അച്ഛൻ വിദൂരത്ത് പഠിക്കാൻ പോയ മകൾക്ക് / മകന് എഴുതുന്ന കത്ത് എന്ന വിഷയത്തെ ആസ്പദമാക്കി ഞാൻ എഴുതിയ ഒന്നാം സമ്മാനം നേടിയ കത്ത്
കത്തെഴുത്ത് വാരം
അച്ഛന്റെ കത്ത്
-----------
-----------
ഡാ ,
നിന്റച്ഛനാ,.... അതെ മാണിക്കോത്ത് അവറാൻ എന്ന നിന്റെ തന്ത... നിക്ക് നിക്ക് കീറാനോ ചുരുട്ടിക്കൂട്ടികളയാനോ വരട്ടെ. എനിക്ക് ചിലത് പറയാനുണ്ട്. അത് നീ കേൾക്കേണ്ടത് അത്യാവശ്യമാണ്. ഇവിടുന്ന് ഫോൺ വിളിയൊന്നും നടക്കില്ല. അതുകൊണ്ടാണ് ഇങ്ങനൊരു കത്ത്. എനിക്കിതൊന്നും എഴുതി ശീലമില്ല. ഞാനാർക്കും എഴുതിയിട്ടുമില്ല. അതെങ്ങിനെയാ മാണിക്കോത്ത് അവറാൻ എന്ന ഞാൻ എന്നും ഒറ്റയാനായിരുന്നല്ലോ.... കൂട്ടം തെറ്റിയ കുഞ്ഞാട്. അറിയാം നിനക്കും നിന്റമ്മയ്ക്കും ഗുണമുള്ളതൊന്നും ചെയ്തിട്ടില്ല എന്ന്. നിങ്ങളുടെ ഉള്ളിലൊക്കെ എന്നോട് വെറുപ്പാണെന്നും അറിയാം. അതുകൊണ്ടാണല്ലോ ചന്തക്കവലയിലെ കുത്തു കേസിൽ കഴിഞ്ഞ നാല് വർഷമായി അകത്ത് കിടന്നിട്ടും ഒരുത്തനും തിരിഞ്ഞു നോക്കാതിരുന്നത്. അതെന്തെങ്കിലും ആവട്ടെ. എന്നെ ആരും സ്നേഹിക്കണ്ട. നേരാംവണ്ണം സ്‌നേഹിച്ചിരുന്നെങ്കിൽ ചിലപ്പോ ഞാനിങ്ങനെ ആവില്ലായിരുന്നു. നിന്റമ്മയെയും പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഒച്ച കേൾക്കുമ്പോളെ അവൾ കിടുകിടാ വിറയ്ക്കാൻ തുടങ്ങും. എന്റെയീ നശിച്ച മുൻകോപം കാരണം നിനക്കും എന്നെ പേടിയായി.
അതൊക്കെ വിട്. ഞാനിതെഴുതാനുള്ള കാരണം വേറൊന്നുമല്ല. നിനക്ക് അടുത്താഴ്ച്ച പതിനെട്ട് വയസ്സ് തികയുകയല്ലേ. നീയിപ്പോൾ കോയമ്പത്തൂരിലാണ് പഠിക്കുന്നതെന്നും അവിടെ ഹോസ്റ്റലിൽ ആണ് താമസം എന്നുമറിഞ്ഞു. മൂത്തളിയൻ വന്നിരുന്നു. അളിയൻ വഴിയാണ് നിന്റെ അഡ്രസ്സ് കിട്ടിയത്. ഒരുകണക്കിന് നന്നായി. നിന്റമ്മ അറിയണ്ട ഞാൻ കത്തയച്ച കാര്യം. ഒരു കാരണവുമില്ലാതെ വെറുതെ പേടിക്കും. നീ നാട്ടിൽ വരുമ്പോൾ എന്റെ മൂത്തളിയൻ... നിന്റെ ബേബിച്ചാച്ചനെ പോയി കാണണം. അങ്ങോര് നിനക്ക് നമ്മുടെ ഇടവകയിൽ മുമ്പിരുന്നിരുന്ന ഫാ. റോയ് പുതിയാപറമ്പിലിന്റെ അഡ്രസ്സ് തരും. നീ അച്ചനെ പോയി കാണണം.അച്ചനൊരു വസ്തുവിന്റെ ആധാരം തരും. കൂടാതെ ഒരു ബാങ്ക് പാസ്‌ബുക്കും. നിനക്കുള്ളതാണ് അത്. നീ പ്രായപൂർത്തിയാകുമ്പോൾ നിന്റെ കയ്യിൽ കിട്ടാൻ വേണ്ടി തയ്യാറാക്കി വെച്ചിരുന്നതാണ്. എന്റെ കൈയിലിരുപ്പ് വെച്ച് നിനക്ക് പ്രായപൂർത്തി ആകുന്നത് വരെ ഞാനുണ്ടാകുമോ എന്നതിൽ ഉറപ്പില്ലാത്തത് കാരണം അന്നങ്ങിനെ ചെയ്തു വെച്ചതാണ്. സംശയിക്കയൊന്നും വേണ്ട. കട്ടും പിടിച്ചുപറിച്ചും ഉണ്ടാക്കിയതോന്നും അല്ല. കാര്യം അവറാൻ പോക്കിരിയാണെങ്കിലും ഇന്നേവരെ ഒരുത്തന്റെയും പോക്കറ്റിൽ കയ്യിട്ട് ജീവിച്ചിട്ടില്ല. അത് നിന്റപ്പപ്പാൻ എന്റെ അപ്പൻ മാണിക്കോത്ത് ഔത എനിക്ക് തന്ന സ്ഥലമാണ്. അതിൽ ഒരു മൂന്നേക്കർ ഞാനും കൂട്ടിച്ചേർത്തിട്ടുണ്ട്. മണ്ണിൽ വിയർത്തു തന്നെ ഉണ്ടാക്കിയതാണ്. ഇന്നൊരു 70 ലക്ഷം രൂപ മതിപ്പ് വരും അതിന്.
അറിഞ്ഞിരുന്നു നീയും നിന്റമ്മ മേരിയും കുറച്ചു കഷ്ടപ്പെട്ടാണ് ജീവിച്ചതെന്നു. ആ സാരമില്ല കുറച്ചു കഷ്ടപ്പെടുന്നത് ഒക്കെ നല്ലതാ എന്നാലേ ജീവിതത്തിനു ഒരു ലക്ഷ്യവും വാശിയും ഒക്കെ കൈവരൂ. നീ പേടിക്കണ്ട ഇനി നിന്റെയും നിന്റമ്മയുടെയും ജീവിതത്തിലേക്ക് ഞാനില്ല. ഇനി പുറത്തിറങ്ങി നേരാം വണ്ണം നടക്കാൻ പറ്റുമോ എന്ന് പോലും അറിയില്ല. ഇവിടെ വന്നും ചില തല്ലൊക്കെ ഉണ്ടായി. പൊലീസുകാർ ഇടിച്ചു ഇഞ്ചപരുവമാക്കി. ഇനിയെന്നെ ഒന്നിനും കൊള്ളില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും ആട്ടും തുപ്പുമേറ്റ് ജീവിക്കാനൊന്നും അവറാനെ കിട്ടില്ല. ഇവിടൊരു അച്ചൻ വരാറുണ്ട്. റിലീസായി കഴിഞ്ഞാൽ അച്ചന്റെ കൂടെ പോകാനാണ് എന്റെ തീരുമാനം. മിക്കവാറും നിനക്ക് ഈ കത്ത് കിട്ടുമ്പോൾ ഞാനും അച്ചനും ഇവിടുന്ന് യാത്ര തുടങ്ങിക്കാണും. അച്ചന് മാറ്റം കിട്ടിയിരിക്കുന്നത് ബോംബെയിൽ എങ്ങാണ്ടുള്ള ഒരു സെമിനാരിയിലേക്കാണ്. ഇനിയുള്ള കാലം അവിടെ കഴിഞ്ഞു കൂടാനാ തീരുമാനം. നിനക്ക് സമയവും സന്ദർഭവും മനസ്സും ഉണ്ടാകുകയാണെങ്കിൽ ചത്തു എന്നറിഞ്ഞാൽ ഒന്ന് വന്നേക്കണം. അല്ല വന്നില്ലേലും കുഴപ്പമില്ല. ഞാനൊന്നും അറിയാൻ പോകുന്നില്ലല്ലോ.
പിന്നെ നിന്റമ്മ അറിയണ്ട ഇങ്ങിനൊരു കത്തിന്റെ കാര്യം. സ്വത്തിന്റെ കാര്യം റോയ് അച്ചൻ പറഞ്ഞെന്നോ ചാച്ചൻ പറഞ്ഞെന്നോ പറഞ്ഞാൽ മതി. അവളിപ്പോഴായിരിക്കും മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്നത്. ഒരുകാര്യം മാത്രം നിന്റമ്മയെ കരയിച്ചേക്കരുത് അതൊരുപാട് കരഞ്ഞതാണ്. പറയാനുള്ള അവകാശം ഇല്ലായിരിക്കും. എന്നാലും അവളുടെ മുഴുവൻ പ്രതീക്ഷയും നിന്നിലാണ്. നിന്റമ്മയുടെ കാലശേഷം മാത്രമേ സ്വത്തിൽ പൂർണ്ണ അവകാശമുള്ളൂ എന്ന ഭാഗം വായിക്കാൻ നീയൊരിക്കലും മറക്കരുത്. ഇനിയൊന്നും പറയാനില്ല. ഇനിയൊരു കൂടിക്കാഴ്ചയോ യാത്ര പറച്ചിലോ ഒന്നുമില്ല.
നിർത്തുന്നു
Jaison

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക