Slider

#വെളിച്ചത്തിലേയ്ക്കുള്ള_ദൂരം

0
'ഒരു അതിജീവനത്തിന്റെയോ ഒളിച്ചോട്ടത്തിന്റെയോ കഥയ്ക്കപ്പുറം മറ്റൊന്നും തന്നെ നിനക്ക് എന്നോട് പറയാനില്ല എന്നെനിക്കറിയാം. '
വൃദ്ധൻ അവളുടെ മുഖത്തേയ്ക്ക് തന്നെ നിമിഷങ്ങളോളം ശ്രദ്ധ പതിപ്പിച്ച് പറഞ്ഞു.
'നിന്റെ കണ്ണുകൾ തന്നെ അത് വിളിച്ചു പറയുന്നുണ്ട്. '
അയാൾ കൂട്ടിച്ചേർത്തു.
'ആരാണ് നിങ്ങൾ ?'
അവൾ കിതപ്പ് വിടാതെ, തന്റെ മിഴികൾ അയാളുടെ കണ്ണുകളിൽ നിന്ന് പിൻവലിയ്ക്കാൻ ശ്രമിച്ച് പരാജിതയായി നിസ്സഹായതയയോടെ ചോദിച്ചു.
വൃദ്ധൻ ഉറക്കെ ചിരിച്ചു.
'ഞാനൊരു വയസൻ. ഇതൊക്കെ എങ്ങനെയറിഞ്ഞു എന്നോർത്ത് നീ അതിശയിക്കേണ്ടതില്ല. ഒരുപാട് ജീവിതം കണ്ടവനാണ് ഞാൻ. ഒറ്റ നോട്ടത്തിൽ ഒരാളെ തിരിച്ചറിയാൻ കഴിവുള്ളവൻ. '
വൃദ്ധന്റെ വാക്കുകളിലെ അഹംഭാവം അവളെ ചൊടിപ്പിച്ചു. അവൾ തോളിൽ കിടന്ന കുഞ്ഞിനെ ശ്രദ്ധയോടെ മറുതോളിലേയ്ക്ക് മാറ്റിക്കിടത്തി അയാളുടെ നേർക്ക് വെല്ലുവിളിയോടെ ഒരു നോട്ടമയച്ചു .
'ഒറ്റനോട്ടത്തിൽ എല്ലാമറിയുന്നവനല്ലേ. ഞാൻ ആരാണെന്നും എന്താണെന്നും പറ, കേൾക്കട്ടെ. '
വൃദ്ധൻ അല്പസമയം മുഖം കുനിച്ച് തറയിൽ നോക്കിയിരുന്നപ്പോൾ അവൾ വിജയിച്ച മട്ടിൽ ചിരിച്ചു.
'എനിക്കറിയാം, നിങ്ങളെ കൊണ്ട് ഒന്നും കഴിയില്ല എന്ന്. '
അവൾ സ്വയം ശപിക്കുന്നതു പോലെയാണ് അതു പറഞ്ഞത്.
വൃദ്ധൻ യാതൊന്നും കേൾക്കാത്ത ഭാവത്തിൽ അതേ ഇരിപ്പ് തുടർന്നു.
'ചൈത്ര!'
അയാൾ ചുണ്ടുകളനക്കി ആ നാമം വീണ്ടും ഉരുവിട്ടു കൊണ്ട് അവളെ നോക്കി.
ഒന്നും മിണ്ടാതെ അതിശയത്തോടെയും അതിലേറെ ഭയത്തോടെയും കുഞ്ഞിനെ തോളിലേക്ക് ഒന്നു കൂടി ചേർത്തു പിടിച്ചു.
ഒരുപാട് അലഞ്ഞതിന്റെ ലക്ഷണങ്ങൾ ഒറ്റ നോട്ടത്തിലെ പ്രകടമാവുന്ന അവളുടെ മുഖം കണ്ടപ്പോൾ വൃദ്ധന് സഹതാപം തോന്നുന്നുണ്ടായിരുന്നുവെങ്കിലും അതയാൾ പുറത്ത് പ്രകടിപ്പിച്ചില്ല.
'ഇഷ്ടപുരുഷന് സ്വയം സമർപ്പിച്ച് എല്ലാം വിട്ടെറിഞ്ഞ് പ്രണയത്തിലേയ്ക്കെന്നു കരുതി അഗ്നിയിൽ വീണ് പൊള്ളലേറ്റവളാണ് നീ.'
വൃദ്ധൻ അവളെയും തോളിൽ കിടന്ന കുഞ്ഞിനെയും മാറി മാറി നോക്കി.
അയാളുടെ നേർക്ക് മുഖമുയർത്തി നരച്ച പുരികത്തിനു താഴെയുള്ള ആ കണ്ണുകളെ നേരിടാനുള്ള ശക്തി അവൾക്കുണ്ടായിരുന്നില്ല അപ്പോൾ.
ചോര വറ്റിയ മുഖത്തോടെ ആശ്രയമറ്റവളെ പോലെ അവളിരുന്നു.
ഇവിടേയ്ക്ക് പോരും മുൻപ് അൻസാരി പറഞ്ഞ വാക്കുകൾ അപ്പോൾ അവൾക്കോർമ വന്നു.
'അയാൾക്ക്‌ മാത്രമേ നിന്നെ രക്ഷിക്കാൻ കഴിയൂ. പക്ഷേ നിന്നെ അയാളൊരിക്കലും തിരിച്ചറിയാൻ പാടില്ല.'
അവൾക്ക് ഉറക്കെ കരയണമെന്നു തോന്നി.
താൻ വീണ്ടും തോറ്റു പോയിരിക്കുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിൽ ചോരചുവപ്പ് കലരുന്നത് കണ്ടപ്പോൾ വൃദ്ധന് അതിശയമൊന്നും തോന്നിയില്ല.
ജന്മാന്തരങ്ങളായി പ്രണയത്തിന്റെ മാസ്മരികതയിൽ പെട്ട് ജീവിതം നശിച്ചു പോവുന്ന സ്ത്രീകളുടെ കണ്ണുനീരിൽ ചോരയും കലരാറുണ്ടെന്നത് അയാൾ എത്രയോ വട്ടം അനുഭവിച്ചിരിക്കുന്നു.
'നിങ്ങൾക്കെന്നെ സഹായിക്കാൻ പറ്റ്വോ...'
കരച്ചിലിനിടെ അയാളുടെ മുഖത്തേയ്ക്ക് അപേക്ഷയോടെ മിഴികളയച്ച് അവൾ ചോദിച്ചു.
വൃദ്ധൻ ഒന്നും പറഞ്ഞില്ല, പകരം ചിരിച്ചു.
'ഞാനെന്താണ് നിനക്കു വേണ്ടി ചെയ്യേണ്ടത്?'
'എന്റെ മോളെ നിങ്ങൾ സുരക്ഷിതയായി വളർത്തണം.'
അവൾ ഒരു നിമിഷം പോലും പാഴാക്കാനില്ലാതെ വ്യഹ്വലതയോടെ, ശ്വാസം മുട്ടലോടെയെന്ന വണ്ണം പറഞ്ഞു.
വൃദ്ധൻ നിമിഷങ്ങളോളം മിഴികളടച്ചിരുന്നു.
'പ്രയാസമുള്ള കാര്യമാണ്. പക്ഷേ നിനക്കു വേണ്ടി, ഒരു അമ്മയ്ക്ക് വേണ്ടി ഞാൻ വാക്ക് തരുന്നു. നിന്റെ പെൺകുഞ്ഞ് ജീവിതാവസാനം വരെ ഇവിടെ സുരക്ഷിതയായിരിക്കും. ഒരു മനുഷ്യജീവിയുടെയും കണ്ണുകൾ ഇവളിലേയ്ക്കെത്തുകയില്ല. ഇവിടുത്തെ ഐശ്വര്യമായി നിന്റെ മകൾ എന്നും വാഴും.'
വൃദ്ധന്റെ വാക്കുകൾ അവളുടെ മുഖത്തെ ആശങ്കയകറ്റി.
അവൾ വൃദ്ധനോട് അനുവാദം ചോദിക്കാൻ നിൽക്കാതെ തന്റെ കുഞ്ഞിനെയെടുത്ത് മുറിയുടെ ഒത്ത നടുവിൽ കിടന്നിരുന്ന പൊടി പിടിച്ച പഴയ പുല്പായയിൽ കിടത്തി.
കുഞ്ഞ് ഉറക്കം ഞെട്ടിയതു പോലെ അസ്വസ്‌ഥതയോടെ ഒരു ശബ്ദമുണ്ടാക്കിയ ശേഷം വേഗം തന്നെ വീണ്ടും നിശബ്ദയായി ഉറക്കത്തിലേക്ക് വീണു.
'എന്റെ ഭർത്താവും ആളുകളും എന്നെ തിരഞ്ഞ് ഇവിടെയെത്തുന്നതിനു മുൻപ് എനിക്ക് മടങ്ങി പോവണം. '
അവൾ കിതപ്പോടെ വൃദ്ധന്റെ മുഖത്തേയ്ക്ക് നോക്കി.
'എന്റെ മോളെ വിൽക്കാൻ എനിക്ക് മനസില്ലെടാ എന്ന് എനിക്ക് അയാളുടെ മുഖത്തേയ്ക്ക് നോക്കി പറയണം.'
'എന്നെ പോലെ ആവരുത് അവൾ ഒരിക്കലും.'
അവൾ അഗ്നിയെരിയുന്ന മിഴികളോടെ പറഞ്ഞു.
ഭർത്താവിന്റെ മുഖത്തു നോക്കി ആ വാചകം പറയുന്നത് അവൾ മനസ്സിൽ സങ്കല്പിച്ച് സ്വയം ചിരിച്ചു.
അയാൾ തന്നെ ഉപദ്രവിച്ചേക്കാം, ചിലപ്പോൾ കൊന്നു കളഞ്ഞേക്കാം.
അവൾ മനസ്സിൽ കണക്കു കൂട്ടി.
'നീ വിഷമിക്കരുത്. രണ്ടു പേരെ ഒരേ സമയം രക്ഷിക്കാനുള്ള കഴിവ് എനിക്കില്ല. വയസ്സനായില്ലേ'
വൃദ്ധൻ നിസ്സഹായതയോടെ അവളുടെ നേർക്ക് ചിരിച്ചു.
'മടങ്ങിക്കോളൂ.'
അയാൾ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.
അവൾ വൃദ്ധന്റെ കാലിൽ വീണു പ്രണമിച്ചു.
'യാത്ര പറയുന്നില്ല.'
മകൾ കിടക്കുന്നയിടത്തേയ്ക്ക് മനഃപൂർവം തലതിരിക്കാതെ ഉറച്ച ചുവടുകളോടെ അവൾ തിരിഞ്ഞു നടന്നു.
മലയിറങ്ങി ചെല്ലുമ്പോൾ അവളെ കാത്തിരിക്കുന്ന ആസന്നമായ മരണം വൃദ്ധൻ കാണുന്നുണ്ടായിരുന്നു. കണ്ണിൽ പൊടിഞ്ഞ ഒരു തുള്ളി നീർ അയാൾ ഇമകളടച്ച് ഉരുക്കിക്കളഞ്ഞു.
ഭാര്യയെയും മക്കളെയും വിറ്റു പോലും ലാഭമുണ്ടാക്കുന്ന ക്രൂരന്മാർക്കിടയിൽ നിന്ന് താൻ വളരെ നേരത്തെ തന്നെ ഇവിടെയെത്തിയത് എത്ര നന്നായെന്ന് വൃദ്ധൻ ആത്മഗതം ചെയ്തു.
അയാൾ തിരിഞ്ഞ് കുഞ്ഞിനെക്കിടത്തിയിരുന്ന പുല്പായയ്ക്ക് അരികിൽ മുട്ടു കുത്തിയിരുന്നു.
അവൾ കണ്ണു തുറന്ന് നിശബ്ദയായി കിടക്കുകയായിരുന്നു.
വൃദ്ധൻ അവളുടെ നേർക്ക് കൈ നീട്ടിയപ്പോൾ അവൾ അയാളുടെ നേർക്ക് ചിരിച്ചു.
പളുങ്കു കണ്ണുകളിൽ തെളിഞ്ഞു നിന്ന പ്രകാശം പ്രതീക്ഷയുടെയും എന്നെങ്കിലും യാഥാ൪ത്ഥ്യമായേക്കാവുന്ന നല്ല പുലരികളുടേതുമാണെന്ന് വൃദ്ധൻ ആ നിമിഷം തിരിച്ചറിഞ്ഞു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo