വീണ്ടും ചില വീട്ടുകാര്യങ്ങൾ.
...............................................
...............................................
ദേവകിയമ്മ കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് നല്ല സന്തോഷമായി.. കുട്ടിക്കാലത്ത് അവർ സ്നേഹത്തോടെ തരാറുള്ള വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഉണ്ണിയപ്പത്തിന്റെ രുചിയാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത്.. ആ ഓർമ്മയിൽ വായിലൂറിയ വെള്ളവുമായി സ്വീകരണ മുറിയിലെത്തിയപ്പോൾ സെറ്റിയിൽ ഇരിക്കുകയായിരുന്ന ദേവകിയമ്മ ആഹ്ലാദത്തോടെ എഴുന്നേറ്റ് വന്ന് കെട്ടിപ്പിടിച്ചു.
അമ്മ ഒരുപാട് ക്ഷീണിച്ച് പോയല്ലോ... കുശലം പങ്ക് വെക്കുന്നതിനിടയിൽ അവരുടെ ശുഷ്കിച്ച കൈകൾ തലോടിക്കൊണ്ട് ഞാൻ ചോദിച്ചു.. മറുപടിയായി അവർ പുഞ്ചിരി തൂകിയതേ ഉള്ളൂ..
മോനാകെ മാറിപ്പോയിരിക്കണൂ.. തടിം .. നെറോം ഒക്കെ വെച്ചു.. പണ്ട് തറവാട്ടിൽ വരണ കറുത്ത് മെലിഞ്ഞ താക്കോല് പോലത്തെ ചെക്കനാന്ന് കണ്ടാ പറയോ.. ചായയും കൊണ്ട് വന്ന ഭാര്യ അവസാന വാചകം കേട്ടെന്ന് തോന്നുന്നു.. അവൾ അമ്മ കാണാതെ എന്നെ നോക്കി കൊഞ്ഞനം കുത്തി.. ഞാൻ ചമ്മി ഇരുന്നതേ ഉള്ളൂ...
മോനാകെ മാറിപ്പോയിരിക്കണൂ.. തടിം .. നെറോം ഒക്കെ വെച്ചു.. പണ്ട് തറവാട്ടിൽ വരണ കറുത്ത് മെലിഞ്ഞ താക്കോല് പോലത്തെ ചെക്കനാന്ന് കണ്ടാ പറയോ.. ചായയും കൊണ്ട് വന്ന ഭാര്യ അവസാന വാചകം കേട്ടെന്ന് തോന്നുന്നു.. അവൾ അമ്മ കാണാതെ എന്നെ നോക്കി കൊഞ്ഞനം കുത്തി.. ഞാൻ ചമ്മി ഇരുന്നതേ ഉള്ളൂ...
മാങ്ങാ കറിയും ചെമ്മീൻ വറുത്തതും കൂട്ടി ഊണ് കഴിക്കുമ്പോൾ ഞാൻ ദേവകിയമ്മയെ ശ്രദ്ധിച്ചു.. അവർ രുചിയോടെ ആസ്വദിച്ച് കഴിക്കുകയാണ്... പിന്നെ അവളും ദേവകിയമ്മയും കൂടി സീരിയൽ കാണുന്നതും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും കൗതുകത്തോടെ നോക്കി നിന്നു.. ആ ഒഴിവ് ദിവസം ഏതായാലും വീട്ടിൽ തന്നെ കൂടാമെന്ന് വിചാരിച്ചു.. ഭാര്യക്കും നിറഞ്ഞ സമ്മതമായിരുന്നു.. കാരണം അമ്മയെ അവൾക്കത്രയേറെ ഇഷ്ടപ്പെട്ടിരുന്നു..
ഇടക്ക് വീട്ടിലെ കാര്യങ്ങൾ ദേവകിയമ്മ പറഞ്ഞു.. ഭർത്താവ് വേലായുധേട്ടൻ റിട്ടയറായി ഇപ്പോൾ കൃഷിപ്പണിയൊക്കെയായി നിൽക്കുകയാണ്... മൂത്ത രണ്ട് പെൺകുട്ടികൾക്ക് കുടുംബമൊക്കെയായി മാറിത്താമസിക്കുന്നു... ഇളയ മകനും ഭാര്യയും വീട്ടിലുണ്ട്.. അവർക്ക് ഒരു മോനാണ്.. ഇപ്പോൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു.. സാമ്പത്തികമായിട്ടൊന്നും ഒരു അല്ലലുമില്ല.. എങ്കിലും..അമ്മക്ക് വേറെന്തോ പറയാൻ ഉള്ള പോലെ..
അന്ന് ചായക്ക് കൂട്ടാൻ ഉണ്ണിയപ്പം തന്നെയായിരുന്നു വിശേഷ വിഭവം.. വെള്ളം ചേർക്കാത്ത ഏലക്ക രുചിയുള്ള പാൽ ചായയും ഉണ്ണിയപ്പവും ആസ്വദിച്ച് കഴിക്കുമ്പോളാണ് ദേവകിയമ്മ ചോദിച്ചത്... മോൻ ഈ മനസ്സിന്റെ ഒക്കെ വലിയ ഡോക്ടറല്ലേ... ഞാനൊന്ന് ചിരിച്ചു.. അത്ര വലിയ ഡോക്ടർ അല്ല അമ്മേ... പിന്നെ വാരികകളിലൊക്കെ എഴുതുന്നത് കൊണ്ട് കുറച്ച് പേർക്കറിയാം... പിന്നീട് അവർ പറഞ്ഞ പ്രശ്നം കുറച്ച് കൗതുകകരമായിരുന്നു...
മകന്റെ മകനായ ഒന്നാം ക്ലാസ് കാരനാണ് ഇവിടെ വില്ലൻ..! ഏറെ കുട്ടികളെ കണ്ടിട്ടുള്ള ദേവകിയമ്മ പറയുന്നത് ഈ കൊച്ചു ചെറുക്കന്റെ കളികൾ വെറും കുട്ടിക്കളിയല്ല എന്നാണ്.. പലപ്പോഴും അവൻ എന്തോ വൈരാഗ്യം വെച്ച് പെരുമാറുന്നു.. ഉപദ്രവിക്കുന്നു.. ഈ പ്രശ്നമെല്ലാം അവന്റെ അമ്മൂമ്മയായ ദേവകിയമ്മയോട് മാത്രമേ ഉള്ളൂ എന്നതാണ് രസം! അവരതിൽ വല്ലാത്ത മാനസിക വിഷമത്തിലാണ്.
എല്ലാം കേട്ടപ്പോൾ ഞാൻ വേറൊരു കാര്യമാണ് ആലോചിച്ചത്.. പലരും പറയുന്ന പരാതിയാണ്.. മകളുടെ മക്കളോട് കാണിക്കുന്ന പുന്നാരമൊന്നും മകന്റെ മക്കളോട് മുത്തശ്ശനും മുത്തശ്ശിയും കാണിക്കാറില്ല എന്ന സത്യം! എപ്പോഴും കാണുന്നത് കൊണ്ടാണോ.. അതോ മകനെറെ ഭാര്യയോടുള്ള ദേഷ്യമാണോ എന്തോ... ഏതായാലും മറ്റൊരു ദിവസം ദേവകിയമ്മയുടെ മകനോടും ഭാര്യയോടും നമ്മുടെ വില്ലൻ ചെറുക്കനോടുമൊക്കെ വിശദമായി സംസാരിക്കാൻ പറ്റി.
സംഭവം ചെറിയ അമ്മായിയമ്മ മരുമോൾ പ്രശ്നങ്ങളൊക്കെ അവിടെയും ഉണ്ടായിരുന്നു.. കൊച്ച് കുട്ടികൾ നമ്മുടെ സംസാരമൊക്കെ പിടിച്ചെടുത്ത് അവരുടേതായ ഒരു ധാരണ ഉണ്ടാക്കാറുണ്ട്.. അങ്ങനെ ഈ കുട്ടിയുടെ മനസ്സിൽ നമ്മുടെ ദേവകിയമ്മ സ്വന്തം അമ്മയെ ദ്രോഹിക്കുന്ന ദുഷ്ടയായി പതിഞ്ഞ് പോയിരുന്നു.. എല്ലാവരോടും കാര്യങ്ങളൊക്കെ പറഞ്ഞ് ശരിയാക്കാൻ എനിക്കൽപം മെനക്കെടേണ്ടി വന്നു.
കുറച്ച് മാസങ്ങൾക്ക് ശേഷം മറ്റൊരു അവധി ദിവസം... ദേവകിയമ്മയുടെ കുടുംബത്തിന്റെ ക്ഷണപ്രകാരമുള്ള വിരുന്നായിരുന്നു അന്ന്.. മുത്തശിയുടെ ഓമനയായി മടിയിലിരുന്ന് അവരുടെ ഭക്ഷണം വാങ്ങിത്തിന്നുകയാണ് നമ്മുടെ വില്ലൻ! ആ സുന്ദരമായ കാഴ്ച കണ്ട് ഞാൻ ഭാര്യയെ നോക്കി അഭിമാനത്തോടെ ഒന്ന് ചിരിച്ചു.. അവൾ മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് എന്നെ കളിയാക്കിയതേ ഉള്ളൂ... പുറത്തെ തൈമാവിലകളിലപ്പോൾ രാവിലെ പെയ്ത മഴത്തുള്ളികൾ സൂര്യ രശ്മികളേറ്റ് പുളകിതരായി വർണ്ണങ്ങൾ വാരി വിതറുകയായിരുന്നു...
- യൂനുസ് മുഹമ്മദ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക