അവൾ
~~~~~
~~~~~
ഫേസ്ബുക്കിൽ വരുന്ന റിക്‌സ്റ്റെല്ലാം സ്വീകരിച്ചു സുഹൃത്തുക്കളുടെ എണ്ണം നാലായിരം കഴിഞ്ഞു. ആറുമാസം പ്രായമുള്ള കുഞ്ഞും താനും മാത്രമുള്ള ഒരിക്കലും പണിതീരാത്ത ഈ കൊട്ടാരത്തിൽ ഏകാന്തത ഭ്രാന്തിലേക്കു വഴി മാറുന്ന നേരത്താണ് അവനെ കൂട്ടായി കിട്ടിയത്. സുഖമാണോ എന്തെങ്കിലും വേണോ എന്ന പതിവ് ചോദ്യങ്ങളൊഴിച്ചാൽ ഒട്ടും റൊമാന്റിക് അല്ലാത്ത ഒരു ഭർത്താവ്. ഗൾഫിൽ നിന്നും ഇഷ്ടം പോലെ പണമയക്കുന്നുണ്ട്.വന്നുവന്നു അവൾക്കിപ്പോൾ അയാളൊരു പണമുണ്ടാക്കുന്ന മെഷീനായി മാറി. ഒരു നിർ വികാര ജീവി.
മെസഞ്ചറിൽ വരുന്ന ചോദ്യങ്ങൾക്കൊക്കെ മറുപടികൊടുത്തും പരിചയമില്ലാത്തവരുടെ ഫോൺകാൾ അറ്റൻഡ് ചെയ്തും അവൾ സമയം കൊന്നു. അങ്ങനെ അവിചാരിതമായാണ് അവനെ പരിചയപ്പെട്ടത്. പ്രായത്തിൽ അവൻ രണ്ടുവയസ്സിനു ഇളയതാണത്രേ. എത്ര മാന്യമായ ഇടപെടൽ. ഫേസ്ബുക്കിലെ പേരും ഫോട്ടോയും എല്ലാം കളവാണെന്ന് അവൻ അവളോട് തുറന്നു പറഞ്ഞു. ശരിക്കുള്ള ഫോട്ടോ അവൾക്കയച്ചുകൊടുത്തു. അവളും കൊടുത്തു ശരിയായ തന്റെ രൂപം. ആ ബന്ധം അങ്ങനെ വളർന്നു. ഇത്ര റൊമാന്റിക് ആയ ഒരാളെ അവളൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. പെട്ടന്നൊരു ദിവസം അവന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ആയി. അവൾ മൊബൈലിൽ വിളിച്ചു. അത് സ്വിച്ച് ഓഫ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ വീണ്ടും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. തന്റെ സാമ്പത്തിക പരാധീനതകൾ വ്യക്തമാക്കി. ഏറെ നേരം നിർബന്ധിച്ചശേഷം അവൻ മടിച്ചു മടിച്ചു തന്റെ അക്കൗണ്ട് നമ്പർഅവൾക്കു നൽകി. അവനാവശ്യപ്പെടാതെത്തന്നെ ഒരു നല്ല തുക അവൾ അയച്ചുകൊടുത്തു. ഇത്രയും നല്ലൊരു സ്ത്രീയെ അതും പറയാതെതന്നെ കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു പെണ്ണിനെ അവനാദ്യമാണ് കാണുന്നതെന്ന് അറിയിച്ചു. അവിവാഹിതയായിരുന്നെങ്കിൽ എന്ത് പ്രതിബന്ധങ്ങളുണ്ടായിരുന്നെങ്കിലും അവളെ ജീവിതസഖിയാക്കിയേനെ എന്നൊരു വാക്യം കൂടി അവൻ പറഞ്ഞു. ആ വാക്കുകൾ അവൾ മനസ്സിലിട്ടു ഊതി വലുതാക്കി.. പാലിന് വേണ്ടി കരയുന്ന കുഞ്ഞിനെ അവൾ അറപ്പോടെ നോക്കി.. ഒരു രാത്രി തന്റെ പ്രണയം അവളവനോട് തുറന്നു പറഞ്ഞു. അവർ ഒരുമിച്ചു പലതും പ്ലാൻ ചെയ്തു. ഭർത്താവ് അവൾക്കയക്കുന്ന പണത്തിന്റെ ഒട്ടുമുക്കാലും അവന്റെ അക്കൗണ്ടിലേക്കു ഒഴുകിത്തുടങ്ങി. ഇനിയും രണ്ടു ധ്രുവങ്ങളിലായി കഴിയാൻ പറ്റില്ലാന്ന് തിരിച്ചറിഞ്ഞ ദിവസം അവൾ എടുക്കാവുന്നിടത്തോളം പണവും ആഭരണങ്ങളുമായി വീടുവിട്ടിറങ്ങി. അവൻ നൽകിയ അഡ്രസ്സും തേടി...
നിർത്താതെ കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ അവൾ നന്നെ ശ്രമിച്ചു. വഴിയിൽ ഇരുട്ടത്ത് കണ്ട കഴുകാൻ കണ്ണുകളെ അവഗണിച്ചു. ഒരു ദിവസം കഴിഞ്ഞു.. രാത്രിയോടെ അവളൊരു ഓട്ടോസ്റ്റാന്റിലെത്തി. കയ്യിലിരുന്ന അഡ്രസ് അവൾ ഓട്ടോഡ്രൈവറെ കാണിച്ചു. ഓട്ടോ ഒരു ചേരിയിലെത്തി.. അഴുക്കു ചുവരുകളുള്ള ഒരു നാലുനില കെട്ടിടം. അന്തം വിട്ട്നിന്ന അവൾ മൊബൈൽ എടുത്തു അവനെ വിളിച്ചു. അവൻ പറഞ്ഞ റൂം ലക്ഷ്യമാക്കി അവൾ നടന്നു. തുറന്നു കിടന്ന വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ച അവൾ അമ്പരന്നുപോയി. ഒഴിഞ്ഞ കുപ്പികളും ഗ്ലാസുകളും....ആഷ് ട്രേ നിറഞ്ഞിരിക്കുന്ന സിഗററ്റ് കുറ്റികൾ...കൂടെ മൂന്നു ചെറുപ്പക്കാരും. അവനെവിടെ എന്ന ചോദ്യത്തിന് മറുപടിയായി കിട്ടിയത് പൊട്ടിച്ചിരികളായിരുന്നു.. ആ മൂന്നുപേരിലും അവൾ തേടുന്ന അവനുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ അവൾ തിരിഞ്ഞോടി.. പക്ഷെ വന്ന വഴികളെല്ലാം ആരൊക്കെയോചേർന്ന് അടച്ചുപൂട്ടിയിരുന്നു.. നെഞ്ചോരം ചേർന്നുറങ്ങുന്ന പിഞ്ചോമനയെ ആരൊക്കെയോ ചേർന്ന് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു.. മുറിയിലെവിടെയോ വീണു കരയുന്ന കുഞ്ഞിന്റെ സ്വരംനേർത്തു നേർത്തു വന്നു.. കൂടെ അവളുടെ കാഴ്ചയും.. ഒടുവിലെല്ലാം നഷ്ടമാകുമെന്നുറപ്പ് വന്നപ്പോൾ അവളാ മുഖം ഓർത്തു ഏറെക്കാലമായി മറന്നിരുന്നആ മുഖം.. കത്തുന്ന സൂര്യനെ വകവെക്കാതെ നെറ്റിയിലൂറുന്ന വിയർപ്പുമണികളിൽ അന്നം കണ്ടെത്തുന്ന ആ മനുഷ്യനെ..
uma

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക