കാത്തുനിൽക്കാത്ത പുഷ്പങ്ങൾ
***********************************
***********************************
നിമിഷയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല. അനൂപേട്ടൻ നാളെ വരുമത്രെ. തന്നെ അത്ഭുതപ്പെടുത്താൻ വേണ്ടി അവധി കിട്ടിയ കാര്യം മിണ്ടാതിരിക്കുകയായിരുന്നു. പോയിട്ട് രണ്ടു വർഷം കഴിഞ്ഞു. കഴിഞ്ഞ ദിവസം അവധിയുടെ കാര്യം ചോദിച്ചപ്പോഴും ഒന്നുമായില്ല എന്നാണ് പറഞ്ഞത്. കള്ളൻ പറ്റിക്കുകയായിരുന്നു...ഇങ്ങു വരട്ടെ. അവളുടെ കണ്ണുകളിലെ തിളക്കം കണ്ണാടിയിൽ പ്രതിഫലിച്ചു. എന്തോ ഓർത്ത് അവൾ ചുണ്ടു കടിച്ചു. മുഖം നാണത്താൽ ചുവന്നു.
അപ്പുറത്ത് അമ്മുവും അപ്പുവും കൂടി റിമോട്ട് കൺട്രോളറിനു വേണ്ടി അടി വയ്ക്കുന്നു. മാളൂട്ടി ഇതൊന്നും വകവയ്ക്കാതെ ടെലിവിഷനിൽ ദ്രുതഗതിയിൽ മാറുന്ന ചിത്രങ്ങളിലേക്ക് നോക്കി അത്ഭുതപ്പെട്ടു നിൽക്കുന്നു. മാളൂട്ടിക്ക് ഒന്നര വയസായി. താനവളെ ഗർഭിണി ആയിരിക്കുമ്പോളാണ് അനൂപേട്ടന് പെട്ടെന്ന് വിസ ശരിയായത്. തന്നെ ആ അവസ്ഥയിൽ ഇട്ടിട്ടു പോകാൻ ഭയങ്കര മടിയായിരുന്നു. പക്ഷെ ആവശ്യങ്ങൾ അതിലുമപ്പുറത്തായിരുന്നല്ലോ! അവളെ കാണാൻ എന്ത് കൊതിയുണ്ടായിരിക്കും? അമ്മുവിന് സംസാരിക്കുന്ന ബാർബി ഡോളും അപ്പുവിന് പറക്കുന്ന ഹെലികോപ്ടറും വാങ്ങി വച്ചിട്ടുണ്ടെന്നാണ് പറഞ്ഞത്. തനിക്കെന്താണാവോ കൊണ്ട് വരുന്നത്? ഒന്നും കൊണ്ട് വന്നില്ലെങ്കിലും വേണ്ടില്ല,ഒന്ന് കണ്ടാൽ മതി...
നിമിഷ ബാൽക്കണിയിൽ നിന്നും അലക്കി വിരിച്ച തുണികൾ എടുത്തു. അവർ താമസിക്കുന്നത് പതിനഞ്ചാം നിലയിലാണ്. താഴത്തെ ഫ്ലാറ്റിൽ നിന്നും വലിയ ചിരിയും വർത്തമാനവും കുട്ടികളുടെ കരച്ചിലും ഒക്കെ കേൾക്കാം. അവിടുത്തെ മൂത്ത മോളുടെ കല്യാണമാണ് മറ്റന്നാൾ. നാട്ടിൽ നിന്നും കുറേപ്പേർ വന്നിട്ടുണ്ട് . അടുത്ത ഫ്ളാറ്റിലെ അശ്വിൻ അകലേക്ക് നോക്കി വീൽ ചെയറിൽ ഇരിപ്പുണ്ട്. പാവം... ഒരു വർഷം മുൻപ് ഒരു ബൈക്ക് അപകടത്തിൽ അരയ്ക്കു താഴേയ്ക്ക് തളർന്നു പോയതാണ് .അവൻ അവന്റേതായ ലോകത്തിലാണെന്നു തോന്നുന്നു, ശല്യപ്പെടുത്തേണ്ട.
നിമിഷ കുട്ടികൾക്ക് ഭക്ഷണം കൊടുത്തു. മാളൂട്ടിയെ കിടത്തിയുറക്കി. തുണികൾ മടക്കിക്കൊണ്ടു അപ്പുവിന്റെയും അമ്മുവിന്റെയും ഒപ്പമിരുന്ന് സ്കൂളിലെ വിശേഷങ്ങൾ കേട്ടു . അമ്മു അധികം മിണ്ടാറില്ല . സ്കൂളിലെ കാര്യങ്ങളൊക്കെ ചോദിച്ചാലേ പറയൂ. അപ്പു നേരെ തിരിച്ചാണ് . വരുമ്പോൾ തുടങ്ങും കലപില വർത്തമാനം പറയാൻ. അച്ഛൻ വരുന്ന കാര്യം അവരോടു പറയാതെ ഒരു സർപ്രൈസ് കൊടുത്താലോ എന്ന് പലതവണ ആലോചിച്ചു. പക്ഷെ അമ്മു ആ രഹസ്യം കണ്ടുപിടിച്ചു.
അച്ഛൻ വരുന്നെന്നു കേട്ടതെ കുട്ടികൾക്ക് നൂറുകൂട്ടം ചോദ്യങ്ങളാണ്. ഒരു തരത്തിൽ അവരെ ഉറങ്ങാൻ കിടത്തി നിമിഷ അടുക്കളയിലെ പണികൾ ഒതുക്കി. സന്തോഷം കൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റുന്നില്ല. തന്റെ ഇഷ്ട ഗാനം മൊബൈലിൽ വച്ച് നിമിഷ തിരിഞ്ഞും മറിഞ്ഞും കിടന്നു .നാളത്തെ ദിവസത്തെക്കുറിച്ചോർത്തു പുളകം കൊണ്ട് അറിയാതെ എപ്പോഴോ ഉറങ്ങി പോയി.
അച്ഛൻ വരുന്നെന്നു കേട്ടതെ കുട്ടികൾക്ക് നൂറുകൂട്ടം ചോദ്യങ്ങളാണ്. ഒരു തരത്തിൽ അവരെ ഉറങ്ങാൻ കിടത്തി നിമിഷ അടുക്കളയിലെ പണികൾ ഒതുക്കി. സന്തോഷം കൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റുന്നില്ല. തന്റെ ഇഷ്ട ഗാനം മൊബൈലിൽ വച്ച് നിമിഷ തിരിഞ്ഞും മറിഞ്ഞും കിടന്നു .നാളത്തെ ദിവസത്തെക്കുറിച്ചോർത്തു പുളകം കൊണ്ട് അറിയാതെ എപ്പോഴോ ഉറങ്ങി പോയി.
താഴെ നിന്നും വലിയ ബഹളം കേട്ടാണ് അവൾ ഉണർന്നത്. ആരൊക്കെയോ കരയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. അവൾ ഓടിപ്പോയി ബാൽക്കണി തുറന്നു. ഒന്നും കാണാൻ പറ്റുന്നില്ല. എങ്ങും പുകപടലങ്ങൾ . അവൾ താഴേക്കെത്തി നോക്കി . താഴെ വലിയ ജനക്കൂട്ടം . രക്ഷപെടാൻ അവർ വിളിച്ചു പറയുന്നു. . നിമിഷ അകത്തേക്കോടി. ജനലിലൂടെ അപ്പുറത്തെ വശത്തു നോക്കി. വലിയ തീനാളങ്ങൾ. അത് കത്തി മുകളിലേക്കുയരുകയാണ് . എന്തെങ്കിലും ഉടനെ ചെയ്യണം . ആലോചിച്ചു നില്ക്കാൻ സമയമില്ല. അവൾ മാളൂട്ടിയെ വാരിയെടുത്തു. അമ്മുവിനെയും അപ്പുവിനെയും ഉണർത്തി. വാതിൽ തുറന്നു വെളിയിലിറങ്ങി. ലിഫ്റ്റ് ഉപയോഗിക്കാൻ പറ്റില്ല. അവൾ കുട്ടികളെയും കൊണ്ട് സ്റ്റെപ്പിറങ്ങി ഓടി. പുക കാരണം പടികളൊന്നും നന്നായി കാണാൻ പറ്റുന്നില്ല . പതിമൂന്നാം നില വരെ എത്തിയപ്പോളാണ് അശ്വിനെ ഓർത്തത്. അപ്പുവിനോടും അമ്മുവിനോടും താഴേക്ക് ഓടിക്കൊള്ളാൻ പറഞ്ഞിട്ട് അവൾ മാളൂട്ടിയെയും കൊണ്ട് തിരിച്ചോടി. ഒരു ഫ്ലാറ്റിന്റെ വാതിൽ തുറന്നു കിടക്കുന്നു. അവർ ആദ്യം രക്ഷപെട്ടിട്ടുണ്ടാകാം.അശ്വിന്റെ വാതിലിൽ അവൾ കൊട്ടി ഉറക്കെ വിളിച്ചു. അശ്വിന്റെ അമ്മ വാതിൽ തുറന്നു. പുകപടലം കണ്ടു നിലവിളിച്ചു. വേഗം രക്ഷപെടാൻ പറഞ്ഞു കൊണ്ട് അവൾ അടുത്ത ഫ്ലാറ്റിന്റെ വാതിലിൽ കൊട്ടി. അവർ വാതിൽ തുറന്നില്ല. അടുത്തയിടക്ക് വിവാഹം കഴിഞ്ഞ ഭാര്യയും ഭർത്താവുമാണ് അവിടെയുള്ളത്. ആ കുട്ടി ഗർഭിണിയുമാണ്. ഒരു പക്ഷെ അവർ അവിടെ ഇല്ലായിരിക്കും. അതോ നല്ല ഉറക്കമാണോ ആവോ ? സ്‌മോക്ക് അലാം അടിച്ചിരുന്നെങ്കിൽ എല്ലാവരും അറിഞ്ഞേനെ. പക്ഷെ അത് കേടായിട്ട് കുറെ നാളുകളായി. റെസിഡെൻറ്സ് അസോസിയേഷന്റെ മീറ്റിംഗിൽ അവതരിപ്പിച്ചതാണ്. പക്ഷെ ആരും അത് കാര്യമായി എടുത്തില്ല.
മാളൂട്ടി ചുമയ്ക്കാൻ തുടങ്ങി. ചൂടും പുകയും വല്ലാതെ കൂടിയിരിക്കുന്നു . അശ്വിന്റെ അമ്മ അലറിക്കരയുന്നതു കേൾക്കാം . കാലിനു സ്വധീനമില്ലാത്ത അവനെയും കൊണ്ട് എങ്ങനെ പതിനഞ്ചു നിലയിറങ്ങും. തീയാണെങ്കിൽ കത്തി പടരുകയുമാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. താനും വല്ലാതെ ചുമയ്ക്കുന്നു. പുക ആസ്ത്മ വഷളാക്കുകയാണ്. ഇൻഹേലർ എവിടെയോ ഇരിപ്പുണ്ട്. പക്ഷെ ഇപ്പോൾ അതിനു കൂടിയുള്ള സമയമില്ല. മാളൂട്ടിയേം കൊണ്ട് ഓടി താഴെയെത്താൻ സാധിച്ചേക്കാം. പക്ഷെ അശ്വിൻ... അവൾ വേഗം തന്റെ ഫ്ലാറ്റിനുള്ളിലേക്കു ഓടി. ഒരു മെത്തയ്ക്കുള്ളിൽ മാളൂട്ടിയെ കിടത്തി അവൾക്കു ഒരു മുത്തം കൊടുത്തു. പിന്നെ അത് ചുറ്റി കെട്ടി ബാൽക്കണിയിയിലൂടെ താഴേക്കിട്ടു ...നിറമിഴികളോടെ. താഴെയുള്ള ജനക്കൂട്ടത്തിൽ ആരെങ്കിലും അവൾ വീഴാതെ പിടിക്കുമെന്നുള്ള വിശ്വാസത്തിൽ...
നിമിഷ അശ്വിന്റെ ഫ്ളാറ്റിലേക്കോടി. ഒന്നും കാണാൻ പറ്റാത്തത്ര പുകപടലം. പുക നിറയുമ്പോൾ വെള്ളം വീഴാനുള്ള സംവിധാനം എല്ലായിടത്തുമുണ്ട് . പക്ഷെ അതും വർക്ക് ചെയ്യുന്നില്ല. താഴെ ഫയർ ഫോഴ്സ് എത്തിയിട്ടുണ്ടാവും. പക്ഷെ പത്തു നിലകൾക്കു മുകളിലേക്കുള്ള അഗ്നിശമനവും രക്ഷാപ്രവർത്തനവും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എവിടെയോ വായിച്ചതു അവൾ ഓർത്തു.
നിമിഷ ഓടിച്ചെന്ന് അശ്വിനെ എടുത്തു പൊക്കാൻ നോക്കി. നല്ല കനമുണ്ട്. ദയനീയമായ ആ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. അവന്റെ അമ്മയോട് കയ്യിൽ പിടിക്കാൻ പറഞ്ഞിട്ട് രണ്ടു പേരും കൂടി അവനെ കൈയ്യിലും കാലിലും പിടിച്ചു തൂക്കിയെടുത്ത് തപ്പി തപ്പി പടികളിറങ്ങി .നിമിഷയ്ക്കു ശ്വാസം മുട്ടാൻ തുടങ്ങി. ആസ്ത്മ വഷളാവുകയാണ്. അവൾ സർവ്വശക്തിയുമെടുത്ത് നടന്നു . പക്ഷെ പകുതി വഴിയെത്തുന്നതിനു മുൻപേ അവൾക്കു ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി ... അവൾ കുഴഞ്ഞു താഴെ വീണു. ബോധം മറയുമ്പോൾ അശ്വിന്റെയും അമ്മയുടെയും ദീന രോദനം അവളുടെ കാതുകളിൽ മുഴങ്ങി...ഇതൊന്നുമറിയാതെ അനൂപ് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു . അഗ്നിജ്വാലകൾ ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ കത്തി പടർന്നുകൊണ്ടിരുന്നു...
ലിൻസി വർക്കി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക