Slider

ഒരു ദീപാവലി ചൊറിച്ചിലിന്‍റെ ഓര്‍മ്മക്ക്..............

0
ഒരു ദീപാവലി ചൊറിച്ചിലിന്‍റെ ഓര്‍മ്മക്ക്..............
രണ്ടായിരത്തി ഒമ്പതിലെ ദീപാവലി നാള്‍ , രണ്ടര മാസത്തെ അവധിക്ക് സൌദിയില്‍ നിന്നും നാട്ടിലെത്തി തേരാപാര നടക്കുന്ന കാലം ............
ദീപാവലിതലേന്ന് പതിവിലും ഏറെ വൈകിയാണ് ഉറങ്ങിയതെങ്കിലും , പുലര്‍ച്ചെ അഞ്ച് മണിയോടെ തന്നെ ശോഭാമ്മ കിടക്കയില്‍ നിന്നും കുത്തിപൊക്കി..............
"ഡാ രാവിലെ പോത്ത്പോലെ കിടന്നുറങ്ങാതെ വാവയെ മണ്ണാറശാല വരെ ഒന്ന് കൊണ്ട് പോകു "
പെങ്ങളുമായി മണ്ണാറശാല അമ്പലത്തില്‍ പോകാനായുള്ള അമ്മയുടെ അറിയിപ്പ് ഒന്നിലേറെ തവണ തലവഴി മൂടിയിരിക്കുന്ന പുതപ്പിന്‍റെ പ്രതിരോധത്തെയും മറികടന്ന് കാതില്‍ മുഴങ്ങിയതോടെ,പള്ളിയുറക്കം അവസാനിപ്പിച്ച്‌ മുറിയില്‍ നിന്നും പുറത്തേക്ക്.....................
തൊട്ടുമുന്നില്‍ കായംകുളം കായല്‍ ശാന്തമായി ഒഴുകുന്നുണ്ട് ,അതിനപ്പുറം പിള്ളക്കടവില്‍ മീന്‍ ലേലം പതിവ്പോല്‍ നടക്കുന്നുണ്ട് ,തലേദിവസം പൊട്ടിച്ചു തീര്‍ത്ത ഓലപ്പടക്കത്തിന്‍റെ അവശിഷ്ട്ടങ്ങള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി കിടക്കുന്നു ,
"ഡാ നേരം വെളുത്ത് വരുന്നതെയുള്ളൂ കായലില്‍ ചാടേണ്ട ,ദാ മുറ്റത്ത് ചരുവത്തില്‍ വെള്ളംപിടിച്ചു വെച്ചിട്ടുണ്ട് ,അതെടുത്ത് കുളിക്ക് "
അടുക്കളയില്‍ അങ്കം നടത്തുന്നതിനിടയിലും ,ശോഭാമ്മയുടെ വാക്കുകള്‍ അക്കരെയുള്ള ഗുരുമന്ദിരത്തില്‍ നിന്നുയരുന്ന ഭക്തിഗാനത്തിനും മീതെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് ......
തലയില്‍ എണ്ണയും തേച്ച് ,കയ്യില്‍ ബ്രഷുമായി മുറ്റത്ത് റോന്ത് ചുറ്റുന്നതിനിടയിലാണ് ..........
രാവിലത്തെ ദീപാവലി സ്പെഷ്യല്‍ പുഴുക്കിനായ് ചേമ്പും കാച്ചിലും ,ചേനയുമൊക്കെ തൊലികളഞ്ഞു കക്ഷണങ്ങള്‍ ആക്കാനായി ഒരു കയ്യില്‍ പിച്ചാത്തിയുമായി തിണ്ണക്ക് വന്ന്‍ വാവ പ്രതിഷ്ട്ടഉറപ്പിച്ച കാഴ്ച്ച എന്‍റെ കണ്ണിലുടക്കിയത്...............
" അമ്പലത്തില്‍ പോകണം എന്നും പറഞ്ഞു ,രാവിലെ മനുഷ്യന്‍റെ ഉറക്കം മിനക്കെടുത്തിയിട്ട് നീ ഇവിടെയിരുന്നു ചേമ്പ് ചുരണ്ടാന്‍ പോകുവാണോ,പോയി ഒരുങ്ങടി "
കാലുകൊണ്ട് വാവയുടെ നടുവിന് ഒരു ലോവെയിറ്റ് തട്ടുംതട്ടി ഉറഞ്ഞു തുള്ളി ഞാന്‍ വീണ്ടും മുറിക്കകത്തെക്ക് കയറിയപ്പോഴേക്കും വാവയുടെ റേഡിയോ നിലയം തുറന്നുകഴിഞ്ഞിരുന്നു .........
" അമ്മെ ദേണ്ടെ എന്നെ ചവുട്ടുന്നു "
" നല്ലൊരു ദിവസമായിട്ട് രാവിലേതന്നെ രണ്ടും കൂടെ തുടങ്ങിയാ ,നീ കുളിച്ചു വരുമ്പോഴേക്കും അവള്‍ റെഡിയാകും "
അടുക്കളയില്‍ നിന്നും എഫ്എം ശോഭയും സജീവമായി ..........
തോര്‍ത്തുമെടുത്ത് നീരാടനായി കായലരികിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നും വാവയുടെ സ്നേഹത്തില്‍ ചാലിച്ച വിളി.......
"അണ്ണാ കായലില്‍ പോകണ്ട ,ദാ ഈ ചരുവത്തിലിരിക്കുന്ന വെള്ളം എടുത്ത് കുളിക്ക് "
ഹോ എന്തൊരു സ്നേഹം ,അനുജത്തികുട്ടിയുടെ ആങ്ങളയോടുള്ള സ്നേഹം ഓര്‍ത്ത് എന്‍റെ രോമകൂപങ്ങള്‍ എഴുനെറ്റ് നിന്നു.........
എന്തായാലും ആദ്യം അമ്മയും ,പിന്നീട് അവളും പറഞ്ഞതല്ലേ കായലില്‍ കുളിക്കേണ്ട എന്ന് , എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ ........
പണിമുടക്കിയ പൈപ്പിനെയും , വാട്ടര്‍അതോറിറ്റിയെയും സ്തുതിച്ചുകൊണ്ട് ഭരണിപാട്ടും പാടി
ചരുവത്തില്‍ നിറച്ച വെള്ളവുമെടുത്ത് നേരെ കുളിമുറിയിലേക്ക് നീങ്ങവേ , വാവയുടെ മുഖത്ത് വിടര്‍ന്ന ചിരി ഞാന്‍ ഗൌനിച്ചില്ല ....
ഓരോ മഗ്ഗ് വെള്ളവും തലവഴി ഒഴിക്കുമ്പോള്‍ , എന്‍റെ ഇഷട്ടഗാനങ്ങളായ "പുഴയോരഴകുള്ള പെണ്ണും ", പൂക്കൈതപൂക്കുന്ന പാടങ്ങളും " മൊക്കെ കുളിമുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ പ്രതിധ്വനിച്ചു ...............
നാലാമത്തെ മഗ്ഗ് വെള്ളം ഒഴിക്കാന്‍ കൈപൊക്കിയ ഞാന്‍ മഗ്ഗും വെള്ളവും താഴെയിട്ട് ചൊറിയാന്‍ തുടങ്ങി .............
പിന്നീട് അങ്ങോട്ട്‌ ചൊറിച്ചിലിന്‍റെ തൃശൂര്‍പൂരമായിരുന്നു ,ബാലേട്ടനിലെ ജഗതിയെ ഓര്‍ത്തുപോയ നിമിഷങ്ങള്‍ ..........
എന്തോ പണിപാളിയിട്ടുണ്ട് ..............
" അമ്മെ ഈ ചരുവത്തില്‍ ഇരുന്ന വെള്ളം ഒഴിച്ചിട്ട് ചൊറിയുന്നു "
തോര്‍ത്തുമുടുത്ത് പാതികുളിച്ച രൂപത്തില്‍ ഞാന്‍ കുളിമുറിക്ക് പുറത്തേക്ക് .................
" ചെമ്പും ,കാച്ചിലുമൊക്കെ കഴുകിയ വെള്ളത്തില്‍ കുളിച്ചാല്‍ ആരോഗ്യത്തിന് നല്ലത് എന്നാണ് പഴമക്കാര്‍ പറയാറ് "
തിണ്ണക്കിരുന്നു ചേമ്പ് മുറിക്കുന്നതിനിടയില്‍ വാവയുടെ സാരോപദേശം കേട്ടതോടെ കാര്യത്തിന്‍റെ കിടപ്പ് മനസ്സിലായി .......
അല്‍പ്പം മുമ്പ് നടുവിന് കൊടുത്ത ചവുട്ടിന് പകരം വാവയുടെ വക കൌണ്ടര്‍അറ്റാക്കാണ് ചൊറിച്ചിലിനു വഴിവെച്ചിരിക്കുന്നത് ......
കിട്ടിയ ചവുട്ടുമായി അടങ്ങിയിരിക്കാതെ , ഞാന്‍ മുറിയിലേക്ക് കയറിയ നേരത്ത് ചേമ്പും ,ചേനയും,കാച്ചിലുമൊക്കെ കുളിക്കാന്‍ വെച്ച വെള്ളത്തില്‍ കഴുകിയെടുത്ത് എട്ടിന്‍റെ പണിതന്നെയാണ് അവള്‍ ദീപാവലിനാളില്‍ തന്നത് ............................
എന്തായാലും പിന്നെയും ഏറെ സമയമെടുത്ത് ശരീരത്തെ ചൊറിച്ചില്‍ മാറുവാന്‍, എന്തായാലും ആ ദീപാവലി ചൊറിച്ചിലില്‍ മുങ്ങിപോയി ...................
കെ.ആര്‍.രാജേഷ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo