Slider

മനുസ്മൃതി

0
മനുസ്മൃതി
* * * * * * *
"ശാരദേ.....നേരം വെളുത്തെടോ...
എഴുന്നേൽക്കെടോ മാഷേ....."
നീളൻ വരാന്തയിൽ അച്ഛന്റെ ശബ്ദമുയരുന്നു.
എത്ര വഴക്കുണ്ടാക്കിയാലും അമ്മയെ പിരിഞ്ഞിരിയ്ക്കാൻ സാധിക്കാത്ത അച്ഛൻ.
വേദനയുടെ മുറിവുകൾ അമ്മയുടെ ഒരു ചിരിക്കൊപ്പമുണങ്ങി തീർന്നു പോകുന്ന,കടലാഴത്തോഴം എന്റെ പ്രണയം എന്നോതിയിരുന്ന,അച്ഛന്റെ പരുപരുത്ത ശബ്ദത്തിനായി മനു കാതോർത്തു.
ആ കേട്ടതൊക്കെയും മായയായിരുന്നോ!
ആ സംസാരം , തന്റെ തോന്നലായിരുന്നോ !
അല്ല.
പടിഞ്ഞാറ്റിനിയിലെ വരാന്തയിൽ നിന്ന് അത് വീണ്ടും കേൾക്കുന്നുണ്ട്.
ഞാൻ തട്ടിലേക്ക് നോക്കി കിടന്നു.ചിലന്തി വായിൽനിന്ന് ഓടി അകലുന്ന മൂന്നു പല്ലികൾ മുളക്കുമെന്ന പ്രതീക്ഷയിൽ മുറിച്ചെറിഞ്ഞ വാൽ തറയിലിളകുന്നു.കട്ടിളപ്പടി വിടവിലൂടെ അരിച്ചു നീങ്ങുന്ന ഉറുമ്പുകൾക്ക് പ്രതീക്ഷിക്കാതെ കിട്ടിയ പ്രാതൽ.വാതിൽപ്പാളികൾക്കിടയിലെ നേർത്ത ഒളി കാഴ്ചയിൽ പെട്ടെന്നെന്തോ തെന്നിമാറിയോ.മുറിയിൽ അച്ഛൻ കുളിച്ചു തൊടുന്ന ഭസ്മത്തിന്റെ ഗന്ധം നിറയുന്നു.
"സ്മൃതീ...താനത് കേട്ടിരുന്നോ !
അച്ഛന്റെ ശബ്ദം,
നമ്മുടെ വരാന്തയിൽ .... "
സ്മൃതി, തന്റെ ഭാര്യ, അവൾ ഗാഢനിദ്രയിലാണ്.
തിരിഞ്ഞും മറഞ്ഞും കിടന്ന് കിടക്കയിൽ നിന്നെഴുന്നേൽക്കാതെ,കണ്ണിറുക്കിപിടിച്ച് ആലസ്യത്തോടെ ഒരു കോട്ടുവായ് അവളിൽ നിന്നുയർന്നു വന്നു .അതിനിടയിൽ നേർത്തു കേൾക്കാം അടുത്തു വരുന്ന അച്ഛന്റെ പാദസ്വനം.നാലുകെട്ടിന്റെ ഏതോ ഗോപുര വിടവിൽ നിന്ന് ഒരു മയിലിന്റെ ഭീതിപ്പെടുത്തുന്ന കരച്ചിൽ..
'' ന്റെ കുട്ട്യോളെ...അമ്മേ വിളിച്ചിട്ടും എണിക്കണില്ലല്ലോ.
മനൂ....മീനൂ...അമ്മേ ഒന്ന് വിളിക്ക്യാ"
വടക്കിനിയിൽ ഭഗവതിക്കുകൊളുത്തിവച്ച ചന്ദനത്തിരിയുടെ ഗന്ധവുമാവാഹിച്ച് മഴക്കാറ്റ് വീശുന്നുണ്ടായിരുന്നു.തൊടിയിൽ നിന്ന് പറന്നു വന്ന കരിയിലകൾ നടുമുറ്റത്ത് തളം കെട്ടിയ വെള്ളത്തിൽ ഒഴുകി നീങ്ങുന്നു .മനു വാതിൽ തുറന്ന് വരാന്തയിലേക്ക് കടന്നു .
"അച്ഛാ"
പതർച്ചയോടെ ആ സ്വരം പുറത്തു വന്നു.
'' ഹാ, മനുവോ.അമ്മേ വിളിച്ചിട്ടു വാതിൽ തുറക്കണില്ലാടോ.എന്താവോ ഒരു പിണക്കം "
പടിഞ്ഞാറ്റിനിയുടെ അങ്ങേയറ്റത് തുറന്ന് കിടക്കുന്ന വലിയ വാതിലിനു മുന്നിൽ അച്ഛന്റെ അന്വേഷണ വ്യഗ്രമായ കണ്ണുകളിലേക്ക് നോക്കി മനു നിന്നു.ആഴത്തിലെ നിശ്ശബ്ദതയിൽ ഊതി വീർപ്പിച്ച സ്വപ്നങ്ങളെ നൂലുകെട്ടി നിർത്തിയിരിക്കുന്ന ഒരാൾ.
കണ്ണാടിപറമ്പിൽ രാഘവൻ മാഷ്.
ഭാര്യ ശാരദ.
മകൻ മനു രാഘവ്.അത് ഞാനാണ്.
മകൾ മീനു എന്ന് ഞങ്ങൾ വിളിക്കുന്ന മീനാക്ഷിരാഘവ്.
പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് പാടിക്കൊണ്ടിരിക്കെ മറുകൂവൽ നിലച്ചു ഒറ്റയായിപ്പോയൊരു കുയിലിനെപോലെ ആയിരിക്കുന്നു അച്ഛൻ.ഒരായുസ്സുകൊണ്ട് തുന്നിച്ചേർത്തതെല്ലാം ഒരു നിമിഷംകൊണ്ട് പൊട്ടിച്ചെറിഞ്ഞുപോയ വിധി.തണുത്ത കാറ്റടിക്കുന്ന ആ വെളുപ്പാൻകാലത്തും അച്ഛൻ പരിഭ്രമത്തോടെ വിയർക്കാൻ തുടങ്ങി.
"പത്തായപ്പുരയിൽ നെല്ലെടുക്കാൻ പോയിട്ടുണ്ടാകും,
വിളിച്ചത് കേട്ടിട്ടുണ്ടാകില്യ,ഉറപ്പാ....
ടോ, ശാരദേ........."
അച്ഛൻ വീണ്ടും നീട്ടി വിളിച്ചു.
"അച്ഛൻ എന്തൊക്കെയാണീ പറയണേ"
എന്റെ കണ്ണ് നിറഞ്ഞു.ഞാൻ ആ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു.
"'അമ്മ നമ്മളെയൊക്കെ വിട്ടു പോയില്ലേ അച്ഛാ,എല്ലാം അച്ഛനും അറിയണതല്ലേ.എന്നിട്ടിപ്പോൾ ഇങ്ങനെയൊക്കെ...!!! "
ഒറ്റയായിപ്പോയ അച്ഛനെ ഓർമ്മകളുടെ പുതപ്പുകൊണ്ടെത്ര കാലം പൊതിഞ്ഞു വെക്കാനാകും.അമ്മയുടെ അഭാവത്തിൽ ജീവിക്കാനുള്ള പിച്ചവെക്കലുകൾക്കിടയിൽ ആ മനസ്സ് ഇടക്കെങ്കിലും ഇടറിപോകുന്നുണ്ട്.ഒന്നു മിണ്ടാനും പറയാനും ആരുമില്ലാതെ മൌനത്തിലും ഏകാന്തതയിലും പെട്ട് നടുക്കടലിൽ തകർന്ന കപ്പൽപോലെ ഈ വലിയ വീട്ടിൽ അച്ഛൻ.
മഴക്കാറുകൾ ആകാശത്തിന്റെ തെളിച്ചത്തെ മറക്കുന്ന പ്രഭാതത്തിൽ അച്ഛന്റെ ശബ്ദത്തിന്റെ ചിറകുകളരിഞ്ഞു വീഴ്ത്തിയതുപോലെ നിബിഡമായ നിശബ്ദത. അല്പസമയത്തേക്കു ആരിൽ നിന്നും ഒരു വാക്കുപോലും പുറത്തു വന്നില്ല.
അച്ഛന്റെ ജീവന്റെ പാതിയായിരുന്നു അമ്മ.ഉളളുണക്കത്തിൻറെ ഏങ്കോണിപ്പുകളിലേക്ക് അരിച്ചു കയറുന്ന വസന്തമായിരുന്നു ആ പ്രണയം. ഒട്ടിപ്പിടിച്ച ഹൃദയങ്ങളുമായി അവർ ജീവിച്ചു.മക്കളെ വളർത്തി.സന്തോഷകരമായ വിശ്രമ ജീവിതം മുന്നോട്ടുപോയ്കൊണ്ടിരിക്കെ ആ അപകടം.
ദേവിയുടെ തേർവാഴ്ച ഉണ്ടെന്നു പറയപ്പെടുന്ന,ഇടതൂർന്ന് കുറ്റിച്ചെടികൾ നിറഞ്ഞ അമ്പലവളവിൽ ഞാൻ ഓടിച്ചിരുന്ന വണ്ടി മറയാൻ എന്തായിരുന്നു കാരണം.! വണ്ടിക്കു മുന്പിലേക്കോടി വന്ന ഒരു പെൺകുട്ടിയെ ഞാൻ മാത്രം കണ്ടിരുന്നു. അന്ന് അതിദ്രുതം കാലുകൾ ബ്രേക്കിലമർന്നു.പക്ഷേ അച്ഛനും അമ്മയും മീനുവും ഞാനും ആ വണ്ടിക്കൊപ്പം തലകീഴായ്‌ മറിഞ്ഞു.കണ്ണ് തുറക്കുമ്പോൾ മുൻപിൽ അമ്മയുടെ മരണം.വെള്ളപുതച്ചുകിടന്ന വിധിയുടെ കാൽക്കൽ കണ്ണീരോടെ ഞാൻ.
'' അച്ഛാ,ദാ കാച്ചിയ എണ്ണ"
കോങ്കണ്ണൻ വാസു അലക്കി തേച്ച വടിപോലുള്ള തോർത്തുമുണ്ടും തോളിൽ ഇട്ട് ഓട്ടു പാത്രത്തിൽ കർപ്പൂരഗന്ധമുള്ള എണ്ണയുമായി മീനു.അവൾ അച്ഛന്റെ തലയിൽ എണ്ണ തേച്ചുകൊടുക്കുന്നു.ഒന്നും പറയാതെ അനുസരണയുള്ള കുട്ടിയായി അച്ഛൻ.
''മീനുട്ട്യേ ,രാവിലെ ഏട്ടൻ എഴുന്നേൽക്കുമ്പോൾ വരാന്തയിൽ അച്ഛൻ ഉലാത്തികൊണ്ടിരിക്ക്യാ.'ശാരദേ' എന്നുറക്കെ വിളിച്ച് ഒരു ഭ്രാന്തനെപ്പോലെ...ഇന്നലെ നമ്മുടെ ഓർമ്മപ്പുസ്തകം മറച്ചു നോക്കിയിട്ടുണ്ടാകണം അച്ഛൻ "
എനിക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല.പടിപ്പുരവാതിലിൽ ഒരു നായ ആരെയോ കാത്തു നിൽക്കുന്നു.അത് ഓരിയിടാൻ തുടങ്ങവേ അച്ഛന്റെ ശബ്ദവും ഉയർന്നു വന്നു.
" ഇന്നലെ ന്റെ ഒപ്പം ഉണ്ടാർന്നു ശാരദ....ഇന്ന് എണീറ്റ് നോക്കുമ്പോൾ കാണാനില്യ"
അമ്മ കൂടെഇല്ലാത്ത ദൈന്യതയെ ശൂന്യതയെന്നല്ലാതെ മറ്റെന്താണ് അച്ഛന് വിളിക്കാനാവുക.ആ ശൂന്യതയിൽ അച്ഛൻ ഓർമ്മപുസ്തകത്തിന്റെ താളുകൾ മറയ്ക്കും.അച്ഛന്റെയും അമ്മയുടെയും പ്രണയകാലം,വിവാഹം,ഞങ്ങളുടെ ജനനം,വളർച്ച,പഠനം...എല്ലാം ഉൾക്കൊണ്ടിരിക്കുന്ന അച്ഛന്റെ ജീവിത പുസ്തകം.അതായിരുന്നു ആ ആൽബം.അച്ഛന്റെ കണ്ണിൽനിന്നും നീരുപൊടിയാൻ തുടങ്ങവേ മീനു ആ കൈ പിടിച്ചു.ഞാൻ പടിപ്പുരയിലേക്കു നോക്കി.ആകാശത്തെ ഇരുൾ മേഘങ്ങൾക്കൊപ്പം ആ നായയും അപ്രത്യക്ഷമായിരിക്കുന്നു.
"എണ്ണ തേച്ച് ഒന്ന് മുങ്ങികുളിച്ചാൽ എല്ലാം ശരിയാകും''
മുറിഞ്ഞ പല്ലിവാലുമായി ഘോഷയാത്ര നടത്തുന്ന കൊച്ചുറുമ്പുകൾക്കരികിലൂടെ മീനുവും അച്ഛനും. ആ നീളൻ വരാന്തയിലൂടെ നടന്നു നീങ്ങുന്നവർ.
"പടവിൽ വഴുക്കലുണ്ട്,സൂക്ഷിച്ചിറങ്ങണെ "
മനു ഉച്ചത്തിൽ പറഞ്ഞു.
''ആരോടാ ഏട്ടൻ സംസാരിക്കണേ.''
പുറകിൽ നിന്നാണാ ശബ്ദം.മീനുവിന്റെ ശബ്ദം.അച്ഛന്റെ കൈപിടിച്ച് തനിക്കുമുൻപിലൂടെ നിമിഷങ്ങൾക്ക് മുൻപ് കടന്നു പോയ മീനു.പടിപ്പുരവാതിൽ ഇളകിയാടാൻ തുടങ്ങി.ഇന്നലെ രാത്രി കേട്ട കൊത്തിചൂടാന്റെ ഭയപ്പെടുത്തുന്ന ശബ്ദം ചെവിയിൽ മുഴങ്ങുന്നതായി എനിക്ക് തോന്നി. തിരിഞ്ഞു നോക്കുമ്പോൾ മീനു ,അവൾ അരിപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
"മീനൂ...നീയും അച്ഛനും"
ഞാൻനിന്ന് വിറകൊണ്ടു.
"ഏട്ടൻ വീണ്ടും സ്വപ്നം കണ്ടു അല്ലെ,അച്ഛനും അമ്മയും നമ്മളെ വിട്ടു പോയില്ലേ ഏട്ടാ...ആ അപകടം..."
അവളിൽ നിന്ന് ഒരു നിശ്വാസം ഉതിർന്നു വീണു.
'' ജീവിതം സൈക്കിൾ ചവിട്ടുന്നതുപോലെയാണ് ഏട്ടാ .ബാലൻസ് തെറ്റാതിരിക്കണമെങ്കിൽ നീങ്ങികൊണ്ടേയിരിക്കണം."
അവൾ എന്നെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി.ചിരി,ദിഗന്തങ്ങൾ മുഴങ്ങുന്ന ചിരി..മച്ചകത്തെ ഭഗവതി മുറിയിൽ കരിന്തിരി കത്തുന്ന മണം.നടുമുറ്റത്തെ വെള്ളക്കെട്ടിലേക്കെടുത്തു ചാടുന്നൊരു തേരട്ട.
"മീനൂ,ഒന്ന് നിർത്തണുണ്ടോ നിന്റെ ഈ ചിരി"
നിലക്കാതെ പൊഴിഞ്ഞുകൊണ്ടിരുന്നു ആ ചിരി.
"നിർത്താൻ...."
തൊണ്ടപൊട്ടുമാറുള്ള അലർച്ചയായിരുന്നു എന്റേത്.
" ഏട്ടാ "
എനിക്ക് മുൻപിൽ നേരിയ ഭയത്തോടെ ഉറക്കച്ചടവിൽ കണ്ണുകൾ തിരുമി സ്‌മൃതി..
''എനിക്ക് ദാഹിക്കുന്നു,കുറച്ചു വെള്ളം കൊണ്ട് വരൂ "
തെക്കിനിയിലേയ്ക്ക് നടന്നകലുന്ന സ്മൃതിയെ നോക്കി ഞാൻ നിന്നു. കാറ്റിലലിഞ്ഞു പോയ നാല് ചുവരുകൾക്കകത്തെ പ്രതിധ്വനിക്കായി ഞാൻ കാതോർത്തു.എന്റെ കയ്യിൽ അച്ഛന്റെ ഓർമ്മപ്പുസ്തകം.എനിക്ക് മുൻപിൽ മുനിഞ്ഞു കത്തുന്ന വിളക്കിനു പിന്നിൽ തെളിഞ്ഞ ചിരിയുള്ള മൂന്ന് ചിത്രങ്ങൾ, മാല ചാർത്തപ്പെട്ട മൂന്നു മുഖങ്ങൾ.അച്ഛൻ,അമ്മ,മീനു.

Vivek V
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo