Slider

#ആണുടൽ

0
#ആണുടൽ
**************
"ഫർസ്യേ ..നിനക്ക് എന്റെ ശരീരത്തെക്കുറിച്ച് എന്തേലും എഴുതിക്കൂടെ "
ഇക്കയുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ..ഇങ്ങേർക്കിതെന്തു പറ്റി റബ്ബേ എന്നൊരു ചിന്ത മനസ്സിൽ ഇല്ലാതിരുന്നില്ല ..
"ടീ ..ഞാൻ കാര്യമായിട്ട് പറഞ്ഞതാ ..നിനക്കൊന്നു എഴുതിക്കൂടെ "
"നിങ്ങളിതെന്തു ഭാവിച്ചാ മനുഷ്യാ ..എഴുതാൻ മാത്രമിപ്പോ എന്താ നിങ്ങടെ ശരീരത്തിൽ ഉള്ളെ "
ചെറിയൊരു പുച്ഛത്തോടെ മറുപടികൊടുത്ത് തിരിഞ്ഞു നടക്കുമ്പോൾ ,ഇക്ക ആരോടെന്നില്ലാതെ പിറു പിറുക്കുന്നുണ്ടായിരുന്നു ..
"ഓഹ് അവളുടെയൊരു ജാഡ ..വല്ല്യ എഴുത്തുകാരിയാന്നാ വിചാരം ..പെണ്ണിനേം ഓൾടെ ശരീരത്തെയും വർണ്ണിച്ചെഴുതി നാലാളുടെ മുൻപിൽ ആളായാൽ എഴുത്തുകാരി ഒന്നും ആവില്ലെടി...പെണ്ണെന്ന് കേൾക്കുമ്പോഴേ ഓടി പാഞ്ഞു വരുന്നവർക്കിടയിൽ എന്നും പെണ്ണെഴുത്തിന് റേറ്റിംഗ് കൂടുകയേ ഒള്ളൂ "
പറഞ്ഞ കാര്യം മുഖവുരക്കെടുക്കാത്തതിന്റെ നീരസം ഇക്ക വാക്കുകളിലൂടെ പ്രകടിപ്പിച്ചപ്പോൾ അത് ആഴത്തിൽ മുറിവേൽപ്പിച്ചത് എന്നെത്തന്നെ ആയിരുന്നു ..
പെണ്ണിനേയും അവളുടെ ശരീരത്തെയും വർണ്ണിച്ചെഴുതിയാൽ റേറ്റിംഗ് കിട്ടും എന്ന ഇക്കയുടെ തത്വ ചിന്ത ശരിക്കും സത്യമായിരുന്നു
പക്ഷേ അതിൽ ഞാനൊരു പെണ്ണെഴുത്ത്കാരിയാണെന്ന് ഇക്ക അടിച്ചാക്ഷേപിച്ചപ്പോൾ അത് പൂർണമായി അംഗീകരിക്കാൻ മനസ്സനുവദിച്ചില്ല ...ആ വാശിയായിരുന്നു ആണുടലിനെകുറിച്ചു ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് ..
എവിടെ നിന്നെങ്കിലും ഒരാണെഴുത്ത് കിട്ടുമോ എന്നായിരുന്നു പിന്നീടുള്ള അന്വേഷണം ..സകല സോഷ്യൽ മീഡിയ എഴുത്ത് ഗ്രൂപ്പുകളിലും ലൈബ്രറികളിലും പരതി നോക്കിയിട്ടും ആണിനെകുറിച്ചോ ആണുടലിനെകുറിച്ചോ പൂർണമായി ഒന്നും കിട്ടിയില്ല ...
എല്ലായിടത്തും , മുഴച്ചു നിൽക്കുന്ന പെണ്ണിന്റെ മാംസളതയും ..അതിനെ ചുറ്റി പറ്റിയുള്ള വീക്ഷണങ്ങളും കാഴ്ചപ്പാടുകളും മാത്രം ....
ഇടിഞ്ഞു തൂങ്ങിയ പെണ്ണിന്റെ ശരീരത്തേക്കാൾ എത്രയോ മനോഹരമാണ് ആണുടൽ ..ഒരുപക്ഷെ അവയെ വർണ്ണിക്കാനുള്ള വരികൾ കിട്ടാത്തതിനാലാവാം ആരും ആണുടലിന്റെ ഭംഗിയും വശ്യതയും അറിയാതെ പോയത് ....
ഇക്കയുടെ ചോദ്യത്തിന് പുതിയൊരർത്ഥം നൽകണം എന്ന ദൃഢ നിശ്ചയത്തോടെ ഞാനെന്റെ പുസ്തകത്താളിൽക്കുറിച്ചു "ആണുടൽ "
അത് കണ്ടിട്ടാവണം ആ കണ്ണുകളിൽ എന്തെന്നില്ലാത്തൊരുത്തിളക്കവും മുഖത്ത് വിജയിയുടെ ഭാവവും നിഴലിച്ചത് ...
___________________________
ഫർസാന വളാഞ്ചേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo