സിലോണിൽ നിന്നൊരു മമ്മി.
...............................................
കോയാമുക്കാന്റെ വാടകപ്പൊരേൽ പുതിയ ആൾക്കാര് പാർക്കാൻ വന്നെന്ന് കേട്ടപ്പോൾ തന്നെ ആഷിക്ക് ഉത്സാഹമായി.. പിന്നെ വൈകിയില്ല..ലൂസായി ഏത് നിമിഷവും ഊരിപ്പോകാവുന്ന ട്രൗസറിൽ ഉമ്മനെ കൊണ്ട് ഒരു പിന്നും കുത്തിപ്പിച്ച് അവൻ അങ്ങോട്ട് വെച്ച് പിടിച്ചു.
...............................................
കോയാമുക്കാന്റെ വാടകപ്പൊരേൽ പുതിയ ആൾക്കാര് പാർക്കാൻ വന്നെന്ന് കേട്ടപ്പോൾ തന്നെ ആഷിക്ക് ഉത്സാഹമായി.. പിന്നെ വൈകിയില്ല..ലൂസായി ഏത് നിമിഷവും ഊരിപ്പോകാവുന്ന ട്രൗസറിൽ ഉമ്മനെ കൊണ്ട് ഒരു പിന്നും കുത്തിപ്പിച്ച് അവൻ അങ്ങോട്ട് വെച്ച് പിടിച്ചു.
പോണ വഴിക്ക് ലോയിതേട്ടന്റെ കണ്ടത്തിൽ നിന്ന് കിട്ടിയ മഞ്ഞ പറങ്കി മാങ്ങേടെ അണ്ടി ശ്രദ്ധയോടെ മുരുണ്ടി ട്രൗസറിന്റ കീശയിലിട്ട് മാങ്ങ നല്ലോണം ചപ്പി തിന്നു.. നെഞ്ചിലൂടെ ഒലിച്ചിറങ്ങിയ മധുരച്ചാറ് തുടച്ച് മാറ്റുമ്പോഴാണ് ആ വാടകപ്പൊരയുമായി തനിക്കുള്ള പൊക്കിൾ കൊടി ബന്ധത്തെ പറ്റി അഗാധമായ ഒരു ആലോചന ആഷിയുടെ കുഞ്ഞ് തലച്ചോറിൽ വന്നത്..
അന്ന് ഇടിവെട്ടി മഴ പെയ്തൊരു കർക്കടക രാത്രിയായിരുന്നു. ഇന്ന് കൂടണ പൊരയൊന്നുമില്ല.. കോയാമുക്കാനെറെ വാടകപ്പൊരയിൽ ഉമ്മയും ഇത്താത്തമാരും മാത്രം.. ബാപ്പ തുണിക്കച്ചവടവുമായി മംഗലാപുരത്ത്.. ഉമ്മക്ക് പേറ്റ് നോവ് വന്നപ്പോൾ ആശുപത്രിയിലൊന്നും കൊണ്ടോവാൻ സമയമുണ്ടായില്ല.. ആരോ വിളിച്ച് കൊണ്ട് വന്ന പെരുന്നാത്തീടെ കൈകളിലേക്ക് ബല്ലാത്ത ഒരു കരച്ചിലുമായി ആഷി പിറന്ന് വീണു.ഇത്താത്തമാർ കാത്ത് കാത്തിരുന്ന ആൺ വാവയായി..
മഹത്തായ ജന്മ കഥയുടെ അന്തമില്ലാതെ ആലോചനക്കൊടുവിൽ ആഷി നടന്ന് ചെന്ന് നിന്നത് വാടകപ്പൊരക്ക് മുന്നിൽ നിർത്തിയിട്ട മുക്കുത്തി ലോറിക്ക് മുന്നിലാണ് .. എന്തൊക്കോ പൊര സാധനങ്ങൾ ആരൊക്കെയോ ഇറക്കി വെക്കുന്നുണ്ട്.. അവൻ ലോറിയുടെ സൈഡിലുള്ള സ്പ്രിംഗ് വലിച്ച് വിട്ട് അതിന്റെ ഇളക്കവും നോക്കി നിന്നു... സംഭവം ബഹു രസം തന്നെ!
മമ്മീ.... അവ്ടൊരു ട്രൗസർ ബോയ്... സ്പ്രിംഗ് പോലെ ചെമ്പൻ മുടിയും പൂച്ചക്കണ്ണുമുള്ള ഒരു സുന്ദരിപ്പെണ്ണിന്റെ വായിൽ നിന്നാണ് കള മൊഴി. തന്നെ നോക്കിയാണല്ലോ പറയുന്നെ.. ആഷി ഒന്നു പരുങ്ങി.. ആരാ ഇപ്പ ഈ മമ്മി.. അവൻ ആകാംഷയോടെ അകത്തേക്ക് നോക്കിയപ്പോൾ വെളുത്ത് മെലിഞ്ഞ് റങ്കുള്ള ഒരു മമ്മിയതാ ഇറങ്ങി വരുന്നു.. കമോൺ മോനൂ... തനിക്ക് നേരെ നീട്ടിയ ഫൈവ് സ്റ്റാർ ചോക്കലേറ്റിന്റ തിളക്കത്തിലേക്ക് ആഷി അന്തം വിട്ട് നോക്കി നിന്നു.. പിന്നെ അതും വാങ്ങി തിരിഞ്ഞൊരു ഓട്ടമായിരുന്നു..
എന്തൊരു മൊഞ്ചാണ് ഓരെ കാണാൻ.. ചോര തൊട്ടെടുക്കാവുന്ന കവിളും.. നീലക്കണ്ണുകളും സ്വർണ്ണ മുടിയും.. ഒരു മദാമ്മ തന്നെ.. ഈ നാട്ടിലൊന്നും ഇത് പോലൊരു മമ്മിയെ അവൻ മുമ്പ് കണ്ടിട്ടില്ല.. അടുക്കളയിലെ വർത്താനങ്ങളിൽ പിന്നീടറിഞ്ഞു... ആഷി കണ്ട പെൺകുട്ടിയാണ് സെലീന... അവൾടെ മൂത്ത ഒരു ഇത്ത കൂടിയുണ്ട്... അലീന.. മമ്മിയുടെ നാട് സിലോൺ (ശ്രീലങ്ക) ആണത്രെ... കുവൈത്തിൽ നഴ്സായി ജോലിയെടുക്കുമ്പോൾ അവിടെ വെച്ച് ഡാഡി കല്ല്യാണം കഴിച്ചതാണ്.
ഏതായാലും പുതിയ താമസക്കാരുടെ വരവ് ആ നാട്ടിൽ വേറിട്ടൊരു ഉണർവാണ് ഉണ്ടാക്കിയത്.. സ്കൂട്ടർ ഓടിക്കണ അലീനത്തയെ കണ്ട് നോക്കി നിൽക്കുന്നവരും... ഗണേഷ്.. 5 kg സുഗർ... എന്ന് ഡാഡി പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാവാതെ അന്തം വിട്ട് നിന്ന പീടിക കച്ചവടക്കാരൻ ഗണേഷേട്ടനും ... അങ്ങനെയങ്ങനെ..
ആഷിയും ഇത്താത്തമാരും മമ്മീടെ വീട്ടിലെ സ്ഥിരം ശല്യങ്ങളായി മാറി.. സലീനയുടെ ബർത്ത്ഡേ പാർട്ടിയും ചക്രമുള്ള ഷൂസിലെ കളികളും എന്നും കിട്ടുന്ന ചോക്കലേറ്റുകളുമൊക്കെ അവന് പെരുത്തിഷ്ടമായി.. എന്നാൽ അതൊന്നുമല്ലായിരുന്നു ആഷിയെ ഏറെ ആകർഷിച്ചത്... ഇടക്ക് മമ്മി അവനെ ചേർത്ത് നിർത്തി വാത്സല്യത്തോടെ തലയിൽ തടവും.. കൊരച്ച് കൊറച്ച് മലയാലത്തിൽ എന്തൊക്കെയോ പറയും.. എന്തൊരു മാർദവമാണ് ഓരുടെ കൈകൾക്ക്..പഞ്ഞി പോലെ.. മനം മയക്കുന്ന ബല്ലാത്തൊരു മണവും..
ദിവസങ്ങൾ കടന്ന് പോയി.. മമ്മിയുടെ വിസ കാലാവധി കഴിഞ്ഞെന്നും തിരിച്ച് പോവണമെന്നുമൊക്കെ ആരോ പറയുന്നത് കേട്ടു.. 'പേപ്പർ സരിയാക്കി നാൻ തിരാച്ച് വരും' ... എന്നൊക്കെ പറഞ്ഞ് മമ്മി പോയപ്പോൾ ആശിക്ക് കരച്ചിൽ വന്നു...
പിന്നീടറിഞ്ഞു.. മമ്മിക്ക് തിരിച്ച് വരാനുള്ള കടലാസുകൾ കിട്ടുന്നത് അത്ര എളുപ്പമല്ല പോലും.. ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ മുക്കുത്തി ലോറി ഒന്ന് കൂടി വന്നു.. വാടകപ്പൊര കാലിയാക്കി ഡാഡിയും മക്കളും എല്ലാരോടും യാത്ര പറഞ്ഞ് പോയി..
ആഷിക്ക് ഇനിയും പ്രതീക്ഷ ഉണ്ടായിരുന്നു.. ഒരിക്കൽ മമ്മി മടങ്ങി വരാതിരിക്കില്ല... മഴ പെയ്യുന്ന രാവുകളിൽ ഉമ്മയുടെ ചൂട് പറ്റി ഉറങ്ങുമ്പോഴും.. മമ്മിയുടെ മണവും.. പതു പതുത്ത കൈകളുടെ ലാളനകളും അവന്റെ സ്വപ്നങ്ങളിൽ നിറഞ്ഞ് നിന്നു. മയങ്ങുന്ന ചുണ്ടുകളിൽ അറിയാതെ വിരിഞ്ഞ പുഞ്ചിരിയിൽ മായാത്ത പ്രതീക്ഷകളുണ്ടായിരുന്നു.. വരും.. വരാതിരിക്കില്ല...!
- യൂനുസ് മുഹമ്മദ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക