Slider

ഹാദിയയുടെ ഡിവോഴ്സ് ലെറ്റർ...

0
ഹാദിയയുടെ ഡിവോഴ്സ് ലെറ്റർ...
♡♡♡♡♡♡♡♡♡♡♡♡♡♡♡♡
എന്നെ ഏറെ പ്രിയമായ ഇക്കയ്ക്ക്,ഹാദിയ എഴുതുന്നത്,
ഇക്ക ലീവിന് വന്ന് കല്യാണവും കഴിഞ്ഞ് പോയിട്ട് 6 മാസത്തോളമായി...
അതിനിടയിൽ ഇക്ക എനിയ്ക്ക് വിളിച്ചത് വിരലിലെണ്ണാവുന്ന തവണ മാത്രം.
എനിയ്ക്കറിയാം ഞാൻ ഇക്കയെ കുറ്റപ്പെടുത്തുന്നില്ല.അല്ലെങ്കിലും കുറ്റവും കുറവും എനിയ്ക്കാണല്ലോ...?
കുറച്ച് ദിവസമായി ഇങ്ങനെ ഒരെഴുത്ത് എഴുതുന്നതിനെക്കുറിച്ച് ആലോചിയ്ക്കാൻ തുടങ്ങിയിട്ട്. എഴുതാതെ ഇക്ക വിളിക്കുമ്പോൾ പറഞ്ഞിട്ട് വീട്ടിലേയ്ക്ക് പോകാമെന്ന് ആദ്യം കരുതിയത്,പക്ഷേ ഓർത്തപ്പോൾ എനിയ്ക്കതിന് കഴിയില്ല,ഇക്കയോട് അങ്ങിനെ പറയാൻ...
അത്ര മാത്രം ഇക്ക എന്നെ സ്നേഹിച്ചിരുന്നതാണല്ലോ...
യത്തീമായിരുന്ന എന്നെ കുഞ്ഞുന്നാളിലേ മുതൽ ഇഷ്ടപ്പെട്ട്,വീട്ടുകാരുടേയൊക്കെ ഇഷ്ടക്കേട് അവഗണിച്ച് എനിയ്ക്ക് ഒരു ജീവിതം തന്ന് ഇത് വരെ ജിവിതത്തിൽ കൂടെ നിർത്തിയതാണല്ലോ...
എന്റെ കുറവ് അംഗീകരിച്ച് കൊണ്ട്,എന്നെ ഒരിയ്ക്കൽ പോലും കുറ്റപ്പെടുത്താതെ,
എന്നിലെ പ്രതീക്ഷയുടെ തിരിനാളമണയാതെ നിലനിർത്തി തന്ന്,ഞാൻ പലതവണ നിർബന്ധിച്ചിട്ടും,ഇക്കയുടെ വീട്ടുകാര് പിന്തുണച്ചിട്ടും വേറൊരു നിക്കാഹിന് ഇക്ക താത്പര്യം കാണിക്കാതെ എന്നെ തനിച്ചാക്കാതെ,എനിയ്ക്ക് നിയും നിനക്ക് ഞാനും മാത്രം മതിയെന്ന് പറഞ്ഞ ഇക്കയുടെ ആ വാക്കുകളും മനസ്സും മാത്രം മതി എനിയ്ക്ക് ശിഷ്ട ജീവിതം ഒറ്റയ്ക്ക് കഴിച്ച് കൂട്ടുവാൻ...
ഇക്കയെ ആരും കുറ്റപ്പെടുത്തില്ല, കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞിന് വേണ്ടി,ഒന്നും രണ്ടുമല്ല നീണ്ട 17 വർഷങ്ങൾ ഇക്ക എനിയ്ക്ക് തന്നില്ലേ,കാത്തിരുന്നില്ലേ...
എത്ര ലക്ഷങ്ങളാണ് ഇക്ക
ആ പൊരിവെയിലിൽ പണിയെടുത്ത് എനിയ്ക്കായി ചെലവഴിച്ചത് ചികിത്സക്ക്.മരുന്നും ഇഞ്ചക്ഷനും ഹിസ്റ്ററോസ്കോപ്പിയും സർജറിയും എംബ്രിയോ ട്രാൻസഫറും എല്ലാം നാം ചെയ്തില്ലേ...
എന്ത് ചെയ്യാം,പടച്ചവൻ നമുക്ക് വിധിച്ചിട്ടില്ല ഒരു കുഞ്ഞിനെ...
ഇനിയിപ്പോ നമുക്കെന്ന് പറയാൻ പാടില്ലല്ലോ,എനിയ്ക്ക്...
ഒരു പക്ഷേ ഇപ്പോൾ ഇക്ക ഫൈഹയ്ക്ക് വിളിക്കുകയായിരിയ്ക്കും,
അതിലെനിയ്ക്ക് വിഷമവും പരിഭവവുമില്ല...
അവളും എന്നേപ്പോലെ ഇക്ക നിക്കാഹ് കഴിച്ച,ഇക്കയുടെ ആദ്യത്തെ കൺമണിയെ പ്രസവിച്ച് തരാൻ പോകുന്നവളല്ലേ...
ഇക്കയ്ക്ക് ഒരു കുട്ടിയുണ്ടാവുന്നതിൽ എനിയ്ക്ക് സന്തോഷമേയുള്ളൂ...
എനിയ്ക്ക് ഒരിയ്ക്കലും ഒരു കുഞ്ഞിന്റെ
ഉമ്മയാവാൻ കഴിയില്ല എന്ന് ഡോക്ടർ അന്തിമവിധി പറഞ്ഞ ദിവസം ഭൂമി തലകീഴെ മറിയുന്നതായി തോന്നി,കുഴഞ്ഞ് വീഴാൻ തുടങ്ങിയ എന്നെ താങ്ങി കൊണ്ടാണല്ലോ ഇക്ക പറഞ്ഞത്,വിഷമിക്കണ്ട ഹാദി,
എനിയ്ക്ക് നീയും നിനക്ക് ഞാനും മതിയെന്ന്....
ഇത് പടച്ചവന്റെ നിശ്ചയമാണ്, ഫൈഹ ഇക്കയുടെ രണ്ടാം ഭാര്യയായി വരാന്നുള്ളത്,അല്ലെങ്കിൽ ഖത്തറിൽ ഇക്കയുടെ കമ്പനിയിൽ ഡ്രൈവറായിരുന്ന ഫൈഹയുടെ ഭർത്താവ് അവിടെ ആക്സിഡന്റിൽ മരിയ്ക്കുവാനും ആ മയ്യിത്ത് നാട്ടിലേയ്ക്ക് അയച്ചപ്പോൾ,
കമ്പനിയിൽ നിന്ന് ഇക്കയെ കൂടെ അയച്ചതും,ഫൈഹയെയും അവരുടെ 5ഉം 3ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെയും ഇക്ക കാണാൻ ഇടവന്നതും എല്ലാം....
തിരിച്ച് ഖത്തറിലെത്തിയ മക്കളില്ലാത്ത ഇക്കയോട്,മരണപ്പെട്ട സഹപ്രവർത്തകന്റെ കുടുംബത്തിന് താങ്ങും തണലുമായി ഫൈഹയെ രണ്ടാം വിവാഹം കഴിച്ച് കൂടെ എന്ന് ചോദിച്ച ഇക്കയുടെ ആ സഹപ്രവർത്തകരേയും ഞാൻ കുറ്റപ്പെടുത്തിന്നുല്ല,അനാഥമായ ഒരു കുടുംബത്തിന്റെ സംരക്ഷണവും ഉത്തരവാദിത്വവും ഏറ്റെടുത്ത് അവരെ സംരക്ഷിയ്ക്കുവാൻ തയ്യാറായത് ഇക്കയുടെ നല്ല മനസ്സ് തന്നെ,അതും എന്റെ സമ്മതത്തോടും ഇഷ്ടത്തോടും....
എന്നിട്ടും എന്നോടുള്ള സനേഹം കൊണ്ട് ഫൈഹയെ ഇക്ക ഇതുവരേ ഇവിടേയ്ക്ക് കൂട്ടി കൊണ്ടുവരാതെ അവളുടെ വീട്ടിൽ തന്നെ നിർത്തിയിരിയ്ക്കകയല്ലേ...
ഇനി അത് വേണ്ട,ഇക്ക പണിത ഈ വീടും സൗകര്യങ്ങളും അവൾക്കും രണ്ട് മൂന്ന് മാസം കഴിഞ്ഞ് പിറക്കാൻ പേൂകുന്ന നിങ്ങളുടെ കുഞ്ഞിനും അവകാശപ്പെട്ടതാണ്.
അതുകൊണ്ട് ഞാൻ എന്റെ വീട്ടിലേയ്ക്ക് ഒറ്റയ്ക്ക് കഴിയുന്ന ഉമ്മയുടെ അടുത്തേയ്ക്ക് പോകുകയാണ്...
ഇനി ഒരിയ്ക്കലും ഞാൻ ഇവിടേയ്ക്ക് വരില്ല,ഒന്നിനും നിങ്ങളെ ശല്യപ്പെടുത്തില്ല,
ഒരവകാശവും ഞാൻ ചോദിയ്ക്കില്ല...
നാട്ടിൽ വരുമ്പോൾ ഇക്കയ്ക്ക് എന്നെ കാണണമെന്ന് തോന്നിയാൽ,ആ അവകാശവും സ്വാതന്ത്ര്യവും മരണം വരെ ഇക്കയ്ക്ക് ഉണ്ടാകും...
ഇത് ഇക്കയ്ക്കുള്ള എന്റെ അവസാനത്തെ കത്താണ്...
ഇക്കഎന്നോട് ഇതുവരേ കാണിച്ച സ്നേഹത്തിനും ഇഷ്ടത്തിനും
മനസ്സിൽ നിറഞ്ഞ നന്ദി സുക്ഷിച്ച് കൊണ്ട്,ഫൈഹയും മക്കളുമൊത്തുള്ള
സന്തോഷം നിറഞ്ഞ കുടുംജീവിതം ഇക്കായ്ക്ക് ആശംസിച്ച് കൊണ്ട് ഈ കത്ത് ഞാൻ നിർത്തുന്നു,ഇക്കയോട് വിടപറഞ്ഞ് പിരിയുന്നു,വിങ്ങുന്ന ഹൃദയത്തോടെയും തേങ്ങൂന്ന മനസ്സോടെയും, എന്നേയ്ക്കുമായി   
ഇക്കയുടെ മാത്രമായ,എല്ലാമായിരുന്ന
...സ്വന്തം ഹാദിയ...
ഹാഷിം...കുന്നുകര,ആലുവ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo