Slider

ഒരു ഹിറ്റ് കഥ

0
ഒരു ഹിറ്റ് കഥ
----------------------------
ഫേസ്ബുക്കിലെ നിരവധി സാഹിത്യ ഗ്രൂപ്പുകളിൽ അംഗമായിരുന്നു അയാൾ..
അതിൽ എഴുതുന്നവരുടെയൊക്കെ രചനകൾ വായിച്ച് അയാൾ നെടുവീർപ്പിട്ടു..
''എനിക്കും ഇങ്ങനെയൊക്കെ എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ..''
ഒരു ദിവസം ഒരു ഗ്രൂപ്പിൽ ആരോ പോസ്റ്റ് ചെയ്ത കഥ വായിച്ചപ്പോൾ അത്ഭുതം കൊണ്ട് അയാൾ നിലവിളിച്ചു പോയി..
''എൻ്റമ്മോ.. എന്തൊരു എഴുത്താ.. വായനക്കാരെ പിടിച്ചിരുത്തുന്ന ശെെലി..''
ആ കഥയ്ക്ക് കിട്ടിയ ലെെക്ക് കണ്ടപ്പോൾ അയാളുടെ കണ്ണു തള്ളി പുറത്തേക്ക് വീഴാൻ പോയി..
പത്ത് കെ ലെെക്ക്..
''ആ എഴുത്ത്കാരൻ എത്ര ഭാഗ്യവാനാണ്.. ഒരുപാട് സുന്ദരിമാരുടെ ഫ്രണ്ട് റിക്വസ്റ്റ് അയാൾക്ക് വരുന്നുണ്ടാവും..''
അയാൾ കണക്കു കൂട്ടി..
അന്നത്തോടെ അയാളുടെ മനസ്സിൽ ഒരു മോഹം കലശലായി..
തനിക്കും ഒരു കഥയെഴുതണം.. വെറും കഥയല്ല.. ഒരു വമ്പൻ ഹിറ്റ് തന്നെയെഴുതണം..
അതിൻ്റെ ലെെക്കും കമൻ്റും കണ്ട് സായുജ്യമടയണം.. ആരാധികമാരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിറഞ്ഞൊഴുകി തൻ്റെ പ്രൊഫെെൽ ധന്യമാകണം.. അതിൽ ഏറ്റവും സുന്ദരികളെ നോക്കി ആക്സപറ്റ് ചെയ്യണം..
പിന്നെ അവരോടുള്ള ചാറ്റിംഗ്.. ഹൊ..
അതൊക്കെ കൺമുന്നിൽ കണ്ടിട്ടെന്നപോലെ അയാൾ പുളകം കൊണ്ടു..
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു..
''രാവിലെ മുതൽ വെെകുന്നേരം വരെ ഇരുന്നിട്ടാണെങ്കിലും ഞാനിന്നൊരു കഥയെഴുതും..''
അയാൾ ശപഥം ചെയ്തു..
രാവിലെ തന്നെ അയാൾ പേപ്പറും പേനയുമെടുത്ത് മുറിയിൽ കയറി..
''ഒരു പ്രണയകഥയായാലോ.. ആഹാ.. അത് നന്നായിരിക്കും.. അതാവുമ്പോൾ കൂടുതൽ പേരെ ആകർഷിക്കും..''
അയാൾ പ്രണയകഥകൾ ആലോചിച്ച് സിഗററ്റുകൾ ഒാരോന്നായി പുകച്ചു കൊണ്ടിരുന്നു ..ഇടയ്ക്കിടെ ഓരോന്ന് കുത്തിക്കുറിക്കും.. ഉടൻ തന്നെ ആ പേപ്പറെടുത്ത് ജനാലയിലൂടെ ചുരുട്ടിയെറിയും..
ഈ പ്രക്രിയ തുടർന്നു കൊണ്ടേയിരുന്നു..
ഒന്നുമങ്ങോട്ട് ശരിയാവുന്നില്ല.. പ്രണയം തനിക്ക് വഴങ്ങുന്ന വിഷമമല്ല എന്നയാൾക്ക് തോന്നി..
പെട്ടെന്ന് മുറിയുടെ വാതിലിൽ മുട്ടു കേട്ടു.. അയാൾ എഴുന്നേറ്റ് വാതിൽ തുറന്നു..
മുൻപിൽ നിൽക്കുന്നു ഭാര്യ..
''നിങ്ങളിതെന്താ മനുഷ്യാ .. കുറേ നേരമായല്ലോ കടലാസ് ചുരുട്ടി പുറത്തേക്ക് എറിയുന്നു..''
അവൾ അകത്തേക്ക് കയറി.. അവിടം നിറയെ സിഗററ്റ് കുറ്റികൾ ചിതറി കിടക്കുന്നത് കണ്ടു..
''നിങ്ങക്കെന്താ ഭ്രാന്തായോ?.. മുറിയടച്ചിരുന്ന് സിഗററ്റ് വലിക്കുന്നു.. കടലാസ് ചുരുട്ടി പുറത്തേക്ക് എറിയുന്നു.. നിങ്ങളിതെന്ത് ഭാവിച്ചാ..?.''
അവൾ ഒച്ചയെടുത്തു..
''എടീ.. അത്.. ഞാനൊരു കഥയെഴുതാൻ നോക്കുകയായിരുന്നു..''
അയാൾ വിക്കി ..
''കഥയെഴുതാനോ.. നിങ്ങളോ..''
ഭാര്യ പൊട്ടിച്ചിരിച്ചു..
''ആദ്യം പോയി മലയാള അക്ഷരങ്ങൾ തെറ്റില്ലാതെ എഴുതാൻ പഠിക്ക് മനുഷ്യാ .. കഥയെഴുതുന്ന ഒരാള്.. കണ്ടേച്ചാലും മതി..
ആ സിഗററ്റ് കുറ്റി മുഴുവൻ എടുത്ത് കളഞ്ഞോണം..''
അവൾ ചാടിത്തുള്ളി പുറത്തേക്ക് പോയി..
''വെറുതെയല്ല.. എനിക്ക് പ്രണയം വഴങ്ങാത്തത്.. ഈ പൂതനയുടെ കൂടെയല്ലേ ജീവിതം.. കലാബോധമില്ലാത്ത അസത്ത്.. ''
അയാൾ പല്ലിറുമ്മി..
'കണ്ട കിനാവുകളൊക്കെ പാഴ്ക്കിനാവായി പോകുമോ?.. സുന്ദരിമാരുടെ ഫ്രണ്ട് റിക്വസ്റ്റ്.. അവരുമായുള്ള സല്ലാപങ്ങൾ.. എല്ലാം പോയോ..'?
അയാൾ സിഗററ്റ് കുറ്റികൾ ഓരോന്നായി പെറുക്കിയെടുത്ത് പുറത്തേക്ക് ഇടാനായി ജനാലയുടെ അടുത്തെത്തി ..
അപ്പോഴാണ് ആ കാഴ്ച കണ്ടത് ..
മീൻകാരനോട് ചിരിച്ചു വർത്തമാനം പറഞ്ഞു കൊണ്ട് മീൻ വാങ്ങുന്ന തൻ്റെ ഭാര്യ..
അയാളുടെ തലയിൽ ഒരു ബൾബ് കത്തി..
ഇതാ ഒരു അടിപൊളി കഥയ്ക്കുള്ള വിഷയം കിട്ടിയിരിക്കുന്നു..
പേനയെടുത്ത് അയാൾ നല്ല ഭംഗിയോടെ തലക്കെട്ട് എഴുതി..
ഭാര്യയുടെ ജാരൻ..
പിന്നീടങ്ങോട്ട് വാക്കുകൾ ഒഴുകുകയായിരുന്നു.. ഭാര്യയുടെയും മീൻകാരൻ്റെയും പ്രണയം പൊടിപ്പും തൊങ്ങലും വെച്ച് അയാളെഴുതി.. ഇടയ്ക്കിത്തിരി അശ്ലീലം ചേർക്കാനും അയാൾ മറന്നില്ല..
ഒറ്റയിരുപ്പിൽ കഥ പൂർത്തിയാക്കിയപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..
'ഈ കഥ തീർച്ചയായും ഹിറ്റാവും.. താനൊരു സംഭവമായി മാറും.. ഒന്നു കുളിച്ചു ഫ്രഷായി വരാം.. എന്നിട്ട് ടെെപ്പ് ചെയ്തു പോസ്റ്റാം..''
അയാൾ പേപ്പർ മേശപ്പുറത്ത് വെച്ച് കുളിക്കാൻ പോയി.. കുളിക്കുമ്പോഴും അയാളുടെ മനസ്സ് കിട്ടാൻ പോകുന്ന സൗഭാഗ്യങ്ങളോർത്ത് തുടി കൊട്ടുകയായിരുന്നു..
കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാൾ കണ്ടത് വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളുന്ന ഭാര്യയെയാണ്.. കെെയ്യിൽ ചിരവത്തടി..
''എന്തൊക്കെ വൃത്തികേടുകളാണ് മനുഷ്യാ നിങ്ങളീ എഴുതി വെച്ചിരിക്കുന്നത്.. നാണമില്ലാത്തവൻ.. സ്വന്തം ഭാര്യയെ കുറിച്ച് കഥയെഴുതിയിരിക്കുന്നു..''
പിന്നീട് നടന്നതൊന്നും അയാൾക്ക് ഓർമ്മയില്ലായിരുന്നു.. ഓർമ്മ വരുമ്പോൾ അയാൾ ആശുപത്രി കിടക്കയിലായിരുന്നു..
തലയിലൊരു കെട്ടുമുണ്ടായിരുന്നു..
അന്നു തന്നെ ആരോ അയാളെ ടാഗ് ചെയത് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു..
'ഭാര്യയുടെ ചിരവകൊണ്ടുള്ള അടിയേറ്റ് ആശുപത്രിയിൽ..'
ഒപ്പം അയാൾ ആശുപത്രിയിൽ കിടക്കുന്ന ഒരു ഫോട്ടോയും..
ലെെക്കുകളും സഹതാപം നിറഞ്ഞ കമൻ്റുകളും കവിഞ്ഞൊഴുകി ആ പോസ്റ്റ് ഒരു വൻ ഹിറ്റായി മാറി..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo