#ഒന്നു_കെട്ടിയപ്പോൾ
***********************
***********************
ഒരു പെണ്ണു കെട്ടിയതിന് ശേഷം കഷ്ടത്തിലായത് ഞാനാണ് .. ഒരു പെണ്ണ് ജീവിതത്തിൽ വന്നാൽ ചില മാറ്റങ്ങളൊക്കെ ആണിനുണ്ടാവും എന്ന് എല്ലാരും പറയുമെങ്കിലും എനിക്കുണ്ടായ മാറ്റം അതൊരൊന്നൊന്നര മാറ്റം തന്നെ ആയിരുന്നു ..
ഇതൊക്കെ കേട്ട് നിങ്ങൾ വിചാരിക്കും ഉമ്മയും കെട്ടിയോളും തമ്മിൽ നല്ല ഉടക്കായിരിക്കും എന്ന് ..പക്ഷേ തെറ്റി അവരു രണ്ടാളുടെയും അമിത സ്നേഹവും പ്രോത്സാഹനങ്ങളുമാണ് എന്നെ വീർപ്പുമുട്ടിച്ചത് ..ഒരമ്മായിമ്മ പോരെങ്കിലും നടക്കണേ എന്ന് റബ്ബിനോട് മുട്ടി വിളിച്ചു പ്രാർത്ഥിക്കുന്ന ലോകത്തിലെ ആദ്യത്തെ മകനും ഭർത്താവും ചിലപ്പോ ഞാനായിരിക്കും ....
"ഫർസ്യേ ..എന്റെ പാന്റും ഷർട്ടും ഒക്കെ എവിടെ കൊണ്ടോയിട്ടിരിക്കാ .ഒറ്റൊന്നു പോലും ഈ അലമാരയിൽ ഇല്ല്യല്ലോ "..
ചങ്കായാ ചെങ്ങായിമാർക്കൊപ്പം ഒന്നു ചുറ്റിയടിക്കാൻ പുറത്തേക്കിറങ്ങാൻ നേരം നല്ലൊരു ഷർട്ട് തിരയുന്നതിനിടയിലാണ് ആ സത്യം ഞാൻ മനസ്സിലാക്കിയത് ..എന്റെ ഒരൊറ്റപാന്റും ഷർട്ട് പോലും അലമാരക്കുള്ളിലില്ല എന്തിനു പറയുന്നു എന്റെ ജെട്ടി പോലും കാണാത്ത അവസ്ഥ..
കെട്ടിയോളോട് ചോദിച്ചിട്ടാണെങ്കിൽ അടുക്കള ഭാഗത്ത് നിന്ന് മിണ്ടാട്ടവും ഇല്ല്യാ .ഉമ്മയും ഓളും എന്നാൽ അതിനകത്തുണ്ട് താനും ..
പോയി പോയി പെണ്ണ് ഞാൻ വിളിച്ചാ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ...
പോയി പോയി പെണ്ണ് ഞാൻ വിളിച്ചാ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ...
"എടീ ..ഫർസ്യേ ..അനോടാ ഈ ചോദിക്ക്ണെ ഇതിനകത്തുണ്ടായിരുന്ന എന്റെ പാന്റും ഷർട്ടും ഒക്കെ എവിടേന്ന് "
"കുഞ്ഞോ ..അന്റെ പാന്റും ഷർട്ടും അല്ലേ ഞങ്ങളിട്ടിരിക്കുന്നെ ...മര്യാദക്ക് ആ അലക്കു കല്ലിന്റടുത്തു പോയി നോക്കെടാ "
കെട്ടിയോൾക്ക് പകരം ഉമ്മയാണ് മറുപടിത്തന്നെ ..ഇനി ഇവിടെ നിന്ന് കാറിയാ ഞമ്മടെ സ്വന്തം ഉമ്മ ഞമ്മക്ക് എട്ടിന്റെ പണി തരും എന്നുറപ്പുള്ളതോണ്ട് മറുത്തൊന്നും പറയാതെ നേരെ വിട്ടു അലക്കു കല്ലിനടുത്തേക്ക് ..
അലക്കു കല്ലിനകത്തെത്തിയതും ബോധം പോയില്ലെന്നെ ഒള്ളൂ ..ഒരാഴ്ച്ച ഞാനിട്ട പാന്റും ഷർട്ടും ജെട്ടിയും ബനിയനും എല്ലാതും ദേണ്ട് കിടക്ക്‌ണ് ഒരു മൂലക്ക് ....
"എന്തെ ..കണ്ടീലെ അന്റെ കുപ്പായങ്ങളൊക്കെ ...ഇഞ്ഞെന്താ ഉമ്മാന്റെ കുഞ്ഞൂന് വേണ്ട് "
പിറകിൽ നിന്ന് കയ്യിലൊരു പത്രത്തിൽ മീൻ വെള്ളവും പിടിച്ചു മാക്സി മടക്കി കുത്തി ഞമ്മടെ പുന്നാര ഉമ്മ...പിറകിൽ കണ്ണെഴുതി പൊട്ടും തൊട്ട് ഒരുങ്ങി നിക്ക്ണ ഞമ്മടെ ബീവിയും ....
"ഫർസ്യേ ..അനക്കിതൊക്കെ ഒന്നു അലക്കിട്ടൂടായ്ർന്നോ ..വേറെ പണിയൊന്നും ഇല്ല്യല്ലോ ഇവിടെ "
"ഓഹ് ..അന്റെ അണ്ടർവെയറും സാധനങ്ങളും അലക്കിടാനല്ല ന്റെ കുട്ടിനെ ഇങ്ങോട്ട് കൊണ്ടോന്ന്ക്ക്‌ണ്..മോളിങ്ങോട്ട് പോരെ "
കയ്യിലുള്ള മീൻ വെള്ളവും തൂത്ത് അവളെയുംക്കൊണ്ട് ഉമ്മ അകത്തേക്ക് പോകുന്നതും നോക്കി ഞാനങ്ങനെ നിൽക്കുമ്പോഴാണ് കയ്യിലുള്ള കുന്ത്രാണ്ടം ബെല്ലടിച്ചത് ..
"ടാ ..ഇയ്യ് വരുന്നില്ലേ ..ഞങ്ങളെല്ലാരും ഇറങ്ങി "
അങ്ങേ തലക്കൽ ചങ്കിന്റെ ശബ്ദം കേട്ടപ്പോൾ ഇങ്ങേ തലക്കൽ എന്റെ ചങ്ക് പിടയുകയായിരുന്നു ..ഒരാഴ്ച്ചത്തെ ഡ്രെസ്സിന്റെ വിയർപ്പു നാറ്റം മാത്രല്ല അത് കഴുകി വെളുപ്പിക്കേണ്ട കാര്യവും കൂടി ഓർത്തപ്പോൾ തലക്കിട്ട് ആരോ അടിച്ചപ്പോലെ ഒരുമാതിരി ഷോക്കേറ്റ അവസ്ഥ....
"ഇല്ലെടാ ..ഞാൻ വരുന്നില്ല ...ഇന്ന് പ്രത്യേകിച്ച് പണിയൊന്നുല്ലല്ലോ അതോണ്ട് ഉമ്മാനേം കെട്ടിയോളേം ഒന്നു സഹായിക്കാന്ന് കരുതി "..
തൽക്കാലം ഒരു കുടുംബ സ്നേഹം അവർക്കു മുൻപിൽ തെളിയിച്ചു ..ഫോൺ വെക്കാൻ നേരത്താണ് അങ്ങേ തലക്കൽ ലവൻ മറ്റുള്ളവരോട് പറയുന്നത് കേട്ടത് ...
"ടാ ..ഓനെ ഇനി കാക്കണ്ട ഞമ്മക്ക് പോവാ ..ഇങ്ങനേം ഉണ്ടോ ഒരു പെൺകോന്തൻ..ഒന്നു കെട്ടിയെ പിന്നെ ഓന് ഞമ്മളെ വേണ്ടാ കെട്ടിയോളെ മതീന്ന് "
സത്യത്തിൽ എന്റെ അവസ്ഥ ആ കാലമാടൻമാർക്കറിയില്ലല്ലോ ഉമ്മയുടെയും കെട്ടിയോളുടെയും ഇടയിൽ കിടന്ന് വീർപ്പു മുട്ടുന്ന ഒരു പാവം ചെറുപ്പക്കാരന്റെ രോദനം ...
രണ്ടും കൽപ്പിച്ചു എടുത്ത കള്ളിത്തുണീം മടക്കി കുത്തി ഒരു പാക്കറ്റ് സർഫും ബക്കറ്റിൽ കലക്കി അലക്കാനൊരുങ്ങുന്ന എന്റെ കോപ്രായങ്ങൾക്കണ്ട് അടുക്കളയിലിരുന്ന് ഉമ്മയും കെട്ടിയോളും അടക്കി പിടിച്ചു ചിരിക്കുന്നത് ഹൃദയ വേദനയോടെ ഞാൻ നോക്കി നിന്നു ..
അമ്മായിമ്മയും മരുമോളും അമിതമായി ഉടക്കിയാലും അമിതമായി സ്നേഹിച്ചാലും കുടുങ്ങുന്നത് ഞങ്ങൾ ഭർത്താക്കന്മാരാണെന്ന എന്റെ പുതിയ പ്രത്യാശാസ്ത്രം അവിടെ ഉടലെടുക്കുകയായിരുന്നു ...
ശുഭം
___________________________
ഫർസാന വളാഞ്ചേരി
ഫർസാന വളാഞ്ചേരി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക