Slider

സാറാമ്മക്കായി ഒരു സെൽഫി

0

സാറാമ്മക്കായി ഒരു സെൽഫി :- പുലർച്ചെ തന്നെ fb തുറന്നപ്പോൾ ആ ഫ്രണ്ട് റിക്വസ്റ്റ് ശ്രദ്ധയിൽ പെട്ടു. പേര് സാറാമ്മ! profile photo നോക്കിയപ്പോൾ ഒരു സുന്ദരിപ്പെണ്ണ്! സാറാമ്മ എന്ന പേര് പെട്ടെന്ന് ഓർമയിൽ തെളിഞ്ഞു! ബഷീറിന്റെ പ്രേമലേഖനത്തിലെ സാറാമ്മ! "ഹൃദയം പ്രേമസുരഭിലവും ജീവിതം യൗവ്വന തീഷ്ണവുമായ ഈ അസുലഭ കാലഘട്ടത്തിൽ... " എന്നിൽ പ്രേമം നിറഞ്ഞു. ചുറ്റും നോക്കി! ഭാര്യയെങ്ങാൻ അരികിലുണ്ടോ? ഇല്ല! അവൾ അടുക്കളയിൽ പാചകത്തിന്റെ തിരക്കിൽ! നല്ല തക്കം! ഞാൻ സാറാമ്മയുടെ പ്രൊഫൈൽ പരിശോധിച്ചു. ശരിക്കും ജീവിതം സുന്ദര സുരഭിലമാക്കാൻ തോന്നുന്ന ഒരു യുവസുന്ദരി! ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ശേഷം ഞാൻ ഫോൺ മാറ്റിവച്ചു. ഇന്ന് അവധി ദിവസമാണ്. ഒരു കല്യാണത്തിന് പോകേണ്ടതുണ്ട്. ഞാൻ കുളിച്ചൊരുങ്ങി; വിശിഷ്ടാവസരങ്ങളിൽ മാത്രം ധരിക്കുന്ന വിലകൂടിയ മുണ്ടും ഷേർട്ടും അണിഞ്ഞു. മുടിയും താടിയും വളർന്നിരിക്കുന്നു. അവ വെട്ടിയൊതുക്കി ഷേവ് ചെയ്യേണ്ടതുണ്ട്. കല്യാണത്തിന് പോയി വന്നിട്ടാകാം എന്ന് തീരുമാനിച്ചു. ഭാര്യയോട് യാത്ര പറഞ്ഞ് കല്യാണത്തിന് പുറപ്പെട്ടു. പതിനൊന്ന് മണിയായപ്പോഴേക്കും വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി. വിവാഹ വീട്ടിലെ സ്ത്രീകളുടെ മുഖത്തെല്ലാം ഞാൻ പുലർച്ചെ കണ്ട fb യിലെ സാറാമ്മയെ തിരയുകയായിരുന്നു. തിരികെ വരുമ്പോൾ അതാ വഴിയരികിൽ ഒരു ബാർബർ ഷോപ്പ്. ഞാൻ അവിടെ ഇറങ്ങി. മുടിവെട്ടി ഷേവ് ചെയ്ത് ഒരു സുന്ദരകുട്ടപ്പനായ ഫോട്ടോ fb യിൽ ഇടണം. സാറാമ്മ അത് കണ്ട് കോരിതരിക്കണം! ഞാൻ ബാർബർ ഷാപ്പിലേക്ക് കയറി. അകത്ത് കയറിയപ്പോൾ എനിക്ക് ഒരു വല്ലായ്മ തോന്നി. വൃത്തിയില്ലാത്ത സ്ഥലം പോലെ! കസേരയുടെ കവർ കീറി സ്പോഞ്ച് പുറത്ത് കാണാം. കസേരയുടെ മുന്നിൽ താഴെ എതിർവശത്തായി ഭിത്തിയിൽ ഒരു കവചം തകർന്ന മൊബൈൽ റീചാർജർ കുത്തിയിട്ടിരിക്കുന്നു. അതിനകത്തെ ഇലക്ട്രോണിക് ഘടകങ്ങൾ പുറത്ത് കാണാം. LEd കത്തിക്കിടക്കുന്നു. നേരെ മുകളിലേക്ക് നോക്കിയപ്പോൾ സീലിങ്ങിൽ ഒരു വലിയ ദ്വാരം! സാവധാനത്തിൽ കറങ്ങുന്ന ഫാൻ... ഞാൻ ആദ്യം ഒന്നു മടിച്ചു ; പിന്നെ ഏതായാലും കയറിയതല്ലേ; മുടിവെട്ടിക്കളയാം എന്ന് കരുതി കസേരയിൽ കയറിയിരുന്നു. ബാർബർ ഒരു ബംഗാളിയാണ്. അയാളുടെ ചുണ്ടിൽ ബീഡിയെരിയുന്നു. ബാർബർ എന്നെ നാറ്റം വമിക്കുന്ന ഒരു തുണികൊണ്ട് പുതപ്പിച്ചു. ആ തുണിയിൽ പലയിടത്തും ബീഡിയുടെ തീയ് വീണ് തുള വീണിരിക്കുന്നു. മുടിവെട്ടി തുടങ്ങുന്നതിന് മുൻപ് അയാൾ ബീഡി ഉപേക്ഷിക്കുമായിരിക്കും എന്ന് ഞാൻ കരുതി. പക്ഷെ അയാൾ ബീഡിവലി തുടർന്നു. ആദ്യം തന്നെ അയാൾ വെള്ളം സ്പ്രേ ചെയ്തു. ചീർപ്പു കൊണ്ട് ചീകി മുടിവെട്ടാൻ ആരംഭിച്ചു. ചെവിയുടെ ഭാഗത്തു നിന്നുമാണ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ പണി പാളി! കത്രിക കൊണ്ട് എന്റെ ചെവിയിൽ മുറിവേറ്റു! ഞാൻ വേദന കൊണ്ട് പുളഞ്ഞു. രക്തം പൊടിഞ്ഞ് കണ്ടപ്പോഴാണ് അയാൾക്ക് മനസ്സിലായത്. അയാൾ പറഞ്ഞു: സോറി!. മുടിവെട്ട് മതിയാക്കി ഞാനവിടെ നിന്നും തടിയൂരാമെന്ന് കരുതി. പക്ഷെ ഒരു ചെവിയുടെ മുകളിലുള്ള മുടി മുഴുവൻ വെട്ടിയൊതുക്കിയിരിക്കുന്നു! ഇനി പൂർത്തിയാകും വരെ ഇരുന്നു കൊടുക്കുക തന്നെ! അയാൾ വെട്ട് തുടർന്നു. അയാൾ അടുത്ത ബീഡി കൂടി കത്തിച്ചു. ആഞ്ഞു വലിച്ച ശേഷം ആദ്യത്തെ പുക തന്നെ എന്റെ മുഖത്തേക്കൂതി! അസ്വസ്ഥത കൊണ്ട് ഞാനൊന്നു പുളഞ്ഞു. സാവധാനത്തിൽ ഒരു വിധം മുടിവെട്ടി തീർന്നു. ഇനി ഷേവ് ചെയ്യണം. ചെവിയിലെ മുറിവിന്റെ നീറ്റൽ അപ്പോഴുമുണ്ട്. ഏതായാലും ഷേവ് ചെയ്ത് കളയാം! അയാൾ സോപ്പിട്ട് പതപ്പിച്ചു. ഞാൻ നെഞ്ചിടിപ്പോടെ ഇരുന്നു കൊടുത്തു. അയാൾ മുറിവേൽക്കാതെ ഷേവിങ് പൂർത്തിയാക്കി ! പക്ഷെ കവിളിൽ ചിലയിടങ്ങളിൽ നീറ്റൽ പോലെ തോന്നി. അപ്പോൾ അയാളുടെ ഫോൺ ബെല്ലടിച്ചു. ഫോൺ അറ്റൻഡ് ചെയ്യുന്നതിനിടയിൽ അയാൾ ആഫ്റ്റർ ഷേവ് സ്പ്രേ ചെയ്തു. കവിളിലേക്ക് അടിക്കേണ്ട സ്പ്രേ എന്റെ കണ്ണിലാണ് പതിച്ചത്. ഞാൻ കണ്ണുകളിലെ നീറ്റൽ സഹിക്കാതെ പുളഞ്ഞു. അല്പം ആശ്വാസത്തിനായി ഞാൻ കാലുകൾ നീട്ടി. കാൽപാദങ്ങൾക്ക് നേരെ ഭിത്തിയിൽ കവചം തകർന്ന മൊബൈൽ ചാർജർ ഉള്ള കാര്യം ഞാൻ മറന്നിരുന്നു. എന്റെ കാൽവിരൽ തുമ്പ് പതിച്ചത് അതിലെ ഏതോ കമ്പിയിലാണ്. കാലിലൂടെ ഇലക്ട്രിക് ഷോക്കിന്റെ വിറയൽ എന്നിലൂടെ കടന്നു പോയി. എന്റെ ഹൃദയം സ്തംഭിച്ച പോലെ എനിക്ക് തോന്നി. ബാർബർ അപ്പോഴും ബീഡിപ്പുക ആസ്വദിക്കുകയാണ്. ഇലക്ട്രിക് ഷോക്കിന്റെ ഞെട്ടലിൽ നിന്നും വിമുക്തനായപ്പോൾ ഞാൻ അയാളെ തറപ്പിച്ച് നോക്കി. അയാൾ പറഞ്ഞു: സോറി ഭയ്യാ... ഞാൻ സാറാമ്മയെ ഓർത്തു. മുടിവെട്ടും ഷേവിങ്ങും കഴിഞ്ഞു. ഇനി ഫോട്ടോയെടുത്ത് fb യിൽ ഇടണം. സാറാമ്മ കോരിത്തരിക്കണം! ഞാൻ കസേരയിൽ നിന്നും ഇറങ്ങി അയാൾക്ക് കാശ് കൊടുത്തു.എന്നിട്ട് കണ്ണാടിയിൽ ഒരിക്കൽ കൂടി എന്റെ ഭംഗി ആസ്വദിച്ചു. സെൽഫിയെടുക്കാം എന്നു കരുതി ഞാൻ ഫോണെടുത്തു. അപ്പോഴാണ് ഞാനെന്റെ ഷേർട്ടിൽ മാറിടത്തിലായി ഒരു ചെറുദ്വാരം ശ്രദ്ധിച്ചത്! ബാർബറുടെ ബീഡി കൊണ്ട് അത് തുളഞ്ഞിരിക്കുന്നു... ഞാൻ ബാർബറെ തറപ്പിച്ചു നോക്കിയ ശേഷം അവിടെ നിന്നും ഇറങ്ങി. അപ്പോഴെനിക്ക് ഒരു ബുദ്ധി തോന്നി... ഷേർട്ടിലെ ദ്വാരം കാണാത്ത വിധം ഇടതു കൈപ്പത്തി മാറിലമർത്തി ഞാനൊരു സെൽഫിയെടുത്തു... സാറാമ്മയെ കാണിക്കാൻ... ആ സെൽഫി കണ്ട് അവൾ കോരിത്തരിക്കുമെന്ന പ്രതീക്ഷയിൽ !!_ _ _ _ _ _ _ _ _ കാദർഷാ കെ.എ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo