Slider

വിവര ദോഷി

0
വിവര ദോഷി
••••••••••••••••••••••••••••••••••
"മോളെ മെല്ലെ ശ്രദ്ധിച്ച്‌ ..ശ്രദ്ധിച്ച്‌"
അയാൾ ആ ചെറിയ സ്വിമ്മിംഗ്‌ പൂളിന്റെ ചുറ്റിലും മാളുവിന്റെ കൂടെ ഓടിക്കൊണ്ട്‌ പറഞ്ഞു..
പത്ത്‌ വയസ്സുകാരി മാളു നന്നായി നീന്തും.ചെറിയ ക്ലാസ്സിൽ നിന്നേ നീന്തൽ പഠിച്ചിട്ടുണ്ടവൾ എന്നാലും അയാൾക്ക്‌ വല്ലാത്ത ആധിയാ..
ചിലപ്പോൾ രണ്ട്‌ മൂന്ന് സെക്കന്റ്‌ അവൾ വെള്ളത്തിൽ മുങ്ങിക്കിടക്കും.
പൊങ്ങി വന്നാൽ വെപ്രാളപ്പെട്ട്‌ നോക്കുന്ന അയാളുടെ കണ്ണിൽ നോക്കി കൊഞ്ചലോടെ അവൾ‌ പറയും
"എന്തൊരു പേടിയാ അച്ഛാ വാ ഇറങ്ങ്‌ ഞാൻ പിടിക്കാം"
മറ്റുള്ള ഫ്ലാറ്റിലെ ആളുകളും അവരുടെ കുട്ടികളും കേട്ട്‌ ചിരിക്കുന്നത്‌ കാണുമ്പോൾ അയാൾക്ക്‌ വലിയ വിഷമം തോന്നും..
നീന്തൽ പഠിക്കാൻ പറ്റാത്തതിൽ കുറ്റബോധവും വെള്ളത്തിലിറങ്ങാനുള്ള ഭയവും അയാളെ വർഷങ്ങളായി പിന്തുടർന്നു കൊണ്ടേ ഇരിക്കുന്നു..
"വാടാ ഇറങ്ങ്‌ ഞങ്ങൾ പിടിക്കാം"
കോറസ്സ്‌ പോലെ ആളുകൾ വിളിക്കുന്നു.
ഇപ്പൊ അവർ പക്ഷെ സ്വിമ്മിംഗ്‌ പൂളിന്റടുത്തല്ല നാട്ടിലെ ഒരു വലിയൊരമ്പലക്കുളത്തിന്റെ കരയിലാ.
വയലിന്റെ കരയിലെ ക്ഷേത്രം.
വലിയ പടികളും ചുറ്റമ്പലമൊക്കെ ഉള്ള ഒരു പുരാതന ക്ഷേത്രം.
വലിയ വിശാലമായ പറമ്പ്‌, അതിൽ ഈ അമ്പലവും ഒരു വലിയ മനയും.
പല പ്രേദേശങ്ങളിലെയും മുതിർന്നവരും കുട്ടികളും നീന്താൻ വരുന്ന കുളം.
അവിടെയാണു പ്രായത്തിൽ മുതിർന്ന ആളുകളുടെ കൂടെ ഈ ഒമ്പതാം ക്ലാസ്സുകാരനും നീന്തൽ പഠിക്കാൻ വേണ്ടി പോയത്‌. എത്തിയ ഉടനെ എല്ലാവരും തുണിയൊക്കെ അഴിച്ച്‌ കരയിൽ തയ്യാറായി നിന്നു. അവരൊക്കെ വലിയ നീന്തൽകാരും. ഓരോ ആളായി ഉയർന്നു ചാടി മുങ്ങാംകുഴിയിട്ട്‌ നീന്തിക്കളി തുടങ്ങി. നീന്തൽ അറിയാത്ത ഇയാൾ കരയിൽ ഒരു തോർത്തുമുടുത്ത്‌ തണുത്ത്‌ നിൽക്കുന്നതിനിടയിലാണു ഒരു "വിവരദോഷി "ഇയാളെയും കെട്ടിപ്പിടിച്ച്‌ ആ വലിയ കുളത്തിന്റെ നടുവിലേക്ക്‌ എടുത്ത്‌ ചാടിയത്‌.
വെള്ളത്തിൽ വീണ ഉടനെ ആ "വിവരദോഷി" ഇയാളുടെ അരയിലെ പിടുത്തവും വിട്ടു. ചുറ്റും വെള്ളവും കുമിളകളും മാത്രം. എന്താണു സംഭവിക്കുന്നതെന്ന് ഇയാൾക്ക്‌ മനസ്സിലാവുന്നില്ല. "അമ്മേ അച്ചാ" അലറിക്കരച്ചിലുകളൊക്കെയും വലിയ കുമിളകളായി ഇയാൾക്ക്‌ ചുറ്റും വലയം ചെയ്ത്‌ കൊണ്ടിരുന്നു.
ചുറ്റും ചുവപ്പ്‌ കളർന്ന് വെള്ളം,
ആ വെള്ളത്തിൽ ആഴങ്ങളിലേക്ക്‌, അയാൾ പിടക്കുന്നുണ്ടായിരുന്നു, കുതറുന്നുണ്ടായിരുന്നു,
അത്‌ മരണമാണോ എന്ന് പോലും തോന്നിപോയി .
പെട്ടെന്നാണു തന്നെ പോലെ ഒരാളെ കൂടി ആ വെള്ളത്തിൽ കണ്ടത്‌ ഉടനെ അയാളെ വട്ടം ചുറ്റി പിടിച്ചു .രക്ഷിക്കാൻ വേണ്ടി ചാടിയ ആ ആളും ഇയാളും കൂടി വീണ്ടും ആഴങ്ങളിലേക്ക്‌, രണ്ട്‌ പേരും തമ്മിൽ വലിയ മൽപിടുത്തം. മരണവും ജീവിതവും രണ്ട്‌ പേരും തളർന്നു..
കുറച്ച്‌ സമയം..
മരണത്തിൽ നിന്നും ആരൊക്കെയോ ചേർന്ന് കരക്കെടുത്തിട്ട്‌ വയറിലൊക്കെ അമർത്തി വെള്ളം പോയി ബോധം വരുമ്പോ അയാൾ നഗ്നനായിരുന്നു. പെട്ടെന്നാണു വീണ്ടും ആ "വിവരദോഷി" കൈയ്യിൽ പിടുത്തമിട്ടത്‌.
"ആദ്യം ഇങ്ങനെ തന്നെയാ എന്നാലേ പഠിക്കൂ ന്ന്"
അവന്റെ കൈയ്യും തട്ടി തെറുപ്പിച്ച്‌ ബാക്കി "കിട്ടിയ ജീവനും കൊണ്ട്‌ അമ്മയെ കാണാം" ന്ന് കരുതി ഓടി തുടങ്ങി .
വാശി കയറിയ ആ കാലമാടൻ പിന്നാലെയും ചുറ്റമ്പലവും ആ വലിയ വീടും ഉടുതുണിയേക്കാൾ വലുതാണു ജീവൻ എന്ന മട്ടിൽ അയാൾ ചുറ്റി ഓടുമ്പോ ആ വീട്ടിലെ സ്വന്തം സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുൾപ്പെടെ പുറത്തേക്കിറങ്ങി വന്ന് ആസ്വദിക്കുകയായിരുന്നു..
ഓടി കിട്ടാത്തതിലെ അരിശം മുഴുവൻ അവൻ തീർത്തത്‌ കരയിൽ അഴിച്ച്‌ വച്ച ട്രൗസറിലും ഷർട്ടിലുമായിരുന്നു രണ്ടും അവനെടുത്ത്‌ വെള്ളത്തിലിട്ടു.. ക്ഷീണവും അപമാനഭാരവും ഭയവും ഊറി കൂടിയ മനസ്സുമായി ദൂരെ ഉള്ള വീട്ടിലേക്ക്‌ പട്ടാപകൽ നഗ്നനായി പോയ അയാൾക്ക്‌ പിന്നെ എങ്ങനെ വെള്ളം കണ്ടാൽ പേടി തോന്നാതിരിക്കും??
✍️ഷാജി എരുവട്ടി...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo