Slider

#ക്രിസ്റ്റിയുടെ_സ്വന്തം_മറിയാമ്മ

0
"ടീ മറിയാമ്മോ നീയിതെവിടാ കൊച്ചേ"
അമ്മച്ചിയുടെ അലർച്ച കേട്ടതിനാൽ ഞാൻ വിളികേട്ടു.
"എന്നാത്തിനാ ഏലിക്കുട്ടി അലറുന്നെ.ഞാനിവിടുണ്ടേ"
"എവിടാടീ മരംകേറി നീയ്"
"അമ്മച്ചി മുകളിലേക്കു ഒന്നുനോക്കിയേ"
"എന്റെ കർത്താവേ ടീ കൊച്ചേ താഴേക്കിറങ്ങിവാ .അവരു പെണ്ണുകാണാൻ വന്നിട്ടുണ്ട്"
"ഞാൻ പറഞ്ഞതല്ലെ.എനിക്കിപ്പം കെട്ട് വേണ്ടാന്ന്"
"അത് നീയല്ല തീരുമാനിക്കുന്നത്.അതീ ഏലിക്കുട്ടിയാ.ഇറങ്ങടീ അസത്തേ താഴെ"
അമ്മച്ചി അകത്തേക്കു വലിഞ്ഞ അവസരം നോക്കിഞാൻ താഴേക്കിറങ്ങി.അല്ലെങ്കിൽ തന്നെ ഏലിക്കുട്ടി മൂരാച്ചിയാ.പറയണ പോലെതന്നെ ചെയ്തുകളയും.
നല്ലപഴുത്ത പേരക്കാ കണ്ടപ്പോൾ കൊതിയടക്കുവാനായില്ല.അപ്പഴേ വലിഞ്ഞുകയറി.ഏലിക്കുട്ടീനോടു പറഞ്ഞതാ എനിക്കിപ്പഴേ കല്യാണം വേണ്ടന്ന്.പറഞ്ഞാൽ കേൾക്കണ്ടേ.മൂരാച്ചിയാണെങ്കിലും എന്റെ ഏലിക്കുട്ടിയൊരു പാവമാ.ജീവിതസാഹചര്യം ഇങ്ങനെയാക്കിയെന്നെ ഉളളൂ.
ഞാൻനേരെ അടുക്കളയിലേക്കു ചെന്നു.ഏലിക്കുട്ടി തകൃതിയായി ചയാ ഇടുകയാണു.
"ടീയേ വേഗംവേഷം മാറ്റീട്ടുവാ.ചെക്കനും കൂട്ടുകാരും വന്നിട്ടുണ്ട്. ചായയും ബേക്കറിയും കൊടുക്കണം.വേഗംവാ"
"അമ്മച്ചീ എനിക്കിപ്പം കല്യാണം മാണ്ടാ"
"ടീയേ മറിയാമ്മേ എന്റെകണ്ണടഞ്ഞാൽ പിന്നെനിന്റെ കെട്ടുനടക്കൂല്ല.മോളുചെന്ന് ഒരുങ്ങീട്ട് വാ"
കൂടുതലു പറഞാല്പിന്നെ അമ്മച്ചികരയും.പിന്നെഞാനും കൂടെകരയും.അമ്മച്ചീനെ വിഷമിപ്പിക്കാൻ കഴിയാത്തതിനാൽ ഞാൻ വേഗമൊരുങ്ങിവന്നു.
ചായനീട്ടിയപ്പോൾ ചെക്കനൊരു മന്ദഹാസം പൊഴിച്ചു.ഞാനും ചെറുതായൊന്നു പുഞ്ചിരിച്ചു.
"ചെക്കൻ വല്യകുഴപ്പമൊന്നുമില്ല.പാവമാണെന്നു തോന്നണു"
സംസാരിച്ചപ്പോളെനിക്കു മനസ്സിലായി ആളൊരു പാവം തന്നെയാണെന്ന്.പരസ്പരം കുറച്ചുനേരം സംസാരിച്ചു.
"ഇച്ചായോ എനിക്കൊരു കാര്യം പറയാനുണ്ട്.നീരസമൊന്നും വിചാരിക്കരുത്"
"എന്നതാ മറിയക്കൊച്ചേ"
ഇച്ചായന്റെ ആ വിളിയെനിക്കു ഇഷ്ടപ്പെട്ടു.
"അതേയ് അമ്മച്ചി ഒറ്റക്കാണു. മിന്നുകെട്ടു കഴിഞ്ഞാലെന്റെ അമ്മച്ചിയെക്കൂടി കൊണ്ടുവരാൻ സമ്മതിക്കണം"
"അതിനാണോ മറിയക്കൊച്ചേ ആമുഖമെല്ലാം.എന്റെയമ്മച്ചി എങ്ങനെയോ അങ്ങനെ തന്നെയാണെനിക്കും ഈ അമ്മച്ചിയും"
പിന്നീടു ഇച്ചായൻ വിളിക്കുമ്പോഴെല്ലാം അമ്മച്ചിയുമായും സംസാരിക്കും.കർത്താവു സഹായിച്ചു മനസമ്മതവും മിന്നുകെട്ടും നല്ലരീതിയിൽ തന്നെനടന്നു.
സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടുണ്ടായപ്പോൾ ഇച്ചായൻ കുറച്ചു കാശുതന്നു.
"ഇതു ശരിയാവില്ല ഇച്ചായാ.കല്യാണത്തിനുമുന്നെ സഹായമൊന്നും വേണ്ടാ"
ഞാനാ സഹായം നിരസിച്ചപ്പോഴാണു ഇച്ചായനെന്റെ മനസ്സുകീഴടക്കിയത്.
"മറിയക്കൊച്ചേ ഞാനൊന്നു തന്നാലുണ്ടല്ലോ"
"കർത്താവേ പാവമാണെന്നു കരുതിയ ഇച്ചായൻ പുലിയായിരുന്നോ.എന്നതാ ഇച്ചയാ ഇത്"
"ടീ മറിയക്കൊച്ചേ നിന്നെക്കണ്ടപ്പഴേ മനസ്സിൽക്കരുതിയതാ നീയാണെന്റെ മണവാട്ടിയെന്ന്.ഇപ്പോൾ ഞാനീ വീട്ടിലെ മകനാകാൻ പോകുന്നു.എന്റെ വീട്ടിലൊരു ബുദ്ധിമുട്ടു വരുമ്പോൾ ഞാനല്ലാണ്ടാരാ സഹായിക്കുന്നേ"
പിന്നെയെനിക്കു ഇച്ചായന്റെ സഹായം സ്വീകരിക്കാതിരിക്കാനായില്ല.അമ്മച്ചിക്കും എതിരില്ലായിരുന്നു.
ആദ്യരാത്രിയിലാണു ഇച്ചായനൊരു മോഹം പറഞ്ഞത്.
"നീയെന്നെ പേരു വിളിച്ചാൽമതി.നമ്മളു രണ്ടുപേരുമുളളപ്പോൾ.അല്ലാത്തപ്പം ഇച്ചായോന്നു വിളിച്ചോ"
"ന്റെ കർത്താവേ ഇച്ചായിനിതെന്നാ പറയുന്നെ ഞാൻ പേരു വിളിക്കാനോ.എന്നെക്കൊണ്ട് കഴിയൂല്ല"
"ടീ മരംകേറി മറിയാമ്മേ.കൂട്ടുകാരെപ്പോലെ കെട്ടിയോനും കെട്ടിയോളും കൂടികഴിഞ്ഞാലെ ലൈഫ് അടിപൊളിയായിരിക്കും.പരസ്പരം മനസ്സിലൊളിച്ചു വെക്കാതെ എല്ലാം തുറന്നു പറയാൻ കഴിയും."
"ഇച്ചായോ അടിപൊളി"
"ദേ പിന്നെയും ഇച്ചായാന്ന്.വിളിക്കടീ മരംകേറി ക്രിസ്റ്റീന്ന്"
"മോനേ ക്രിസ്റ്റി"
"ദാ അങ്ങനെ വിളിച്ചാൽ മതി"
ജീവിതം സുന്ദരമായങ്ങനെ ഒഴുകി നീങ്ങി.ഇടക്കിടെ ദേഷ്യപ്പെടുമെങ്കിലും ക്രിസ്റ്റി എനിക്കു പ്രിയമുളളവനായിരുന്നു.സ്നേഹമുളള കെട്ടിയോൻ
പ്രഗ്നന്റെ ആയപ്പോഴേക്കും ഞാനാ സ്നേഹം ആവോളം ആസ്വദിച്ചു. എന്റെ സമീപത്തു നിന്നും മാറാതെ പൊന്നുപോലെ പരിചരിച്ചു.ആഹാരം കഴിക്കാതിരിന്നപ്പം പറയും.
"അതേയ് നീ വല്ലതും കഴിച്ചാലെ കുഞ്ഞു ക്രിസ്റ്റിക്കു ആരോഗ്യം കിട്ടൂ"
അതും പറഞ്ഞു ക്രിസ്റ്റി എന്നെക്കൊണ്ടെല്ലാം കഴിപ്പിക്കും.കാലിനു നീരുവന്നപ്പം പാവമെന്റെ ക്രിസ്റ്റി ഉറക്കമൊഴിഞ്ഞു കാലു തിരുമ്മിതരും.വേദനകൊണ്ടു പുളയുന്ന എനിക്കായി എത്രരാവുകൾ ക്രിസ്റ്റി ഉറക്കമൊളിച്ചു.
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ക്രിസ്റ്റി കുഞ്ഞിനെ ഏറ്റുവാങ്ങണമെന്ന്.
ഞങ്ങളുടെ മനോഹരമായ ജീവിതം കണ്ടിട്ടായിരിക്കാം ഡെലിവറിക്കു മുമ്പേ കർത്താവെന്റെ ക്രിസ്റ്റിയെ അങ്ങുവിളിച്ചത്.
ക്രിസ്റ്റിയുടെ ആഗ്രഹം പോലെതന്നെ മോൻ തന്നെയായിരുന്നു കാർത്താവെനിക്കു തന്നത്.ക്രിസ്റ്റിയുടെ ആഗ്രഹപ്രകാരം മോനു ജോമോനെന്ന് പേരും നൽകി.
അഞ്ചുവയസായ ജോമോൻ അവന്റെ അപ്പനെ ചോദിക്കുമ്പോൾ രാത്രിയിൽ ഞാനാകാശത്തെ നക്ഷത്രങ്ങളിൽ കൂടുതൽ തിളക്കമുളളതിനെ ചൂണ്ടിക്കാണിച്ചു പറഞ്ഞുകൊടുക്കും.
"മോന്റെ അപ്പച്ചൻ ദാ ആകാശത്തു കർത്താവിനൊപ്പമാ താമസം മാലാഖമാരുണ്ടു കൂട്ടിനു.സ്വർഗ്ഗലോകമാണവിടെ.തിളങ്ങുന്ന നക്ഷത്രങ്ങൾ മാലാഖമാർ.അതിലേറ്റവും കൂടുതൽ തിളങ്ങുന്ന നക്ഷത്രമാ എന്റെ ജോമോന്റെ അപ്പച്ചൻ"
"നമ്മളെന്നാ അമ്മച്ചി അപ്പച്ചന്റെയടുക്കൽ പോകുന്നെ"
അവന്റെ നിഷ്ക്കളങ്കമായ ചോദ്യത്തിനു മുമ്പിൽ എന്റെ മനസ്സിടറിപ്പോകും.
എന്റെ ജോമോനെ ചേർത്തു കെട്ടിപ്പിടിച്ചു തേങ്ങിക്കൊണ്ടു ഞാൻ പറയും
"മോൻ വലിയ ആളാകുമ്പം നമുക്കും അവിടേക്കു പോകാം"
കുറച്ചുനാളേ ഒന്നിച്ചു ജീവിച്ചുള്ളൂവെങ്കിലും എന്റെ ക്രിസ്റ്റി തന്ന നല്ല ഓർമ്മകൾ മാത്രം മതിയായിരുന്നെനിക്ക് ജോമാനുവേണ്ടി ജീവിക്കുവാനായി"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo