Slider

അച്ഛന്‍ കരയാറില്ല

0
അച്ഛന്‍ കരയാറില്ല
കുഞ്ഞുനാളിൽ അപ്പുറത്തെ വീട്ടിലെ ചിന്നുവിന്റെ കയ്യിലെ വളകിലുക്കം കേട്ടപ്പോൾ ഞാന്‍ അച്ഛനോട് പറഞ്ഞു:
"നിക്കും വേണം പുതിയ വള .കൈ നിറയെ വേണം " 
"”ആ..മോളൂ ...വാങ്ങിത്തരാം " എന്ന് പറഞ്ഞച്ഛൻ പടിയിറങ്ങിപ്പോയപ്പോൾ അമ്മ കരഞ്ഞു. പക്ഷെ അച്ഛൻ കരഞ്ഞില്ല.
ഏട്ടൻ പറയുന്നത് കേട്ടു: " അച്ഛാ..നോട്ട് ബുക്ക് തീർന്നിട്ട് മൂന്ന് ദിവസായി..നാളെ പുതിയത് കൊണ്ടോയില്ലെങ്കിൽ ക്‌ളാസിൽ കയറേണ്ടന്നാ ടീച്ചർ പറഞ്ഞത്.. ഒരു മഷി നിറക്കുന്ന പെന്നും വേണം.."
അമ്മ പറഞ്ഞു: " മോനെ കർക്കിട മാസാ..അച്ഛന് പണിയില്ല...കുറച്ചു കഴിയട്ടെ " അമ്മയുടെ കണ്ണുകൾ കലങ്ങി. പക്ഷെ അച്ഛൻ കരഞ്ഞില്ല . ഒന്നും പറയാതെ ഔസേപ്പിന്റെ കടയെ ലക്ഷ്യമാക്കി നടന്നു - കടം വാങ്ങിക്കാൻ.
തെക്കേ പുരയിടത്തില്‍ വീട്ടിലേക്ക് ചാഞ്ഞ മാവിന്‍ കൊമ്പ് വെട്ടുമ്പോള്‍ വീണു കാലൊടിഞ്ഞ അച്ഛന് കുഴമ്പ് തേച്ചു പിടിപ്പിക്കുമ്പോള്‍ അമ്മ കരഞ്ഞു. പക്ഷെ അച്ഛന്‍ കരഞ്ഞില്ല. പാവം വേദന അമ്മക്കായിരിക്കുമല്ലേ?
കൂരിരുട്ടു നിറഞ്ഞൊരു രാത്രിയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞു ഏട്ടനെ കൊണ്ടുവന്നപ്പോള്‍ വീടകം കണ്ണീര്‍ വറ്റി കരഞ്ഞു തളര്‍ന്നു വീണു. പക്ഷെ അച്ഛന്‍ കരഞ്ഞില്ല - ചിതയോരുക്കാന്‍ കൂടെ നിന്നു.
താലികെട്ടിയവന്റെ കൂടെ പോകാന്‍ ഞാന്‍ വീടിന്‍റെ പടിയിറങ്ങുമ്പോള്‍ അച്ഛന്‍ പന്തലു കാരനോട് കാശിനു അവധി ചോദിക്കുകയായിരുന്നു. അച്ഛന്‍ കെട്ടിപ്പിടിച്ചു നെറ്റിയില്‍ ഒരുമ്മ വെക്കുമെന്ന് ഞാന്‍ ആശിച്ചു. ഇല്ല, അച്ഛന് കരയാന്‍ കഴിയില്ലായിരുന്നു. മുഖത്തു നോക്കാതെ “പോയി വാ മോളെ “ എന്നുമാത്രം മൊഴിഞ്ഞു.
ആകെയുള്ള അനിയനും അന്യ നാട്ടില്‍ പോയപ്പോള്‍ ഓണവും വിഷുവും ദീപാവലിയും ആരെയും കാത്തുനില്‍ക്കാതെ വന്നും പോയുമിരുന്നു. നിഴല്‍ പോലുമില്ലാത്ത മുറിയില്‍ ഒറ്റക്കിരുന്നു അമ്മ എല്ലാം ഓര്‍ത്തോര്‍ത്തു കരഞ്ഞു, പക്ഷെ അച്ഛന്‍ കരഞ്ഞില്ല.
*******
“ഇനിയും വൈകിക്കരുത് ....കാണാനുള്ളവര്‍ വേഗം കയറി കാണൂ... ഇന്നലെ രാവിലെ മരിച്ചതാണ്...എത്ര സമയാ മക്കളെ കാത്ത് നില്‍ക്കുക?" പരിചയമുള്ള ഏതൊക്കെയോ ശബ്ദങ്ങള്‍ ഞാന്‍ കേട്ടു.
“ ദാ ....മോള്‍ എത്തി....” ആളുകള്‍ എനിക്ക് വഴി മാറി തന്നു. ...ചിലര്‍ അടക്കം പറയുന്നുണ്ട്, കാര്‍ക്കിച്ചു തുപ്പുന്നുണ്ട്....
ഞാന്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി – പിന്നെ ഇപ്പോഴും പാതി തുറന്നു പിടിച്ചിരിക്കുന്ന കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി . ഇല്ല അച്ഛന്‍ അവസാനവും കരഞ്ഞിട്ടില്ല. അച്ഛന് കരയാന്‍ അറിയില്ലായിരിക്കും അല്ലേ?!
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo