Slider

പ്രണയം വിവാഹമായാൽ

0
പ്രണയം വിവാഹമായാൽ
പ്രണയിനി ഭാര്യയുമായാൽ
ഉണ്ടാകുന്ന ഒരു അനുഭൂതിയുണ്ടല്ലോ.....?
അത് ഒന്നു വേറെ തന്നെയാണ്......!!
നമ്മൾ ഹൃദയം കൊടുത്തു സ്നേഹിച്ചവൾ നമ്മുടെ നെഞ്ചോടു ചേർന്ന് ചൂടുപറ്റി കിടക്കുമ്പോൾ..
ഈ ലോകം തന്നെ ചുരുങ്ങി ചുരുങ്ങി അവളുടെ രൂപത്തിൽ നമ്മുടെ നെഞ്ചോടു പറ്റി ചേർന്നു കിടക്കുന്നതായി നമുക്ക് തോന്നും.....
അപ്പോൾ അവളുടെ
ഓരോ മിഴിയനക്കത്തിനും
അവൾക്ക് നമ്മോട് പറയാനുണ്ടാവും
ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന്.....
എന്റെ ഹൃദയത്തിലെ സ്നേഹത്തിനു
നിന്റെ ആകൃതിയാണെന്ന്......
എന്റെ സ്വപ്നങ്ങൾക്കു
നിന്റെ ഗന്ധമാണെന്ന്.........
എന്റെ നിശ്വാസങ്ങൾക്ക്
നിന്റെ ഹൃദയമിടിപ്പുകളുടെ വേഗമാണെന്ന്.....
മൂന്നു വർഷങ്ങൾക്ക്
മുന്നേ ഒരു ദിവസം.......,
എറണാകുളം പോകാൻ രാവിലെ 7. 20ന്റെ പാസ്സഞ്ചറിന് കയറാൻ വേണ്ടി ഓടി കിതച്ചു വന്നതായിരുന്നു ഞാൻ....,
സമയം അപ്പോൾ 7. 16 ആയിട്ടുണ്ടായിരുന്നു.. നാലു മിനിറ്റ് മാത്രമേയുള്ളു. ഞാൻ ടിക്കറ്റ് കൗണ്ടറിലേക്ക് നടക്കുമ്പോൾ
ട്രെയിൻ അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു. വണ്ടി ട്രാക്കിലേക്ക് വന്നു നിൽക്കുകയും ചെയ്തു.
കൗണ്ടറിലാണേൽ ഒരു ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിന്റെ ആളും.
അത് കണ്ടപ്പോൾ ടിക്കറ്റ് എടുക്കാതെ കയറിയാലോ എന്നായി ആലോചന.
ഒന്നുകിൽ ടിക്കറ്റ് അല്ലെങ്കിൽ ട്രെയിൻ ഏതെങ്കിലും ഒന്ന് മിസ്സ്‌ ആകും...
അതോടെ ടിക്കറ്റ് എടുക്കണ്ട എന്ന് ഉറപ്പിച്ചങ്ങു തീരുമാനിച്ചു.....
എന്തായാലും ടിക്കറ്റ് എടുക്കുന്നില്ല...
അപ്പോൾ വെറുതെ ഒന്ന് കൗണ്ടറിലേക്ക് നോക്കിയതാ...
എന്റെ കണ്ണ് തള്ളി...
ദൈവം എന്റെ വരിയെല്ലെടുത്തു
ദേ ആ കൗണ്ടറിൽ കൊണ്ടിരുത്തിയിരിക്കുന്നു......!
അവളെ കണ്ടപ്പോൾ ശരിക്കും എനിക്ക് മനസിലായി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് തെറ്റാണ് എന്ന്....
പിന്നെ തോന്നി
ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്
വേൾഡ് കപ്പിന്റെ ആളല്ല
ബ്രസീൽ അർജന്റീന ഫുട്ബോൾ
വേൾഡ് കപ്പിന്റെ ആളുണ്ടെങ്കിൽപോലും
ഞാനിന്ന് ടിക്കറ്റെടുത്തേ പോകുന്നുള്ളൂന്ന്....,
അവളുടെ ഓരോ ചലനത്തേയും സസൂക്ഷ്മം ശ്രദ്ധിച്ച് ഏതോ മായാപ്രപഞ്ചത്തിൽപ്പെട്ട പോലെ ഞാനാ വരിയിലങ്ങനെ നിന്നു....
അവൾക്ക് മുന്നിലേക്ക് നടന്ന് അടുക്കുന്ന ഓരോ അടിയിലും പ്രണയത്തിന്റെ കോടാനുകോടി തേൻ തുള്ളികളേ നുണഞ്ഞു കൊണ്ട് എന്റെ ഹൃദയം അവളെന്ന മന്ത്രണത്തിലെക്ക് ആഴ്ന്നിറങ്ങി..,
അവസാനം അവൾക്ക് മുന്നിൽ എത്തിയതും നിലമറന്ന് ഞാൻ വാങ്ങിയത് എറണാകുളത്തിന് പകരം
ഫ്ലാറ്റ്ഫോം " ടിക്കറ്റും......!
വായിൽ നിന്ന് അപ്പോൾ അടർന്നു വീണവാക്ക് അതായിരുന്നു....,
ഞാനത് ആവശ്യപ്പെട്ടപ്പോൾ അവൾ എന്നെ ഒന്ന് കടുപ്പിച്ച് നോക്കിയെങ്കിലും....,
ഒരു ദാക്ഷിണ്യവുമില്ലാതെ എന്നെ പെട്ടന്ന് ഒഴിവാക്കി കൊണ്ട് വേഗം ടിക്കറ്റ് തന്ന് അടുത്ത ആളുടെ പൈസക്കായി അവൾ കൈനീട്ടി.....
ദുഷ്ട.....!
ഒന്നുകിൽ ഇത്രനേരം നിന്നതല്ലേ എന്നെങ്കിലും ആ വാരിയെല്ലിനു ഓർക്കമായിരുന്നു......,
അതൊടെ എറണാകുളം പോകുന്നതൊക്കെ മറന്ന്
ആ കൗണ്ടറിന്റെ പല പല ആംഗിളിൽ നിന്ന് ഞാൻ അവളെ നോക്കി കണ്ടു.....,
എല്ലാ ആംഗിളുകളിലും അവൾ ഒന്നിനൊന്നു മികച്ചതായിരുന്നു.
പിന്നെ രാവും പകലും മനസ്സിൽ അവൾ മാത്രമായി......!!
പിന്നെ എല്ലാ ദിവസവും
ഫ്ലാറ്റ്ഫോം ടിക്കറ്റ് അവളുടെ കൈകൊണ്ടു വാങ്ങുന്നത് ഒരു തൊഴിലായി ഞാനങ്ങു സ്വീകരിച്ചു....,
നമ്മുടെ മുഖം അവളുടെ ഉള്ളിലും പതിയണമല്ലോ...?
അതിന് ഇതാണു ഏറ്റവും എളുപ്പമാർഗം,
പിന്നെ എന്റെ ഉള്ളിലുള്ളത് മുഴുവൻ വെടിപ്പായി അവൾക്ക് മനസ്സിലാവുകയും ചെയ്യും,
ഒരക്ഷരംപോലും ഉരിയാടാതെ....,
അങ്ങിനെ ഒരു ദിവസം അവൾ എന്നോട് ചോദിച്ചു
ഒരു മാസത്തേക്കുള്ളത് ഒന്നായിട്ട് തരട്ടെയെന്ന്....?
അതുകേട്ടതും
ഞാൻ എന്റെ രണ്ടു കണ്ണുകളും അവൾക്കു മുന്നിൽ ഇറുക്കി അടച്ചു....
അവൾ ചുണ്ടുകൾ അകത്തോട്ട് വലിച്ചു പിടിച്ച് ആ സമയം എന്നെ ഒന്നു ചമ്മിച്ചതിൽ ഉള്ളു കൊണ്ട് ആസ്വദിച്ച് ചിരിക്കുന്നുണ്ടായിരുന്നു.....,
എന്നാൽ
അവൾക്കുള്ള പണി അതെ നിമിഷം തന്നെ ഞാനും കൈയ്യോടെ കൊടുത്തിരുന്നു....,
കൗണ്ടറിൽ നിന്നും നടന്ന് നീങ്ങവേ ഞാനൊന്നു തിരിഞ്ഞു നോക്കിയതും....,
പരിഭ്രമം പൂണ്ട്
ഞാൻ കൊടുത്ത പത്ത് രൂപ നോട്ട് എല്ലാവരിൽ നിന്നും വാങ്ങുന്ന പൈസയിടുന്ന മേശവലിപ്പിലിടുന്നതിന് പകരം മറ്റൊരു വലിപ്പിലേക് മാറ്റിയിട്ടു കൊണ്ട് അവൾ
എന്നെ തന്നെ നോക്കി....
ഞാനവൾക്ക് നൽകിയ നോട്ടിന്റെ കൂടെ ഒരു പേപ്പർ കൂടി പിൻ ചെയ്താണ് അവൾക്കു കൊടുത്തത്....
കുറച്ചു ദിവസമായി ഞാൻ അത് കൈയ്യിൽ കൊണ്ടു നടക്കുന്നു എനിക്കറിയാം എന്നെങ്കിലും ഒരു നാൾ അവൾ ഒരു കളിയാക്കൽ എന്നോണം എന്തെങ്കിലും പറയുമെന്ന്
അപ്പോൾ അതിനുള്ള മറുപടി കൈയ്യോടെ തന്നെ കിട്ടുമ്പോഴല്ലേ അതിന് അതിന്റെതായ ഒരു സുഖമുള്ളൂ....
ഏറ്റവും ചെറിയ ലവ് ലെറ്റർ ആയിരുന്നു അത്
"എനിക്ക് നിന്നെ ഇഷ്ടമാണ് "
അത്രമാത്രമേ അതിൽ ക്ലിപ് ചെയ്ത പേപ്പറിൽ എഴുതിയിട്ടുള്ളു....,
അതു കണ്ടാൽ പിന്നെ പരിഭ്രമപ്പെടാതിരിക്കോ..?
പിന്നെ അതിനടുത്ത
നാലു ദിവസം മനപ്പൂർവ്വം ഞാനവൾക്ക് എന്നെ കാണിച്ചു കൊടുത്തില്ല...
പകരം അവളറിയാതെ ഞാൻ പലപ്പോഴും അവളെ കാണുകയും ചെയ്തു....
അവൾക്കുള്ളിൽ ഞാൻ എത്രമാത്രം ഉണ്ടെന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം....,
ഞാൻ ചട്ടം കെട്ടിയ പ്രകാരം
ഈ ദിവസങ്ങളിലെല്ലാം എന്റെ സുഹൃത്ത് അവളുടെ ചലനങ്ങളെല്ലാം എനിക്കെത്തിച്ചു തന്നു.
അതിനിടയിൽ ഒരു സംഭവമുണ്ടായതായി സുഹൃത്തെന്നെ അറിയിച്ചു....
ഒരു നുറുങ്ങു സംഭവമായിരുന്നു
എന്നാൽ എന്നെ സംബന്ധിച്ച് അതിന്റെ വലിപ്പം വളരെ വലുതായിരുന്നു....!
നാലാം ദിവസം
അടുത്ത കൗണ്ടറിൽ നിന്ന് ആരോ ഒരാൾ ഫ്ലാറ്റ്ഫോം ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അവൾ പെട്ടന്ന് അങ്ങോട്ട് എത്തി നോക്കിയത്രേ........
കൂടെ അവളുടെ നോട്ടം പലപ്പോഴും ആരെയോ പ്രതീക്ഷിക്കും പോലെ എന്ററൻസിലെക്കാണെന്നും....,
അതോടെ ഒരു കാര്യം ഉറപ്പായി
എന്റെ പ്രവ്യത്തികൾ ശരിയായ വിധത്തിൽ തന്നെ നീങ്ങുന്നുണ്ടെന്ന്....
അതിനടുത്ത ദിവസം ഞാൻ അവളെ കാണാൻ ചെല്ലുമ്പോൾ കൗണ്ടറിൽ ഒട്ടും ആളില്ലയിരുന്നു...,
അതെങ്ങനെയുണ്ടാവും....?
7. 20ന്റെ പാസ്സഞ്ചറിന് 6. 30ന് ഒക്കെ ആരെങ്കിലും വരോ.....? ?
ഞാനിത്തിരി നേരത്തെ ആയിപോയി... അതെങ്ങനെ
കിടന്നിട്ട് ഉറക്കം വരണ്ടേ....?
അവസാനം ഏഴ് മണിയായതോടെ ആളെത്തി തുടങ്ങി ക്യൂവിൽ പത്തു പതിനഞ്ച് ആൾ ആയപ്പോൾ ഞാൻ മെല്ലെ സ്റ്റേഷനകത്തേക്കു കയറി....,
എന്റെ നിഴൽ വെട്ടം കണ്ടതും അവളതിനെ വെട്ടി പിടിച്ചു.....
ഒരു പെണ്ണിന്റെ കണ്ണുകൾക്ക് ഇത്രയേറെ തിളക്കമുണ്ടെന്ന് അന്നാണ് ഞാൻ ആദ്യമായി കണ്ടത് .....
എന്നെ നോക്കുന്നില്ല എന്ന് കാണിക്കാൻ അവൾ എത്രയധികം പാടുപ്പെട്ടന്നോ അന്ന്....,
ഞാൻ കൗണ്ടറിലെത്തിയതും
പത്ത് രൂപ നോട്ട് അവൾക്ക് നേരേ നീട്ടിയതും
വെപ്രാളം കൊണ്ട് വീണ്ടും അവൾക്കു പരിഭ്രമമായി
എങ്ങിനെ പരിഭ്രമപ്പെടാതിരിക്കും ?
ആ നോട്ടിന് മേലെയും ഞാൻ ഒരു കടലാസ് പിൻ ചെയ്തുവയ്ച്ചിരുന്നു...
അതോടെ പരിസരം മറന്ന്
അവൾ ആ നോട്ട് വാങ്ങി അപ്പുറത്തെ മേശവലിപ്പിലിട്ടതും ടിക്കറ്റടിച്ചതും
അത് കീറി തന്നതും
ഒരു കാഴ്ച തന്നെ ആയിരുന്നു.
കീറിയ ടിക്കറ്റുപോലും മുക്കാൽ ഭാഗം മാത്രമേ എനിക്ക് കിട്ടിയുള്ളൂ ബാക്കി ഭാഗം ആ മെഷീനിൽ തന്നെ തങ്ങി നില്പുണ്ടായിരുന്നു.
ആ കത്തിൽ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളു
"ഒന്നു സംസാരിക്കണം വൈകിട്ട്
അര മണിക്കൂർ നേരത്തെ ഇറങ്ങാമോ
Waiting at coffee house"
ജോലി കഴിഞ്ഞു പറഞ്ഞപോലെ അരമണിക്കൂർ നേരത്തെ തന്നെ
അവൾ വന്നു....
പക്ഷെ ഒരു കോഫി ഓർഡർ കൊടുത്തതല്ലാതെ ഒന്നും
പരസ്പരം സംസാരിക്കാൻ കഴിയുന്നില്ല.....
അവസാനം അവൾ എന്നോട് ചോദിച്ചു
"എന്റെ വീട്ടിൽ വന്ന് ചോദിക്കുമോയെന്ന് ?"
ആ നിമിഷം ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി.
ഏതു ഒരാണും തന്റെ പെണ്ണിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത് തന്നെയാണ് കേട്ടത്....,
ആ സമയം ചുറ്റും മഞ്ഞു പെയ്യുംപോലെ ഒരു ഫീൽ.....
അവസാനം പരസ്പരം കണ്ണുകളിലൂടെ ഇഷ്ടമാണെന്നറിയിച്ച് ഫോൺ നമ്പർ വാങ്ങി അന്ന് ഞങ്ങൾ പിരിഞ്ഞു ..
കുറച്ചു നാളുകൾക്കു ശേഷം...,
വീട്ടുക്കാർ എതിർത്താലും കൂടെയുണ്ടാവണമെന്ന ഉറപ്പ് അവളുടെ അച്ഛന്റെയും അമ്മയുടെയും തലയിൽ തൊട്ടു കൊണ്ടു തന്നെ സത്യം ചെയ്തു തരണമെന്ന എന്റെ വാക്കവൾ പാലിച്ചു....,
തുടർന്ന്
ഞാനവളുടെ അച്ഛനെ പേഴ്സണലായി കണ്ട് കാര്യം പറഞ്ഞു. ആദ്യമൊക്കെ എതിർക്കുകയും എന്റെ കുഞ്ഞിനെ തൊട്ടാൽ കൊന്നുകളയും
എന്നൊക്കെ ഭീഷണിപ്പെടുത്തുകയും ചെയ്തു
പക്ഷെ കുറെ പറഞ്ഞ് പുള്ളി ഒന്ന് തണുത്തപ്പോൾ ഞാൻ പറഞ്ഞു
എന്റെ ഇഷ്ടം അവളോട് ആദ്യമായി പറഞ്ഞപ്പോൾ
അവൾ പറഞ്ഞ ഒരു വാക്കുണ്ട്....
ഞാൻ എന്റെ അച്ഛനെക്കാളേറെ
മറ്റൊരാളെ സ്നേഹിക്കുന്നു എന്നച്ഛനറിഞ്ഞാൽ
അത് അച്ഛന് വല്ലാതെ സങ്കടമാകുമെന്ന്....
അത് കേട്ടപ്പോൾ
അയാളൊന്ന് ഉള്ളിൽ ചിരിച്ചു
അതാ മുഖം കണ്ടപ്പോൾ മനസിലായി അപ്പോൾ ഞാൻ അത്
ശ്രദ്ധിച്ചിട്ടില്ലാത്ത പോലെ മൂപ്പരെ ഓർമിപ്പിച്ചു
"അച്ഛനെക്കാളേറെ .... "
എന്ന് വെച്ചാൽ അച്ഛനും മുകളിൽ....!
അത് കേട്ടതും ആ മുഖം ഭയത്തിലേക്കു നീങ്ങവേ ഞാൻ തന്നെ വീണ്ടും പറഞ്ഞു
എന്നാലും അവളുടെ ആ ഇഷ്ടം പോലും നോക്കാതെ നിങ്ങൾ പറഞ്ഞാൽ നിങ്ങൾ പറയുന്നയാൾക്ക് അവൾ കഴുത്ത് നീട്ടിക്കൊടുക്കും....
അത് സ്നേഹം കൊണ്ടാവണമെന്നില്ല... ചിലപ്പോൾ ഇത്ര നാളും വളർത്തി വലുതാക്കിയതിന്റെ കൂലിയായിട്ടാവും
അങ്ങിനെയായാൽ
നിങ്ങൾ തോറ്റു പോകും....,
അവൾ അവളെ വളർത്തി വലുതാക്കിയതിന്റെ കൂലിയായി
അവളുടെ ജീവിതം അവൾ ദാനമായി തന്നാൽ
പിന്നെ അച്ഛനെന്നു പറയാൻ
അവകാശം നഷ്‌ടമായ
ഒരച്ഛനായി നിങ്ങൾ മാറും....,
നിങ്ങൾ കണ്ടുപിടിച്ച ഭർത്താവിലേക്കവൾ ചുരുങ്ങുകയും ചെയ്യൂം...!
പിന്നെ ഇന്ന് അച്ഛനെ കാണാൻ ഒരാൾ വരും എന്നവൾ നിങ്ങളോട് പറഞ്ഞത്
മറ്റാരുടെയും മുന്നിൽ വെച്ച് പോലും
നിങ്ങൾ ഒരു നിമിഷം പോലും
അവൾക്കു വേണ്ടി സങ്കടപെടുന്നത് കാണാൻ പോലും അവൾക്കു ഇഷ്ടമില്ലാത്തതു കൊണ്ടു കൂടിയാണ്......
അതോടെ അയാളുടെ ചിന്തകൾ അടിസ്ഥാനമായ കാര്യങ്ങളിൽ നിന്ന് അകന്ന്
ഞാൻ പറഞ്ഞതിൽ മാത്രം ചുഴിയിൽ പെട്ടതുപോലെ കിടന്നു കറങ്ങി....,
അവസാനം അയാൾ സമ്മതിച്ചു
വിവാഹശേഷം ആദ്യരാത്രിയിൽ കിടക്കുന്നതിന് മുൻപേ ഞാനവളോട് ചോദിച്ചു....
എന്തു കൊണ്ടാണ് നിനക്ക് എന്നെ എത്ര മാത്രം ഇഷ്ടമായതെന്ന്....?
അതിനവൾ പറഞ്ഞ മറുപടി...
അന്ന്
അത്രയേറെ തിരക്കുണ്ടായിട്ടും
(തമ്മിൽ കണ്ട ആദ്യ നാൾ)
ക്യൂ നിന്ന് ഫ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തപ്പോൾ തന്നെ എനിക്ക് മനസ്സിലായി...,
നിങ്ങൾ എത്ര സത്യസന്ധനാണെന്ന്.....!
എന്റെമ്മോ...... !
എന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി.....,
അപ്പോൾ അന്നവൾ ഒന്നു കടുപ്പിച്ചു നോക്കിയതിന്റെ അർത്ഥം അതായിരുന്നല്ലെ.....,
ഞാൻ അവളെ കണ്ടതു പോലെ ദൂരെ നിന്ന് അന്നവൾ എന്നെയും അപ്പോൾ കണ്ടിരുന്നു...,
പടച്ചോനെ അതിലും ട്വിസ്റ്റോ ????
അതിനുശേഷം ഞാനവളോട് ചോദിച്ചു
ഞാനൊരു സമ്മാനം തന്നാൽ
അത് ജീവിതാവസാനം വരെ സൂക്ഷിച്ചു വയ്ക്കുമോ എന്ന് ?
അതിനവൾ ചിരിച്ചു കൊണ്ട് തലയാട്ടിയപ്പോൾ
അലമാരയിൽ നിന്ന് വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു പൊതിയെടുത്ത് ഞാനവൾക്ക് കൊടുത്തു.
എത്ര സുക്ഷ്മതയോടാണെന്നോ
അവളത് തുറന്നത് .....
ആ പൊതിയഴിഞ്ഞതും
അവൾ കണ്ടു
ഒരു ബോക്സ് നിറയെ
ഫ്ലാറ്റ്‌ഫോം ടിക്കറ്റുകൾ..."
തുടർന്നവൾ
ആ ബോക്സ് കട്ടിലിൽ വെച്ച് എഴുന്നേറ്റു വന്ന് എന്നെ കെട്ടിപ്പിച്ചു..
ആ നിറഞ്ഞ സ്നേഹത്തിന്റെ കെട്ടിപ്പിടിത്തത്തിലൂടെ
ഞങ്ങൾ ഞങ്ങളുടെ ജീവിതവും തുടങ്ങി.......!!
.
First posted date jul 20
.
Pratheesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo