ഷിറാഖ് - 2
.................
"ഉം... പ്രണയം...." അവൾ വലതു ഭാഗത്തേക്ക് വായ വക്രിച്ചുപിടിച്ച് തല ഉയർത്തി.. ഞാനൊന്നും മിണ്ടാതെ കാഴ്ചക്കാരനോ ശ്രോതാവോ ആയി വേഷപ്പകർച്ച നടത്തി കഴിഞ്ഞിരുന്നു.
.................
"ഉം... പ്രണയം...." അവൾ വലതു ഭാഗത്തേക്ക് വായ വക്രിച്ചുപിടിച്ച് തല ഉയർത്തി.. ഞാനൊന്നും മിണ്ടാതെ കാഴ്ചക്കാരനോ ശ്രോതാവോ ആയി വേഷപ്പകർച്ച നടത്തി കഴിഞ്ഞിരുന്നു.
''ആനന്ദ് ഞാൻ നിനക്കൊരു കഥ പറഞ്ഞു തരാം... മഞ്ഞപ്പൂക്കളെ പ്രേമിച്ച രണ്ടു പേരുടെ കഥ.. പീത പുഷ്പങ്ങളാൽ അലങ്കൃതമായ സ്വർഗ്ഗമാണ് തങ്ങളുടെ പ്രണയമെന്ന് കവിതകളിലൂടെ സംവദിച്ച് ഹൃദയം കൈമാറി ഒടുക്കം ഭ്രാന്തിന്റെ ചങ്ങല കിലുക്കങ്ങളിൽ ബന്ധനസ്ഥയായ നൗറാ നസീഹിന്റേയും ഭ്രാന്തിനു പോലും വേണ്ടാതായ ഷിറാഖിന്റേയും കഥ."
ഒന്ന് നിർത്തിയ ശേഷം അവളെന്നെ നോക്കി. "എന്താ...? പെണ്ണ് കെട്ടുകഥ പറയുവാന്ന് കരുതുന്നുണ്ടോ? എങ്കിൽ ഇത് പച്ച പരമാർത്തം മാത്രമാണ്. ഇബ്നു മാജിദ് അനശ്വരമാക്കിയ ലൈലാ മജ്നു കഥയെക്കാൾ തീവ്രമായ പ്രണയത്തിന്റെ നേർക്കാഴ്‌ച അതാണ് ഷിറാഖ് നൗറാ പ്രണയം.
അഞ്ചാറ് കൊല്ലം മുമ്പാണ് നൗറ ഷിറാഖിനെ ആദ്യമായി കാണുന്നത്. കൊടും വരൾച്ച ബാധിച്ച ഒരു വേനൽക്കാലത്ത്. ഈ നാടന്ന് കുടിവെള്ളത്തിന് പോലും നെട്ടോട്ടമോടുകയായിരുന്നു. അങ്ങനെയാണ് ദൂരെ നിന്ന് ടാങ്കറുകളിൽ വെള്ളമിറക്കാൻ വേണ്ടി നാട്ടുപ്രമുഖർ തീരുമാനിക്കുന്നത്. അതിന് സഹായങ്ങളുമായി ഗവൺമെന്റും ഉദ്യോഗസ്ഥരും മുന്നിട്ടിറങ്ങി. രാജ്യത്തെ ഏറ്റവും മനോഹരമായ നഗരങ്ങളൊന്നിൽ പെടുന്ന ഈ നാട് വരൾച്ച ബാധിച്ചാൽ ഉണ്ടായേക്കാവുന്ന ടൂറിസത്തിലെ ഇടിവാകാം അത്തരമൊരു ഉദ്യമത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ഏതായാലും സർക്കാരിന്റെ പ്രതിനിധിയായി ഷിറാഖ് ഈ നാട്ടിലെത്തി. വരൾച്ചയെ കുറിച്ച് പഠിക്കാനും ജലസ്രോതസ്സുകൾ കണ്ടെത്താനും എത്തിയ ഷിറാഖിന് നാട്ടിലെ കണ്ണിലുണ്ണിയാവാൻ എളുപ്പം കഴിഞ്ഞു.
പുഞ്ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുകയും ഹസ്തദാനങ്ങളിൽ വകഭേദം കാണിക്കാത്തതുമായിരിക്കാം അദ്ധേഹത്തെ ജനപ്രിയനാക്കിയത്. മാത്രവുമല്ല ആളൊരു സുന്ദരനുമായിരുന്നു. നീണ്ട മൂക്കും വിടർന്ന കവിളും വട്ട മുഖവും തീക്ഷണമായ കണ്ണുകളുമുള്ള ഒരു സുന്ദരൻ.. ഈ നാട്ടിലെ പല പെൺകുട്ടികളും ശിറാഖിന്റെ ശ്രദ്ധയിൽപ്പെടാൻ ഉടുത്തൊരുങ്ങിത്തന്നെ നടന്നു. പക്ഷേ ശിറാഖിനെ വീഴ്ത്താൻ അവർക്കാർക്കും കഴിഞ്ഞില്ല.
അവിചാരിതമായാണ് ശിറാഖ് ഒരു ദിവസം നമ്മുടെ വീട്ടിലേക്ക് വന്നത്. നാട്ടിലെ പ്രബലരും ശക്തരുമായ കോറിടക്ക വിഭാഗത്തിലെ നേതാവും പ്രമുഖനുമായ എന്റെ പിതാവിനെ കണ്ട് സംസാരിക്കാനായിരുന്നു അദ്ധേഹം വന്നത്. അന്നാണ് ശിറാഖ് ആദ്യമായി നൗറയെ കണ്ടത്. നൗറ കോറിടക്ക കുടുംബാംഗവും നേതാവുമായ നസീഹ് ഗഫാനിയുടെ മൂത്ത മകളുമാണ്.
കോറിടക്ക ഗോത്രത്തിലെ പ്രമുഖരായൊരു വിഭാഗമാണ് ഗഫാനികൾ. ദൈവത്തിന്റെ പുത്രപരമ്പരയായിട്ടാണ് കോറിടക്കക്കാർ ഗഫാനികളെ പരിഗണിച്ചു വരുന്നത്. വിചിത്രമായൊരാചാരം എന്തെന്നാൽ ഗഫാനികൾക്ക് പുരുഷാധികാരമാണെന്നു മാത്രമല്ല ആദ്യ കുഞ്ഞ് ആണാവണം എന്നും നിർബന്ധമാണ്. ഇനി അഥവാ അതൊരു പെണ്ണായാൽ അവൾക്ക് മാംഗല്യഭാഗ്യമോ മറ്റോ ഇല്ലെന്നു മാത്രമല്ല പ്രായപൂർത്തിയായി കഴിഞ്ഞാൽ വീട്ടുവേലക്കാരികളുടെ കൂടെ എണ്ണപ്പെടുകയും ശാപ ജന്മമെന്ന് വകയിരുത്തുകയും ചെയ്യും. അവരുടെ കൂടെ ഭക്ഷണം കഴിക്കാൻ പോലും പിന്നെ ഗഫാനികൾക്ക് പാടില്ലെന്നാണ് വിശ്വാസം.
നിർഭാഗ്യവശാൽ നസീഹ് ഗഫാനിയുടെ ആദ്യ കുഞ്ഞ് പെൺകുഞ്ഞായിരുന്നു, നൗറാ നസീഹ. പ്രായപൂർത്തിയായതോടെ വീട്ടിനു പുറത്തേക്ക് മാറ്റപ്പെട്ട നൗറയെയാണ് ഷിറാഖ് കണ്ടത്. നൗറ ഒരു താഴ്ന്ന കുലജാത യാണെന്നു വിശ്വസിച്ച ഷിറാഖ് സുന്ദരിയായ നൗറയെ പ്രേമിക്കാൻ തുടങ്ങി.
ഷിറാഖ് മനോഹരമായി കവിതയെഴുതുകയും അതെല്ലാം മറ്റു വേലക്കാരികളുടെ കുട്ടികൾ മുഖേനെ നൗറയിലെത്തിക്കുകയും ചെയ്തു. പഠന കാലത്ത് എഴുതി നിർത്തിയ കവിതയെഴുത്തിലേക്ക് നൗറ വീണ്ടും ആകൃഷ്ടയാവുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. തന്റെ ശാപ ജന്മ മറിഞ്ഞാണ് ഷിറാഖ് തന്നോട് അടുക്കുന്നതെന്നും കവിതകളെഴുതി ഈ അവസ്ഥയിലാനന്ദം കണ്ടെത്താൻ അദ്ധേഹം സഹായിക്കുകയുമാണെന്നാണ് ആദ്യമൊക്കെ നൗറ കരുതിയിരുന്നത്.
വീണ്ടും എഴുതിത്തുടങ്ങിയതോടെ നൗറയിൽ സ്വപ്നങ്ങൾ പൂവിടാൻ തുടങ്ങി. വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാവുകയും ഗാഢമായ പ്രണയത്തിന് താൻ അർഹയാണെന്ന് വിശ്വസിക്കുകയും ചെയ്തു. ഒരു പ്രേമത്തിനായി കണ്ണുകളടക്കുമ്പോഴൊക്കെയും ഷിറാഖിന്റെ രൂപം തെളിയുകയും ക്രമാതീതമായ ശ്വാസോച്ഛാസം തനിക്കുണ്ടാവുന്നതും തിരിച്ചറിഞ്ഞ നൗറ പിന്നീട് തീവ്രാനുരാഗത്തിന്റെ വരികളെഴുതി ഷിറാഖിനയച്ചു..
ഇരുവർക്കിടയിലും ശക്തമായ പ്രണയം പതിയെ പടർന്നു പന്തലിച്ചു. മോഹങ്ങളില്ലാത്ത ശോഷിച്ചു പോയ നൗറ ദേവതമാരെപ്പോലെ മനോഹരിയാവുകയും ശരീരം പുഷ്ടിപ്പെടുകയും ചെയ്തു തുടങ്ങി. ഗഫാനികൾക്കത് ദൈവകോപത്തിന്റെ അടയാളമായിരുന്നു. കാരണം ദൈവത്തിന്റെ പിതൃ പരമ്പരയിൽ ജനിക്കുന്ന ആദ്യ പെൺകുട്ടി ചെകുത്താനായതിനാൽ അവളെ മരണത്തിനും ജീവിതത്തിനുമിടയിൽ നരകിപ്പിക്കണമായിരുന്നു. അത് കൊണ്ട് തന്നെ നൗറയെ ഇരുട്ട് മുറിയിലാക്കുകയും ഭക്ഷണ പാനിയങ്ങളിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്തു. പക്ഷേ തന്റെ പ്രണയത്തിൽ ഉറച്ച വിശ്വാസിയായ നൗറയുടെ മനസ്സിനെ തളർത്താൻ അത് കൊണ്ടൊന്നും കഴിഞ്ഞില്ല.
ഇതേ സമയം തന്റെ പ്രണയിനിയുടെ അവസ്ഥയും അവളുടെ ശരിയായ വിവരങ്ങളും വേലക്കാരിൽ നിന്നുമറിഞ്ഞ ഷിറാഖ് നസീഹ് ഗഫാനിയുടെ വീട്ടിലെത്തുകയും തങ്ങൾക്കിടയിലുള്ള പ്രണയത്തിന്റെ കഥ പറഞ്ഞ് അവളെ വിട്ടുതരണമെന്നപേക്ഷിക്കുകയും ചെയ്തു.
കൊടിയ മർദ്ദനങ്ങളായിരുന്നു പിന്നെ ഇരുവരേയും കാത്തിരുന്നത്. അടിച്ചും ഇടിച്ചും ശപിച്ചും ഗഫാനികൾ ഇരുവരേയും ദ്രോഹിച്ചു. അക്രമം സഹിക്കവയ്യാതായപ്പോൾ ഒരു രാത്രി ഷിറാഖ് നാടുവിട്ടു. അതോടെ ഗഫാനികളുടെ മർദ്ദനമുറകൾ ഏറ്റുവാങ്ങാൻ നൗറ തനിച്ചാവുകയും അങ്ങേയറ്റം തകർന്ന മാനസീകാവസ്ഥയിലേക്കവൾ നീങ്ങിത്തുടങ്ങുകയും ചെയ്തു. പക്ഷേ അപ്പോഴും ഷിറാഖിനോടുള്ള പ്രണയം ഉപേക്ഷിക്കാൻ നൗറ ഒരുക്കമായിരുന്നില്ല.
ഷിറാഖിനെ കാണാനില്ലെന്നും തന്നെ ഉപേക്ഷിച്ചു പോയി എന്നുമറിഞ്ഞതോടെ നൗറ പൂർണ്ണമായും തളർന്നു. പതിയേ അവൾക്കു മേലുള്ള പീഢനമുറകളും കുറയാൻ അതു കാരണമായി. എന്നാൽ ചുവരുകളിൽ ഭഗ്ന പ്രണയത്തിന്റെ വരികളെഴുതി അവൾ ഷിറാഖുമായി സംവദിക്കുന്നത് പോലെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
ഈ കാഴ്ചകളെല്ലാം കണ്ട് മനസ്സ് തകർന്ന മറ്റൊരു സ്ത്രീ ജന്മം ആ വീട്ടിനകത്തുണ്ടായിരുന്നു. നമ്മുടെ അമ്മ. ഒന്ന് തലോടാൻ പോലും കഴിയാത്ത ആ മാതൃഹൃദയം ഒരു പാട് വേദനിക്കുന്നുണ്ടെന്നുറപ്പായിരുന്നു.
രണ്ട് വർഷങ്ങൾ പെട്ടന്ന് കൊഴിഞ്ഞു പോയി. എല്ലാവരും ഷിറാഖിനെ മറന്നു തുടങ്ങി നൗറയൊഴികെ. തന്റെ നിറം കെട്ട ജീവിതത്തിന് നിറം പകർന്ന പുരുഷനെ ഒരു സ്ത്രീ എങ്ങനെയാണ് മറക്കുന്നത്? ചിലപ്പോഴൊക്കെ അവളെ അടച്ചിട്ട മുറിയിൽ നിന്ന് ഞരുക്കങ്ങൾക്കൊപ്പം ഈണത്തിലാലപിക്കുന്ന കവിതകൾ കേട്ടു. എല്ലാം പ്രണയ തീവ്രമായിരുന്നു.
വരൂ..
നമുക്കീ വസന്തത്തിന്റെ
ഹൃദയങ്ങളാവാം..
ചൂടേറ്റിയ വേനലിലെ
തെളിനീരുകളാവാം...
നമുക്കീ വസന്തത്തിന്റെ
ഹൃദയങ്ങളാവാം..
ചൂടേറ്റിയ വേനലിലെ
തെളിനീരുകളാവാം...
വരൂ...
ശിശിരമെത്തും മുന്നേ
കൊഴിഞ്ഞ പൂവേ..
വസന്തം തിരികെയെത്തിയിട്ടും
പൂക്കാൻ മടിക്കയാണോ
നീ വാടിയിൽ...
ശിശിരമെത്തും മുന്നേ
കൊഴിഞ്ഞ പൂവേ..
വസന്തം തിരികെയെത്തിയിട്ടും
പൂക്കാൻ മടിക്കയാണോ
നീ വാടിയിൽ...
ഇത് പോലെ അനേകം വരികൾ. ഇത് കേൾക്കുമ്പോൾ നിറഞ്ഞ കണ്ണുകളോടെ കുനിഞ്ഞതലയുമായി നടന്നു നീങ്ങുന്ന അമ്മയെ കണ്ട് ഞാൻ പോലും കരഞ്ഞിട്ടുണ്ട്. സ്വന്തം ജേഷ്ഠത്തിയെ അടിമയാക്കിയ എനിക്കതിനെന്തർഹതയുണ്ടെന്നാവും അല്ലേ? ഹാ....!
രണ്ട് വർഷത്തിന് ശേഷം ഷിറാഖ് വീണ്ടും തിരിച്ചെത്തി. ഒരു പഴയ വീട്ടിലൊളിച്ച ഷിറാഖ് വളരെ രഹസ്യമായി കരുക്കൾ നീക്കി. അപ്പോൾ അദ്ധേഹത്തിലെ വശ്യമായ ചിരിയോ ഹസ്തദാനത്തിനായി നീട്ടുന്ന കൈകളോ കണ്ടില്ല. തുടിപ്പും ചടുലതയും നിറഞ്ഞ ഉത്സാഹിയായ ഷിറാഖിന് പകരം വരൾച്ച ബാധിച്ച ഭൂമി പോലെ ഉണങ്ങിശുഷ്കിച്ചൊരാളെയാണ് കണ്ടത്. അപ്പോഴും തീക്ഷണത മാറാതെ കാത്തു സൂക്ഷിച്ച കണ്ണുകൾ മാത്രമായിരുന്നു അദ്ധേഹത്തെ തിരിച്ചറിയാൻ പ്രയാസമില്ലാതാക്കിയത്.
വീട്ടിലെ വേലക്കാർ വഴിയാണ് വീണ്ടും ഷാറാഖ് ചരടുവലിച്ചത്. തന്റെ അഗാധമായ പ്രണയത്തിനു സംഭവിച്ച ദുരിതങ്ങളോർത്ത് ഏറെക്കരഞ്ഞ അദ്ധേഹം നല്ലൊരവസരത്തിനായി കാത്തു നിന്നു.
ജുലായ് 25 അതായിരുന്നു ആ ദിനം. അന്നൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ആ ദിനത്തിന് കോറിടക്കകൾക്കിടയിൽ വിശുദ്ധതയുടെ പരിവേശമുണ്ടായിരുന്നു. ജഗോല്പദിനം എന്ന വിശേഷ ദിവസം. ജഗോല്പ ദിനം എന്നാൽ ദൈവം തന്റെ മക്കളായ ഗഫാനികളെ സൃഷ്ടിച്ച ദിവസമാണത്രെ. അഥവാ ഭൂമിയും അകാശവും സൃഷ്ടിച്ച ദൈവം തന്റെ പത്നിയോടൊത്ത് ഇരിക്കുമ്പോഴാണ് ലൈംഗീകതയെ കുറിച്ച് ബോധവാനായത്. അത് വരേ തോന്നാത്ത പ്രത്യേകതരം വികാരത്താൽ ദൈവം തന്റെ ഭാര്യയെ കെട്ടിപ്പുണരുകയും ഈ ലോകം സൃഷ്ടിച്ചത് നിനക്കു വേണ്ടിയാണെന്ന് മന്ത്രിക്കുകയും ചെയ്തു. ഇതു തന്നെ മികച്ച അവസരം എന്നു മനസ്സിലാക്കിയ ഭാര്യ ദൈവത്തോട് തനിക്കൊരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ടു.
ആ രാത്രി കൊണ്ട് ദൈവം ഒരു കുഞ്ഞിനെ സൃഷ്ടിക്കുകയും അതിന് തന്റെ ആകാര വടിവുകൾ നൽകുകയും ചെയ്തു. എന്നിട്ട് ഗഫാൻ എന്ന് പേരിടുകയും ചെയ്തു. പിറ്റേന്ന് ഗഫാനെ കണ്ട ദൈവ ഭാര്യ ആഹ്ലാദിക്കുകയും തന്നെപ്പോലൊരു പെൺകുട്ടി കൂടി വേണമെന്ന് ദൈവത്തോട് യാചിച്ചു. അന്നേക്ക് നാലാം നാൾ ദൈവം ഒരു പെൺകുഞ്ഞിനെ സൃഷ്ടിച്ചു.
ആദ്യമായി ലോകത്തുണ്ടായത് ഗഫാനിയാണെന്നും അയാൾ സൃഷ്ടിക്കപ്പെട്ട ദിനം ജഗോല്പ ദിനമെന്നും കോറിടക്കക്കാർ വിശ്വസിച്ചു പോന്നു. ആ ദിനത്തിൽ ഗഫാനികളായ ആൺതരികളെല്ലാം സന്ധ്യയോടെ അണിഞ്ഞൊരുങ്ങി ദേവാലയത്തിലെത്തണമെന്നാണ്. ശേഷം വിവിധങ്ങളായ പൂജകളും ആരാധനകളുമാണ്. കോറിടക്കകളുടെ വിശ്വാസ പ്രകാരമുള്ള ആരാധന കൃത്യങ്ങൾക്ക് ഗഫാനികളാണ് നേതൃത്വം നൽകുക. ഒരു രാത്രി മുഴുവൻ ഉറക്കം ഒഴിഞ്ഞുള്ള ചടങ്ങിൽ അന്നപാനീയങ്ങൾ കഴിക്കാൻ പാടില്ലെന്നാണ്. സൂര്യോദയത്തോടെ വിശേഷ പാനിയമായ ദുറാബി നൽകപ്പെടും..
അത് കഴിഞ്ഞ് ഗഫാനി ഗോത്രത്തലവൻ പ്രത്യേകതരം സിംഹാസനത്തിൽ ഉപവിഷ്ഠനാവുകയും കോറിടക്ക വിഭാഗത്തിലെ എല്ലാ ആൺത്തരികളും നെറ്റിത്തടം കാൽതൊടുമാറു നമസ്കരിച്ചു വണങ്ങുകയും ചെയ്യും. അതിന് ശേഷം അദ്ധേഹത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന കർമ്മങ്ങൾ നിർവഹിച്ചു കഴിയുന്നതോടെ ചടങ്ങവസാനിക്കും.
ഞാൻ വെറുതേ വാച്ചിൽ നോക്കി. സമയം ഏറെ അതിക്രമിച്ചിരിക്കുന്നു. അതേ സമയം ഫരിസ്തയും തന്റെ വാച്ചിൽ നോക്കുകയും "കഥ പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല" എന്നാത്മഗതം ചെയ്യുകയും ചെയ്തു. പിന്നെ എഴുന്നേറ്റു കാഷ് കൗണ്ടറിലേക്കു നടന്നു. "കാഷ് ഞാൻ കൊടുത്തോളാം.." ഞാനൊച്ചവെച്ചു.
"വേണ്ട... ഇന്നെന്റെ വകയാവട്ടെ.. നാളെ ആനന്ദ് കൊടുത്തേക്കണം.." അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോഴും അവളുടെ മുഖത്ത് കെട്ടി നിന്ന കാർമേഘങ്ങൾ പെയ്യാൻ കൊതിക്കുന്നവയാണെന്നെനിക്കു തോന്നി. "ഗഫാനികൾ കരയാൻ പാടില്ല. ദൈവത്തിന്റെ മക്കൾ കരയുന്നത് ദുരന്തങ്ങളുടെ ലക്ഷണമാണെന്നാ വിശ്വാസം..." അവൾ നേരത്തെ പറഞ്ഞത് ഞാനൊന്നു കൂടി ഓർത്തു. എന്തിനെന്നറിയാതെ..
വീണ്ടും ഞങ്ങളിരു വഴികളിലേക്കു പിരിഞ്ഞു. ഹൃദയത്തിലപ്പോൾ ഷിറാഖും നൗറയും തീർത്ത പ്രണയ വിസ്മയങ്ങളായിരുന്നു. നൗറയെ അയാൾ ചുംബിച്ചിട്ടുണ്ടാവുമോ? നൗറയെ തൊടുകയോ ഭോഗിക്കുകയോ ചെയ്തിട്ടുണ്ടാവുമോ? ശരീരബന്ധങ്ങളില്ലാത്ത പ്രണയം ഉണ്ടാവുമോ?
ചിലപ്പോൾ മനസ്സങ്ങനെയാണ് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് നമ്മെ വട്ടം കറക്കും. ഗഹനമായ ചിന്തകളിലേക്ക് നമ്മെ എടുത്തെറിയും. എന്റെ മുറിയിലെ നീല വെളിച്ചം പോലെ. അതിന്റെ ക്രമാതീതമായ ചലനങ്ങളിൽ നോക്കി ഞാനെന്റെ മനസ്സെന്ന് വിളിക്കാറുണ്ട്. ചിതറിത്തെറിച്ചും ഒഴുകി നടന്നും അത് ഹൃദയം കവരുന്നത് പോലെ നിഗൂഢതയിലേക്കാഴ്ത്താറുമുണ്ട്. വിഭ്രാന്തമായൊരാവേശമോ പ്രണയാർദ്രമായൊരാനന്ദമോ മാറി മാറി ഉണ്ടായേക്കാം.. നമ്മുടെ മുറികൾ പോലും നമ്മെ ഭീകരമായൊ നിഷ്ക്രിയനായോ വായിക്കാൻ കഴിയും വിധം ഒരുക്കപ്പെട്ടവയാണ്. നാം അറിയാതെ നാം തന്നെ സെറ്റു ചെയ്യുന്നതാണവയെല്ലാം.
''ഹേ... പട്ടാളക്കാരാ...." പെട്ടന്നാണ് ഞാനാ പിൻവിളി കേട്ടത്.. പട്ടാളക്കാരനോ? തെല്ലാശ്ചര്യത്തോടെ ഞാനാ ശബ്ദത്തിന്റെ ഉടമയെ നോക്കി. അയാൾ... പ്രണയ കവിതകൾ കൊണ്ട് വട്ടു പിടിപ്പിക്കുന്ന അയാൾ തന്നെ.
ഒരു ചെറുപുഞ്ചിരിയോടെ ഞാനയാൾക്കരികിലേക്ക് നടന്നു.
"വിശക്കുന്നു... അല്പം ഭക്ഷണം വല്ലതും തരുമോ? വിശപ്പ് സഹിക്കാനാവുന്നില്ല...."
ഒരു യാചനയെന്നതിനേക്കാൾ ഏറെ അതൊരു തേങ്ങലായി എനിക്കു തോന്നി. ഒരു തീ നാളം അടിവയറ്റിൽ നിന്ന് തൊണ്ടക്കുഴലു വരെ പൊങ്ങി വന്ന് കെട്ടടങ്ങിയ പോലെ... ഞാനൊരു നിമിഷം നിശബ്ദനായി....
"ഷിറാഖ്.... " എന്തിനെന്നറിയാതെ ഞാനങ്ങനെ വിളിച്ചപ്പോൾ അയാളുടെ മുഖം വിവർണ്ണമാവുകയും പിന്നെ കണ്ണീരൊഴുകുകയും ചെയ്തു. കെട്ടിപ്പിടിച്ചു കൊണ്ടയാൾ തേങ്ങിക്കരഞ്ഞു.
നമ്മളിരുവരും തമ്മിൽ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി അഭിനയങ്ങളുടെ പ്രധാന്യങ്ങളില്ല. ഷിറാഖിന്റെ കൈ പിടിച്ച് ഞാൻ ബേർബിക്വസിലേക്ക് നടന്നു. വിശപ്പു കൊണ്ടാവണം അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ധേഹം കൂടെ നടന്നു.
(തുടരും)
ബാദ്ഷ കാവുംപടി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക