Slider

#ശിക്ഷ

0
''''ജമീലാത്താ... ഇങ്ങളറിഞ്ഞോ... ഇങ്ങൾടെ മോൾടെ ചെങ്ങായിച്ചിയില്ലേ... ആ ദുബായിക്കാരൻ മനോജിന്റെ മകള്... ആ കുട്ടി ഇന്നലെ രാത്രി തൂങ്ങിത്തീർന്നൂത്രേ... പോലീസുകാരൊക്കെ വന്നിട്ടുണ്ട്ന്ന് പറയുന്നത് കേട്ടു... ഞാനൊന്നവിടെ വരെ ഒന്നു പോയി നോക്കട്ടേ...''
രാവിലെത്തന്നെ അപ്പുറത്തെ വീട്ടിലെ റസിയാത്താടെ ഈ വർത്താനം കേട്ടുകൊണ്ടാണ് ഞാൻ പുറത്തേക്ക് വന്നത്....
കേട്ടപാതി കേൾക്കാത്ത പാതി ഉമ്മാടെ തലയിൽ കിടന്നിരുന്ന മക്കനയും വലിച്ചൂരി ഞാൻ ഗൗരിയുടെ വീട്ടിലേക്കോടി....
റസിയാത്ത പറഞ്ഞതൊന്നും സത്യമാവരുതെന്ന് പടച്ചോനോട് ഉള്ളുരുകിപ്പറഞ്ഞ് ഓട്ടത്തിന്റെ സ്പീഡ് കൂട്ടി...
ദൂരെ നിന്നു തന്നെ ഞാൻ കണ്ടു ഗൗരിയുടെ വീടിന്റെ മുമ്പിൽ നിർത്തിയിട്ട ആംബുലൻസും പോലീസ് ജീപ്പും...
എത്ര സ്പീഡിൽ ഓടിയിട്ടും അവളുടെ വീട്ടിലേക്കുള്ള ദൂരം കൂടിക്കൊണ്ടിരുന്ന പോലെ... കയ്യും കാലുമൊക്കെ തളരുന്ന പോലെ....
വിവരമറിഞ്ഞ് വീട്ടുമുറ്റത്ത് തടിച്ചു കൂടിയ ആൾക്കൂട്ടത്തെ കണ്ട് ഞാൻ തരിച്ചു...
പോലീസുകാരും നാട്ടുകാരും കൂടി അവളുടെ ജീവനില്ലാത്ത ശരീരം പോസ്റ്റുമോർട്ടം ചെയ്യാൻ കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് കയറ്റുന്നു.....
അവിടെ തിങ്ങിക്കൂടിയ ജനങ്ങളിൽ ചിലർ അടക്കം പറയുന്നുമുണ്ട്...
''കൂടെ പഠിക്കുന്ന ഒരുത്തനുമായി എന്തൊക്കെയോ അരുതാത്ത ബന്ധം ഉണ്ടായിരുന്നു... അത് തകർന്നതിന്റെ നിരാശയിൽ തൂങ്ങിയതാണ്....'' എന്നൊക്കെ...
പ്രേമനെെരാശ്യത്തിന്റെ പേരിൽ അവളൊരിക്കലും തൂങ്ങി മരിക്കില്ല... കാരണം അവൾക്ക് ആരോടും പ്രണയം ഇല്ലെന്ന് അവരോട് വിളിച്ചു പറയണം എന്നുണ്ടായിരുന്നു എനിക്ക്... പക്ഷെ എന്തു കൊണ്ടോ ആ സമയത്ത് എനിക്കതിന് കഴിഞ്ഞില്ല...
അവിടെ അധികം സമയം നിൽക്കാൻ എന്റെ മനസ്സെന്നെ അനുവദിച്ചില്ല.... ഞാൻ തിരിച്ചു വീട്ടിലേക്കു പോന്നു....
വീടിന്റെ ഉമ്മറപ്പടിയിൽ തളർന്നിരിക്കുന്ന എന്റെടുത്തേക്ക് ഉമ്മ വന്നു ചോദിച്ചു...
''എന്താണുണ്ടായേ.... എന്തിനാണ് ആ കുട്ടി ഈ കടും കെെ ചെയ്തേ...'' എന്ന്....
''ഉമ്മാ... ഓള് സ്വയം തൂങ്ങിമരിക്കൂല്ല... അതെനിക്ക് നല്ല പോലെ അറിയും...ഓളെ കൊന്നതാണുമ്മാ..... ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോ കൂടി ഓള് ഇന്നോട് പറഞ്ഞതാണ് എല്ലാം... ഒാളെ നിക്കറിയുന്ന പോലെ ഈ ദുനിയാവില് വേറൊരാൾക്കും അറിയൂല്ല...''
ഉമ്മാടെ തോളില് തല വെച്ച് ഞാൻ പൊട്ടിക്കരഞ്ഞു...
എന്നെ ആശ്വസിപ്പിക്കാനെന്നോണം ഉമ്മ എന്തൊക്കെയോ പറയുന്നുണ്ട്... ഞാൻ ഒന്നും കേട്ടതേയില്ല... എന്റെ മനസ്സു മുഴുവൻ അവളെ ആംബുലൻസിലേക്ക് കയറ്റുന്ന ആ രംഗമായിരുന്നു....
ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടിക്കൊണ്ടാണ് ഞാൻ ഗൗരിയുടെ വീട്ടിലെത്തിയത്...
എന്നെ കണ്ടപ്പോൾ അവളുടെ അമ്മ തേങ്ങി തേങ്ങിക്കരയാൻ തുടങ്ങി....
ചുറ്റിലും കൂടി നിന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.....
പക്ഷെ എനിക്കിതെല്ലാം കണ്ടപ്പോൾ അവരോട് സഹതാപമാണ് തോന്നിയിരുന്നത്.....
എല്ലാവരും ഒഴിഞ്ഞു പോയെന്ന് ഉറപ്പു വരുത്തി ഞാൻ ആ സ്ത്രീയുടെ അടുത്ത് വന്ന് ചോദിച്ചു....
''ഇങ്ങള് ന്റെ ഗൗരീനെ കൊന്നതല്ലേ....?
പിന്നെ ആരെക്കാണിക്കാനാ ഈ കള്ളക്കരച്ചിൽ....?
ആരുടെ സിംപതി പിടിച്ചു പറ്റാനാണ് ഈ നാടകം....?
ഇങ്ങളൊരു അമ്മയല്ലേ....?
ഇങ്ങള് തന്നെയല്ലേ ഓളെ പ്രസവിച്ചത്...?
ഓള് മരിക്കുന്നതിന്റെ തലേ ദിവസം വരെയുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ ഓള് എന്നോട് പറഞ്ഞിട്ടുണ്ട്...
കൂട്ടത്തിൽ ഇങ്ങളുടെ കാര്യവും...
ഇങ്ങളുടെ അവിഹിത ബന്ധത്തിന്റെ കാര്യവും...
ചിന്തിക്കാനുള്ള ബുദ്ധിയും വിവേകവും ഗൗരിക്കുണ്ടെന്നുള്ള കാര്യം ഇങ്ങളെന്തേ മറന്നു പോയത്....?
പല തവണ ഓളിങ്ങളോട് പറഞ്ഞതല്ലേ... അമ്മ ഈ ചെയ്യുന്നത് ശരിയല്ലെന്ന്....
ഇങ്ങക്കറിയോ അവസാനമായി ഓളിന്നോട് പറഞ്ഞതെന്താണെന്ന്....?
''എന്റെ അമ്മയെ എനിക്ക് തിരിച്ചു വേണം... ആ നശിച്ച ബന്ധങ്ങളിൽ നിന്നെല്ലാം എന്റമ്മയെ മോചിപ്പിക്കണം... ഇത്രയും നാളത്തെ എന്റെ ഉപദേശം കൊണ്ടൊന്നും അമ്മക്ക് എന്നോട് ദേഷ്യം കൂടിയതല്ലാതെ വേറെ പ്രയോചനമൊന്നും ഉണ്ടായില്ല....
ഇനി എന്റെ മുന്നിൽ ഒരു വഴിയേ ഉള്ളൂ....
അച്ഛനോട് എല്ലാം പറയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക...
ഇതെന്റെ ലാസ്റ്റ് പരീക്ഷണമാണ്...
ചിലപ്പോൾ എല്ലാം കലങ്ങിത്തെളിയും, ഇല്ലെങ്കിൽ എല്ലാം അവസാനിക്കും...
നീ എനിക്കൊരു വാക്കു തരണം... എന്തു തന്നെ സംഭവിച്ചാലും എന്റമ്മ ഇങ്ങനൊരാളാണെന്ന് ലോകം അറിയരുത്‌..
എന്റെച്ഛനോട് ഒരിക്കലും ഞാൻ പറയില്ല...
അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ എനിക്കെന്റെ അച്ഛനേയും അമ്മയേയും നഷ്ടമാവും...
എനിക്ക് രണ്ട് പേരേയും വേണം...
അതിനുള്ള പരിശ്രമമാണിത്....'' എന്ന്...
''ഇനി പറയിം ഇങ്ങളുടെ സുഖങ്ങൾക്ക് വേണ്ടി ഓളെ ഇങ്ങള് കൊന്ന് കെട്ടിത്തൂക്കിയതല്ലേ....?
ഇങ്ങളെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നെന്നറിയോ ഗൗരി....?
അമ്മയുടെ ഈ പോക്ക് നാശത്തിലേക്കാണെന്നറിഞ്ഞ അന്ന് തൊട്ട് അവളുടെ മുഖത്തെ ചിരി മാഞ്ഞതാ...
ഒരിത്തിരി ദയ ഒാളോട് ഇങ്ങള് കാണിച്ചിരുന്നെങ്കിൽ,,, ഇന്ന് ഗൗരി ഈ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നുണ്ടായിരുന്നില്ലേ...?
ഈ പാപമൊക്കെ ഇങ്ങളെവിടെക്കൊണ്ടു പോയി തീർക്കാനാ...?
ഇനിയുള്ള കാലം മനസ്സമാധാനത്തോടെ ഇങ്ങക്ക് ജീവിക്കാൻ പറ്റ്വോ...?
പ്രേമ നെെരാശ്യത്തിന്റെ പേരിലാണ് തൂങ്ങിമരിച്ചതെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാൻ ഇങ്ങക്ക് കഴിഞ്ഞു....
അമ്മയുടെ അവിഹിതം ചോദ്യം ചെയ്തതിന്റെ പേരിൽ സ്വന്തം അമ്മ മകളെ കൊന്നു എന്ന് പച്ചവെള്ളം പോലെ അറിയാവുന്ന ഒരാളാണ് ഞാൻ... ഞാൻ മാത്രമല്ല ന്റെ ഉമ്മയും.... അക്കാര്യം ഇങ്ങള് മറക്കണ്ട....
കൊന്ന പാപം തിന്നാ തീരൂല്ല എന്നൊരു ചൊല്ലുണ്ട്....
ഇപ്പോ ഇങ്ങളുടെ ഈ നരകിച്ചുള്ള ജീവിതം ഓളുടെ ഭിക്ഷയാണ്....
മരണം വരെ ഈ കുറ്റബോധവും പേറി ഇങ്ങള് നരകിച്ചു ജീവിക്കണം...
ഇങ്ങള് ചോദിച്ചു വാങ്ങിയ ശിക്ഷ....
അമ്മയെന്ന പദവി കളങ്കപ്പെടുത്തിയതിന് പടച്ചോൻ നൽകിയ ശിക്ഷ....''
ഇത്രയും പറഞ്ഞ് ആ റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഞാൻ കണ്ടു എന്റെ ഗൗരിയെ...
ജീവിതത്തെ കുറിച്ച് ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്ന നിഷ്കളങ്കമായ എന്റെ ഗൗരിയെ...
ചുമരിൽ കത്തിച്ചു വെച്ച വിളക്കിന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ആയി....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo