Slider

പ്രിയ്യപ്പെട്ട ചില ഗന്ധങ്ങൾ

0
ബുക്കുകൾ കഴിഞ്ഞ പിന്നെ വാങ്ങി കൂട്ടാൻ എനിക്ക് പെരുത്തിഷ്ടമുള്ള ഒരു ഐറ്റം പെർഫ്യൂംസ് ആണ്. അങ്ങനെ വാങ്ങിക്കൂട്ടിയ പല സുഗന്ധങ്ങൾ എന്റെ ഷെൽഫിൽ വിശ്രമിക്കുന്നുണ്ട്. പുറത്തെവിടെയെങ്കിലും ഝടുതിയിൽ പോവാൻ ഒരുമ്പെടുമ്പോൾ കുളിക്കാൻ സമയം കിട്ടാത്ത ചില പ്രേത്യേക അവസരങ്ങളിൽ ഈ പെർഫ്യൂം വല്ലാത്തൊരനുഗ്രഹമാണ്. മേലുമുഴുവൻ അതുമെടുത്തു വീശി പോയാൽ സംഭവം ക്ലീൻ.
കയ്യിലുള്ള പെർഫ്യൂമുകളുടെ സുഗന്ധം എനിക്ക് മടുത്തു തുടങ്ങിയപ്പോളാണ് ഞാൻ പുതിയ ഗന്ധങ്ങൾ തേടി ഇറങ്ങിയത്. ഷോപ്പിംഗ് മാളിലെ പെർഫ്യൂമുകൾ മാത്രം വിൽക്കുന്ന കടയിലെ സെൽസ്‌മാൻ എന്നെ സുഗന്ധങ്ങളുടെ ലോകത്തേക്ക് സ്വാഗതം ചെയ്തു. പലനിറത്തിലുള്ള കുപ്പികൾ മേശപ്പുറത്തു നിരന്നു. മൂക്ക് തുളച്ചു പോകുന്ന സുഗന്ധങ്ങൾ എല്ലാം ടെസ്റ്റ് ചെയ്ത ക്ഷീണത്തിൽ ഞാനും അവയുടെ ഗുണഗണങ്ങൾ വാതോരാതെ പറഞ്ഞു സെൽസ്‌മാനും ക്ഷീണിച്ചു. ഒന്നുംപിടിക്കാത്ത മട്ടിൽ നിൽക്കുന്ന എന്നോട് അയാൾ ചോദിച്ചു,
"മാഡം, വേറെ എന്ത് ടൈപ്പ് ആണ് ഉദ്ദേശിക്കുന്നത്?"
"ഈ മഴ പെയ്തു കഴിഞ്ഞ മണ്ണിനു വരണ ഒരു മണം ഇല്ലേ അതുണ്ടോ?"
അയാൾ വായും പൊളിച്ചെന്നെ നോക്കി
"അല്ലേൽ നല്ല വെളിച്ചെണ്ണയിൽ ഉള്ളി മൂപ്പിക്കുമ്പോ വരണ മണമുണ്ടോ?"
ഇതെവിടുന്നു ചങ്ങലയും പൊട്ടിച്ചു വന്ന ഐറ്റമാണ് എന്ന മട്ടിൽ അയാളെന്നെ നോക്കി.
"പുല്ലുവളർന്നു നിൽക്കുന്ന മൈതാനത്തു കളിയെല്ലാം കഴിഞ്ഞു കൂട്ടുകാരോടൊത്തു ഇരിക്കുമ്പോൾ അമർന്നിരിക്കുന്ന ആ പുല്ലുകളുടെ ഗന്ധം, ആരുടെയോ പറമ്പിൽ ചക്ക പഴുത്തു എന്ന് വിളിച്ചോതാൻ കാറ്റിനോട് കിന്നാരം പറഞ്ഞെത്തുമായിരുന്ന നല്ല പഴുത്ത ചക്കയുടെ മണം, എന്തൊക്കെയോ ഇട്ടു കാച്ചിയ നല്ല വെളിച്ചെണ്ണ തേച്ചു മെടഞ്ഞിട്ട അമ്മയുടെ മുടിയുടെ ഗന്ധം, തൊടിയിൽ വളർന്നു കിടക്കുന്ന മൈലാഞ്ചി ചെടിയുടെ ഇലകൾ അരച്ച് കൈയിലിടുമ്പോഴുള്ള ഗന്ധം ഇതിലേതെങ്കിലുമുണ്ടോ എന്ന് ഞാനയാളോട് ചോദിച്ചു.
പണ്ട് മണ്ണെണ്ണയുടെ മണ്ണെണ്ണയുടെ മണം ഒന്ന് അനുഭവിക്കാൻ വേണ്ടി മാത്രം അമ്മയുടെ കൂടെ ചാടി തുള്ളി റേഷൻ കടയിൽ പോയ ഒരു കാലമുണ്ടായിരുന്നു ഇവയൊക്കെ എനിക്കേറെ പ്രിയ്യപ്പെട്ട ചില ഗന്ധങ്ങളാണ്. ഇവയിലൊന്നെങ്കിലും ഒരു കുപ്പിയിൽ അടച്ചു കിട്ടിയിരുന്നെങ്കിൽ.... അടച്ചിട്ട ഫ്ലാറ്റ് മുറികളിരുന്നു കൃത്രിമത്വം നിറഞ്ഞ കുപ്പികളിലേ സുഗന്ധദ്രവ്യങ്ങൾ പൂശി എനിക്ക് വല്ലാണ്ട് മടുത്തിരിക്കുന്നു

Anjali Kini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo