ഒരു തേപ്പുകഥ
****************
****************
"എല്ലാരും ഹാളിലേക്ക് വാ എല്ലാവരോടും കൂടി എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് "
പറ അച്ഛാ,
ഉണ്ണി നീ മിണ്ടരുത്, കമലേ നീയും, എനിക്ക് ചോദിക്കാനും പറയാനുമുള്ളത് എന്റെ മോൾ പൊന്നൂന്റെ അടുത്താണ്, പൊന്നു ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം സത്യമായ മറുപടി മാത്രേ പറയാവു. !
'ആം ചോദിക്കു അച്ഛേ '
"നിനക്ക് ആരെയെങ്കിലും ഇഷ്ടാണോ അല്ലെങ്കിൽ നിന്നെ ആർക്കെങ്കിലും ഇഷ്ടാണോ, നിന്നെ വിവാഹം കഴിക്കണമെന്നു പറഞ്ഞു ചിലർ നടക്കുന്നു എന്ന് ഞാൻ ഒരു ശ്രുതി കേട്ടല്ലോ രണ്ടുമൂന്നുപേർ വന്നു എന്നോട് പറയാതെ പറഞ്ഞു,
അത് ആരേലും വെറുതെ പറഞ്ഞതാവും ഏട്ടാ, നമ്മുടെ മോളെ നമുക്ക് അറിഞ്ഞുടെ.
"കമലേ നിന്നോട് മിണ്ടരുത് എന്നല്ലേ ഞാൻ പറഞ്ഞത്, അവൾ പറയട്ടെ "
'സഞ്ജുന്റെ കാര്യമാണോ അച്ഛൻ പറയുന്നത് ?'
"അപ്പോ നിനക്കവനെ അറിയാം അല്ലേ ? എങ്ങനെ അറിയാം, എത്രനാളായി അറിയാം, അവന്റെ വീട് എവിടാ, വീട്ടിൽ ആരൊക്കെയുണ്ട്, എത്രവരെ പഠിച്ചു ഇതൊക്കെ അറിയാമോ ?"
'ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയത്തു മുതൽ അറിയാം, സ്കൂളിൽ വച്ചു കണ്ടിട്ടുണ്ട്, എന്റെ സീനിയർ ആയിരുന്നു. കുറെനാളായിട്ടു അറിയാം, സ്കൂളിന്റെ അടുത്തു തന്നെയാണ് വീട്, അവന്റെ വീട്ടിൽ അച്ഛൻ അമ്മ അനിയത്തി ഉണ്ട്, അവൻ ഇപ്പോൾ എംബിഎ കഴിഞ്ഞു ബാംഗ്ലൂർ ജോലി ചെയ്യുന്നു.
"അവന്റെ വീട്ടുകാർ പറയുന്നത് നിങ്ങൾ തമ്മിൽ പത്തുവർഷമായി പ്രണയത്തിലാണ് എന്നാണല്ലോ ?"
' അവനു എന്നെ ഇഷ്ടാണ് '
" അപ്പോൾ നിനക്കോ ?
' എനിക്കു ഇഷ്ടക്കുറവൊന്നുമില്ല, എന്നോട് പറഞ്ഞപ്പോഴൊക്കെ വീട്ടിൽ വന്നു സംസാരിക്കാനാ ഞാൻ പറഞ്ഞത്. '
" അവനെ കാണാറൊ സംസാരിക്കാറോ ഫോൺ വിളിക്കാറോ മറ്റോ ഉണ്ടോ ?"
' ഇല്ലച്ഛാ കാണാറും സംസാരിക്കലും കറക്കവും ഫോൺ വിളിയും ഒന്നും ഇല്ലാ.. അവന്റെ അമ്മയും അനിയത്തിയും വിളിക്കാറുണ്ടായിരുന്നു ഇടയ്ക്ക്. എന്റെയും അവന്റെയും പഠിത്തമൊക്കെ കഴിഞ്ഞു രണ്ടുപേരും സ്വന്തം കാലിൽ നിന്നിട്ടു വീട്ടിൽ വന്നു സംസാരിക്കാനിരിക്കുകയായിരുന്നു.
" പിന്നെ പത്തുവർഷം !!! അത് എങ്ങനെ ?
അന്ന് നീ ചെറിയ കുട്ടിയല്ലേ ?? കാണാതെയും പറയാതെയും മിണ്ടാതെയും എന്ത് പ്രണയമാണുണ്ടാവുന്നത് ! നീ എന്താ ഞങ്ങളെ കളിപ്പിക്കുകയാണോ ? ഇതൊക്കെ വിശ്വസിക്കാൻ ഞങ്ങൾ മണ്ടന്മാരൊന്നുമല്ലെന്ന് നീ മനസിലാക്കണം ".
അന്ന് നീ ചെറിയ കുട്ടിയല്ലേ ?? കാണാതെയും പറയാതെയും മിണ്ടാതെയും എന്ത് പ്രണയമാണുണ്ടാവുന്നത് ! നീ എന്താ ഞങ്ങളെ കളിപ്പിക്കുകയാണോ ? ഇതൊക്കെ വിശ്വസിക്കാൻ ഞങ്ങൾ മണ്ടന്മാരൊന്നുമല്ലെന്ന് നീ മനസിലാക്കണം ".
' ഞാൻ ഇനി എന്തു പറഞ്ഞാണ് അച്ഛനെ വിശ്വസിപ്പിക്കേണ്ടത് എന്നറിയില്ല, അതെന്താ കാണാതെയും പറയാതെയും മിണ്ടാതെയും പ്രണയിക്കാൻ പറ്റില്ലേ ?? പരസ്പരം വിശ്വാസമുണ്ടെങ്കിൽ നടക്കാവുന്ന കാര്യമേയുള്ളു. പിന്നെ ഇഷ്ടം മനസ്സിൽ തോന്നുന്നതല്ലേ . കുറെ കറങ്ങി നടന്നു ചീത്തപ്പേര് കേൾപ്പിക്കാനോ പൈങ്കിളി പ്രേമം കാണിച്ചു ഒലിപ്പിച്ചു നടക്കാനോ ഒന്നും ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യമില്ലാ.. എനിക്ക് ഒരുപാട് ആൺകുട്ടികൾ കൂട്ടുകാരായിട്ടുണ്ട്. അവരെയെല്ലാം നിങ്ങൾക്കറിയാല്ലോ. അവരോടൊക്കെ റോഡിൽ നിന്നും സംസാരിക്കാറുമുണ്ട്. അല്ലാതെ എന്നെ ആരുടെയെങ്കിലും കൂടെ സംശയാസ്പദമായി എവിടെയെങ്കിലും വച്ചു കണ്ടതായി ആരെങ്കിലും പറയുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ ഇതുവരെ ??
"അതൊക്കെ ശരിയാണ് ഇതുവരെ നിന്നെപ്പറ്റി ആരും മോശമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. കല്യാണക്കാര്യം പറയുമ്പോഴൊക്കെ നാലഞ്ചുകൊല്ലം കഴിഞ്ഞിട്ട് മതിയെന്നും പറഞ്ഞു നീ ഒഴിഞ്ഞുമാറിയത് അവനെ മനസിൽവച്ചു കൊണ്ടാണോ ?? നീ ഞങ്ങളെയെല്ലാം ചതിക്കുകയാണോ!! നിന്നിലുള്ള എന്റെ വിശ്വാസമാണ് നീ ഇന്ന് തകർത്തത്, ഉണ്ണിയേക്കാൾ ഞാൻ കൊഞ്ചിച്ചതും സ്നേഹിച്ചതും നിന്നെയല്ലേ പൊന്നു, അതിന്റെ പേരിൽ അവൻ വഴക്കുണ്ടാക്കിയപ്പോഴും ഞാൻ നിന്റെ കൂടെ തന്നെയല്ലേ നിന്നത്. ഇപ്പോൾ നീ അതിനെല്ലാം കൂടിയുള്ള പ്രതിഫലം തരുകയാണോ മോളെ, എനിക്കിതു കിട്ടണം . താഴത്തും തലയിലും വയ്ക്കാതെ വളർത്തിയതിന്റെ ശിക്ഷ, നാട്ടിൽ എനിക്കുള്ള നിലയും വിലയും, എന്ത് ആവശ്യത്തിനും ഈ മുറ്റത്തു വന്നു നിന്നാണ് എല്ലാരും സഹായം ചോദിക്കാറുള്ളെ. അങ്ങനെയുള്ള ഈ ബാലചന്ദ്രന്റെ മകൾ തന്നെ ഇങ്ങനെ ചെയ്തുവെന്നു നാട്ടിൽ അറിഞ്ഞാൽ ഞാൻ എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും ??''
'അച്ഛൻ എന്തൊക്കെയാ പറയുന്നേ അതിനു ഞാൻ എന്ത് തെറ്റാണ് ചെയ്തത്, ഒരാൾക്ക് എന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ വീട്ടിൽ വന്നു ആലോചിക്കാൻ പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ് ? ഈ കാലം വരെ അച്ഛന്റെ പേരിനും കുടുംബത്തിനും കളങ്കം വരുന്നതൊന്നും ഞാൻ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല, പ്രേമിച്ചു നടന്നിട്ടുമില്ല ഒരിക്കലും ഞാൻ ഇറങ്ങി പോവുകയുമില്ല. അച്ഛന് അച്ഛന്റെ പൊന്നുവിനെ വിശ്വസിക്കാം. പക്ഷേ അച്ഛേ ഒരു കാര്യം .. എനിക്ക് സഞ്ജുവിനെ ഇഷ്ടാണ്, അവനെയല്ലാതെ മറ്റൊരാളെ ഞാൻ വിവാഹം കഴിക്കില്ല ! എന്നെ നിർബന്ധിക്കുകയും ചെയ്യരുത് ! "
"പൊന്നൂ , നീ ഇത് എന്തൊക്കെയാ പറയുന്നേ. അച്ഛനോടാ സംസാരിക്കുന്നത് എന്ന് ഓർമ്മവേണം, നാവടക്കൂ, നിന്റെ ശബ്ദം ഇനി പൊങ്ങരുത്, നീ ഒരുപാട് സംസാരിക്കാൻ പഠിച്ചിരിക്കുന്നു . മോളെ അമ്മ അറിഞ്ഞില്ല കേട്ടോ ഇതൊന്നും... "
"കമലേ അവൾ പറയട്ടെ . ഇത്രയും നാൾ വളർത്തികൊണ്ടുവന്നതിന്റെ നന്ദി അവൾ കാണിക്കുന്നതാണ്, മക്കൾ ഒരുപാട് വളർന്നിരിക്കുന്നു നമ്മൾ അറിയാതെ പോയി ! "
"അച്ഛൻ ഉണ്ണിയേട്ടനോട് ചോദിച്ചു നോക്ക്, ഏട്ടന്റെ പ്രായമാണ് സഞ്ജുവിനും. പിന്നെ എന്റെ പഠിത്തം തീരാറായപ്പോൾ തന്നെ സഞ്ജു പോയി ഏട്ടനോട് സംസാരിച്ചിരുന്നു . അത് കഴിഞ്ഞ് എനിക്കിപ്പോ ജോലി ആയപ്പോൾ വീണ്ടും എന്നോട് അവൻ ചോദിച്ചു. അപ്പോഴാ അച്ഛനോട് വീട്ടിൽ വന്നു സംസാരിക്കാൻ ഞാൻ പറഞ്ഞത്. അതിൽ എന്താ തെറ്റ് ? "
"അപ്പോ എല്ലാരും കൂടി അറിഞ്ഞുകൊണ്ട് എന്നെ കോമാളിയാക്കുവായിരുന്നല്ലേ ??"
" അല്ലച്ഛാ.. എന്നോട് വന്നു സംസാരിച്ചപ്പോഴേ താല്പര്യമില്ലാത്ത രീതിയിൽ സംസാരിച്ചു ഞാൻ അവനെ പറഞ്ഞു വിട്ടതാ.
''അവനു എന്താ നിങ്ങൾ കാണുന്ന കുറവ് ? വിദ്യാഭ്യാസം, ജോലി, കുടുംബം നോക്കാനുള്ള കെല്പ് , ആരോഗ്യം , സൗന്ദര്യം, നല്ല കുടുംബം . ഇതിനെല്ലാത്തിനേക്കാളും എന്നെ പൊന്നുപോലെ നോക്കുമെന്നുള്ള വിശ്വാസമുണ്ട്, ഒരിക്കലും എന്റെ കണ്ണുനനയ്ക്കില്ല. ''
'' അവന്റെ കുടുംബമഹിമ, നിനക്കവൻ ഏതു കുലത്തിലുള്ളതാണെന്നു അറിയാമോ . ഇവിടെ കുടിയാളനായി പണി എടുത്തിരുന്ന കുടുംബത്തിലേക്ക് ഈ ബാലചന്ദ്രന്റെ ഒരേയൊരു മകളെ അയക്കാനോ .. ഒരിക്കലും ഞാൻ നടത്തിത്തരുമെന്ന് നീ കരുതണ്ട . അതിലും ഭേദം എന്റെ ജീവിതം അവസാനിപ്പിക്കുന്നതാ. എന്റെ മോൾ അവനെയേ കെട്ടു എന്ന വാശിയിലാണെങ്കിൽ ഇവിടെ നിന്നോളൂ. ഞാൻ ചിലവിനു തന്നോളാം. കുറെ കഴിയുമ്പോൾ നിനക്ക് പെൻഷൻ വാങ്ങിക്കാം. "
" അച്ഛൻ എന്തിനു ജീവിതം അവസാനിപ്പിക്കണം, ഞാൻ അവസാനിപ്പിക്കുന്നതല്ലേ കൂടുതൽ നല്ലത്, ജാതിയും മതവും നോക്കാതെ അച്ഛൻ ഓരോരുത്തർക്കും എന്തൊക്കെ ചെയ്തുകൊടുക്കുന്നു, പ്രസംഗിക്കുമ്പോഴൊക്കെ നല്ല ആവേശമാണല്ലോ, അപ്പോൾ പറയുന്ന ആദർശമൊന്നും സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ ഉണ്ടാവില്ലല്ലോ, ഉണ്ണിയേട്ടൻ ചേട്ടത്തിയെ വിവാഹം കഴിച്ചത് ഈ പറഞ്ഞ ജാതിയും മതവും നോക്കിയിട്ടല്ലല്ലോ, സ്നേഹിച്ചാൽ സ്വന്തമാക്കണം, .ആ ബന്ധം എതിർത്തപ്പോൾ ഏട്ടൻ ആത്മഹത്യക്കു ഒരുങ്ങിയതല്ലേ, ഏട്ടനെങ്കിലും എന്റെ ഭാഗത്തു നിന്ന് ചിന്തിക്കാമല്ലോ. ഏട്ടന് എന്നെ മനസിലാവില്ലേ, ആഗ്രഹിച്ച ജീവിതം കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് ജീവിതമാണ് ഏട്ടാ, ചായകുടിക്കാൻ വരുന്ന പരിചയത്തിൽ എങ്ങനെയാ ഒരാളെ ജീവിതത്തിലേക്ക് കൂട്ടുന്നത് ?"
" നിർത്തിക്കോ നിന്റെ വലിയവായിലെ സംസാരം, അച്ഛൻ അവളെ പുന്നാരിച്ചു വഷളാക്കി വച്ചിരിക്കുവല്ലേ രണ്ടുപൊട്ടിക്കാൻ എന്റെ കൈ തരിക്കുന്നുണ്ട്. "
" നിർത്തൂ ഉണ്ണി.. അവളെ തല്ലാനും ഉപദേശിക്കാനും നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത്, നീയും ഇത് തന്നെയല്ലേ കാണിച്ചത്, എന്റെ കൃഷ്ണാ എന്റെ രണ്ടുമക്കളുമെന്താ ഇങ്ങനെ ആയിപോയതു, ഇനി വളർത്തു ദോഷമാണെന്നു നാട്ടുകാർ പറയുമല്ലോ.. "
" അമ്മ കരയല്ലേ, വളർത്തു ദോഷമെന്നു പറയാൻ ഉണ്ണിയേട്ടൻ ആരേം വിളിച്ചോണ്ടും വന്നിട്ടില്ല ഞാൻ ആരുടേം കൂടെ ഇറങ്ങിയും പോയിട്ടില്ല, നന്നായി വളർത്തിയത് കൊണ്ടല്ലേ ആരേം വേദനിപ്പിക്കാതെ എല്ലാരുടേം സമ്മതത്തോടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നടത്തണമെന്ന് ആഗ്രഹിച്ചത്, അതുകൊണ്ടല്ലേ തുറന്നു പറഞ്ഞതും, ഞങ്ങൾക്ക് എല്ലാരേം വേണം, ജാതിയും മതവുമൊക്കെ മനുഷ്യന്മാർ തമ്മിൽ തല്ലാൻ വേണ്ടി ഉണ്ടക്കിയതല്ലേ, സമ്മതിച്ചൂടെ ???
" ഡീ. നിർത്തടി നിന്റെ പ്രസംഗം, ഇപ്പോൾ തന്നെ നിന്നെക്കുറിച്ചു എന്തൊക്കെ കഥകളാണ് നാട്ടുകാർ പറഞ്ഞുനടക്കുന്നതെന്നു അറിയാമോ, നീ പുറത്തിറങ്ങാത്തത് കൊണ്ട് ഒന്നും അറിയേണ്ടല്ലോ. അച്ഛൻ എല്ലാത്തിനും മുന്നിൽ നിൽക്കുന്ന ആൾ ആയതുകൊണ്ട് അച്ഛനെ കരിവാരിതേക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത കുറച്ചുപേരുണ്ട് ഇവിടെ, നീ ഒന്നിനും പോവാഞ്ഞിട്ടു തന്നെ പറയുന്നത് കേൾക്കണം.. അവന്റെ വീട്ടുകാരോട് നിന്നെ വിളിച്ചിറക്കാൻ വരെ അവരു പറഞ്ഞു, ന്നിട്ട് കല്യാണം നടത്തികൊടുക്കത്രെ, അതും നിന്നോടും അവനോടുമുള്ള സ്‌നേഹം കൊണ്ടല്ല. നമ്മുടെ അച്ഛനോടുള്ള ദേഷ്യം ഒന്നുകൊണ്ടു മാത്രമാണ്. ''
'' അതിനു ഞാൻ നാട്ടിൽ ഇല്ലാഞ്ഞിട്ടു തന്നെ കൊല്ലം എത്രയായി ?''
" നീ ഇവിടെ ഇല്ലന്നുള്ളതും വല്ലപ്പോഴും മാത്രേ വരൂ എന്നും എല്ലാർക്കും അറിയാവുന്നതോണ്ട് ആരും വിശ്വസിക്കില്ല. "
"ഉണ്ണി മതി,പൊന്നു നീ വേറെ വല്ല വീട്ടിലും ആയിരുന്നെങ്കിൽ ഇപ്പൊ മുടിക്ക് കുത്തിപിടിക്കലും ഉപദ്രവം ഒക്കേ ആയിരുന്നേനെ, ഞാൻ ഒന്നും ചെയ്യില്ല, എനിക്കു നിന്റെ തീരുമാനം അറിയണം, ആ ചെക്കന്റെ വീട്ടുകാർ അടുത്ത പ്രശ്നം ഉണ്ടാക്കി നാറ്റിക്കുംമുമ്പ് എല്ലാം ഒതുക്കിത്തീർക്കണം "!
"അച്ഛൻ എന്തിനാ അവളോട് ഇനി അഭിപ്രായം ചോദിക്കുന്നത്, എത്രയുംപെട്ടെന്നു ഇവളുടെ കല്യാണം നടത്താൻ നോക്കണം ."
"മണ്ടത്തരം പറയാതെടാ. ഇപ്പൊ കുറച്ചുപേരെ അറിഞ്ഞിട്ടുള്ളു, ഇനി വേഗം കല്യാണം നടത്താൻ നോക്കിയാൽ നാട്ടുകാർ വേറെ കഥകൾ മെനയും, എല്ലാം ഒന്ന് തണുക്കട്ടെ. അവൾക്ക് പ്രായം ആവുന്നതേയുള്ളല്ലോ. "
'' എന്റെ തീരുമാനത്തിന് മാറ്റമില്ലച്ഛാ . ഇറങ്ങി പോവില്ല, അച്ഛന്റെ സമ്മതത്തിനായി എത്രനാൾ വേണെങ്കിലും കാത്തിരിക്കാം... എന്നോട് മറ്റൊന്നിനായി നിർബന്ധിക്കരുത്, ചിലപ്പോൾ ഞാൻ.... ''
" നിന്നോട് ഇനി ഞാൻ ഒന്നും പറയില്ല, എനിക്ക് ഉണ്ടായ നാണക്കേടൊന്നും മാറില്ല, നീ ഇപ്പോൾ അവന്റെ വീട്ടിൽ വിളിച്ചു സംസാരിക്കണം, ഇനി അവർ ഓരോന്ന് പറഞ്ഞു വന്നു എന്റെ നിലയും വിലയും കളയരുത്.. " ഇന്നാ ഫോൺ വിളിക് സംസാരിക്കു, നമ്പർ അറിയില്ലേ ?''
"അറിയാം അച്ഛാ, വിളിച്ചു ഞാൻ എന്താ പറയേണ്ടത്....... ''
"ചുമ്മാ കിടന്നു കരയാതെ പെട്ടന്നു സംസാരിച്ചു വയ്ക്കണം.. "
'ആം..
ട്രിം ട്രിം..
സഞ്ജു ഇത് ഞാനാ പൊന്നു ;
നീ ഇത് എവിടായിരുന്നു, ഞാൻ എത്രവട്ടം വിളിച്ചു, നിന്നെ ലൈനിൽ കിട്ടുന്നതേയില്ലല്ലോ, നിന്റെ അച്ഛനെ സംസാരിക്കാൻ വിളിച്ചിട്ടും പുള്ളി കാൾ അറ്റൻഡ് ചെയ്യുന്നില്ലല്ലോ, അവിടെ എന്തെങ്കിലും പ്രശ്നം ? പറ മോളെ.. നീ കരയുവാനോ, എന്തുപറ്റി ? "
'സഞ്ജു.. അത് നമ്മുടെ ബന്ധത്തിന് എന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല... ഞാൻ ഒരുപാട് പറഞ്ഞു നോക്കി.. ഇനി എന്ത്.... എനിക്കറിയില്ല.. ശരി..
പൊന്നു........ ."
'
'
'' അവളെ ഇനി കാണാനോ വിളിക്കാനോ സംസാരിക്കാനോ ശ്രമിക്കരുത്. ഇവിടം കൊണ്ട് എല്ലാം അവസാനിപ്പിച്ചോണം ഹും "
(NB ; പല പ്രണയകഥകളും അവസാനിക്കുന്നതല്ല... അവസാനിപ്പിക്കുന്നത് ഇങ്ങനെയാവാം . കാത്തിരിപ്പും പ്രതീക്ഷകളും പലരും തുടരുന്നു.. നമുക്കായി വിധിച്ചതാണെങ്കിൽ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു നടക്കുക തന്നെ ചെയ്യും.. പെൺകുട്ടികളെ തേച്ചിട്ടും ചതിച്ചിട്ടുമൊക്കെ പോകുന്ന കഥാപാത്രങ്ങളായി മാത്രം സൃഷ്ടിക്കരുത്. പലയിടത്തും ഇങ്ങനെയും ചില പിന്നാമ്പുറങ്ങൾ അവശേഷിക്കാം. . ഇവിടെ ആരും കുറ്റക്കാരല്ല സ്നേഹിച്ചുവളർത്തിയവരേയും സ്നേഹിച്ചവനേയും ഒരേ തുലാസിൽ തൂക്കുമ്പോൾ... നിസ്സഹായരായിപോകുന്നവർ.. ഇവിടെ ചതിക്കുകയല്ല. സ്നേഹത്തിനു തുല്യ പ്രാധാന്യം കൊടുക്കുമ്പോൾ രണ്ടു സ്നേഹവും ഒഴിവാക്കാൻ പറ്റാതെ വീർപ്പു മുട്ടി ബാക്കിയുള്ള ജീവിതം ഒരു പ്രതീക്ഷയും ഇല്ലാതെ കരഞ്ഞു തീർക്കേണ്ടി വരുന്നവരുണ്ട്. അങ്ങനെയുള്ളവർക്കായി സമർപ്പിക്കുന്നു )
ആർദ്ര (മാളൂട്ടി )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക