അമ്മയുടെ മരണ ശേഷം ഒരു വീടിന്റെ ചുമതലകൾ മുഴുവൻ ഒറ്റക്ക് ഏറ്റെടുക്കേണ്ടി വന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ശരിക്കും ഒറ്റപ്പെടുകയായിരുന്നു....
വലതു കാൽ വെച്ച് കയറി വന്ന വീട്ടിൽ എന്തിനും ഏതിനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിട്ടും അമ്മയുടെ നിഴലായി ഒതുങ്ങിക്കൂടാനായിരുന്നു എനിക്കെന്നും ഇഷ്ടം....
അതു കൊണ്ടു തന്നെ ഒരു വീട് എങ്ങനൊക്കെ കൊണ്ടു നടക്കണം, എന്തൊക്കെ ചെയ്തു തീർക്കണമെന്ന് ഞാൻ പഠിക്കാൻ ശ്രമിക്കാതിരുന്നത്...
അമ്മയുണ്ടല്ലോ... അമ്മയോട് ചോദിക്കാല്ലോ.... അമ്മ ചെയ്തു തരുമല്ലോ എന്ന ഉറച്ച വിശ്വാസം കൊണ്ടാവാം അങ്ങനൊക്കെ എന്നെ കൊണ്ട് ചിന്തിപ്പിച്ചത്...
പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അമ്മയില്ലാതായപ്പോഴാണ് ഒരു വീടിനെ വീടാക്കുന്ന അമ്മയുടെ കഴിവിനെ ഞാൻ മനസ്സിലാക്കിയത്....
അച്ഛന്റെ കാര്യത്തിലായിരുന്നു കൂടുതൽ വേവലാതി...
എന്തിനും ഏതിനും അമ്മയെ നീട്ടി വിളിച്ചിരുന്ന അച്ഛനിപ്പൊ സ്വന്തം കാര്യങ്ങളൊക്കെ തനിയെ ചെയ്യുന്നത് കാണുമ്പോഴാണ് സങ്കടം....
''അച്ഛനെന്താ... എന്നെ ഒന്നു വിളിച്ചൂടാർന്നോ... ഇതൊക്കെ ഞാൻ ചെയ്തു തരില്ലേ...'' എന്ന എന്റെ ചോദ്യത്തിനുള്ള ഉത്തരം ഒരു പുഞ്ചിരിയിൽ ഒതുക്കും....
എല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുത്തിരുന്ന അമ്മയുടെ കുറവ് നികത്താൻ ഞാൻ ആവുന്നത്ര ശ്രമിച്ചിട്ടും അച്ഛന്റെ കാര്യത്തില് മാത്രം എനിക്കതിനു കഴിയാതെ പോകുന്ന പോലെ....
എല്ലാ കാര്യത്തിലും കുറച്ചധികം അടുക്കും ചിട്ടയുമുള്ള അച്ഛന്റെ ശീലങ്ങളൊന്നും അമ്മയുണ്ടായിരുന്ന നാളുകളിൽ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല... അമ്മ തന്നെ എല്ലാം ചെയ്യുന്നത് കൊണ്ട് എനിക്കതിന്റെ ആവശ്യവും വന്നിരുന്നില്ല...
ഒരു ദിവസം അച്ഛൻ ഞാൻ അലക്കിത്തേച്ചു വെച്ച ഷർട്ടെടുത്ത് കഞ്ഞിയിൽ മുക്കിപ്പിഴിയുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു...
''അച്ഛനെന്താ ഈ കാണിക്കുന്നേ... ഞാൻ അലക്കി വെച്ച ഷർട്ടാണല്ലോ അത്....'' എന്ന്.
''അച്ഛനെന്താ ഈ കാണിക്കുന്നേ... ഞാൻ അലക്കി വെച്ച ഷർട്ടാണല്ലോ അത്....'' എന്ന്.
''മോളെ ഞാനിടുന്ന ഷർട്ടും മുണ്ടുമൊക്കെ ഒരുപാട് പഴക്കം ചെന്നതാണ്...ഇതെല്ലാം പുതുമയോടെ ഇപ്പോഴും നിൽക്കുന്നത് നിന്റെ അമ്മയുടെ ഈ കഞ്ഞിപ്രയോഗം കൊണ്ടാണ്...
അലക്കിക്കഴിഞ്ഞ് കഞ്ഞിയിൽ മുക്കിയെടുത്ത് ഉണക്കി ഇസ്തിരിയിട്ടാലുണ്ടല്ലോ പുതിയ ഷർട്ടാണെന്നേ തോന്നൂ...''
അലക്കിക്കഴിഞ്ഞ് കഞ്ഞിയിൽ മുക്കിയെടുത്ത് ഉണക്കി ഇസ്തിരിയിട്ടാലുണ്ടല്ലോ പുതിയ ഷർട്ടാണെന്നേ തോന്നൂ...''
അച്ഛന്റെ മറുപടി കേട്ടാണ് ഒരു നിമിഷം ഞാൻ ചിന്തിച്ചത്...
ശരിയാണല്ലോ ദെെവമേ.... അമ്മ അച്ഛന്റെ തുണികളെല്ലാം കഞ്ഞിയിൽ മുക്കിപ്പിഴിയുന്നത് ഞാനും കാണാറുണ്ടല്ലോ.....
എന്നിട്ടും അക്കാര്യം ഞാൻ വിട്ടു പോയല്ലോ...
ഏട്ടൻ വീണ്ടും വീണ്ടും പറഞ്ഞോർമ്മിപ്പിക്കാറുള്ളതാണ് എന്റെ കാര്യത്തിൽ കുറച്ച് ബാക്കിലായാലും അമ്മയില്ലാത്ത കുറവ് അച്ഛനെ അറിയിക്കരുതെന്ന്...
എല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുക്കണമെന്ന്....
എല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുക്കണമെന്ന്....
എന്നിട്ടും....???
അച്ഛന്റെ ശീലങ്ങളൊന്നും മാറ്റരുതെന്ന് കരുതിയാണ് അലാറത്തിന്റെ സഹായത്തോടെ കാലത്ത് അഞ്ചു മണിക്കു തന്നെ എഴുന്നേറ്റ് അടുക്കളയിൽ കയറുന്നത്....
അമ്മയുടെ കെെ കൊണ്ടുണ്ടാക്കുന്ന ചൂടൻ കട്ടൻ കാപ്പി കൊണ്ടായിരുന്നു അച്ഛന്റെ ഓരോ പുലരിയും തുടങ്ങിയിരുന്നത്....
അമ്മയുണ്ടാക്കുന്ന കാപ്പിയുടെ അത്രക്ക് എത്തിയില്ലെങ്കിലും കടുപ്പവും മധുരമൊക്കെ പാകത്തിന് തന്നെ അല്ലേ എന്ന് ഉറപ്പു വരുത്തി അച്ഛന്റെ മേശപ്പുറത്ത് കൊണ്ടു ചെന്ന് വെച്ച ശേഷം അച്ഛനെ വിളിച്ചുണർത്തും....
അച്ഛന്റെ ഇഷ്ട വിഭവങ്ങളൊക്കെ ഉണ്ടാക്കുമ്പോഴും ഉള്ളിലൊരു ഭയമായിരിക്കും...
അച്ഛന് തൃപ്തികരമാവില്ലേ എന്നുള്ള ഭയം...
അച്ഛന്റെ പാത്രത്തിലേക്ക് വിളമ്പിക്കൊടുത്ത് കഴിച്ചു കഴിഞ്ഞ് ഒരേമ്പക്കവും വിട്ട് എഴുന്നേറ്റാലേ ആ ഭയം അങ്ങോട്ട് ഒഴിഞ്ഞു കിട്ടൂ....
ചില ദിവസങ്ങളിൽ ഉമ്മറപ്പടിയിലിരുന്നു വിദൂരതയിലേക്ക് കണ്ണും നട്ട് ഒറ്റക്കിരുന്ന അച്ഛനെ കാണുമ്പോഴാണ് എനിക്കൊരിക്കലും അമ്മയെ പോലെയാവാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നത്....
നിത്യാവശ്യങ്ങളെല്ലാം മുറക്ക് ഞാൻ ചെയ്തു കൊടുക്കുന്നുണ്ടെങ്കിലും അമ്മയുടെ കുറവ് നികത്താൻ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്ന സത്യം.....
ഇത്രയും കാലം സന്തോഷത്തിലും സങ്കടത്തിലും ഒരു നിഴലായ് പറ്റിച്ചേർന്ന് നടന്നവർ പെട്ടൊന്നൊരു ദിവസം കൂടെയില്ലാതാവുമ്പോഴുള്ള വേർപാടിന്റെ വേദനയുണ്ടല്ലോ... അതനുഭവിച്ച് തന്നെ അറിയണം....
ഒരു വീട്ടിൽ അമ്മ വഹിച്ചിരുന്ന ഉത്തരവാദിത്തങ്ങൾ മാത്രമേ എനിക്ക് ചെയ്യാൻ കഴിയുകയുള്ളൂ.... അമ്മയെന്ന ആ സ്നേഹക്കടലിന്റെ വേർപാട് നികത്തണമെങ്കിൽ ഞാൻ ഇനിയും ഒരുപാട് കാലം കഴിഞ്ഞ് ഞാനും ഒരമ്മയായി ഒരു വീടിന്റെ നെടുംതൂണായി മാറണം....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക