Slider

ഒരു കുമ്പസാര രഹസ്യം

0
ഒരു കുമ്പസാര രഹസ്യം
*************************
സഹപ്രവർത്തകനോട് തോന്നിയ വികാരത്തെ എന്തു പേരിട്ടു വിളിക്കണമെന്നറിയാതെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ, കുമ്പസാര കൂടിൻ്റെ മുൻപിലെ ക്യുവിൽ തലകുമ്പിട്ടു നിൽക്കുകയായിരുന്നു ഞാൻ. മനസ്സ് ഒരു പക്ഷിയെപ്പോലെ എവിടെയൊക്കെയോ പറക്കുന്നു. അരുതെന്നു പറഞ്ഞു വിലക്കിയാലും തിരിച്ചു വിളിച്ചാലും നിമിഷങ്ങൾക്കപ്പുറം അത് വീണ്ടും പറന്നകലുന്നു. എവിടെ പോകരുതെന്ന് ഞാൻ വിലക്കുന്നുവോ അവിടേക്കു തന്നെ....
ഞാൻ ആൻമേരി , സ്കൂൾ അദ്ധ്യാപികയാണ്. ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥൻ . രണ്ടു കുട്ടികൾ. അവർ പ്രശസ്തമായ ഒരു പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്നു. ജീവിതം അല്ലലില്ലാതെ വളരെ സാധാരണമായി ഒഴുകുമ്പോഴാണ് പുതിയ കമ്പ്യൂട്ടർ സാർ സ്ഥലം മാറി വന്നത്. കണ്ടാൽ ഒരസാധാരണത്വവും ഇല്ലാത്ത ഒരു സാധു മനുഷ്യൻ. വിനയത്തോടെയുള്ള പെരുമാറ്റം, നിഷ്കളങ്കമായ ചിരി. ഇടയ്ക്കു സ്റ്റാഫ് റൂമിലും ഇടനാഴിയിലും വച്ച് കാണും. ഒന്ന് ചിരിക്കും. പക്ഷെ ഇടക്കെപ്പോഴോ ഞാൻ ആ കണ്ണുകൾ ശ്രദ്ധിച്ചു തുടങ്ങി. തിളക്കമുള്ള ഇളം ബ്രൗൺ നിറമുള്ള കണ്ണുകൾ. അവ എങ്ങോ കണ്ടു മറന്നതു പോലെ ഒരു തോന്നൽ.
അങ്ങനെയിരിക്കെയാണ് കുട്ടികളെയും കൊണ്ട് സയൻസ് എക്സിബിഷന് പോകാൻ ഞങ്ങളുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടത് . പരസ്പരം ഒരു പാട് സംസാരിക്കാൻ അതവസരമായി. അദ്ദേഹം കൂടുതലും സംസാരിച്ചത് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന തൻ്റെ കുടുംബത്തെക്കുറിച്ചായിരുന്നു. ഭാര്യ സോഫ്റ്റ്‌വെയർ എൻജിനീർ ആണ്. രണ്ടു പെൺകുട്ടികൾ. അവരാണ് അദ്ദേഹത്തിൻ്റെ ലോകമത്രേ. എപ്പോഴും ചിരിയും കളിയും തമാശയും. ഭൂമിയിലെ സ്വർഗമെന്നാണ് അദ്ദേഹം തൻ്റെ കുടുംബത്തെ വിശേഷിപ്പിച്ചത്. എനിക്കെന്തോ അതൊക്കെ കേട്ടപ്പോൾ അസൂയയാണ് തോന്നിയത്. ഒപ്പം അദ്ദേഹത്തോട് വലിയ ആരാധനയും.
ആ യാത്ര ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി. പലരും ഞങ്ങളുടെ സൗഹൃദത്തെ വേറെ കണ്ണുകളോടെ നോക്കുന്നുണ്ടെന്ന് എങ്ങും തൊടാതെയുള്ള ചില സംസാരങ്ങളിൽ നിന്നും മനസ്സിലാക്കാമായിരുന്നു. പക്ഷെ അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചതേയില്ല. ഇതെല്ലം ഭാര്യയോട് പറയുമെന്നും, അവൾക്ക് അതെല്ലാം തമാശയായി കാണാൻ പറ്റുമെന്നും അദ്ദേഹം വളരെ അഭിമാനത്തോടെയാണ് പറഞ്ഞത്.
ഒരു ദിവസം അദ്ദേഹം വളരെ അസ്വസ്ഥനായി കാണപ്പെട്ടു. പതിവ് ചിരിയും തമാശയുമില്ല. എന്തൊക്കെയോ ആലോചിച്ചു മൗനമായി ഇരിക്കുന്നു. അന്ന് സ്കൂൾ വിട്ടപ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ കൂടെ നടന്നു. വഴിയിൽ ഒരു കോഫി ഷോപ്പിൽ കയറി കാപ്പി കുടിച്ചു . അപ്പോൾ അദ്ദേഹം ഹൃദയം തുറന്നു. സഹോദരിയുടെ ദാമ്പത്യം അത്ര ഭദ്രമല്ലെന്നും, അവർ വിവാഹമോചനത്തെകുറിച്ചു ചിന്തിക്കുകയാണെന്നും പറയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അദ്ദേഹം കരയുന്നതു കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ പരിസരം മറന്ന് ആ കണ്ണുകൾ തുടച്ചു. അദ്ദേഹം തൻ്റെ കൈകൾക്കുള്ളിൽ എൻ്റെ ആ കൈ കൂട്ടിപ്പിടിച്ചു . ആ സ്പർശം എന്നിലെ എന്നെ ഉണർത്തി . ഞാൻ അദ്ദേഹത്തിൻ്റെ കണ്ണുകളിലേക്കുറ്റു നോക്കി. പൊതുവെ തിളക്കമുള്ള ആ കണ്ണുകളിൽ മിഴിനീർത്തുള്ളികൾ ആയിരം നക്ഷത്രങ്ങൾ വിരിയിച്ചിരുന്നു . പിന്നെ അദ്ദേഹം പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ആ കണ്ണുകളിലൂടെ കയറി ഞാൻ മറ്റേതോ ലോകത്തിലേക്ക് പ്രവേശിച്ചു. അദ്ദേഹത്തിൻ്റെ പ്രിയതമയായി, കുട്ടികളെ പ്രസവിച്ചു പാലൂട്ടി വളർത്തി പുഴയോരത്തൊരു കുടിലിൽ ഞാൻ എന്നെത്തന്നെ കണ്ടു. ആ മായക്കാഴ്ചയിൽ ഞാൻ എന്നെ മറന്നു. പക്ഷേ അധികം താമസിയാതെ വെയ്റ്ററിൻ്റെ ശബ്ദം എന്നെ സ്വപ്ന ലോകത്തു നിന്നും ഉണർത്തി. എൻ്റെ ഭാവമാറ്റം കണ്ടിട്ടാവണം അദ്ദേഹം അത്ഭുതപ്പെട്ടിരിക്കുന്നു.

അന്ന് രാത്രി എനിക്കുറങ്ങാനായില്ല. കണ്ണടച്ചാലും തുറന്നാലും എങ്ങും അദ്ദേഹം മാത്രം. ഭർത്താവും കുട്ടികളും എന്തൊക്കെയോ ചോദിച്ചു. പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങൾ കേട്ട് അവർ കണ്ണ് മിഴിച്ചു. എനിക്കൊന്നിലും ശ്രദ്ധിക്കാനായില്ല. പിറ്റേ ദിവസത്തേക്കുള്ള പോർഷൻസ് വായിക്കാനൊരു വിഫല ശ്രമം നടത്തി. പുസ്തകത്തിലും തെളിയുന്നത് ആ കണ്ണുകളാണ് . നക്ഷത്ര ശോഭയുള്ള ആ കണ്ണുകൾ. പിറ്റേന്ന് അദ്ദേഹത്തെ അഭിമുഖീകരിക്കാൻ എനിക്ക് ഭയമായിരുന്നു. ഞാൻ അറിയാതെ എന്നെത്തന്നെ വെളിപ്പെടുത്തി പോകുമോ എന്നുള്ള ഭയം. എൻ്റെ ഇഷ്ടം അദ്ദേഹം ഒരിക്കലും അറിയരുതെന്നും അദ്ദേഹത്തിൻ്റെ തെളിഞ്ഞ ആകാശത്തിൽ ഒരു കാർമേഘമാകരുതെന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അന്ന് അദ്ദേഹം ലീവ് ആയിരുന്നു. എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
ദിവസങ്ങൾ കഴിയവേ എൻ്റെ ഹൃദയം അദ്ദേഹവുമായി പ്രണയത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. പഴയ പോലെ തുറന്നിടപെടാനാവുന്നില്ല. ആ കണ്ണുകളിൽ നോക്കാതിരിക്കുവാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്തോ തെറ്റ് ചെയ്യുന്നു എന്ന് മനസ്സ് ഇടവിടാതെ മന്ത്രിച്ചു . അങ്ങനെയാണ് ഒരു ദിവസം സ്കൂളിലേക്കുള്ള യാത്രയിൽ തീർത്ഥാടന കേന്ദ്രത്തിനു മുൻപിൽ ഞാൻ ബസിറങ്ങിയത്.

"എന്നാ കൊച്ചേ ദിവാസ്വപ്നം കാണുവാണോ ? കേറുന്നില്ലേൽ ഇങ്ങോട്ടു മാറ് ". പുറകിൽ നിന്ന സ്ത്രീയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. പ്രായമുള്ള കപ്പൂച്ചിൻ അച്ചനായിരുന്നു കുമ്പസാരക്കൂട്ടിൽ . മുപ്പത്തഞ്ചു വയസുള്ള രണ്ടു മക്കളുടെ അമ്മയായ ഞാൻ പ്രണയത്തിലാണെന്ന് തുറന്നു പറയാൻ വളരെ കഷ്ടപ്പെടേണ്ടി വന്നു. അച്ചൻ എല്ലാം മൂളി കേട്ടു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. "ഇതിൽ അസ്വാഭാവികതയൊന്നും ഞാൻ കാണുന്നില്ല. ഇത് ഈ പ്രായത്തിൻ്റെ പ്രത്യേകതയാണ് . നീ ഇപ്പോൾ ഒരു കൗമാരത്തിലാണ്. വാർദ്ധക്യത്തിന്റെ കൗമാരത്തിൽ. നിന്നിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ നിന്നെ വീണ്ടും ഒരു കൗമാരക്കാരി ആക്കിയിരിക്കുന്നു. നിൻ്റെ ഇച്ഛാശക്തിക്കു മാത്രമേ ഇതിനെ മറി കടക്കാനാവൂ . സമൂഹത്തിൻ്റെ സുസ്ഥിതിക്ക്‌ നല്ല ആൺ പെൺ സൗഹൃദങ്ങൾ ഉണ്ടാവുക തന്നെ വേണം . പക്ഷെ അത് അതിരു കടക്കാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്." ഞാനൊരു വലിയ തെറ്റുകാരി അല്ല എന്നറിയുന്നതു തന്നെ വലിയ ആശ്വാസമായിരുന്നു. മറ്റൊരാൾക്കെന്നെ മനസ്സിലാക്കാൻ ആവുന്നു എന്നതും. ക്രൂശിതൻ്റെ മുൻപിൽ ഞാനെന്നെ തന്നെ സമർപ്പിച്ചു .

ഞാൻ മൂലം രണ്ടു കുടുംബങ്ങൾ തകരരുത്. എൻ്റെ മനസ്സിൻ്റെ ചാപല്യത്താൽ എൻ്റെ പ്രിയപ്പെട്ടവർ കരയാൻ പാടില്ല. എൻ്റെ ഇച്ഛാശക്തിയിൽ ഞാനുറച്ചു വിശ്വസിച്ചു. അതെനിക്ക് ധൈര്യം പകർന്നു . ആ ധൈര്യത്തോടു കൂടിയാണ് ഞാൻ പിറ്റേന്ന് ജോലിക്കു പോയത്. പക്ഷേ പിന്നീട് കുറച്ചു ദിവസങ്ങൾ അദ്ദേഹം അവധിയായിരുന്നു. ഒരു ദിവസം സ്കൂളിലെത്തിയപ്പോൾ അദ്ദേഹം എന്നെ കാത്ത് നിൽപ്പുണ്ട്. കൂടെ ഭാര്യയും കുട്ടികളും. അവർക്ക് കാനഡയിലേക്കുള്ള വിസ ശരിയായെന്നും അടുത്ത ദിവസം തന്നെ പോവുകയാണെന്നും അറിയിച്ചു. അദ്ദേഹം ദീർഘകാല അവധി എടുക്കുകയാണ്. യാത്ര പറയാൻ വന്നതാണത്രേ. വിദേശത്തു പോകാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ അതിത്ര വേഗം ശരിയാകുമെന്ന് കരുതിയില്ല . അദ്ദേഹത്തിൻ്റെ ഭാര്യയെ കണ്ടപ്പോൾ ആദ്യം എനിക്കൊരല്പം ജാള്യം തോന്നി. പിന്നെ ആശ്വാസവും. സംസാരിച്ചും ചിരിച്ചും അവർ അകന്നു പോയപ്പോൾ ഒത്തിരി ദിവസങ്ങൾ കൂടി ഞാനെൻ്റെ ഭർത്താവിനെക്കുറിച്ചോർത്തു. മനസ്സു കൊണ്ട് ആ പാദങ്ങളിൽ വീണു മാപ്പിരന്ന് ഞാൻ യാഥാർഥ്യങ്ങളിലേക്കു തിരിച്ചു നടന്നു....
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo