇല്ലാഞ്ഞിട്ടാണോ ഈ നത്തൊലിക്കുഞ്ഞിനെ അവൻ" എന്ന്.. ക്രൂരമായി അയാളെ ഒന്ന് നോക്കിയിട്ടു ഒരു ബൈ പോലും പറയാതെ ഓടി അകത്തേക്ക്‌കേറി.. അങ്ങനെ ഒരു കല്യാണാലോചന മുടക്കിയ സന്തോഷത്തിൽ കൂട്ടുകാരിയുമായി വയൽ വരമ്പിലൂടെ നടന്നു കോളേജിൽ പോകാനായി മാനസ ബസിൽ കേറാൻ പോകുമ്പോളതാ കിളിച്ചേട്ടന്റെഒരു ചോദ്യം.. "കൊച്ചെ, നിന്നെ ഞാൻ പ്രേമിക്കുന്നുണ്ടോ.. നീ എന്റെ കുടുംബം കലക്കാൻ നടക്കുവാണോ?.. "അത് പിന്നെ ചേട്ടാ, ഒരു കല്യാണം മുടക്കാൻ".. ചേട്ടൻ ഡബിൾ ബെല്ലടിച്ചു.. വണ്ടി വിട്ടു.. കോളേജിൽ പോകാതെ വീട്ടിലേക്കു വന്നു.. കോളേജിൽ എത്ര ചെക്കന്മാരുണ്ടായിരുന്നതാ നശിക്കാൻ നേരം ആ കരിങ്കുരങ്ങനെ തന്നെ ഒർത്തല്ലോ ഈശ്വരാ.. ആരൊക്കെ അറിഞ്ഞിട്ടുണ്ടാകും.. മനസ് അസ്വസ്‌ഥമായി .. ദേ 'അമ്മ.. "തലവേദനയായോണ്ട് തിരികെ വന്നതാ അമ്മെ"..
അമ്മക്കെന്തോ ഭയങ്കര സന്തോഷം..
അപ്പോഴാണ് ഉൽക്ക പതിക്കുമ്പോലെ എവിടുന്നോ അമ്മാവന്റെ അശരീരി കേട്ടത്.. "ആ കല്യാണം ഉറച്ചു.. ചെക്കൻനിന്നെയല്ലാതെ വേറെയാരേം കെട്ടില്ല പോലും. ഒരൊറ്റത്തരി സ്വർണം പോലും വേണ്ടാന്ന്.. വേറൊരു സന്തോഷം കൂടിയുണ്ട് എത്ര വേണേലും നിന്നെ പഠിപ്പിച്ചോളാമത്രെ.. അവസാനത്തെ വരി പെരുത്തിഷ്ടമായി.. പിന്നെ നിനക്കിഷ്ടമുള്ള ആ സ്‌ഥലത്തുകൊണ്ടുപോയി നിനക്ക് തിന്നാൻ ഇഷ്ടമുള്ള ആ സാധനവും വാങ്ങിത്തരുമത്രെ.. മുറ്റത്തെ പട്ടിക്കൂട്ടിൽ നാവു നീട്ടി കിടക്കുന്ന ഹിറ്റ്ലർ. അപ്പോഴാണ് സ്വാഭാവികമായി ഒരു സംശയം മനസ്സിലുദിച്ചത്.. ശരിക്കും അദ്ദേഹം നോർമലാണോ.. അല്ലെങ്കിൽ പിന്നെ എന്നെ..

Uma 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo