Slider

ഒരു സ്വപ്നം വരയ്ക്കുമ്പോള്‍

0
ഒരു സ്വപ്നം വരയ്ക്കുമ്പോള്‍
**********************************************
“ഒരു മനുഷ്യന് എത്രനാള്‍ ഉറങ്ങാതിരിക്കാന്‍ സാധിക്കും ?” ഞാന്‍ അവളോട്‌ ചോദിക്കുന്നു.
“അധികം നാള്‍ ഉറങ്ങാതിരിക്കാന്‍ പറ്റില്ല.വട്ടു പിടിക്കും.” അവള്‍ പറയുന്നു.
മഴ പെയ്യുന്നു.വേനലിലെ മഴ.ഞങ്ങള്‍ നഗരത്തിലെ കഫേയില്‍ ഇരിക്കുകയാണ്.ഞങ്ങള്‍ ഇരിക്കുന്നത് കഫെയുടെ കണ്ണാടിഭിത്തിയോട് ചേര്‍ന്നുള്ള ഇരിപ്പിടങ്ങളിലാണ്.അവള്‍ കാപ്പിക്കപ്പിന് പുറത്തെ ഇലകളുടെ ചിത്രം നോക്കിയിരിക്കുന്നു.ഞാന്‍ പുറത്തേക്കു നോക്കുന്നു.മഴ ശാന്തമായി പെയ്യുന്നു.ചൂടിയ കുടകളില്‍,ഷട്ടറുകള്‍ താഴ്ത്തിയ ബസ്സുകളില്‍,നനഞ്ഞ വാഹനങ്ങളില്‍ ,നഗരം മഴയെ സ്വീകരിക്കുന്നു.
“മേഘങ്ങളുടെ ഉറക്കമാണ് മഴ.” ഞാന്‍ പറയുന്നു.
അവള്‍ കണ്ണുകളുയര്‍ത്തി എന്നെ നോക്കുന്നു.
“ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കൊതിക്കുന്ന ആത്മാക്കളുമായി മേഘങ്ങള്‍ തൂങ്ങിനില്‍ക്കുന്നു.ഉറങ്ങുമ്പോള്‍ തണുത്ത സ്വപ്നങ്ങളായി ,തുള്ളികളായി അവ ഭൂമിയെ തൊടുന്നു. ശരിക്കും മഴപെയ്യുന്ന സ്വരം കേള്‍ക്കു.ഒരു വിടപറച്ചിലിന്റെ ശബ്ദമാണ് മഴയ്ക്ക്.അത് ആത്മാവുകളുടെ ശബ്ദമാണ്.”
“ഉറക്കക്കുറവിനു ഡോക്ടറെ കാണണം.”
അവള്‍ അത് പറഞ്ഞുകൊണ്ട് വീണ്ടും കാപ്പിക്കപ്പിലേക്ക് നോക്കുന്നു.നീണ്ട പച്ചയിലകള്‍ വരച്ചിട്ടിരിക്കുന്ന വെളുത്ത ചായക്കപ്പ്.അതില്‍ നിന്ന് ആവി പറക്കുന്നു.പുറത്തു മഴ പെയ്യുന്നു.
നിശബ്ദത.
പുറത്തു മഴയില്‍ വെളുക്കുന്ന പകല്‍.
>>>>>>>>>>>>>>>>>>>>>>>>>>>>
ഈ വേനല്‍ക്കാലത്താണ് ഞാന്‍ ഈ നഗരത്തില്‍ വന്നത്.ഈ വര്‍ഷം ഞാന്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എഴുതിയ വിഷയങ്ങള്‍ മുഴുവന്‍ തോറ്റു പുറത്തായി.ഇയര്‍ ഔട്ട്‌. അടുത്ത ഒരു വര്‍ഷം പുറത്തിരുന്നു വിഷയങ്ങള്‍ മുഴുവന്‍ എഴുതിയെടുത്താലെ പഠനം തുടരാന്‍ കഴിയു. എനിക്കിനി പഠിക്കണ്ട.എന്റെ മനസ്സില്‍ മുഴുവന്‍ സിനിമയാണ്.തിരക്കഥ എഴുതണം.എന്റെ കയ്യില്‍ രണ്ടു കഥകളുണ്ട്. ധാരാളം പുതുതലമുറ സിനിമാ സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും താമസിക്കുന്ന നഗരം സിനിമയുടെ ഒരു കേന്ദ്രമായി മാറുകയാണ്.പക്ഷെ ഇവിടുത്തെ ജീവിതച്ചെലവു വേനല്‍ച്ചൂട് പോലെ കൂടുമ്പോള്‍ ഒരു ജോലി ഇല്ലാതെ ഭാഗ്യാന്വേഷണം തുടരാന്‍ പറ്റില്ല.
അങ്ങനെയാണ് അകന്നബന്ധുവും ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയുടെ മാനേജരുമായ പ്രേം അങ്കിളിന്റെ സഹായത്തോടെ നഗരത്തിലെ ഒരു കോള്‍സെന്ററില്‍ ജോലി നേടിയത്.
പുലര്‍ച്ചെവരെ കോള്‍സെന്ററില്‍ ജോലിചെയ്യും. രാവിലെ കമ്പനിവക വണ്ടിയില്‍ മുറിയില്‍ മടങ്ങിയെത്തും.അല്‍പ്പം ഉറങ്ങിയിട്ട് ബയന്റ് ചെയ്ത തിരക്കഥകളുമായി സംവിധായകരെയും നടന്മാരെയും കാണാനിറങ്ങും.മിക്കദിവസങ്ങളും നിരാശയാണ് ഫലം.ഷൂട്ടിംഗ്സൈറ്റുകളില്‍ അവസരം ചോദിച്ചുവരുന്നവരെ പലര്‍ക്കും കാണാന്‍ താല്പര്യമില്ല.കഥ കേട്ടവര്‍ ഫ്രഷ് ആയ കഥ കൊണ്ടുവരൂ എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞു ഒഴിവാക്കുന്നു.
ഇതൊരു കടുത്ത വേനല്‍ക്കാലമാണ്.പൊടിയില്‍ മുങ്ങിയ വലിയ കെട്ടിടങ്ങള്‍.വെയില്‍ നൃത്തം ചെയ്യുന്ന നഗരപാതകള്‍.
പ്രേം അങ്കിളും കുടുംബവും അമേരിക്കക്ക് പോയതോടെ ഞാന്‍ അവരുടെ വീട്ടിലേക്ക് മാറി.അങ്കിളിന്റെ ബൈക്കും എനിക്ക് ഉപയോഗിക്കാന്‍ വിട്ടുതന്നു.നഗരത്തിന്റെ അതിരിലെ ഒരു ഹൗസിംഗ്കോളനിയിലായിരുന്നു ആ വീട്.പണത്തിനു ഞെരുങ്ങുന്ന എന്റെ അവസ്ഥ അങ്കിളിനു നന്നായി അറിയാം.അതൊരു ആശ്വാസമായി.
രാത്രിയിലെ ജോലിയും പകലത്തെ അലച്ചിലും.അങ്ങിനെയാണ് എനിക്കത് തുടങ്ങിയത്.
ഇന്സോമ്നിയ.
ഉറക്കം എന്നെ ഉപേക്ഷിച്ചു.തളര്‍ന്ന പകലുകളില്‍ ഞാന്‍ ഉറക്കം നഷ്ടപ്പെട്ടു.ഇരുണ്ടുമങ്ങിയ സ്വപ്നങ്ങളുടെ താഴ്വരയിലേക്ക് ഞാന്‍ ഉറക്കത്തിന്റെ കുന്നുകളില്‍നിന്ന് തെന്നിയിറങ്ങി.അവിടെയും എന്റെ മനസ്സ് തിരഞ്ഞത് കഥകളാണ്.
എനിക്ക് നല്ല ഒരു കഥവേണം.അത് തിരക്കഥയാക്കണം.ഉറക്കം നഷ്ടപെട്ട പകലുകളില്‍ ഞാന്‍ കഥകള്‍ തിരഞ്ഞു.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഈ കോളനിയില്‍ പകല്‍ ആരും കാണില്ല.ഞാന്‍ പുറത്തിറങ്ങി.ഉച്ചവെയിലിന്റെ കടുത്ത ചൂടില്‍ ഉറക്കം തൂങ്ങി നില്‍ക്കുന്ന വീടുകളുടെ മേല്‍ക്കൂരകള്‍.റോഡില്‍ ആരുമില്ല.റോഡ്‌ അവസാനിക്കുനിടത്തു ഒരു വാകമരമുണ്ട്.അതിനു അരികിലായി ലെയ്നിലെ അവസാന വീട്.ഞാന്‍ അങ്ങോട്ട്‌ നടന്നു.അതിന്റെ മതില്‍ പൊളിഞ്ഞു കിടക്കുന്നു.പൊളിഞ്ഞ മതിലിന്റെ ഉള്ളിലൂടെ വീടിന്റെ മുറ്റം കാണാം.വിശാലമായ മുറ്റം.നിറയെ കായ്ച്ച ഒരു പേരമരം ശിഖരങ്ങള്‍ വിരിച്ചു മുറ്റത്ത്‌ നില്‍ക്കുന്നു.അതിന്റെ ചുവട്ടില്‍ ഒന്ന് രണ്ടു കസേരകള്‍ പാതി തകര്‍ന്നത് കിടപ്പുണ്ട്.ഉടമസ്ഥര്‍ ഏറെ നാളായി ഇല്ലാത്ത ഒരു വീട്.
മുറ്റം നിറയെ ഓലപ്പുല്ലു വളര്‍ന്നു നില്‍ക്കുന്നു.മുറ്റത്തിന്റെ അങ്ങേ അറ്റത്ത്‌ ഒരു വെളുത്ത കോണ്ക്രീറ്റ് കൊക്ക് മുകളിലേക്ക് നോക്കി മൗനമായി നില്‍ക്കുന്നു.
ആരും താമസമില്ലാത്ത വീട്.
ജീവനില്ലാത്ത വെളുത്ത കൊക്ക്.
ഗേറ്റ് തള്ളിത്തുറന്നു ഞാന്‍ അകത്തേക്ക് കയറി.വാടിയ ഓലപ്പുല്ല് ഉലയുന്നതിന്റെയും,വീടിന്റെ അരികില്‍ നിന്ന മുരിങ്ങയില്‍ ചീവീട് ചിലക്കുന്ന ശബ്ദവും മാത്രമേ ഉള്ളു.എന്നെ കണ്ടതും പേരയുടെ മുകളില്‍ പഴുത്ത പേരക്ക കൊത്തി കൊണ്ടിരുന്ന കുരുവി പറന്നുപോയി.
ഞാന്‍ പേരയുടെ ചുവട്ടിലെ ശിഖരത്തില്‍ നിന്ന് കൈ നീട്ടി ഒരു പേരയ്ക്ക പറിച്ചു.അതിന്റെ ചുവട്ടില്‍കിടന്ന കസേര തൂത്തു വൃത്തിയാക്കി ,അതിന്റെ ഒടിയാത്ത ഭാഗം പേരയുടെ ചുവട്ടില്‍ ചേര്‍ത്തിട്ടു അതില്‍ ഇരുന്നു.മരത്തില്‍ ചാരി ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു.പേരക്കയുടെ മണം,കുരുവി ചിനക്കുന്ന ശബ്ദം,വാടിയ ഓലപ്പുല്ലില്‍ കാറ്റ് ഊതുന്ന സ്വരം...മനസ്സ് ഏതോ ബാല്യത്തിലേക്ക് തിരിച്ചു ഓടുന്നു.തണലില്‍ ഇരുന്നു അറിയാതെ മയങ്ങി പോയി.
പീ...പീ...
ശബ്ദം കേട്ടു ഞാന്‍ കണ്ണ് തുറന്നു.ഗേറ്റിനു അരികില്‍ മൌത്ത് ഓര്‍ഗനുമായി ഒരു കൊച്ചുപെണ്‍ക്കുട്ടി. ഏഴു-എട്ടു വയസ്സ് തോന്നിക്കും.അവള്‍ എന്നെ സാകൂതം നോക്കി നില്‍ക്കുകയാണ്.അവളുടെ കയ്യില്‍ പൂക്കളുടെ ചിത്രം പ്രിന്റ്‌ ചെയ്ത ഒരു കൊച്ചു ബാഗും ഉണ്ട്.
“ കേറി വാ മോളെ...”.ഞാന്‍ വിളിച്ചു.
അവള്‍ ഒന്ന് മടിച്ചു.പിന്നെ കയറി വന്നു.അവള്‍ കയറിയ ഉടനെ മഞ്ഞനിറമുള്ള ഒരു വലിയ ചിത്രശലഭം എവിടെ നിന്നോ പറന്നു വന്നു.
കയ്യില്‍ ഇരുന്ന പേരക്ക ഞാന്‍ കുട്ടിക്ക് കൊടുത്തു.
കുട്ടിക്ക് എന്നോടുള്ള പേടിയൊക്കെ വേഗം പോയി.അവള്‍ എന്നെ നോക്കിച്ചിരിച്ചു.
അവള്‍ കോണ്ക്രീറ്റ് കൊക്കിന്റെ അരികില്‍ പോയിരുന്നു ബാഗ് തുറന്നു ഒരു സ്കെച്ച്പെന്‍ എടുത്തു.കൊക്കിന്റെ മുകളില്‍ എന്തോ വരയ്ക്കാന്‍ തുടങ്ങി.അവള്‍ക്ക് അരികിലായി മഞ്ഞപ്പൂമ്പാറ്റ പാറി നടക്കുന്നു.
“അങ്കിള്‍ ഇവിടെ എന്തിനു വന്നതാ...”.കൊക്കിനു മുകളില്‍ ചിത്രം വരച്ചു കൊണ്ട് കുട്ടി ചോദിച്ചു.
“ഞാനോ..ഒരു കഥ എഴുതാന്‍ വന്നതാ മോളെ...മോള്‍ക്ക്‌ അറിയാമോ നല്ല കഥ...”
“അങ്കിള്‍ ,കുറെ നാള്‍ മുന്‍പ് ഞാന്‍ ഒരു സ്വപ്നം കണ്ടു. ഞാനും അച്ഛനും ഇത് പോലെ ഒരു ഉച്ച നേരം വീടിന്റെ മുന്നില്‍ നില്‍ക്കുവാരുന്നു..പെട്ടെന്ന് ഒരു ബൈക്ക് വന്നു ഞങ്ങളെ രണ്ടു പേരെയും ഇടിച്ചിട്ടു.ദേഹത്ത് കൂടെയെല്ലാം ബൈക്ക് കേറ്റി..റോഡില്‍ ആരുമില്ലായിരുന്നു..”
“ഹോ. വല്ലാത്ത ഒരു സ്വപ്നമാരുന്നലോ മോളെ...”എന്നിട്ട്..?
“എന്നിട്ട്, അമ്മ ഇറങ്ങി വന്നു.”
"ഹോ ..അമ്മ കരഞ്ഞു ബഹളം ഉണ്ടാക്കി...അത് കേട്ടു മോള്‍ സ്വപ്നത്തില്‍നിന്ന് ഞെട്ടി ഉണര്‍ന്നു അല്ലെ..”
അവള്‍ വരച്ചു കൊണ്ടിരുന്നത് ഒരു നിമിഷം നിര്‍ത്തി.എന്നിട്ട് എന്നെ നോക്കി.
“ഇല്ല അങ്കിള്‍,അമ്മ ബൈക്ക് ഓടിച്ചു കൊണ്ടിരുന്ന ആളോട് എന്തൊക്കെയോ സംസാരിച്ചു.പിന്നെ അകത്തു കയറിപ്പോയി.അപ്പോള്‍ അച്ഛനും ഞാനും ബോധം കേട്ടു കിടക്കുകയായിരുന്നു...അമ്മ ഞങ്ങളെ രണ്ടു പേരെയും രക്ഷിക്കാന്‍ ശ്രമിക്കാതെ തിരികെ പോവുന്നത് കണ്ടപ്പോ..ഞാന്‍ ഞെട്ടി കരഞ്ഞു.സ്വപ്നത്തില്‍നിന്നും ഉണര്‍ന്നു.”
വല്ലാത്ത സ്വപ്നം.ഉള്ളില്‍ എവിടെയോ കൊളുത്തി വലിക്കുന്നു.ആ കുട്ടിയുടെ അമ്മ ബൈക്ക്കാരനുമായി...ച്ചെ..ച്ചെ..ഇത് ഒരു സ്വപ്നം മാത്രമാണ്..
കുട്ടി വീണ്ടും മൌത്ത് ഓര്‍ഗന്‍ എടുത്ത് വായിക്കുകയാണ്.കേട്ടിട്ടില്ലാത്ത മനോഹരമായ ഒരു ട്യൂണ്‍.
“പോട്ടെ അങ്കിള്‍, അച്ഛന്‍ അന്വേഷിക്കും..അങ്കിള്‍ ഇത് വച്ച് ഒരു കഥ എഴുതണം ട്ടോ...”
അവള്‍ ഗേറ്റ് തുറന്നു ഓടി മറഞ്ഞു.അവള്‍ക്കൊപ്പം ആ മഞ്ഞശലഭം മറയുന്നത് ഞാന്‍ കണ്ടില്ല.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
“ഡോക്ടര്‍ എന്ത് പറഞ്ഞു.?” അവള്‍ ചോദിക്കുന്നു.ഞങ്ങള്‍ അതേ കഫെയിലാണ്.
“കുറച്ചു സ്ലീപ്‌ റിലാക്ക്സെഷന്‍ ടിപ്സ് പറഞ്ഞുതന്നു.”
“പകല്‍ പാതിബോധത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കുക.അത് വരയ്ക്കാനും അതേക്കുറിച്ച് എഴുതാനും ശ്രമിക്കുക.”
“വല്ലാത്ത ടിപ്സ് തന്നെ.”
ഇത്തവണ വെളുത്തനിറമുള്ള കാപ്പിക്കപ്പില്‍ രണ്ടു കിളികള്‍ പറന്നുപോകുന്ന ചിത്രമാണ്.രണ്ടു കുഞ്ഞുപറവകള്‍ കാപ്പിക്കപ്പിന്റെ വെളുത്തയാകാശത്തില്‍ പറന്നുമറയുന്നു.
“എനിക്ക് തോന്നുന്നു നിന്റെ ഇന്സോമ്നിയ തീരണമെങ്കില്‍ ഈ ജോലി മതിയാക്കണം.ഈ രാത്രി ഷിഫ്റ്റ്‌.”
“ഡോക്ടര്‍ അത് നേരത്തെ പറഞ്ഞു.”
“എങ്കില്‍ പിന്നെ ജോലി മതിയാക്ക്.”
“എനിക്ക് നല്ല ഒരു കഥ വേണം.”
അവള്‍ ഒന്നും പറയുന്നില്ല.അവള്‍ പുറത്തേക്കു നോക്കുന്നു.പുറത്തു വെളുത്തകെട്ടിടങ്ങള്‍ക്കിടയില്‍ ഉറങ്ങുന്ന പകല്‍.
ഞാന്‍ ബാഗില്‍നിന്ന് ഫയല്‍ എടുക്കുന്നു.ഞാന്‍ വരച്ച ചിത്രങ്ങള്‍ അതില്‍നിന്ന് അവളെ കാണിക്കുന്നു.പെന്‍സില്‍ കൊണ്ട് ഞാന്‍ വരച്ച സ്വപ്നചിത്രങ്ങള്‍.
ഒരു വീട്.അതിനു മുന്‍പില്‍ കോണ്ക്രീറ്റ് കൊക്ക് .മുകളിലേക്ക് നോക്കി നിശബ്ദമായിരിക്കുന്ന കൊക്ക്.ഒരു പേരമരം.അതിനു മുന്‍പിലെ ചുവന്ന കസേര.
പിന്നെ മൌത്ത് ഓര്‍ഗന്‍ വായിക്കുന്ന കൊച്ചുപെണ്‍കുട്ടി.
അവള്‍ ആ ചിത്രം കണ്ടു ഞെട്ടുന്നു.
“എനിക്കറിയാം ഈ വീട്.ഈ കൊക്ക്.ഈ പേരമരം.ഇത് ഞാന്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ അടുത്താണ്.”
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് എന്റെ സ്വപ്നത്തിലാണ്.പക്ഷെ ഇത് യാഥാര്‍ഥ്യമാണ്.ആള്‍ത്താമാസമില്ലാത്ത പഴയവീട്.അതിനു മുന്‍പിലെ പേരമരം.ചുവട്ടിലെ പഴയ കസേരകള്‍.ഉറക്കമില്ലാത്ത പാതിബോധത്തില്‍ എന്റെ മനസ്സ് നടന്നുവന്ന വീട് ഇത് തന്നെയാണ്.
സ്വപ്നത്തിലും യാഥാര്‍ഥ്യത്തിലും നിശബ്ദമായി നില്‍ക്കുന്ന വെളുത്തകൊക്ക്.അതിന്റെ നോട്ടം ആകാശത്തില്‍ ഉറച്ചുനില്‍ക്കുന്നു.
“ഞാന്‍ ഇവരെക്കുറിച്ച് അന്വേഷിച്ചു.ഇവിടെ ഒരു ദമ്പതികളും അവരുടെ ഏഴുവയസ്സുള്ള പെണ്കുഞ്ഞുമാണ് താമസിച്ചിരുന്നത്.നാല് വര്‍ഷം മുന്‍പ് പിതാവും കുഞ്ഞും വീടിനു മുന്‍പിലെ ബൈക്ക് ആക്സിഡന്റില്‍ മരിച്ചു.പോലീസ് കേസ് എഴുതിത്തള്ളി.” അവള്‍ പറയുന്നു.അവള്‍ ഒരു ജേര്‍ണലിസ്റ്റ് കൂടിയാണല്ലോ.
“ആ കുഞ്ഞിന്റെ അമ്മ ?” ഞാന്‍ ചോദിക്കുന്നു.
“അവര്‍ വേറെ കല്യാണം കഴിച്ചു.ഇപ്പോള്‍ എവിടെയാണെന്നറിയില്ല..”
ഞാന്‍ ആ കൊക്കിന്റെ അരികില്‍ ചെന്നു.സ്വപ്നത്തില്‍ ആ കുട്ടി കൊക്കിന്റെ പുറത്ത് എന്തോ വരക്കുന്നത് ഞാന്‍ ഓര്‍ത്തു.ഞാന്‍ അതിന്റെ പൂപ്പല്‍ പിടിച്ച പുറം തുടച്ചു.തുടച്ചപ്പോള്‍ അതില്‍ ആരോ പോറിയിട്ട വരകള്‍ തെളിഞ്ഞുവന്നു.
അതൊരു സംഖ്യയായിരുന്നു.
7001.
“എന്താണിതിന്റെ അര്‍ത്ഥം ?”ഞാന്‍ അവളോട്‌ ചോദിക്കുന്നു.
ഈ അക്കം എനിക്ക് നല്ല പരിചിതമാണ്.എവിടെയാണ് ഈ അക്കം ഞാന്‍ ഇതിനുമുന്‍പ് കണ്ടത് ?
ദൂരെനിന്ന് ഒരു മഴയിരച്ചു വരുന്നു.
“നമ്മുക്ക് പോകാം.ദിസ് ഈസ് എ കോയിന്‍സിഡന്‍സ്.കൂടുതല്‍ ആലോചിച്ചു തല പുണ്ണാക്കണ്ട.”അവള്‍ പറയുന്നു.
മഴയുടെ ആദ്യതുള്ളികള്‍ വീഴുന്നതിനു മുന്‍പ് ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
“നിനക്ക് പ്രേം അങ്കിളിന്റെ ഭാര്യയെ അറിയാമോ ?”അവള്‍ ചോദിക്കുന്നു.
“ഞാന്‍ അവരെ ഒരുപ്രാവശ്യമേ കണ്ടിട്ടുള്ളു.ഇപ്പോള്‍ അവര്‍ അമേരിക്കയിലാണ്.പ്രേം അങ്കിളുമായി അവരുടേത് ഒരു രണ്ടാംവിവാഹമായിരുന്നു എന്നാ കേട്ടിട്ടുള്ളത്.കൂടുതല്‍ അറിയില്ല.എന്താ ചോദിക്കാന്‍ കാരണം.” ഞാന്‍ പറയുന്നു.
“നിന്റെ ബൈക്കിന്റെ നമ്പരും 7001 ആണ്.”അവള്‍ പറയുന്നു.
മഴ വീഴാന്‍ തുടങ്ങുകയാണ്.മനസ്സില്‍ വല്ലാത്ത ഒരു ശാന്തത നിറയുന്നു.ഒരു കഥ വിടരുന്നു.ഇനിയൊന്നു ഉറങ്ങണം.ഉണര്‍ന്നിട്ടു ഒരു കഥ എഴുതണം.
ഞങ്ങള്‍ ഇവിടെനിന്നു പോവുകയാണ്.
ഒരു മഞ്ഞശലഭം ഞങ്ങളുടെ പുറകെ വരുന്നുണ്ടോ ?ഒരു മൗത്ത്ഓര്‍ഗന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ ?
(അവസാനിച്ചു )
#starfish-arm4-INSOMNIA
കുറിപ്പ് :
ഇന്‍സോമ്നിയ അഥവാ നിദ്രാഹാനി സ്ഥിരമായി ഉറക്കം ലഭിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയില്‍ ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുക, ഉറക്കത്തിലേക്ക് മടങ്ങിപ്പോകാനുള്ള പ്രയാസം, ഉറക്കത്തില്‍ നിന്ന് വേഗം ഉണരുക തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും..ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ക്ഷീണവും അസ്വസ്ഥതയുമാണ് ഇന്‍സോമ്നിയയുടെ പ്രധാന പ്രശ്നം. ഏകാഗ്രതയിലും ഇത് പ്രശ്നങ്ങളുണ്ടാക്കും. മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ധാരണാശക്തി ശരിയായി പ്രവര്‍ത്തിക്കാതെ വരും. ഇത് അനുമാനം, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍, ജാഗ്രത, ഏകാഗ്രത, ശ്രദ്ധ എന്നിവയെയെല്ലാം ദോഷകരമായി ബാധിക്കും. പഠനശേഷിയെയും ഇത് ദോഷകരമായി ബാധിക്കും

Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo