Slider

രാക്കമ്മ

0
Image may contain: 1 person

രാക്കമ്മയേപ്പറ്റി പറയാൻ കുറേ വർഷങ്ങൾ പിറകോട്ടു പോകണം.അതായത് ബാല്യത്തിന്റെ വസന്തത്തിലേക്ക് മടങ്ങണം. അപ്പോൾ കാണാം രാക്കമ്മയുടെ 'ബംഗ്ലാവ് ".
മരശിഖരങ്ങൾ ഇരുളു തീർക്കുന്ന ഒരു വലിയ പറമ്പ്. അതിനു നടുവിൽ, ബാലാർക്ക കിരണങ്ങളുടെ ലാളനാസ്പർശമേറ്റ്, പഴമയുടെ കരിംപായൽ കൊണ്ടു മുഖം പൊത്തി, തലകുനിച്ചു നില്ക്കുന്നു ,രാക്കമ്മയുടെ വീട്. ശത്രുവിനു മുൻപിൽ ആയുധം വെച്ചു കീഴടങ്ങി നില്ക്കുന്ന ഭീരുവായ പോരാളിയേപ്പോലെ.
കാടും മലയും ,കാട്ടാറും ലാളിച്ചു പോറ്റിയ ഒരു ഗ്രാമത്തിന്റെ ശ്രീയാർന്ന ചാരുതയായിരുന്നു രാക്കമ്മ. അതു പണ്ട്.
ഞാൻ ജനിക്കുന്നതിനും എത്രയോ മുൻപുള്ള കഥ. രാക്കമ്മയുടെ ഭർത്താവ് ഒരു ജന്മിയായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിന്റെ ജീർണ്ണിച്ച തെളിവായിക്കാണാം ഈ വീടിനെ.
കഷണ്ടിക്കാരന്റെ 'വിസ്തൃതഫാലം' പോലെ, വീതിയുള്ള മുറ്റം. അതിന്റെ അതിർത്തി കാക്കുന്നത് രാക്കമ്മയുടെ വാത്സല്യഭാജനവും, പിന്നെ ഭോജ്യവുമായി ത്തീരാവുന്ന പയറ്, പാവൽ, വഴുതന, കാന്താരിക്കൊല്ല തുടങ്ങിയ മിടുമിടുക്കന്മാർ. തരുലതാദികളോടും, പക്ഷിമൃഗാദികളോടുമുള്ള പ്രേമത്തിൽ ,രാക്കമ്മ കാളിദാസന്റെ ശകുന്തള യേപ്പോലും വെല്ലും.
തെങ്ങും കമുകും, മാവും പ്ലാവുമൊക്കെയായി ഒട്ടേറെ വൃക്ഷങ്ങളുടെ അധിപയായിരുന്നു ,രാക്കമ്മ.
അതിൽ നിന്നു കിട്ടുന്ന വരുമാനം രാക്കമ്മയ്ക്ക് വേണ്ടുവോളമുണ്ടായിരുന്നു.
അകന്ന ഒരു ബന്ധുവായ രാമേട്ടന്റെ അത്യധ്വാനത്താൽ ആ പറമ്പിൽ വാഴയും, ചേനയും ഒക്കെ വിളഞ്ഞു. ഒറ്റയ്ക്കു ജീവിക്കുന്ന വൃദ്ധയായ രാക്കമ്മയ്ക്ക് ,എന്തിനാണി ത്രയും വസ്തുവകകൾ എന്ന് എന്റെ ഉള്ളിലെ ബാലിശം വിട്ടുമാറാത്ത 'വിപ്ലവകാരി ' ചോദിച്ചു.
" പുഴുങ്ങിത്തിന്നാൻ " എന്ന് രാക്കമ്മയിലെ ജന്മിത്വം ഗർജ്ജിച്ചു.ആ ശബ്ദ കോലാഹലത്തിൽ എന്റെ വിപ്ളവ ചിന്തയുടെ കൂമ്പുവാടി.
രാക്കമ്മയ്ക്ക് ഒരു മകളുണ്ട്. അവർ ഭർത്താവും കുട്ടികളുമൊത്ത് ,വടക്കേ ഇന്ത്യയിലെവിടെയോ ആണ്.
രാക്കമ്മ ഒറ്റയ്ക്കായിരുന്നു എന്നു പറഞ്ഞാൽ അത് പൂർണ്ണമായും ശരിയാവില്ല. അവരെ സഹായിക്കാനായി ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവിടെ.
പയർ വള്ളിപോലെ വെളുത്തു മെലിഞ്ഞിരുന്ന ആ പെൺകുട്ടിയുടെ സേവനം രാക്കമ്മയ്ക്ക് പ്രാണവായു പോലെ ആയിരുന്നു.അവർ അവൾക്ക് ഉണ്ണാനും ഉടുക്കാനും കൊടുത്തു. പിന്നെ ഒരമ്മയുടെ സ്നേഹവും.
രാക്കമ്മയുടെ ശരീരം തന്നെ ഒരുപാട് രോഗങ്ങളുടെ ഒരഭയാർത്ഥികേന്ദ്രമായിരുന്നു.ഇവറ്റകൾക്ക് നേതൃത്വം കൊടുത്തിരുന്നത് ,അക്കാലത്ത് സമൂഹത്തിലെ 'മാന്യന്മാരായ ' പ്രഷറും പ്രമേഹവുമൊക്കെ ആയിരുന്നതിനാൽ, രാക്കമ്മ ഇവറ്റയെ സ്വന്തം മക്കളേപ്പോലെ സ്നേഹിച്ചു.
രാക്കമ്മയുടെ സ്നേഹലാളനകളേറ്റ്, രോഗങ്ങൾ വളർന്നു.ശരീരം മുഴുവൻ നീരുവന്നു വീർത്ത് ,ഭീമാകാരം പൂണ്ട രാക്കമ്മ, ഇരവിഴുങ്ങിയ പെരുമ്പാമ്പിനേപ്പോലെ, കാലവൃക്ഷത്തിൽ നിന്നും കൊഴിഞ്ഞടർന്ന ഓർമ്മകൾക്കിടയിലൂടെ ,ഇഴഞ്ഞിഴഞ്ഞ് നീങ്ങി.
രോഗങ്ങൾ എലികളേ പ്പോലെ സർവ്വ സ്വാതന്ത്യത്തോടും കൂടി ,രാക്കമ്മയുടെ ഉള്ളിൽ കുട്ടിക്കളികൾ തുടർന്നു.
ആന്തരികാവയവങ്ങൾക്ക് കേടുവരുത്തി.ഹൃദയധമനികളിൽ കാഷ്ഠിച്ചു. അപ്പോഴും രാക്കമ്മ ചിരിച്ചു. ഇത്തരം വൈരുദ്ധ്യങ്ങളാണ് ,രാക്കമ്മയെ ശ്രദ്ധേയയാക്കുന്നത്.
അവർ അക്ഷോഭ്യയായിരുന്നു. വിളറിത്തുടുത്ത കവിളുകളിൽ ഉത്സാഹത്തിന്റെ ശോണിമ പടർന്നിരുന്നു. തിമിരമുള്ള കണ്ണുകളിലേക്ക് വിശ്വാസത്തിന്റെ പകൽ പടർന്നിറങ്ങി. വിധിയുടെ മുൻപിൽ രാക്കമ്മ നിർഭയം നിന്നു. ഒരു കാലഘട്ട ത്തിന്റെ കനൽ ശോഭയിൽ ജ്വലിക്കുന്ന സത്യമായി ,ആ ഗ്രാമ്യവന്യതയിൽ അവർ സ്പന്ദിച്ചു കൊണ്ടേയിരുന്നു.
പറയാൻ പാടുണ്ടോ എന്നറിയില്ല. എങ്കിലും പറയാം. രാക്കമ്മ ഒരു ഭക്ഷണപ്രിയയായിരുന്നു. അവരുടെ രോഗങ്ങൾ മാറാത്തതിന്റെ പ്രധാന കാരണവും അതുതന്നെ. രുചിയുള്ള ഭക്ഷണം കണ്ടാൽപ്പിന്നെ രാക്കമ്മയുടെ നാവിൽ ത്രിവേണീസംഗമമാണ്. ഡോക്ടറുടെ നിർദ്ധേശങ്ങൾ അവർ പാടേ അവഗണിക്കും.രോഗത്തിന്റെ മുൻപിലെന്നല്ല, മരണത്തിന്റെ മുൻപിൽ പോലും ,തന്റെ ഇഷ്ടാനിഷ്ടങ്ങളെ അടിയറ വെയ്ക്കാൻ രാക്കമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു.
ഇതൊക്കെ കഴിക്കാൻ പാടുണ്ടോ...? എന്നാരെങ്കിലും ചോദിച്ചാൽ, എന്തുകൊണ്ടു പാടില്ല ..? എന്ന മറുചോദ്യമാവും ഉത്തരം.
" ഡോക്ടർമാര് അങ്ങനെ പലതും പറയും, അതു കേട്ടിട്ട് നമ്മൾ വെള്ളം കുടിക്കാതെ ചാവണോ "..? - രാക്കമ്മയുടെ ഈ തർക്കുത്തരം കേട്ടാൽപ്പിന്നെ, മറ്റൊന്നും പറയാൻ ആർക്കും കഴിയില്ല.'' ഡോക്ടർമാര് പറയുന്നതിൽ കാര്യമില്ലേ..? എന്നാരെങ്കിലും തർക്കിച്ചാൽ, രാക്കമ്മ അവരുടെ വായടപ്പിക്കും. " സിഗരറ്റ് വലിക്കരുതെന്ന് എല്ലാരോടും പറഞ്ഞിട്ട് ,ഈ ഡോക്ടർമാര് എന്താ വലിക്കുന്നത്, ചക്കേടെ കൂഞ്ഞോ.?
രാക്കമ്മയുടെ ഈ വിപ്ലവ ചിന്തകളിൽ ഉപദേശ പ്രമാണിമാർ "പിച്ചച്ചട്ടി "എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
രാക്കമ്മ ഒരു വായാടിയും ആയിരുന്നു. പത്തടി നടക്കാൻ പത്തു മണിക്കൂർ വേണ്ടിയിരുന്ന രാക്കമ്മയ്ക്ക് ,ശബ്ദം ഒത്താണിയായിരുന്നു. വാൾത്തലപ്പുകൾ കൂട്ടിമുട്ടുന്നതു പോലെ യുള്ള അവരുടെ കിലുകിലാരവം അന്തരീക്ഷത്തെ സദാ ബഹളമയമാക്കിക്കൊണ്ടിരുന്നു. രാക്കമ്മ ഉറങ്ങിയാൽ നാടുറങ്ങി എന്ന് അയൽക്കാർ വല്ലപ്പോഴുമൊക്കെ പറഞ്ഞിരുന്നു.
ഏകാന്തത അവർക്ക് ഇഷ്ടമില്ലായിരുന്നു. നിശബ്ദതയോട് എന്നും അറപ്പും വെറുപ്പുമായിരുന്നു. മധ്യാഹ്നം കഴിഞ്ഞാൽ അയൽക്കാരികളായ പെണ്ണുങ്ങൾ, അവിടെ ഒത്തുകൂടും.അവരുടെ ഇടയിൽ ഒരു നാട്ടു പ്രമാണിയായി ചമഞ്ഞ് , രാക്കമ്മ നാട്ടുവിശേഷങ്ങൾ ചോദിച്ചറിയും. കുമാരീ കുമാരന്മാർ ഈ നാട്ടുകൂട്ടത്തെ വിശേഷിപ്പിച്ചിരുന്നത് ,പരദൂഷണക്കൂട്ടമെന്നാണ്. കാരണം, മിക്കവാറും ഇവർ പ്രതികളാക്കുന്നത് അവരെയായിരിക്കും. " പാക്കരന്റെ മോൾക്ക് കൊറച്ചു നെഗളിപ്പു കൂടുതലാ". ഏതെങ്കിലും ഒരംഗം രാക്കമ്മയുടെ മുൻപിൽ കുറ്റപത്രം സമർപ്പിക്കും.'ചങ്കരന്റെ മോനേക്കാണുമ്പം, അവ ടെ കൊഴഞ്ഞാട്ടമൊന്നു കാണേണ്ടതു തന്നെയാണേ... " - മറ്റൊരംഗം തെളിവു കൊടുക്കും.
സാക്ഷി വിസ്താരങ്ങൾ കഴിഞ്ഞ് രാക്കമ്മ വിധി പ്രസ്താവിക്കും. അവൾടെ തന്തേക്കാണുമ്പം കാര്യങ്ങളങ്ങ് പറഞ്ഞേക്ക് മീനാക്ഷീ... " :... പിന്നെ ആ ചങ്കരന്റെ മോനെ വീട്ടിക്കേറ്റരുത്...."
മീനാക്ഷി പ്രത്യേക ദൂതുമായി ഭാസ്ക്കരസവിധത്തിലേക്ക്. പിന്നീട് ഭാസ്ക്കരന്റ വീട്ടിലുണ്ടാകുന്ന കോലാഹലം പറയേണ്ടതുണ്ടോ..?
രാക്കമ്മയ്ക്കു കുറേ കോഴികളുണ്ടായിരുന്നു. അനുസരണയില്ലാത്ത വർഗ്ഗം എന്നാണ് രാക്കമ്മ ഇവറ്റകളെ വിശേഷിപ്പിച്ചിരുന്നത്. അയൽപക്കക്കാരായ 'സഹജ 'രോടൊപ്പം, രാക്കമ്മയുടെ കോഴികൾ തെണ്ടിത്തിരിഞ്ഞു നടക്കും. കൂടെയോടാനും, കൂട്ടിലാക്കാനും രാക്കമ്മയ്ക്കുണ്ടോ ആവുന്നു...?
സഹായിയായ പെൺകുട്ടിയെ വിട്ട്, റേഷൻകടയിൽ നിന്നു വാങ്ങുന്ന ഗോതമ്പുമണി കളുമായി ,രാക്കമ്മ തന്റെ ഓമനകളെ നീട്ടി വിളിക്കും..
....." കോഴി ബാ.... ബാ.... ബാ....."
അരി പാറ്റുന്നതു പോലെയുള്ള ഈ ശബ്ദതരംഗങ്ങൾ, തീറ്റ തിരഞ്ഞു കഷ്ടപ്പെടുന്ന 'കോഴിക്കൂട്ടത്തെ ' ആഹ്ളാദ ഭരിതരാക്കും.
തന്റെ കാല് ചുവട്ടിലേക്ക് ഓടിയടുക്കുന്ന സ്വന്തം കോഴികളോടൊപ്പം, അയൽപക്കക്കാരുടെ തെണ്ടിക്കോഴികളും പാഞ്ഞുവരുന്നതു കാണുമ്പോൾ ,രാക്കമ്മയ്ക്കു ദേഷ്യം വരും.ഉടൻ രാക്കമ്മ ബദ്ധപ്പെട്ട് ,തന്റെ കൈകൾ അന്തരീക്ഷത്തിലേക്കുയർത്തി, അവറ്റകളെ ആട്ടിയോടിക്കും.
" പോഴീ.. പോഴീ....'' ( പോ, കോഴീ എന്നു രാക്കമ്മ പറയുമ്പോൾ, പോഴീ എന്ന് ആയിപ്പോകുന്നതാണു കേട്ടോ... )
വിളിച്ചു വരുത്തിയിട്ട് ആട്ടിയോടിക്കുന്ന രാക്കമ്മയുടെ ഈ മര്യാദകേടിൽ പ്രതിഷേധിക്കാൻ നിൽക്കാതെ , കോഴിക്കൂട്ടം പിന്തിരിഞ്ഞോടും. കൂട്ടത്തിൽ രാക്കമ്മ യുടെ കോഴികളും. കടുത്ത നിരാശയോടെ രാക്കമ്മ കോഴിക്കൂട്ടത്തെ പ്രാകും." ഈ നശിച്ച ജന്തുക്കടെ എടേന്ന്, എന്റെ കുഞ്ഞുങ്ങളെ മാത്രം ഞാൻ എങ്ങനെ വിളിച്ചു വരുത്തും ഈശ്വരാ.....
സ്ഥിരമായി കേൾക്കുന്ന ഈ ശാപവചസ്സുകൾ കേട്ടിട്ടാവണം, കുട്ടികൾ രാക്കമ്മയെ "പ് രാക്കമ്മ' എന്നും വിളിച്ചിരുന്നു.
രാക്കമ്മയുടെ വീട്ടിൽ പത്തായം പോലൊരു റേഡിയോ ഉണ്ടായിരുന്നു. ഇടയ്ക്കിടെ രാക്കമ്മ ഈ റേഡിയോ തുറന്നു വെയ്ക്കും. കൗതുക വാർത്തയും കാക്കാരിശ്ശി നാടകവുമാണ് രാക്കമ്മയ്ക്കിഷ്ടം. കൗതുക വാർത്തകൾ കേൾക്കുമ്പോൾ, മനസ്സിൽ പതഞ്ഞു പൊങ്ങുന്ന അതിശയം തൂകിപ്പോകാതിരിക്കാൻ, രാക്കമ്മ ഭാനുവിനെ വിളിക്കും.
'പാനുവേ.... നീ ഇന്നു കൗതുക വാർത്ത കേട്ടോ ടീ....
തന്റെ അടുക്കളയിൽ അടുപ്പിലൂതിക്കൊണ്ടിരിക്കുന്ന ഭാനുവിന്, ഇതു കേൾക്കുമ്പോൾ അരിശം തികട്ടിവരും. എങ്കിലും സഹിഷ്ണുത മുറ്റി നില്ക്കുന്ന വാക്കുകൾ തപ്പിപ്പെറുക്കി, അവർ രാക്കമ്മയ്ക്ക് എറിഞ്ഞു കൊടുക്കും." എങ്ങനെ കേൾക്കാനാ.. രാക്കമ്മാ... കണ്ടില്ലേ.... ഈ മുടിഞ്ഞ അടുപ്പില് രാവിലെ മുതൽ ഊത്ത് തുടങ്ങിയതാ..പൊത്താനുള്ളതൊക്കെ തീർന്നു...
... ങാ.... എന്തോന്നാ കൗതുക വാർത്തേല്.....?
ഭാനുവിന്റെ ഈ ദുസ്ഥിതിയിൽ മനസ്സലിവുണ്ടായെങ്കിലും, രാക്കമ്മ വാർത്തയിൽ നിന്നു കിട്ടിയ കൗതുകം വിളമ്പി. " വടക്കങ്ങാണ്ട് ഒരു പെമ്പ്രന്നോർക്ക് ,ഒറ്റ പ്രസവത്തില് നാലു പിള്ളാരന്ന്.......
അടുപ്പിൽ തീ പിടിപ്പിച്ചതിലുള്ള ആശ്വാസത്തോടെ, ഭാനു രാക്കമ്മയുടെ കൗതുകത്തിൽ പങ്കു ചേർന്നു. "ആഹാ ,അപ്പോ, ആ പെമ്പ്ര ന്നോര് കൊറേ നെലവിളിച്ചു കാണുമല്ലോ.....
ഹാ...... ഹാ...... ഹാ... ഭാനുവിന്റെ നർമ്മബോധത്തെ രാക്കമ്മ സ്വാഗതം ചെയ്തു.
കാലങ്ങൾ ഇത്തരത്തിൽ കരഞ്ഞും, ചിരിച്ചും മുന്നോട്ടു പോകവേ.., ഒരിക്കൽ രാക്കമ്മയുടെ മുറ്റത്ത് ഒരു 'വെളുത്ത കാർ ' വന്നു നിന്നു. പൊടിപടലങ്ങളാൽ ആ കാറിന്റെ ബാഹ്യഭാഗം മലീമസമായിരുന്നു. അയൽക്കാർ അമ്പരന്നു. രാക്കമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ...?
അവരുടെ ആശങ്കകളകറ്റിക്കൊണ്ട്, കാറിനുള്ളിൽ നിന്നും മധ്യവയസ്സോടടുത്ത ഒരു സ്ത്രീയും പുരുഷനും, അവരുടെ കുട്ടികളും പുറത്തു വന്നു. " ങാഹാ .. രാക്കമ്മയുടെ മോളും കുടുംബോം വന്നല്ലോ..." എല്ലാവരുടേയും മുഖത്ത് അതിശയം. " രാക്കമ്മ ഇതേപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ലല്ലോ... - അവർക്കു പരിഭവം.
മകൾ രാക്കമ്മയുടെ മുൻപിലെത്തി. രാക്കമ്മ കരഞ്ഞു. മകളും. മരുമകൻ മാറിനിന്നു. രാക്കമ്മ പേരക്കുട്ടികളെ ഓരോരുത്തരെയായി അടുത്തു വിളിച്ചു. മൂർദ്ധാവിൽ ചുംബിച്ചു. കുട്ടികൾ രാക്കമ്മയോട് അടുക്കാൻ മടിച്ചു.അവർ അറപ്പോടെ അവരുടെ കൈകളകറ്റി, അമ്മയുടെ അടുത്തേയ്ക്കോടി.
കുട്ടികൾക്ക് ആ വീടും പരിസരവും നന്നേ ഇഷ്ടമായി. രാക്കമ്മ അവർക്കുവേണ്ടി പലഹാരങ്ങളും, പായസങ്ങളും ഉണ്ടാക്കിച്ചു. ഇതു വരെ അനുഭവിച്ചിട്ടില്ലാത്ത ' രുചികൾ ' അവരറിഞ്ഞു. അയലത്തെപ്പെണ്ണുങ്ങൾ അവരവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു. കായ വറുക്കാനും, ചമ്മന്തി ഇടിക്കാനും അവർ ഉത്സാഹം കാണിച്ചു. ആകെ ഒരുത്സവ പ്രതീതി.
രാക്കമ്മ കുട്ടികൾക്ക് യക്ഷിക്കഥകൾ പറഞ്ഞു കൊടുത്തു. പറമ്പിന്റെ വടക്കേ മൂലയ്ക്കുള്ള കാവിൽനിന്ന് ഒരു ' തീക്കുണ്ഡം' പറന്നു പറന്ന് പുഴയ്ക്കക്കരെയുള്ള യക്ഷിയമ്പലത്തിലേക്ക് പോകാറുണ്ടത്രേ.!
കുട്ടികളുടെ കണ്ണുകളിൽ ഭയത്തിന്റെ മിന്നൽപ്പിണരുകൾ! കറുത്തവാവിന്റെ രാത്രിയിൽ മരിച്ചവർ ഭൂമിയിലെത്തുമെന്നും, കൂട്ടത്തിൽ നിങ്ങളുടെ അപ്പൂപ്പനും വരുമെന്ന് രാക്കമ്മ കുട്ടികളോടു പറഞ്ഞു.
ഒരു കറുത്തവാവിന്റെ അന്ന്, രാക്കമ്മയുടെ ഭർത്താവ് മുറ്റത്തു വന്നു നിൽക്കുന്നത് രാക്കമ്മ കണ്ടുവത്രേ!
'രാക്കമ്മാ.. എനിക്കു കുറച്ചു വെള്ളം തരുമോ...'? - ഭർത്താവിന്റെ യാചന കേട്ട് ,രാക്കമ്മ പൊട്ടിക്കരഞ്ഞു.
പിന്നീട് രാക്കമ്മയ്ക്കു ബോധം തെളിഞ്ഞത് മൂന്നു ദിവസത്തിനു ശേഷമാണത്രേ!
കഥ കേട്ടുകൊണ്ടു വന്ന രാക്കമ്മയുടെ മകൾ കോപിച്ചു.
'അമ്മേ... കുട്ടികളുടെ മനസ്സിൽ അന്ധവിശ്വാസം കുത്തി വെയ്ക്കല്ലേ.... ' - രാക്കമ്മ കണ്ണുകളൊപ്പി. കുട്ടികൾ പരസ്പരം നോക്കി മിഴിച്ചിരുന്നു.
ഒരു ദിവസം മകൾ പറഞ്ഞു. 'അമ്മേ, ഞങ്ങൾ പോകുമ്പോൾ അമ്മയും കൂടെ വരണം'..
രാക്കമ്മ ഞെട്ടി. " വേണ്ട ,ഈ വീടും നാടുമൊക്കെ വിട്ട്..... വയ്യ മക്കളെ, നിന്റെ അച്ഛൻ എന്നോടു പൊറുക്കില്ല.... "
"ഒളക്കേടെ മൂട് ".... - മകൾ പൊട്ടിത്തെറിച്ചു.
"അമ്മ ഒറ്റയ്ക്ക് ഈ പട്ടിക്കാട്ടിൽക്കിടന്ന് നരകിക്കണോ? എന്തേലും സംഭവിച്ചാൽ ഇവിടെ ആരുണ്ട് നോക്കാൻ..?
ഞങ്ങൾക്ക് എപ്പോഴും ഓടിയോടി വരാൻ പറ്റില്ലെന്ന് അറിയില്ലേ...?
രാക്കമ്മ നിശബ്ദയായി..
" വീടും പറമ്പും വില്ക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് ".
രാക്കമ്മയുടെ കണ്ണിൽ കറുത്തവാവിന്റെ ഇരുളിറങ്ങി. മകൾ അവരുടെ മുൻപിൽ ഒരു പ്രേതാത്മാവിനേപ്പോലെ നിന്നു.
കാണെക്കാണെ.. മകളുടെ രൂപം മാറിമാറി വന്നു. കത്തുന്ന കണ്ണുകളും ,നീണ്ടു വരുന്ന ദംഷ്ട്രകളും. അതെ. മകളൊരു പ്രേതമായി മാറുകയാണ്. അവളുടെ നഖങ്ങൾ ,അവരുടെ കഴുത്തിൽ തറഞ്ഞിറങ്ങി.
രാക്കമ്മയ്ക്ക് ,ഭൂമി പിളരുന്നതുപോലെയും, ആകാശം ഇടിഞ്ഞു താഴേയ്ക്കു വരുന്നതായും തോന്നി. പറമ്പിലെ കാവിൽ നിന്ന്, ഒരു തീക്കുണ്ഡം പറന്നുയർന്ന്, അവരുടെ നെഞ്ചിലേക്കു പതിച്ചു.
ഒരു തേങ്ങലോടെ രാക്കമ്മ തളർന്നിരുന്നു.
രാക്കമ്മ പോകുകയാണ്. നീരുവന്ന കാലുകൾ വലിച്ചു വലിച്ച് അവർ കാറിനകത്തേക്ക് നടന്നു. മുഖത്ത് ദു:ഖങ്ങളൊന്നും കാണാനില്ല. കാറിനടുത്തു ചെന്നിട്ട് അവർ തിരിഞ്ഞു നിന്നു.
ഓർമ്മകളുടെ ശവകുടീരം പോലെ നില്ക്കുന്ന വീടിനേയും, നിറകണ്ണുകളുമായി നില്ക്കുന്ന കൂട്ടുകാരികളേയും നോക്കി അവർ പറഞ്ഞു. "നിങ്ങളാരും വിഷമിക്കണ്ട. ഞാൻ താഴോട്ടൊന്നും അല്ലല്ലോ പോകുന്നത്.മേലോട്ടല്ലേ...."
അതു പറഞ്ഞിട്ട് മുഖത്തു പുഞ്ചിരി വരുത്തി, അവർ ആ നഗര പേടകത്തിനുള്ളിൽ കയറിപ്പറ്റി.കാർ ഒരു മുരൾച്ചയോടെ മുന്നോട്ടു നീങ്ങുന്നത് ലക്ഷ്മിയമ്മയും, ഭാനുവും, മീനാക്ഷിയും... പിന്നെ ഒരുപാടു പേരും നോക്കി നിന്നു.നഗരം ദത്തെടുത്ത ഗ്രാമീണത യെ ,അവർ കൈവീശി യാത്രയാക്കി...
കുറച്ചു മാസങ്ങൾക്കു ശേഷം ,രാമേട്ടന് ഒരു സന്ദേശം കിട്ടി.ആരുടേയും ഉപദേശങ്ങൾ വക വെയ്ക്കാതെ ഫ്ലാറ്റിൽ ചുറ്റിനടന്ന രാക്കമ്മ, സ്റ്റെയർകേസിൽ നിന്നും കാൽ വഴുതി വീണ്......
ബാക്കി വായിക്കാൻ കഴിയാതെ തളർന്നിരുന്ന രാമേട്ടന്റെ കാതിൽ, തീവണ്ടിയുടെ ഇരമ്പത്തോടെ ആ ശബ്ദം അലയടിച്ചു......
" കോഴി ബാ..... ബാ..... ബാ.....

ബിജു മംഗലത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo