Slider

ഷിറാഖ് - 4

0
ഷിറാഖ് - 4
നിർവചിക്കാനാവാത്ത മാനസീകാവസ്ഥയിലായവന്റെ ഭാവങ്ങളെ കവിതയാക്കാൻ പറ്റുമോ? എനിക്കുറപ്പില്ല. അല്ലങ്കിലും എനിക്ക് കവിതയെഴുതാനറിയില്ലല്ലോ.. ഷിറാഖായിരുന്നേൽ അതൊരു കവിതാ രൂപത്തിൽ പറഞ്ഞു ഫലിപ്പിച്ചേനെ. അതിന് അവനിപ്പോൾ ആ പഴയ വീടിന്റെ കോലായിയിൽ ഇരുന്ന് പാട്ടു പാടുകയാവും. പാവം....
ഫരിസ്ത പറഞ്ഞ സംഭവം കേട്ടതോടെ ഞാനനുഭവിച്ച മാനസീകാവസ്ഥ അത്രയും വലുതായിരുന്നു. എന്റെ കാല്പാദങ്ങളിൽ നിന്നൊരു തരം തണുപ്പ് ഉച്ചിയിലേക്ക് കയറുകയും രോമകൂപങ്ങളിലെല്ലാം വിത്തുകളാവുകയും ചെയ്തിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം മിഴികളിൽ നനവടരുകയും രോമങ്ങൾ എഴുന്നേറ്റു നിൽക്കുകയും ചെയ്തിരുന്നു. ഹാ... പ്രണയത്തിന്റെ മഹാ മാന്ത്രികതയ്ക്ക് എളിയ വണക്കം.
"ആനന്ദിനറിയോ എന്താ ഇന്നലെ സംഭവിച്ചതെന്ന്? ഏറെ നാളുകൾക്ക് ശേഷം നൗറ ഇന്നലെ രാത്രി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തു."
ഞാൻ തല താഴ്ത്തിയിരുന്നാലോചിച്ചത് തലേന്നാൾ ഷിറാഖ് ഭക്ഷണം കഴിച്ചതും ഉറങ്ങിയതും തന്നെയായിരുന്നു. എങ്ങനെയാണിത്രയും മനോഹരമായി പ്രണയം ആത്മാവിൽ സംസാരിക്കുന്നത്? വല്ലാത്ത അത്ഭുതം തന്നെയാണത്. ഷിറാഖ് ഭക്ഷിച്ച രാത്രിയിൽ നൗറയും ഭക്ഷിച്ചു. ഷിറാഖുറങ്ങിയ രാത്രിയിൽ അവളുമുറങ്ങി. ഇതറിയുന്ന ഞാനെങ്ങനെയാണ് അനിർവചനീയമായ മാനസീകാവസ്ഥയിലേക്ക് എറിയപ്പെടാതിരിക്കുന്നത്.
"പിന്നെ ആനന്ദ്... ഞാനൊരു കാര്യം ചോദിക്കട്ടെ?"
''തീർച്ചയായും..."
"ഒരിക്കലും ഒന്നാവില്ലെന്നുറപ്പുണ്ടായിട്ടും പിന്നെയുമാ പ്രണയത്തിന്റെ നോവും നൊമ്പരവും പേറി ജീവിക്കുന്നതെന്തിനാണിവർ...? ഷിറാഖ് സുന്ദരനാണ്. നൗറയെക്കാൾ എത്രയോ നല്ല സുന്ദരിയെ അദ്ദേഹത്തിനു കിട്ടും എന്നിട്ടുമെന്തിനാണിങ്ങനെ..?"
അവൾ അർദ്ധവിരാമമിട്ടവസാനിപ്പിച്ച വരികളുടെ സാംഗത്യമെനിക്കറിയാം. പക്ഷേ മറുപടി നൽകാൻ ഞാൻ പലവുരു ചിന്തിക്കേണ്ടി വന്നു.
"ഫരിസ്താ... പ്രണയമെന്നാൽ ഒന്നാവൽ എന്നു തന്നെയാണ്. പക്ഷേ അത് ശരീരങ്ങൾക്കിടയിലല്ല ആത്മാവുകൾക്കിടയിലാണ്. ദൂരവും സമയവുമൊന്നും വേലികെട്ടാത്ത വ്യാപ്തിയും ആഴവുമുള്ള ഒന്നാവലാണത്. പരമമായ ഏകീകരണം... മരണത്തിനു പോലും വേർപിരിക്കാനാവാത്തതാണത്..."
പ്രണയം പറയുമ്പോൾ എനിക്കുണ്ടായ ആവേശത്തിൽ ഞാൻ തന്നെ തെല്ലൊന്നാശ്ചര്യപ്പെട്ടു. ഒരു പക്ഷേ അവളരികിലിരിക്കുന്നത് കൊണ്ടാവാം. അവളപ്പോൾ ഒന്നിരുത്തി മൂളുകയും വായ ചുരിക്കി ചുണ്ടുകൾ മുമ്പോട്ട് തള്ളി തലകുലുക്കുകയും ചെയ്തു. പിന്നെ കാപ്പി ഗ്ലാസിന്റെ വശങ്ങളിൽ തള്ളവിരൽ കൊണ്ട് ലോലമായി തലോടുകയും അതിലേക്ക് തന്നെ ഉറ്റുനോക്കുകയും ചെയ്തു. അവളുടെ കണ്ണുകളപ്പോൾ പ്രത്യേക വികാരങ്ങളൊന്നുമില്ലാത്ത പോലെ തോന്നി.
ഞാൻ തൊണ്ടയനക്കി ശബ്ദിച്ചപ്പോൾ അവൾ തല ഉയർത്തി എന്നെ നോക്കുകയും കണ്ണുകൾ വിടർത്തുകയും പുരികം മേല്പോട്ട് വളക്കുകയും ചെയ്തു. പിന്നെ ഒരു ദീർഘനിശ്വാസമയച്ച് എന്നെ തന്നെ നോക്കി. അപ്പോൾ അവളുടെ കണ്ണുകളിൽ ഏതോ ഇന്ദ്രജാലക്കാരന്റെ കരവിരുതുള്ളതായും ഞാനതിലേക്ക് അങ്ങേയറ്റം ആകർഷിക്കപ്പെടുന്നതായും തോന്നി. ശേഷം മുഖം വലത്തോട്ട് തിരിച്ച് ഇടത് കൈവിരലുകൊണ്ട് ചുണ്ട് തുടച്ച് പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു. "കഥയുടെ ബാക്കി കേൾക്കണം അല്ലേ?" അപ്പോളവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരുന്നെത്തുകയും ഉടൻ മായുകയും ചെയ്തു.
ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടുക മാത്രം ചെയ്തു. ഒന്നനങ്ങിയിരുന്ന ശേഷം അവൾ സംസാരിക്കാനാരംഭിച്ചു.
"അന്ന് ജുലായ് 25 തിങ്കളാഴ്ച. ജഗോല്പ ദിനത്തിലെ ആരാധനാനുഷ്ഠാനങ്ങൾക്കും ആഘോഷങ്ങൾക്കുമായി എല്ലാവരും പുറത്ത് പോയ സമയത്ത് വേലക്കാരുടെ സഹായത്തോടെ ഷിറാഖ് ഞങ്ങളുടെ വീട്ടിലെത്തി.
ഷിറാഖ് അതിബുദ്ധിമാനായൊരു യുവാവാണ്. ഞങ്ങളുടെ വീടിന്റെ ഓരോ മുക്കും മൂലകളും വരെ അദ്ധേഹം നിരീക്ഷിച്ചും അന്വേഷിച്ചറിഞ്ഞും മനസ്സിലാക്കി വെച്ചിരുന്നു. ഏത് വഴി ചെന്നാലാണ് അധികം ആരുടേയും കണ്ണിൽ പെടാതെ നൗറയിലേക്കെത്താനാവുന്നതെന്ന് അദ്ധേഹത്തിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണദ്ദേഹം പിറകിലെ ഇടവഴിയിലൂടെ വന്ന് വേലക്കാരികൾക്കൊരുക്കിയ തമ്പുകൾ മറികടന്ന് വടക്കേപുറത്തെ നിലവറ വഴി അകത്തു കടന്നത്.
പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചു. എന്റെ അമ്മ ഷിറാഖിനെ കണ്ടു. അമ്മ ബഹളം വെക്കുകയും ഞാനോടിയെത്തുകയും ചെയ്തു. ഇരുട്ടിന്റെ മറ നീക്കി പുറത്തേക്കു വന്ന ഷിറാഖിന്റെ കണ്ണുകൾ തീ പോലെയാളുന്നുണ്ടായിരുന്നു. അദ്ധേഹം എപ്പോഴും അരയിൽ കരുതാറുള്ള സ്വർണ്ണപ്പിടിയുള്ള കത്തിയിൽ കൈ വെച്ചു കൊണ്ട് ഞങ്ങളെ തുറിച്ചു നോക്കി.
പിന്നെ സാവധാനം ഗാംഭീര്യത്തോടെ ഇങ്ങനെ പ്രഖ്യാപിച്ചു
ദൈവത്തെ സാക്ഷിയാക്കി ഞാനാണയിടുന്നു. എന്റെ ആത്മാവിന്റെ രഹസ്യങ്ങളറിയുന്നവൾ തന്നെ സത്യം. ഇന്നീ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുന്നത് ഒന്നുകിലെന്റെ ചേതനയറ്റ ശരീരമോ അല്ലെങ്കിൽ നൗറയുടെ കൈ പിടിച്ച ഞാനോ ആയിരിക്കും."
സത്യത്തിൽ അന്നാദ്യമായാണ് അമ്മ ഷിറാഖിനെ കാണുന്നത്. അതാണ് ഷിറാഖെന്ന് തിരിച്ചറിഞ്ഞയുടനെ എന്നെ ഒരു മുറിയിലാക്കി വാതിൽ അടക്കുകയും ശേഷം ശബ്ദമുണ്ടാക്കാതെ ഷിറാഖിന് വഴിതെളിക്കുകയും ചെയ്തു.
വെളിച്ചമില്ലാതെ അടച്ചിട്ട മുറിയിൽ തളർന്നുറങ്ങുന്ന നൗറയെ കണ്ട അദ്ധേഹം പൊട്ടിക്കരഞ്ഞു കൊണ്ടവളെ കെട്ടിപ്പിടിച്ചു. എന്നാൽ ഒന്നു കരയാൻ പോലും കഴിയാത്ത വിധം തളർന്ന് പരവശയായിരുന്നു നൗറ.
"ഷിറാഖ്... വിഡ്ഢിയാവല്ലേ ഷിറാഖ്... ഇത് ഗഫാനി കോട്ടയാണ്... ഓടി രക്ഷപ്പെടൂ ഷിറാഖ്.. നിന്നെ വെട്ടിനുറുക്കുന്ന കാഴ്ച കാണാൻ എനിക്കു വയ്യ ഷിറാഖ്... ഞാനിവിടെ ഇത് പോലെ ജീവിക്കും.. ഷിറാഖ് എന്റെ പ്രണയം നിനക്കു നഷ്ടം മാത്രമാണ്.. ദയവായി എന്നെ ഉപേക്ഷിച്ച് നീ രക്ഷപ്പെടൂ... ഞാൻ ശപിക്കപ്പെട്ടവളാണ് ഷിറാഖ്.... പൊട്ടിക്കരഞ്ഞു കൊണ്ടവളിത് പറയുമ്പോൾ അക്ഷരങ്ങൾ അവ്യക്തവും വാക്കുകൾ തമ്മിൽ വിണ്ടുകീറിയും കിടന്നു.
അവളുടെ വിറക്കുന്ന കൈകളിൽ തുരുതുരാ ചുംബനങ്ങളേകിക്കൊണ്ട് ഷിറാഖ് പതിഞ്ഞ ശബ്ദത്തിൽ ഉറച്ച സ്വരത്തോടെ പറഞ്ഞു "വാ.. പോകാം." പിന്നെ അവളേയും തോളിലേറ്റി അതിവേഗത്തിൽ പുറത്തേക്ക് കടന്നു. വരാനിരിക്കുന്ന ഭവിഷത്തുകളെ കുറിച്ചറിയാവുന്നതിനാൽ ഈ ഒളിച്ചോട്ടത്തിലെ തന്റെ പങ്ക് ആരോടും പറയരുതെന്ന് പറഞ്ഞ് അമ്മ എന്നെ കൊണ്ട് വാക്കു പറയിച്ചു.
ജഗോല്പ ദിനത്തിൽ ഗഫാനികൾ നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റണമെന്നാണ് വിശ്വാസം. വാഗ്ദാനം പാലിച്ചില്ലെങ്കിൽ ഭീകരമായ ദൈവകോപത്താൽ ശിക്ഷിക്കപ്പെടുകയും മാറാവ്യാധികൾ പോലുള്ള ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്യും. ഈ വിശ്വാസമുള്ളത് കൊണ്ടോ നൗറയുടെ പരിതാപകരമായ അവസ്ഥയിൽ സഹതാപമുള്ളതുകൊണ്ടോ ഞാനൊന്നും ആരോടും പറയില്ലെന്നു തന്നെ ഉറപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ആരാധനാ കർമ്മങ്ങളൊക്കെ നിർവഹിച്ച് വീട്ടിലെത്തിയ ഗഫാനി പുരുഷ ജനം നൗറയുടെ ഒളിച്ചോട്ടം മനസ്സിലാക്കിയതോടെ വീട്ടുമുറ്റത്ത് യുദ്ധ സന്നാഹങ്ങളൊരുങ്ങി. ശാപ ജന്മത്തിന്റെ കൊല്ലാകൊലയിലും കലിയടങ്ങാത്ത അവർ അച്ഛന്റെ നേതൃത്വത്തിൽ സംഘടിച്ച് പല വിഭാഗങ്ങളായി തിരിഞ്ഞ് വിവിധങ്ങളായ ദിക്കുകളിലേക്ക് നീങ്ങി. യുവാക്കളായ ഓരോ സംഘങ്ങളും പിതാവിന്റെ മുന്നിൽ യുദ്ധ പ്രതിജ്ഞയെടുക്കുകയും മരണം വരെ ഗഫാനി ഗോത്രത്തിന്റെ പരിപാവനത സൂക്ഷിക്കാനായി പോരാടുമെന്ന് വാക്ക് നൽകുകയും ചെയ്തു.
പരമ്പരകളായി കൈമാറി വരുന്ന വിശ്വാസങ്ങളിൽ പ്രധാനമായ ജഗോല്പ ദിനത്തിലെ യുദ്ധം നിഷിദ്ധമാക്കി കൊണ്ടുള്ള വിശ്വാസം മാറ്റപ്പെട്ടു. നസീഹ് ഗഫാനി എന്ന എന്റെ അച്ഛൻ അഭിവാദ്യങ്ങളോടെയും വിജയാശംസകളേടേയും സർവ്വായുധ സജ്ജരായ യോദ്ധാക്കളെ പറഞ്ഞയച്ചു.
എല്ലാവരും പിരിഞ്ഞു പോയതിന് ശേഷം ശൂന്യമായ മുറ്റത്ത് നിന്ന് അച്ഛൻ അകത്തേക്കു കയറി. പിന്നെ മുറിയിൽ ചെന്ന് ഗഫാനികൾ പാരമ്പര്യമായി കൈമാറി വരുന്ന വർഖാൻ എന്ന വാള് കയ്യിലെടുത്തു.
ഇരുതല മൂർച്ചയുള്ള പ്രത്യേകതരം വാളാണ് വർഖാൻ. രക്തരക്ഷസ്സ് എന്നാണ് വർഖാനിനെ ശത്രുക്കളും മറ്റു ഗോത്രങ്ങളും വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റേയും അന്തസ്സിന്റേയും അടയാളം മാത്രമല്ല അത്, യുദ്ധത്തിന്റേയും വധശിക്ഷയുടേയും പ്രതീകം കൂടിയാണ്. വർഖാൻ ഉറയിൽ നിന്നൂരപ്പെട്ടാൽ രക്തം കുടിച്ചേ തിരിച്ച് വെക്കാറുള്ളൂ...
അച്ഛനാ വാളെടുത്ത ശേഷം വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി നടത്തുന്ന പ്രത്യേകതരം പ്രാർത്ഥനയും പൂജയും നടത്തി, സമറത്ത് എന്നറിയപ്പെടുന്ന ചെറിയ ബോളുപോലുള്ള വിശിഷ്ട പഴം വാൾ തലപ്പിൽ കുത്തി. ചോരച്ചുവപ്പ് നിറമുള്ള സമറത്തിന്റെ നീര് ഒലിച്ച് തറയിൽ ഉറ്റുന്നുണ്ടായിരുന്നു. പിന്നീട് വീട്ടിനകത്തേക്ക് നോക്കി അലറി "ശറാഫത്ത്...."
ശറാഫത്ത് അതാണ് എന്റെ അമ്മയുടെ പേര്. പത്താം വയസ്സിലായിരുന്നത്രെ അച്ഛന്റെ ഭാര്യയായി അമ്മ മാറിയത്. അന്നത്തെ ചില കഥകൾ ഒക്കെ അമ്മ അപൂർവ്വം ചില സമയങ്ങളിൽ പങ്ക് വെക്കാറുണ്ട്. ആദ്യമായി മണിയറയിലേക്കു കയറിയതും അച്ഛനെ കണ്ട് പേടിച്ച് കരഞ്ഞതുമെല്ലാം...
അച്ഛന്റെ അലർച്ചയിൽ വീട് കുലുങ്ങുന്നത് പോലെ തോന്നി. ഒരു നിമിഷം എല്ലാം നിശ്ശബ്ദമായി. അമ്മ കട്ടിലിൽ നിന്നെഴുന്നേറ്റ് എന്നെ കെട്ടിപ്പിടിച്ചു. അനിയന്ത്രിതമായി ഒലിച്ചിറങ്ങിയ കണ്ണിര് തുടക്കാതെ പൊട്ടിക്കരഞ്ഞു. "മോളേ.... സ്വർഗ്ഗത്തിലോ നരകത്തിലോ ദൈവ വിധിയുണ്ടെങ്കിൽ വീണ്ടും കാണാം.." എന്ന് പറയുമ്പോൾ അക്ഷരങ്ങൾ പലതും പുറത്ത് കേൾക്കാതെ അമ്മ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. വെളുത്തു തുടുത്ത കവിളുകൾ ചുവന്ന ഛായം പൂശിയ പോലെ കാണപ്പെട്ടു. കണ്ണുകളിൽ രക്തം കലർന്ന പോലുണ്ടായിരുന്നു. ഇന്നലെ വരെ ഗഫാനി കളുടെ രാജ്ഞിയായി വഴ്ന്ന ശറാഫത്ത് ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ കൊടും കുറ്റവാളിയായി കൊല ചെയ്യപ്പെടുമെന്ന സത്യത്തോട് പൊരുത്തപ്പെടാനാവാതെ ഞാൻ പൊട്ടി പൊട്ടി കരഞ്ഞു.
കൊടും കുറ്റവാളികളെ ഹാജരാക്കുന്ന സിജ്ന് എന്ന പ്രത്യേക മുറിയിലേക്ക് അമ്മ ആനയിക്കപ്പെട്ടു. അച്ഛൻ ന്യായാധിപനായി ചമഞ്ഞ് ഇരിപ്പിടത്തിൽ ആസനസ്ഥനായി. ഇടതു വശത്തെ പ്രതിക്കൂട്ടിൽ അമ്മയെയും വലതുവശത്തെ സാക്ഷിക്കൂട്ടിൽ എന്നെയും നിർത്തപ്പെട്ടു. സിജ്നിന്റെ കർമ്മങ്ങൾ നിയന്ത്രിക്കുന്ന നാല് പേര് അച്ഛന്റെ വിശ്വസ്തരായ രണ്ടു പേര് പുരോഹിതരായ മൂന്ന് പേര് ഇത്രയും ആൾക്കാർ സിജ്നിൽ ഞങ്ങൾക്ക് പുറമേ ഹാജരായി.
അച്ഛൻ ഇരിപ്പിടത്തിൽ ഇരുന്ന് തന്റെ നീണ്ടു വളർന്ന താടി തടവിയും കറുത്ത് നീണ്ട മീശ പിരിച്ചും അമ്മയെ നോക്കി. ആ കണ്ണുകൾ ഞാൻ മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം തീവ്രമായത് പോലെ എനിക്ക് തോന്നി.
"എങ്ങനെയാണവൾ പുറത്തു പോയത്?"
പൂർണ്ണ നിശ്ശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഇടിവെട്ട് പോലെ അച്ഛൻ ചോദ്യം ചെയ്യലാരംഭിച്ചു.
"അറിയില്ല..." അമ്മ പരുങ്ങി...
ഗാംഭീര്യം ചോരാത്ത ആഴത്തിലൊരു മൂളലിനു ശേഷം അച്ഛന്റെ രണ്ടാം ചോദ്യം
''അവനെങ്ങനെ അകത്തു കയറി?"
"അറിയില്ല..."
"ഹും...." തലകുലുക്കിയ ശേഷം എന്നെ നോക്കി "നീ കണ്ടോ?"
"ഹേയ് ... ഇല്ല.."
"ആരാണവന് വഴി പറഞ്ഞ് കൊടുത്തത്...?" ഈ പ്രാവശ്യം ചോദ്യം ചോദിക്കുന്നതോടൊപ്പം വർഖാനിന്റെ തലപ്പത്ത് നിന്ന് സമറത്ത് വലിച്ചെടുത്തു മേശയ്ക്കു മുകളിൽ മുള കൊണ്ട് ഉണ്ടാക്കിയ പ്രത്യേക പാത്രത്തിൽ ഇട്ടു.
ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം അമ്മയുടെ ചുണ്ടുകൾ വിറക്കുകയും അമ്മ പതിവിലുമധികം വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. "ചോദ്യം കേട്ടില്ലേ അവളെ അടച്ചിട്ട രഹസ്യ മുറി ആരാണ് തുറന്നു കൊടുത്തത് എന്ന്....?"
അമ്മയുടെ തല താഴ്ന്നു. കണ്ണുകളിൽ നിന്നുറ്റിയ നീർത്തുള്ളികൾ ചെളി കുഴച്ചു പാകിയുറപ്പിച്ച നിലത്തേതോ ചിത്രങ്ങൾ വരച്ചു. അവരിൽ നിന്ന് അടക്കിപ്പിടിച്ച തേങ്ങലും കൂടെ വിത്യസ്തങ്ങളായ ശബ്ദങ്ങളും പുറത്തുവന്നു. പെട്ടന്നവർ തല ഉയർത്തുകയും താനാണ് ചെയ്തതെന്നേൽക്കുകയും ചെയ്തു. അപ്പോൾ അമ്മയുടെ മുഖം അവരുടെ അച്ഛൻ സുകൂത്ത് ഗഫാനിയുടെ മുഖം പോലെ ദൃഢവും കണ്ണുകൾ തീ പോലെ പൊള്ളിക്കുന്നതുമായിരുന്നു.
''ഗഫാനി സ്ത്രീ തല ഉയർത്തുകയോ? ദൈവകോപത്താൽ നിങ്ങൾ ചുട്ടെരിക്കപ്പെടുക തന്നെ ചെയ്യും. ശാപം.. ശാപം.. ശാപം... ഈ ദൈവപുത്രിയെ ദൈവം ശപിച്ചിരിക്കുന്നു. ഏറ്റവും കൊടിയ ശിക്ഷ കൊണ്ട് അവളെ ദൈവകോപത്തിൽ നിന്ന് മോചിതയാക്കൂ..." ഏതോ പുരോഹിതൻ സിജ്നിൽ നിന്ന് വിളിച്ചു കൂവിക്കൊണ്ടിരുന്നു.
പക്ഷേ അമ്മ കരയുകയോ കേഴുകയോ ചെയ്യുന്നതിനു പകരം തീപാറുന്ന കണ്ണുകൊണ്ടയാളെ നിശ്ശബ്ദനാക്കി. ശേഷം ഉച്ചത്തിൽ സംസാരിച്ചു. "മരിക്കും വരെ കീഴ്പ്പെടേണ്ട ഭർത്താവിനു മാത്രം കീഴ്പ്പെട്ടവളാണു സത്യം, ഷിറാഖ് അതിബുദ്ധിമാനും അതിശക്തനമാവുന്നു. നിങ്ങളിലാർക്കും അവനെ കീഴ്പ്പെടുത്താനോ അവന്റെ പ്രണയത്തെ നശിപ്പിക്കാനോ കഴിയില്ല. ജഗോല്പ ദിനത്തിൽ യുദ്ധം പ്രഖ്യാപിച്ച നിങ്ങൾ ദൈവകോപത്താൽ കൊടിയ ശാപങ്ങളേറ്റു വാങ്ങേണ്ടി വരുമെന്ന് ഞാനാണയിടുന്നു. ഗാഫാനിനെ സൃഷ്ടിച്ച അതേ ദൈവം തന്നെയാണ് എന്നേയും എന്റെ ആദിമാതാവിനേയും സൃഷ്ടിച്ചതെങ്കിൽ തീർച്ച അവൻ ലിംഗങ്ങൾക്കിടയിൽ അടിമയുടമയെ നിശ്ചയിച്ചിട്ടില്ല തന്നെ."
ശേഷം അച്ഛനു നേരെ തിരിഞ്ഞ് ഇങ്ങനെ ആക്രോശിച്ചു. "വഖാറിന്റെ രക്ത ദാഹം മാറ്റാൻ എന്റെ ചുടുചോര ദാനമായി വാങ്ങിക്കൊള്ളുക..."
സിജ്നിന്റെ നാലു ചുവരുകളും വിറപ്പിച്ചു കൊണ്ടായിരുന്നു അമ്മയുടെ പ്രഖ്യാപനം. ആദ്യമായി കേൾക്കുന്ന ഗഫാനി സ്ത്രീയുടെ ഗർജ്ജനത്താൽ പുരോഹിത വൃന്തം പേടിച്ചരണ്ടു. അച്ഛന്റെ കണ്ണുകൾ താഴ്ന്നു. കൈകൾ വിറച്ചു. ഞാൻ... ഞാൻ മാത്രം പൊട്ടിക്കരഞ്ഞു... "
അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകളിൽ നോക്കാൻ എന്തോ എനിക്കു പറ്റുന്നില്ല. കരയാതെ എന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ ഞാനിരുന്നു. അവൾ അല്പനേരം കരഞ്ഞ് ശേഷം കണ്ണ് തുടച്ച് എഴുന്നേറ്റു. ഞാനേതോ മായാലോകത്തെന്ന പോലെ എഴുന്നേൽക്കാൻ പോലും കഴിയാതെ ഇരുന്നു. അവൾ മാറുമറച്ച തുണിയുടെ തുമ്പ് കൊണ്ട് കണ്ണു തുടച്ച് വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു. "ബാക്കി പിന്നീടാവാം.."
അവൾ പോയിക്കഴിഞ്ഞും ഞാനവിടെ തന്നെ ഇരുന്നു. ഷിറാഖും നൗറയും ഒളിച്ചോടിയെന്ന്... പിന്നെന്താണ് സംഭവിച്ചത്? എന്തോ വല്ലാത്ത അസ്വസ്ഥമായ മനസ്സുമായി ഞാനാ കാഴ്ചകളിലേക്കിറങ്ങി... അപ്പോൾ ഗഫാനിക്കു മുന്നിൽ തോൽക്കാനൊരുക്കമല്ലാതെ തല ഉയർത്തി നിൽക്കുന്ന ശറാഫത്തിനെ ഒരു പെൺസിംഹത്തെ പോലെ തോന്നി എനിക്ക്. അതേ സമയം സിജ്നിന്റെ അന്തിമ വിധിയെന്തായിരുന്നെന്നറിയാത്തതിൽ ഏറെ പരിഭ്രാന്തിയുണ്ടാവുകയും അടുത്ത സന്ധിക്കലിൽ ഫരിസ്തയോട് അതാദ്യം ചോദിക്കണമെന്നുറപ്പിക്കുകയും ചെയ്തു.
(തുടരും)
ബാദ്ഷ കാവുംപടി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo