പങ്കുവെയ്പ്പ് (കഥ )
“ടൂർ .... ടൂർ ....”
അമ്മുവമ്മ നോക്കുമ്പോൾ അപ്പു വണ്ടിയോടിച്ചു മുറ്റത്തേക്ക് കയറുകയാണ്... കൈയിലെ പൊതി അവരെ ഏല്പിച്ചു അവൻ പറഞ്ഞു..
“ദോശയാണ് അമ്മൂമ്മേ . വേഗം കഴിക്കാൻ അമ്മ പറഞ്ഞു. തണുത്തു പോവും “
അമ്മുവമ്മ അവന്റെ തലയിൽ തലോടാനായി കൈകൾ നീട്ടി.. അതിനു മുന്നേ അവൻ ഓടി
“ടൂർ ..”
ഇത്തവണ രണ്ടു കൈയും വണ്ടി ഓടിക്കുന്ന പോലെ നീട്ടി പിടിച്ചിട്ടുണ്ട്..
അമ്മുവമ്മയുടെ മൂത്ത മകന്റെ ഇളയ കുട്ടിയാണ് അപ്പു. അമ്മുവമ്മയുടെ പ്രഭാത ഭക്ഷണം അവിടെ നിന്നാണ്..
ദോശ കഴിച്ചു കൈ കഴുകുമ്പോൾ കേട്ടു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദവും തുടർന്ന് ഇളയ മകന്റെ ഭാര്യ സുമയുടെ ഒച്ചയും..
“അമ്മേ ദേ ഇവിടെ വെച്ചിട്ടുണ്ട് .. നേരം വൈകി.. പോട്ടെ..”
അമ്മുവമ്മ വന്നപ്പോൾ ചോറ്റു പാത്രം തിണ്ണയിൽ .. അവൾ ടീച്ചറാണ്. ഉച്ചക്കുള്ള ഭക്ഷണമാണ്.. കുട്ടികളെ കുളിപ്പിച്ചൊരുക്കി സ്കൂളിൽ വിടാനുള്ള തിരക്കിൽ നേരം വൈകി കാണും.. പാവം !
സന്ധ്യക്ക് വിളക്ക് കൊളുത്തിയപ്പോഴേക്കും രണ്ടാമൻ അത്താഴവുമായി എത്തി. തോളിൽ അവന്റെ ഇളയ കുട്ടി ചിണുങ്ങി കരയുന്നു.
“അവൾക്കു ഉറക്കം വരുന്നുണ്ട്. അമ്മ കഴിച്ചോളൂ..”
അവൻ പോയപ്പോൾ അമ്മുവമ്മ കഞ്ഞി പാത്രത്തിലേക്ക് പകർന്നു..
അവരുടെ കണ്ണിൽ നിന്നും ആരും പകുത്തെടുക്കാനില്ലാതെ ഒരു തുള്ളി കണ്ണീരിറ്റു താഴേക്ക് വീണു...** Sanee John

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക