"Excuse me ചേട്ടാ ഈ ബസ് എപ്പൊഴാ തൃശ്ശൂർ എത്തുക?"
രാത്രി ഏഴരയ്ക്കുള്ള മൂകാംബിക ബസ്സിൽ മുകളിൽ ബാഗെടുത്തു വച്ച് സൈഡ് സീറ്റിൽ, കണ്ണടച്ച് അലസമായിരിക്കുകയായിരുന്നു ഞാനപ്പോൾ. ഇതാരപ്പാ എന്ന മട്ടിൽ തലചരിച്ച് നോക്കുമ്പോൾ തവിട്ട് നിറത്തിൽ തിളങ്ങുന്ന ഉണ്ടക്കണ്ണുകളുമായി എന്നെത്തന്നെ നോക്കി നിൽക്കുന്നു ഒരു സുന്ദരിക്കുട്ടി.
"ഒരു പതിനൊന്ന് പതിനൊന്നരയാകും" ഒരു നിഷ്കളങ്കന്റെ ഭാവത്തിൽ പറഞ്ഞു കൊണ്ട് ഒന്ന് ഒതുങ്ങി അവൾക്കിരിക്കത്തക്കവിധം സ്ഥലമുണ്ടാക്കി, ഡീസൻറാവെന്ന് സ്വയം പറഞ്ഞ് പുറത്തേക്ക് നോക്കിയിരുന്നു. എങ്കിലും ഇരിപ്പിടം അമരുന്നതിന്റെ ശബ്ദം കിട്ടാത്തതിനാൽ എന്നിലെ മിസ്റ്റർ ഫ്രോഡ് അലന്ന കണ്ണുകളോടെ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ നിന്നിരുന്ന ഇടം ശൂന്യം.
"ശ്ശൊ നല്ല ഒരു ചാൻസായിരുന്നു'' കടുത്ത ഇച്ഛാഭംഗത്തോടെ ഞാൻ ഒന്നൂടെ നിവർന്നിരുന്നു. നല്ല ഉറക്കത്തിനായി കൈയ്യിൽ കരുതിയ ആഴ്ചപ്പതിപ്പ് മറിച്ച് മറിച്ച് വായിക്കാൻ നോക്കിയെങ്കിലും ആ തവിട്ട് കണ്ണുകളല്ലാതെ മറ്റൊന്നും മനസ്സിൽ വന്നില്ല.
എന്നിലെ മാന്യൻ ഒരു പാട് തവണ വേണ്ട വേണ്ട എന്ന് പറഞ്ഞെങ്കിലും, ഒന്ന് മൂരി നിവർന്ന് മൃഗശാലയിലെ ഒട്ടകപ്പക്ഷികൾ തല ചരിച്ച് നോക്കും പോലെ മി. ഫ്രോഡ് പിറകിലേക്കൊന്നു നോക്കി. എന്റെ സീറ്റ് കഴിഞ്ഞ് രണ്ടു സീറ്റുകൾക്ക് പിറകിൽ എതിർവശത്തെ ത്രീ സീറ്ററിൽ മഞ്ഞ ചുരിദാറിട്ട ആ സുന്ദരിക്കുട്ടി പുറത്തേക്ക് നോക്കിയിരിപ്പുണ്ടായിരുന്നു.
"ഹലോ... വേണമെങ്കിൽ ഇവിടിരിക്കാം.... ആ സീറ്റിൽ ആണുങ്ങൾ ഒക്കെ വന്നിരിക്കും"
ഇടക്ക് ഒരു വേള അവളെന്നെ നോക്കിയപ്പൊ വാലിട്ടെഴുതിയ ആ തവിട്ട് കണ്ണിലേക്ക് നോക്കി അറച്ചറച്ച് ഞാൻ പറഞ്ഞു.
ഇടക്ക് ഒരു വേള അവളെന്നെ നോക്കിയപ്പൊ വാലിട്ടെഴുതിയ ആ തവിട്ട് കണ്ണിലേക്ക് നോക്കി അറച്ചറച്ച് ഞാൻ പറഞ്ഞു.
"ഓ.. ഡോണ്ട് വറി..എനിക്ക് സൈഡ് സീറ്റാണിഷ്ടം, പിന്നെ സാറും ഒരാണല്ലേ?" തവിട്ട് കണ്ണുകൊണ്ട് ഒന്നുഴിഞ്ഞ്
അവൾ എനിക്കിട്ട് ഒന്ന് ചൊറിഞ്ഞു.
അവൾ എനിക്കിട്ട് ഒന്ന് ചൊറിഞ്ഞു.
"എനിക്ക് സൈഡ് സീറ്റ് വേണ്ടാരുന്നു അതു കൊണ്ട് പറഞ്ഞതാ ഓകെ" ഒന്നു ചമ്മിയെങ്കിലും പതർച്ച പുറത്തു കാണിക്കാതെ ഫ്രോഡിൽ നിന്നും മാന്യനായി മാറിയ ഞാൻ തിരിഞ്ഞ് സൈഡിലേക്ക് നോക്കിയിരുന്നു.
ബസ് എടുക്കാനുള്ള അറിയിപ്പ് കേട്ടതും മി.ഫ്രോഡ്, "അവളെ ഒന്നൂടെ വിളിക്കെടാ" എന്ന് മന്ത്രിച്ചു. അതിനായി മുഖം തിരിച്ചപ്പൊ എന്റെ മുന്നിൽ ബാഗുമായി വീണ്ടും അവൾ.
''ഒന്നിങ്ങോട്ട് നീങ്ങിയിരിക്ക് ചേട്ടാ ഞാൻ സൈഡിലിരുന്നോളാം ഇതൊന്നു മുകളിലേക്ക് വയ്ക്കുമോ?'' എന്നു പറഞ്ഞ് ഒരു ബാഗ് എന്റെ കൈയ്യിൽത്തന്ന് അവൾ സീറ്റുറപ്പിച്ചു.
വണ്ടി നീങ്ങിത്തുടങ്ങി. അവൾ സൈഡിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. മാന്യനാകട്ടെ സ്പർശനസുഖത്തിൽ താൽപര്യമില്ലാത്ത വിധം ബലം പിടിച്ചിരിക്കുകയും എന്നാൽ മി.ഫ്രോഡ്, ബസിന്റെ ആയത്തിനോടൊപ്പം എന്ന മട്ടിൽ അത്യാവശ്യം ചെറിയ തട്ടൊക്കെ തട്ടി ആ സുഖം അനുഭവിച്ചുമിരുന്നു.
ഒരു വേള മാന്യനിൽ നിന്ന് ഫുൾ നിയന്ത്രണമേറ്റെടുത്ത ഫ്രോഡ് അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി "എന്താ പേര്? എവിടെ പഠിക്കുന്നു? തൃശൂരാണോ വീട്?" എന്നിങ്ങനെ ചോദ്യങ്ങൾ എയ്തു.
"ഒന്ന് നീങ്ങിയിരിക്കുമോ... ഞാൻ വൈകിട്ട് പല്ലു തേച്ചിട്ടില്ല ചേട്ടാ"
ആ മറുപടിയും തവിട്ട് കണ്ണുകൾ കൊണ്ട് ഒരു കൂർത്ത നോട്ടവും കിട്ടി തകർന്നു പോയ ഫ്രോഡിനെ ഒരു സൈഡിലേക്ക് നീക്കി, മാന്യൻ ആഴ്ചപ്പതിപ്പിലേക്ക് കണ്ണ് പിടിച്ചു വച്ചു.
അവളാകട്ടെ എന്നെ കേൾപ്പിക്കാനെന്ന മട്ടിൽ മൊബൈലിൽ സംസാരിച്ചു തുടങ്ങി. സംസാരം അവിടവിടെ ഒളിഞ്ഞും തെളിഞ്ഞും കേട്ടതിൽ നിന്നും അടുത്തിരിക്കുന്നത് വലിയ കുഴപ്പമില്ലാത്ത ആളാണെന്ന് തോന്നുന്നുവെന്നും, എന്തെങ്കിലും പ്രശ്നമുണ്ടായാൽ മിസ് കാൾ അലർട്ട് തരാമെന്നും, കോട്ടയം മുതൽ തൃശൂർ വരെയുള്ള സ്റ്റേഷനിൽ ആളുണ്ടെന്നുമൊക്കെയാണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി.
അടുത്ത വളവിന് പിടിവിട്ട് ഊക്കോടെ എന്നെ വന്ന് തട്ടിയത് അവളാണ് എന്നിട്ട് "ചേട്ടനെന്താ ഇപ്പ ചോദിച്ചത്? ഞാൻ ശ്രദ്ധിച്ചില്ല" എന്ന് ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞു.
"ഞാനും ഇന്നു രാവിലെ മുതൽ പല്ലു തേച്ചിട്ടില്ല. പിന്നെ ഇന്നലെ മുതൽ താറാമുട്ടയും പട്ടച്ചാരായവുമായി നല്ല കൊരുത്തിരിക്കുവാ. കൊച്ച് ഒന്നു നീങ്ങിയിരിക്കാമോ... ഏതായാലും നല്ല സൂപ്പർ ഇടിയായിരുന്നു... കൊച്ച് കളരിയാ?"
തമാശ ആസ്വദിക്കും മട്ടിൽ ഒന്നു ചിരിച്ചു അവൾ.
"എന്റെ പേര് മീനാക്ഷി ഞാനിവിടെ ആയൂരിൽ എം.ബി.എക്ക് പഠിക്കുന്നു.. തൃശൂരാണ് വീട്"
"എന്താ എന്നോട് തന്നെ അങ്ങനെ ചോദിച്ചത്? ഒറ്റയ്ക്ക് ഒരു പെൺകുട്ടി വന്ന് ഏത് സമയത്ത് ഈ ബസ് തൃശൂർ എത്തുമെന്ന് ചോദിച്ചാൽ സാധാരണ ആരായാലും അവളെ ഒന്ന് മുട്ടും. അതു കൊണ്ട് മേലാൽ അങ്ങനെ ആരോടും ചോദിക്കരുത് കേട്ടോ" ഫ്രോഡിനെ തള്ളി മാറ്റി മാന്യൻ മൊഴിഞ്ഞു.
"എനിക്കറിയാരുന്നു ചേട്ടാ... എങ്കിലും... പിന്നെ ചേട്ടനെ കണ്ടപ്പൊ ആള് ഡീസൻറാണെന്ന് തോന്നി. ഇതുപോലുള്ള യാത്രയിൽ ഇങ്ങനെ ആരെയെങ്കിലും കിട്ടിയാൽ മറ്റ് ശല്യങ്ങൾ ഒരു പാട് ഉണ്ടാവില്ലല്ലോ!''
"പിന്നെന്താ ആദ്യം ഇവിടിരിക്കാഞ്ഞത്?"
"ചേട്ടന്റെ ആ ഒതുങ്ങിയിരുപ്പും വല്യ താൽപ്പര്യമില്ലാത്ത പോലുള്ള എക്സ്പ്രഷനും എനിക്കങ്ങോട്ട് പിടിച്ചില്ല അതാ''
"എന്നിട്ട് വന്നതോ?''
"ഓ അതോ! ദേ അയാളാ എന്റെ അടുത്ത് വന്നിരുന്നത്... നല്ല വെള്ളമാണെന്ന് തോന്നുന്നു... ഇരുന്നപ്പൊ മുതൽ ശല്യമാ... ദേഹത്ത് തൊടലും, ഒരു വളിച്ച ചിരിയും, സംസാരവും, പുളിച്ച നാറ്റവും" കുറച്ചു കൂടി അടുത്തേക്ക് വന്ന് അവൾ അടക്കത്തിൽ പറഞ്ഞു.
"ആ... കൊള്ളാം ഞാൻ ഡീസന്റാണെന്ന് ആര് പറഞ്ഞു? ഇതു പോലെ ബസിൽ ഒറ്റയ്ക്ക് പോകുന്ന കുട്ടികളെ പരിചയപ്പെട്ട് കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞ് വളച്ച് കൊണ്ടുപോയി പീഡിപ്പിക്കലാണ് എന്റെ ഹോബി... പിന്നെ അടിപൊളി കൊറേ കമ്പനികളുള്ളതുകൊണ്ട് കേസും കൂട്ടവുമൊന്നും പേടിക്കേണ്ട ...നല്ല കാശും കിട്ടും... ഏത്?"
''അത് വിളിച്ചാലുടൻ വളയുന്നവർക്കല്ലേ പ്രോബ്ളമുണ്ടാവൂ" ഒന്നു പേടിച്ചിട്ടാവണം അവൾ പെട്ടെന്ന് മുഖം തിരിച്ചു.
"ഓ അങ്ങനൊന്നുമില്ല കഴിഞ്ഞ ആഴ്ച ഇതുപോലൊരെണ്ണം ....ഭയങ്കര ജാഡ ....ഒട്ടും അടുക്കുന്നില്ല. ഞാൻ കണ്ടക്ടറോട് അവൾ എന്റെ പെങ്ങളാ.. ഒരുത്തൻ പ്രേമിച്ച് ചതിച്ചു വയറ്റിലാക്കി... ഇപ്പൊ ചെറിയ മെൻറലാ... ആരേയും വിശ്വാസമില്ല... കൊല്ലാൻ കൊണ്ടു പോവ്വാ എന്നാ വിചാരം... എന്നൊക്കെയങ്ങ് കാച്ചി... രണ്ടു ടിക്കറ്റും എടുത്തു.... ഇറങ്ങണ്ട സമയമായപ്പൊ യാത്രക്കാരും കണ്ടക്ടറും ചേർന്നാ അവളെ പൊക്കി ഞങ്ങളുടെ വണ്ടീൽ കേറ്റി വച്ചത് ഹി...ഹി" മി.ഫ്രോഡ് ഒന്ന് ഇളകിയിരുന്നു.
"അങ്ങനെ പേടിക്കില്ലടോ ഞാൻ... മൊബൈൽ അലർട്ട് കൊടുക്കും ഞാൻ... ഈ ബസ് നമ്പർ, റൂട്ട് ഉൾപ്പെടെ ഞാൻ എന്റെ ഫ്രണ്ടിന് മെസേജ് ചെയ്തിട്ടുണ്ട്. എന്തേലും ശല്യമുണ്ടായാൽ ഒരു മിസ് കാൾ അടിച്ചാ മതി തന്റെ പണി തീരും". ആ തവിട്ട് കണ്ണിൽ അപ്പോഴും ഭയം വിട്ടുമാറിയിരുന്നില്ല.
''ഹ ഹ ഹ...നീയൊരു പൊട്ടിക്കാളി തന്നെ. അതിനല്ലേ എന്റെ കൈയ്യിലുള്ള സ്പ്രേ... ഒന്നടിച്ചാ മതി പിന്നെ നടക്കുന്ന കാര്യങ്ങൾ ഒരു നാലുമണിക്കൂറേക്ക് അറിയുക പോലുമില്ല. ഞങ്ങൾക്ക് വല്യ താല്പര്യമില്ലാത്തവരെ അങ്ങനെയും ചെയ്യും. രാത്രീല് സ്പ്രേ അടിപ്പിച്ച് ഏതേലും വണ്ടീല് കേറ്റിയിരുത്തിയാ മതിയല്ലോ''.
"യൂ ഫ്രോഡ് " ഇത്തവണ അവൾ ചെറുതായി വിറക്കാൻ തുടങ്ങി, പിന്നെ ഒരാശ്രയത്തിനെന്നവണ്ണം ചുറ്റും നോക്കി.
അപ്പോഴാണ് എനിക്കും ഒരു കോൾ വന്നത്. അവൾ എന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കി അടക്കത്തിൽ "എല്ലാം ഓകെയല്ലേ? ഡബിൾ റൂം മതി...പൊളിക്കാം നമുക്ക് ... ഓകെ" ഇത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു അവളെ ഒന്നു പാളി നോക്കി.
''എന്നെ ഉപദ്രവിക്കരുതേ ചേട്ടാ... നാളെ എന്റെ കല്യാണ നിശ്ചയമാ" അവൾ പെട്ടെന്ന് പൊട്ടിക്കരഞ്ഞു.
"അയ്യേ താനിത്ര തൊട്ടാവാടിയാണോ.. ഞാൻ ചുമ്മാ ഒരു നമ്പരിട്ടതല്ലേ" പെട്ടെന്ന് നിയന്ത്രണമേറ്റെടുത്ത മാന്യൻ തുടർന്നു.
"ദേ ഇതു നോക്ക് ഇതാ എന്റെ അമ്മ. ഈ കൂടെ നിൽക്കുന്നത് എന്റെ പെങ്ങൾ... കണ്ടോ?''
ഞാൻ പേഴ്സിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് അവളുടെ നേരേ കാണിച്ചു.
"അമ്മേം പെങ്ങളേം സ്നേഹിക്കുന്നവർ അങ്ങനെയൊന്നും ചെയ്യില്ല. എന്റെ പെങ്ങളും നിന്റെ അത്രേയുള്ളൂ... കല്യാണം നോക്കുന്നുണ്ട്... ചിങ്ങത്തിൽ നടത്തണം അതിനുള്ള ഓട്ടത്തിലാ ഞാൻ... By the bye I am Sudheesh, കൊച്ചിയിൽ ഒരു ചെറിയ ഗാർമെന്റ് എക്സ്പോർട്ടിംഗ് കമ്പനി നടത്തുന്നു. ഇപ്പോൾ ഒരു കല്യാണം കൂടാൻ കണ്ണൂരിലേക്ക് പോകുന്നു. വീട് കൊട്ടാരക്കര. പിന്നെ തന്റെ ജാഡ ഒന്നു കുറയ്ക്കാൻ ഒരു ചെറിയ പ്ലേ അത്രേയുള്ളൂ... പിന്നെ അഭിനയിച്ച് അഭിനയിച്ച് കുറച്ച് നേരത്തേക്ക് ശരിക്കും ഞാനൊരു ഫ്രോഡായിപ്പോയി എന്നത് ശരിയാ''
"എന്നിട്ട് ആരോ ഫോൺ ചെയ്തപ്പൊ പറഞ്ഞതോ?''
"ഓ അതോ നാളെ വൈകിട്ടാ ബാച്ച്ലർ പാർട്ടി, ആ കല്യാണത്തിന്റെ"
''ദുഷ്ടാ'' അവൾ കൈ ചുരുട്ടി എന്റെ വയറിനിട്ട് ഒറ്റ ഇടി..." ഹൊ! ഞാനങ്ങു പേടിച്ചു പോയി". അവളൊന്നു ദീർഘശ്വാസമെടുത്തു.
അച്ഛനില്ലാതെ വളർന്നതും, തന്നേയും അനിയത്തിയേയും പഠിപ്പിക്കാനായി അമ്മ കഷ്ടപ്പെട്ടതും, അമ്മയുടെ പേടി കാരണം കോഴ്സ് തീരും മുൻപ് പയ്യൻ ആരെന്നു പോലും നോക്കാതെ വിവാഹത്തിനു സമ്മതിച്ചതും, വെറും ഫോണിൽ കണ്ടു സംസാരിച്ച പരിചയത്തിൽ മാത്രം വിവാഹിതയാകാൻ പോകുന്ന ടെൻഷനും, കൺഫ്യൂഷനും, ചിന്തകളും, പരീക്ഷ കഴിഞ്ഞ് ഒറ്റയ്ക്കുള്ള ഈ യാത്രയും, ഒക്കെ ചേർന്നതായിരുന്നു തന്റെ ജാഡയെന്ന് കുറഞ്ഞ വാക്കുകളിൽ അവളും പങ്കുവച്ചു.
ഈ സമയം ബസ് ഏതാണ്ട് കോട്ടയമെത്തിയിരുന്നു. ഞാൻ മെല്ലെ പുറത്തിറങ്ങി. രണ്ട് ചായയും ഒരു കവർ ചിപ്സുമായി തിരിച്ചു കയറി. ചായയും ചിപ്സും അവൾക്കു നേരേ നീട്ടി. അവൾ അത് വേണ്ട എന്ന രീതിയിൽ തലയാട്ടിക്കൊണ്ടിരുന്നു.
''ഇതിൽ മയക്കുമരുന്നൊന്നും ചേർത്തിട്ടില്ല, ഇനീം വിശ്വാസമില്ലേൽ ഇത് ഞാൻ കുടിച്ചോളാം''
വേണ്ട എന്ന് പറഞ്ഞെങ്കിലും തൊണ്ട വരണ്ടിട്ടാവണം അവൾ തട്ടിപ്പറിച്ച് കുടിച്ചത് ഞാൻ എനിക്കായി വച്ച ചായയായിരുന്നു.
പെരുമ്പാവൂർ ആയപ്പൊ കണ്ടക്ടർ എന്റെ അടുത്തുവന്ന് ഞാനിരുന്ന ആ ഒരു സീറ്റ് ബുക്ക്ഡ് ആണെന്നറിയിച്ചു.
"അപ്പൊ എന്റെ ശല്യം ഇവിടെ തീർന്നൂട്ടോ... ഈ സീറ്റിൽ വേറെ ആള് വരും... കണ്ണൊക്കെ തുടച്ച് സുന്ദരിക്കുട്ടിയായിരിക്കൂ ... ബൈ"
ഡെസ്പാണെങ്കിലും അവളെ നോക്കി ഒന്നു ചിരിച്ചിട്ട് ഞാൻ ബാഗെടുത്ത് തൊട്ടു പിറകിലെ ഒഴിഞ്ഞ സീറ്റിലേക്ക് മാറി.
"ഞാനുമുണ്ടേ ... ഒന്നു നിൽക്ക്" ഇക്കുറി അവൾ ചിരിക്കുന്നുണ്ടായിരുന്നു. സൈഡ് സീറ്റിലിരുന്നിട്ട് അവൾ എന്റെ കൈയ്യിൽ പെട്ടെന്ന് ഒന്നു തൊട്ടു. ആ കൈയ്യിലെ തണുപ്പ് മാറി മാറി വരുന്നത് എനിക്കറിയാൻ കഴിഞ്ഞു. ആശ്വാസത്തിനെന്ന പോലെ മെല്ലെ എന്റെ തോളിലേക്ക് ചാഞ്ഞപ്പോൾ അവൾ കരയുകയായിരുന്നു. നിറഞ്ഞ കണ്ണ് ഞാനും ബദ്ധപ്പെട്ട് അടച്ചു.
ഇനിയെന്നു കാണും? ഞാൻ ചോദിച്ചു.
"ഇനി നമ്മൾ കാണില്ല... നമ്പർ തരില്ല... എന്നെ ... ഓർക്കരുത്.... തിരക്കരുത് എന്താന്നു വച്ചാ നിങ്ങളെയല്ലാതെ വേറേ ആരെയും വെറുപ്പിക്കാനെനിക്ക് ഇഷ്ടമല്ല...so good bye ചേട്ടാ" അവൾ കൈവിട്ട് നേരെയിരുന്നു.
പിന്നീടങ്ങോട്ട് ഞാനും നിശബ്ദനായിരുന്നു.
തൃശൂരെത്തി എന്ന സ്റ്റേഷൻ അറിയിപ്പ് ഒരു ഇടിത്തീയായാണ് കാതിൽ വീണത്. എന്തോ ആ സമയം വീണ്ടും എന്റെ കണ്ണ് നിറഞ്ഞൊഴുകി. എന്തിനോ എന്റെ മനസ്സ് കൊതിച്ചു. അവളാകട്ടെ ഒരക്ഷരം മിണ്ടാതെ ചാടിയെഴുന്നേറ്റ് പെട്ടെന്ന് ബാഗെടുത്ത് ഇറങ്ങിപ്പോയി.
ബസ്സെടുത്തപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി. ഒരു ശില പോലെ അവിടെത്തന്നെ നിന്ന് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ തവിട്ട് കണ്ണുകൾ നിറഞ്ഞിരുന്നോ? അറിയില്ല. ഒന്നും കാണാൻ പറ്റിയതുമില്ല. പക്ഷെ അപ്പോൾ എന്റെ ഉള്ളിലെ മി.ഫ്രോഡിന്റെ കുഴിമാടത്തിൽ നിറയെ മെഴുകുതിരികൾ തെളിഞ്ഞു കത്തുകയായിരുന്നു.
- ഗണേശ് -

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക