പെണ്ണുകാണൽ
++++++++++++++
++++++++++++++
"ഈ ആലോചന എന്തായാലും നടക്കും എനിയ്ക്ക് ഉറപ്പുണ്ട്, പെണ്ണിനു പൂവൻ പഴത്തിന്റെ നിറമുണ്ട് നീ ഒന്നു കണ്ടു നോക്ക് "
ചെളി വെള്ളം കെട്ടി നിൽക്കുന്ന നടവഴിയിലൂടെ പെണ്ണിന്റെ വീടു ലക്ഷ്യമാക്കി നടക്കുമ്പോൾ ബ്രോക്കർ കുമാരേട്ടൻ പറഞ്ഞു.
"നല്ലൊരു വഴിപോലുമില്ലല്ലോ കുമാരേട്ടാ?" ബാബു ചോദിച്ചു.
"അതിനെന്താ മോനെ,ഇത് രണ്ടു കൊട്ട മണ്ണിട്ടാൽ അസ്സൽ വഴിയാവില്ലെ;പിന്നെ ബൈക്ക് ആ കാണുന്ന വീട്ടിൽ വെയ്ക്കാം ഇവരുടെ ബന്ധുക്കളാണ് "
അടുത്ത വീട്ടിലേക്ക് കൈ ചൂണ്ടി കൊണ്ടു കുമാരേട്ടൻ പറഞ്ഞു.
അടുത്ത വീട്ടിലേക്ക് കൈ ചൂണ്ടി കൊണ്ടു കുമാരേട്ടൻ പറഞ്ഞു.
"ഇതെങ്കിലും ഒന്നു നടന്നാൽ മതിയായിരുന്നു,ഇതടക്കം ഇപ്പോൾ ഇരുന്നൂറ്റി പത്തെണ്ണമായി,നിന്റെ ഒരു യോഗം" ബാബുവിന്റെ തോളിൽ തട്ടി കൊണ്ട് കൂട്ടുകാരനായ ദിനേശൻ പറഞ്ഞു.
'നിന്റെ യോഗം നല്ലതാണല്ലോ സകലയിടത്തു നിന്നും മിച്ചറും, ലഡുവും തിന്നാമല്ലോ' എന്ന് ബാബു മനസിൽ പറഞ്ഞു.
"ആ പിന്നെ ബാബോ കുട്ടിയോട് പഠിപ്പിന്റെ കാര്യമോന്നും ചോദിക്കെണ്ട,അപ്പോ അവൾ നിന്റെ യോഗ്യത ചോദിക്കും അത് പിന്നെ പ്രശ്നമാകും"
പത്താം ക്ലാസുകാരനായ കൂട്ടുകാരനെ ഒന്നു താങ്ങി കൊണ്ടു ദിനേശൻ ഉപദേശരൂപേണ പറഞ്ഞു.
"അതെ മോനെ ദിനേശ നീ എനിക്ക് വല്യ ഉപദേശമൊന്നു തരേണ്ട ,മിച്ചറും, ലഡുവും ആക്ര പൂണ്ട് തിന്നിട്ട് എന്റെ മാനം കളയാതിരുന്നാൽ മതി" ബാബു പറഞ്ഞു.
"നിന്റെ കൂടെ വരുന്ന എന്നെ വേണം തല്ലാൻ,ഇന്നും പണിക്ക് പോകാൻ പറ്റിയില്ല "
"എന്തോ,അയ്യട കേട്ടാൽ തോന്നും എന്നും പണിക്കു പോകുന്ന ആളാണെന്ന്,വല്ലാണ്ട് തള്ളല്ലെ മോനെ"
പഴയ രീതിയിലുള്ള ഓടു മേഞ്ഞ ഒരു ചെറിയ വീട്.മുറ്റത്തുള്ള കിണറ്റിന്റെ അരികിൽ വെള്ളം തെളിയിക്കാൻ വെച്ചു കെട്ടിയ ഓട്ടയുള്ള അലുമിനിയം ബക്കറ്റും മറ്റു സാമഗ്രികളും.
ഒറ്റ നോട്ടത്തിൽ തന്റെ ചുറ്റുപാടുകൾ ഇതിലും ഭേദമാണെന്നു ബാബുവിനു തോന്നി.
"ഇത് എന്റെ അച്ഛനാണു"
തുണി കസേരയിൽ ചാരിയിരിക്കുന്ന വൃദ്ധനെ നോക്കി പെണ്ണിന്റെ അച്ഛൻ പറഞ്ഞു.
"എനിക്ക് വാർക്ക പണിയാണ്,
മൂന്നു മക്കളാണു,മൂത്തവളുടെ കല്യാണം കഴിഞ്ഞു,രണ്ടാമത്തവൻ ബസിൽ കണ്ടക്റ്ററായി പോകുന്നു."പെണ്ണിന്റെ അച്ഛ ഇത്രയും പറഞ്ഞു നിർത്തി.
മൂന്നു മക്കളാണു,മൂത്തവളുടെ കല്യാണം കഴിഞ്ഞു,രണ്ടാമത്തവൻ ബസിൽ കണ്ടക്റ്ററായി പോകുന്നു."പെണ്ണിന്റെ അച്ഛ ഇത്രയും പറഞ്ഞു നിർത്തി.
"എന്നാൽ ഇനി കുട്ടിയെ ഒന്നു കാണാർന്നു" കുമാരേട്ടൻ പറഞ്ഞു.
രസന കലക്കിയ വെള്ളവുമായി പെൺകുട്ടി വന്നു.കൂടെ കഴിക്കാൻ ഒന്നുമില്ലെന്നു കണ്ടപ്പോൾ ദിനേശന്റെ മുഖം വാടി.
കുമാരേട്ടൻ പറഞ്ഞതു പോലെ പെണ്ണു നല്ല വെളുത്തിട്ടാണു.തള്ളി വരുന്ന പല്ലുകളെ കമ്പിയിട്ടു കെട്ടിയിട്ടുണ്ട്.മുടിക്ക് നീളം കുറവാണു.അത്ര ചെറുപ്പമല്ല ഇരുപത്തിയഞ്ചു വയസ്സിൽ കൂടുതൽ തോന്നിക്കും.
"മോള് ഡിഗ്രിക്ക് ചേർന്നിരുന്നു മുഴുവനാക്കിയിട്ടില്ല"അച്ഛൻ പറഞ്ഞു.
ഡിഗ്രി തോറ്റതാണെന്ന് ബാബുവിനു മനസിലായി.
"മോൻ ഏതു ഡിപ്പാർറ്റുമെന്റിലാണു ജോലി ചെയ്യുന്നതു"
"ഡിപ്പാർറ്റുമെന്റിലോ?ഞാൻ സ്വന്തമായി മൊബയിൽ കട നടത്തുകയാണു"
നിങ്ങളെ ഞാൻ ശരിയാക്കി തരാം എന്ന മട്ടിൽ കുമാരേട്ടനെ നോക്കി കൊണ്ട് ബാബു പറഞ്ഞു. അതു കേട്ടതും പെണ്ണ് ചവുട്ടി കുലുക്കി അകത്തേക്കു പോയി.
"അല്ല കുമാര ഞാൻ നിന്നോട് പറഞ്ഞിട്ടില്ലെ,മോൾക്ക് സർക്കാർ ജോലിയുള്ള ആളെ മതിയെന്ന് "പെണ്ണിന്റെ അച്ഛൻ പറഞ്ഞു.
"അല്ല അത് പിന്നെ സുബ്രു,ഇവന് ഒരു ദിവസം രണ്ടായിരത്തിനു മുകളിൽ വരുമാനമുണ്ട് "
ബാബുവിന്റെ പെരുവിരലിൽ നിന്നും ദേഷ്യം ഇഴഞ്ഞിഴഞ്ഞു തലച്ചോറിലെത്തിയിരുന്നു.
"ഇതു ശരിയാകില്ല ഞങ്ങൾക്ക് സർക്കാർ ജോലി ഉളളവരെ മതി" സുബ്രു പറഞ്ഞു.
"നിങ്ങൾക്ക് വാർക്ക പണി,മോൻ കണ്ടക്റ്റർ,മൂത്തവൾക്ക് ഒരു ജോലിയുമില്ല,ഇളയവൾ ഡിഗ്രി തോറ്റു നിൽക്കുന്നു,ഭാര്യക്ക് അടുക്കള പണി,എന്നിട്ട് കെട്ടാൻ വരുന്ന ചെക്കനു സർക്കാർ ജോലി വേണമെന്ന്,മനുഷ്യനായാൽ ഉളുപ്പു വേണം ഉളുപ്പ് "എന്നു പറഞ്ഞു പെണ്ണിന്റെ അച്ഛനെ നോക്കി നീട്ടി ഒരു തുപ്പ് തുപ്പി ബാബു ഇറങ്ങി നടന്നു പിന്നാലെ കുമാരേട്ടനും ദിനേശും.
"മോനെ ബാബു നമുക്ക് വേറെ നോക്കാം" കുമാരേട്ടൻ പറഞ്ഞു.
" എന്റെ പൊന്നു കുമാരേട്ട നിങ്ങൾക്ക് ചായ കുടിക്കാൻ നൂറോ ഇരുന്നൂറോ ഞാൻ തരാം ഇതു പോലെയുള്ള കേസുമായി വരല്ലെ"കൈ കൂപ്പി കൊണ്ടു ബാബു പറഞ്ഞു.
"തെണ്ടികൾ ഒരു നല്ല ചായ പോലും തന്നില്ല" ദിനേശൻ നിരാശയോടെ പറഞ്ഞു.
"ആളിവിടെ വട്ടു പിടിച്ചു നിൽക്കുമ്പോഴാ അവന്റെ ഒരു തീറ്റി ഭ്രാന്ത് " താഴെ കിടന്ന കല്ലെടുത്ത് ദിനേശനു നേരെ ഓങ്ങി കൊണ്ട് ബാബു അലറി.
(സത്യത്തിൽ നാട്ടിലെ ചെറുപ്പക്കാർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.ഒരിക്കൽ പഠനം മുടങ്ങിയാൽ പിന്നെ ജീവിക്കാൻ വേണ്ടി എന്തെങ്കിലും ജോലിയിൽ ഏർപ്പെടും.പിന്നെ അതുമായി മുന്നോട്ട് പോകും.പെൺ കുട്ടികൾ വിവാഹ സമയമാവുമ്പോഴെക്കും രണ്ടോ മൂന്നോ സർറ്റിഫിക്കറ്റുകൾ ഒപ്പിച്ചെടുക്കും.എല്ലാവർക്കും സർക്കാർ ജോലിക്കാരെ മതി.പാവം ആൺകുട്ടികൾ.)
Pradeep

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക