Slider

മുഖപുസ്തകപ്പുതുമൊഴി

0
Familiarity breeds contempt. എന്നൊരു
പഴമൊഴിയുണ്ട് ഇംഗ്ലീഷിൽ. കൂടുതൽ അടുപ്പം വെറുപ്പുളവാക്കും. അതെത്ര മാത്രം സത്യമാണെന്നു മുഖപുസ്തകത്തിൽ വന്നപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.
എങ്ങുനിന്നോ വന്നു എപ്പോഴൊക്കെയോ മനസ്സിൽ കുടിയേറുന്ന സൗഹൃദങ്ങൾ. പിന്നീട് ഒരു സുപ്രഭാതത്തിൽ block ചെയ്തും unfriend ചെയ്തും മടങ്ങിപ്പോകുന്നവർ.കാരണങ്ങളാണ് ബഹുവിശേഷം. അവരുടെ പോസ്റ്റുകൾക്ക് ഞാൻ കമന്റ് ഇട്ടില്ല.അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കൾ എന്റെ പോസ്റ്റിൽ നീളൻ കമന്റ് ഇട്ടു. അവർക്കു കൊടുത്ത കമന്റ്ന്റെ നീളം തുലോം കുറഞ്ഞു പോയി..
ബാല്യകാല സുഹൃത്ത് ഉത്രജ വിളിയ്ക്കാറുള്ളതു പോലെ ഞാനും തലയിൽ കൈ വച്ചു വിളിച്ചു പോയി.
"ആഞ്ജനേയാ ........ " എന്ന്.
പോസ്റ്റിൽ കമന്റ് കണ്ടില്ലെങ്കിൽ "എടീ ചേച്ചി എന്റെ post കണ്ടില്ലേ പോയി കമന്റൂ" എന്ന് അധികാരത്തോടെ കല്പ്പിയ്ക്കുന്ന അമ്മു സന്തോഷ് മുതൽ 'സജ്ന എന്റെ post കണ്ടില്ലായിരുന്നോ" എന്നു വിനയത്തോടെ ചോദിയ്ക്കുന്ന സൗഹൃദങ്ങൾ വരെയുണ്ട് മുഖപുസ്തകത്തിൽ. പിന്നെ എന്തിനാണ് ഇങ്ങനെയൊരു ഈഗോ എന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല സൂർത്തുക്കളെ.
ആരോഗ്യകരമായിരിയ്ക്കണം കൂട്ടുകെട്ട്.
ഒരിയ്ക്കൽ പോലും തമ്മിൽ കാണാതെ തന്നെ നമ്മുടെ ആരൊക്കെയോ ആയി മാറുന്ന സൗഹൃദങ്ങൾ ഒട്ടും കുറവല്ല മുഖപുസ്തകത്തിൽ. പക്ഷേ അങ്ങനെ നമ്മോടു ചേരാൻ ഇഷ്ടപ്പെടുന്ന ഓരോ ബന്ധത്തെയും എവിടെ നിർത്തണം എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്.
നമ്മുടെ വ്യക്തിത്വത്തിന്റെ പ്രത്യേകത കൊണ്ടായിരിയ്ക്കുമല്ലോ ഓരോരുത്തരും അടുക്കുന്നതും അകലുന്നതും. ആരൊക്കെ വന്നാലും പോയാലും നമ്മൾ നമ്മളായിത്തന്നെ ഇരിയ്ക്കുക എന്നുള്ളതാണ്‌ ഏറ്റവും പ്രധാനം.
അർഹിയ്ക്കുന്ന പ്രാധാന്യം മാത്രമേ ഏതൊരു ബന്ധത്തിനും നൽകാവൂ.
ചിലരുണ്ട്. ആവശ്യമില്ലാത്ത വിശേഷണങ്ങൾ നൽകി നമ്മളുമായുള്ള ബന്ധത്തെയങ്ങ് ആഗോള തലത്തിലേക്ക് ഉയർത്തും. നിനച്ചിരിയ്ക്കാത്ത നേരത്ത് താഴോട്ടിടാനുള്ളതാണ് ആ ഉയർത്തലെന്നു മനസ്സിലാക്കാൻ കഴിഞ്ഞാൽ നമുക്കൊന്നു കരുതിയിരിയ്ക്കുകയെങ്കിലും ചെയ്യാം. അല്ലാത്ത പക്ഷം വീഴ്ച്ചയുടെ ആഘാതം അതികഠിനമായിരിയ്ക്കും. എത്ര ചികിത്സിച്ചാലും വിട്ടു മാറാതെ ആ വേദന ജീവിത കാലം മുഴുവൻ നമ്മെ പിന്തുടർന്നു കൊണ്ടിരിയ്ക്കും.
"നിങ്ങൾ പരുന്തിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിപ്പിൻ" എന്നു ബൈബിളിൽ പറയുന്നുണ്ട്.
ജീവിതത്തിൽ പലപ്പോഴും പ്രാവിന്റെയും പരുന്തിന്റെയും ഇടയിൽക്കൂടി നടക്കാൻ ബുദ്ധിമുട്ടാറുണ്ട് നമ്മിൽ പലരും. നമ്മുടെ ആത്മാർത്ഥതയെ വിഡ്ഢിത്തമായി പരിഗണിയ്ക്കപ്പെടുന്ന വേദനാജനകമായ അവസ്ഥയിലൂടെയും കടന്നു പോകാറുണ്ട്.
ചിന്തകളിലും പ്രവർത്തികളിലും മാറ്റം കൊണ്ടുവരിക എന്നത് മാത്രമേ ഇതിനൊരു പോംവഴിയുള്ളൂ എന്നെനിയ്ക്കു തോന്നുന്നു.
പെരുമഴയത്തു ചെവിപൊത്തിപ്പിടിയ്ക്കുമ്പോൾ മഴ അകലെയാണെന്ന് തോന്നുന്നതു പോലെ, എത്ര അടുത്തു നമ്മോടു ചേർന്നു നിൽക്കുന്ന ബന്ധങ്ങളെയും ഹൃദയം കൊണ്ട് ഒരു വിളിപ്പാടകലെ നിർത്താൻ കഴിയണം നമുക്ക്. എങ്കിലേ ആ ബന്ധങ്ങൾ നില നിൽക്കൂ. സ്നേഹത്തിന്റെ തീവ്രത കുറയാതെയിരിയ്ക്കൂ. ആളിപ്പടർന്ന് നിമിഷനേരങ്ങളിലേയ്ക്ക് മാത്രം കണ്ണഞ്ചിപ്പിയ്ക്കുന്ന വെട്ടം പകർന്നു തരുന്ന അഗ്നിനാളങ്ങളേക്കാൾ, എപ്പോഴുമെപ്പോഴും ഇച്ചിരി വെട്ടം പകർന്നു നമുക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന മിന്നാമിന്നികളാവണം സൗഹൃദങ്ങൾ.
ഉപാധികളൊന്നുമില്ലാതെ സ്നേഹിയ്ക്കുകയും സ്നേഹിയ്ക്കപ്പെടുകയും ചെയ്തിരുന്നതാണ് എന്റെ കുട്ടിക്കാലം. ഇങ്ങനെയേ സ്നേഹിയ്ക്കാവൂ എന്ന് ആരും ഞങ്ങളോടു പറഞ്ഞിട്ടില്ല. ഇങ്ങനെയേ സ്നേഹിയ്‌ക്കൂ എന്നും പറഞ്ഞിട്ടില്ല. സ്നേഹത്തിന്റെ ഒരു വിശാലമായ ലോകത്ത് സർവ്വ സ്വതന്ത്രരായി പറന്നു നടന്നിരുന്നവരാണ് എല്ലാ കുരുവിക്കുട്ടികളും.
ആര് ആരെ സ്നേഹിച്ചാലും ആർക്കും ആരോടും ഒരു പരാതിയുമില്ല.
ഇന്നലെയുടെ സ്നേഹമല്ല ഇന്നിന്റെ സ്നേഹം എന്നുള്ള തിരിച്ചറിവു എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.
മുഖപുസ്തകം എന്തിനാണ് ?
ആത്മരതിയ്‌ക്കോ ആത്മസംതൃപ്തിയ്‌ക്കോ ?
അസൂയയും കുശുമ്പും അൽപ്പത്തരവും ആത്മപ്രശംസയും കുടഞ്ഞിടാനുള്ള വേദിയല്ല ഇത്. നല്ല സൗഹൃദങ്ങൾ കണ്ടെത്താം. പരിപോഷിപ്പിയ്‌ക്കാം. നെഞ്ചോടു ചേർക്കാതെ കൈ കോർത്തു നടക്കാം. അപ്പോഴേ നടത്തം സുഗമമാവൂ.....
അതിരുവിട്ട് അടുക്കുമ്പോഴാണ് ആ ബന്ധത്തിൽ സ്വാർത്ഥത കടന്നു വരുന്നത്. അപ്പോഴാണ് ബന്ധങ്ങളിൽ വിള്ളലുകൾ വീഴാൻ ആരംഭിയ്ക്കുന്നതും. എത്ര പശ തേച്ചു അടയ്ക്കാൻ ശ്രമിച്ചാലും അടയാളങ്ങൾ അവശേഷിയ്ക്കും. അങ്ങനെ മുറിവടയാളങ്ങൾ മാത്രം അവശേഷിപ്പിയ്ക്കുന്ന ബന്ധങ്ങൾ എന്തിനാണ് നമുക്ക് ?
എന്നെ വിട്ടിട്ടു പോയ ആരെയും ഞാൻ തിരിച്ചു വിളിയ്ക്കാൻ ശ്രമിക്കാറില്ല.തെറ്റു മനസ്സിലാക്കി തിരിച്ചു വന്നവരെ പഴയതു പോലെ കൂടെ കൂട്ടാൻ കഴിയാറുമില്ല. അഹങ്കാരം കൊണ്ടല്ല, വീണ്ടും മുറിവേൽക്കാനുള്ള കരുത്തില്ലാത്തതു കൊണ്ടാണ്. ഒരേ കത്തി കൊണ്ടു തന്നെ വീണ്ടും വീണ്ടും മുറിവേൽക്കുന്നത് വേദന മാത്രമല്ല അപമാനവും തന്നേക്കും.
നല്ല സൗഹൃദങ്ങൾ ഒത്തിരിയുണ്ട് മുഖ പുസ്തകത്തിൽ. എല്ലാം കുറിപ്പുകൾ വായിച്ചു കൂടെ കൂട്ടിയവർ. പല ബന്ധങ്ങൾക്കും പല തലങ്ങളാണ്.
സ്നേഹം കൊണ്ടു ചേർത്തു പിടിച്ചവരുണ്ട്. വാത്സല്യം കൊണ്ടു തലോടിയവരുണ്ട്.ബഹുമാനം തന്നു വിസ്മയിപ്പിച്ചവരുണ്ട്. കുസൃതി കാട്ടി രസിപ്പിച്ചവരുണ്ട് പിണക്കം നടിച്ചു പേടിപ്പിച്ചവരുണ്ട്. ഒലിപ്പീരും കൊണ്ടു വന്നു വെറുപ്പിച്ചവരുണ്ട്. സ്വാർത്ഥത കാട്ടി മുഷിപ്പിച്ചവരുണ്ട്... ആജീവനാന്തം കൂടെ വേണം ഈ സൗഹൃദമെന്നു പറയാതെ പറഞ്ഞവരുമുണ്ട്.
എല്ലാവരെയും ഒരു നിശ്ചിത അകലത്തിൽ നിർത്തുന്നത് എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹമുള്ളതു കൊണ്ടു തന്നെയാണ്.
അമിതമായ അടുപ്പം അപകടങ്ങളുണ്ടാക്കും എന്നതാകട്ടെ മുഖപുസ്തകപ്പുതുമൊഴി

Sajna S
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo