Slider

കുട്ടിരാമന്റെ ഓണം !

0
കുട്ടിരാമന്റെ ഓണം !

" അമ്മേ .. ഇന്ന് പായസം ഉണ്ടാക്കുമ്പോൾ എനിക്ക് അമ്മിണിക്ക് കൊടുക്കുന്നതിനേക്കാൾ ഒരു തവി കൂടുതൽ തരണം ... കഴിഞ്ഞ ഓണത്തിന് എനിക്ക് പനിപിടിച്ചതു കാരണം അവളല്ലേ കൂടുതൽ പായസം കുടിച്ചത് "...
കുട്ടിരാമൻ വാശിയോടെ പറഞ്ഞു ..
ഓണത്തിനും വിഷുവിനും മാത്രം വയറുനിറയെ ഉണ്ണാൻ കിട്ടുന്ന വലിയ ഒരു കൂട്ടുകുടുംബത്തിലെ കുറെയധികം കുട്ടികളിൽ ഒരുവനാണ് കുട്ടിരാമൻ ... മറ്റുദിവസങ്ങളിൽ അരവയർ കഞ്ഞിയും ചുട്ട പപ്പടവും പിന്നെ കൂടുതൽ ആർഭാടമെന്ന് പറയാൻ ചുട്ടരച്ച തേങ്ങ കൊണ്ടുള്ള ഒരു ചമ്മന്തിയും ആയിരിക്കും സ്ഥിര വിഭവങ്ങൾ ..
രാവിലെ കഞ്ഞികുടിച്ചു സ്കൂളിൽ പോയാൽ പിന്നെ ഉച്ചക്കു സ്കൂളിലെ പൈപ്പ് വെള്ളം തന്നെ ശരണം.. സ്കൂളിൽ വിളമ്പുന്ന കഞ്ഞി അവനു നിഷിദ്ധമാണ് ... കാവുങ്കൽ തറവാട്ടിലെ കുട്ടികൾ സ്കൂളിൽ വിളമ്പുന്ന കഞ്ഞി കുടിക്കാൻ പാടില്ലത്രേ .. !!
അമ്മാവന്റെ കല്പനയാണ് !!
തെറ്റിച്ചാൽ .. തെറ്റിച്ചൂന്ന് അമ്മാവനറിഞ്ഞാൽ ... പിന്നെ വീടിനു പടിഞ്ഞാറുവശത്തു നിൽക്കുന്ന പുളിയൻമാവിൽ കെട്ടിയിട്ട് അമ്മാവന്റെ കൈ കഴക്കും വരെ തല്ലുകൊള്ളേണ്ടി വരും ..!!!
സൂര്യൻ തലക്കുമുകളിൽ എത്തുമ്പോഴേക്കും രാവിലെ കുടിച്ച പാതിവയർ കഞ്ഞി ദഹിച്ച് ആവിയായീട്ടുണ്ടാവും ... വയർ കത്തി കാളുമ്പോൾ കഞ്ഞി കുടിക്കാൻ കൂട്ടുവിളിക്കുന്ന കൂട്ടുകാരോട് "നിക്ക് കഞ്ഞി ഇഷ്ടല്ല " എന്ന് മുഖത്തെ നിരാശ മറച്ചുവെച്ച് പറയാൻ കുട്ടിരാമൻ വല്ലാതെ കഷ്ടപ്പെടാറുണ്ട് !!
കാവുങ്കലെ കുട്ടിക്ക് വിശപ്പല്ലല്ലൊ... അഭിമാനമാനമാനല്ലൊ വലുത് ...!
തറവാട്ടിൽ അമ്മാവനാണ് അവസാന വാക്ക് .. കുട്ടിരാമന്റെ അമ്മയും ചെറിയമ്മമാരും വെറും ആജ്ഞാനിവർത്തികൾ മാത്രം .. അവർക്ക് സ്വന്തമായി അഭിപ്രായങ്ങളോ ഇനി അഥവാ അഭിപ്രായമുണ്ടെങ്കിൽ തന്നെ അതു പറയാനുള്ള അവകാശമോ ധൈര്യമോ ഇല്ല ...
അമ്മാവന്റെ മക്കൾ അമ്മായിയുടെ വീട്ടിലാണ് .. തിളങ്ങുന്ന പുത്തനുടുപ്പും പുതിയ ചെരുപ്പുമൊക്കെയിട്ട് ചിലപ്പോഴൊക്കെ വീട്ടിൽ വരാറുള്ള അവരുടെ മുൻപിൽ പഴകി നരച്ച് കുടുക്കില്ലാതെ സേഫ്റ്റിപിൻ കുത്തിയ നിക്കറുമിട്ട് പോയിനിൽക്കുമ്പോൾ കുട്ടിരാമൻ നാണക്കേടുകൊണ്ട് ചൂളിപോകാറുണ്ട് !
കുട്ടിരാമന്റെ അച്ഛനും അനിയത്തിമാരും അവർക്കൊക്ക കുട്ടികളുമുണ്ട് .. അവരുടെ കാര്യങ്ങൾ നോക്കാൻതന്നെ അയാൾ വല്ലാണ്ട് ക്ലേശിക്കുന്നുണ്ട് .. അതുകൊണ്ട് കുട്ടിരാമനും അമ്മയ്ക്കും നിത്യവൃത്തിക്ക് അമ്മാവൻ കനിഞ്ഞാലേ ഉള്ളൂ ..! അമ്മാവൻ തല്ലിയാലും ഇനി അഥവാ കൊല്ലാൻ തന്നെ തുനിഞ്ഞാലും സഹിക്കുകയെ തരമുള്ളൂ !!!
പക്ഷെ ഇന്ന് കുട്ടിരാമൻ ഉത്സാഹത്തിലാണ് .. രാവിലെ കഞ്ഞിക്കു പകരം ഇഡ്ഡലിയും സാമ്പാറും... ഉച്ചക്കു പൈപ്പ് വെള്ളത്തിനു പകരം പായസം കൂട്ടി ഊണ് ... ആനന്ദ ലബ്ദ്ധിക്കിനി എന്തു വേണ്ടൂ ??!!!
ചെറിയമ്മയുടെ മകൾ അമ്മിണിയുമായി മിറ്റത്ത് നിര കളിക്കുമ്പോഴും അവന്റെ മനസ്സ് അടുക്കളയിലെ ഉരുളിയിലും ചെമ്പിലുമായിരുന്നു ..
' മാവേലിക്ക് വാമനനോട് വർഷത്തിൽ ഒരു തവണ നാട്ടിൽ വരാൻ വരം ചോദിച്ചതിന് പകരം മാസത്തിൽ ഒരു തവണ നാട്ടിൽ വന്ന് പ്രജകളെ കാണണം എന്ന് ചൊദിക്കാമായിരുന്നു..!'
കുട്ടിരാമൻ ഓർത്തു !
അരി തിളക്കുന്ന മണം വരുന്നുണ്ട് .. ചെറിയമ്മ പായസം ഉണ്ടാക്കാനുള്ള ഉരുളി കിണറ്റിൻ കരയിലിട്ട് കഴുകി കൊണ്ടുപോകുന്നു ..
പാടത്ത് പണിക്കു വരുന്ന ശങ്കുവമ്മാവൻ ഇല വെട്ടി കൊണ്ടുവന്ന് നനഞ്ഞ തോർത്ത് കൊണ്ട് തുടച്ചു വൃത്തിയാക്കുന്നു
കുട്ടിരാമന്റെ കുഞ്ഞു മനസ്സ് സാന്തോഷം കൊണ്ട് നിറഞ്ഞു
ആരോ പടിപ്പുര കടന്നു വരുന്നുണ്ട് .. വേലുവാശാനാണ് .. കാവുങ്കലെ അകന്ന ബന്ധു.. അയാൾ ധൃതിയിൽ ഉമ്മറത്തേക്ക് കയറി .. അമ്മാവനോട് എന്തോ പറഞ്ഞു .. പെട്ടെന്ന് ഇറങ്ങി പോയി ..
അമ്മാവൻ കുറച്ചു നേരം ചിന്തിച്ചു നിന്നു .. എന്നീട്ട്‌ ഉറക്കെ വിളിച്ചു
" കുഞ്ഞൂട്ടീ ..."
"എന്താ ഓപ്പേ ?" കുട്ടിരാമന്റെ അമ്മ ഉമ്മറത്ത് ഹാജർ
"പായസത്തിന്റെ ഉരുളി അടുപ്പിൽ നിന്നും ഇറക്കിക്കോളൂ .. എന്നിനി സദ്യവട്ടമൊന്നും വേണ്ടാ .. വല്യമ്മാമക്ക് തീരെ വയ്യാത്രെ .. ഇന്നത്തേടം തികക്കില്ലെന്നാ വേലുക്കുറുപ്പ് പറഞ്ഞെ.. "!
കുട്ടിരാമന്റെ അമ്മ അനുസരണയോടെ തലയാട്ടി.. അടുക്കളയിലോട്ട് പൊയി..
കുട്ടിരാമന്റെ നിരാശ പറഞ്ഞറിയിക്കാൻ പറ്റില്ല ..
വളരെ നാളായി സുഖമില്ലാതെ കിടക്കുന്ന വലിയമ്മാവനാണ് .. ഒരു ദിവസം കൂടി കാക്കാമായിരുന്നു യമധർമ്മന് .. കൃത്യം ഇന്ന് തന്നെ കയറുമായി ഈ വഴി വരണമായിരുന്നൊ..?? അവന് കരച്ചിൽ വരുന്നുണ്ടായിരുന്നു
അന്നും കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും !!
രണ്ടു ദിവസം കഴിഞ്ഞ് പശുവിന് പിണ്ണാക്ക് വാങ്ങാനായി കടയിൽ ചെന്നപ്പോൾ വടിയും കുത്തി കടയുടെ വാതിൽക്കൽ നിന്ന് മുറുക്കുന്ന വലിയമ്മാവനെ കണ്ട് കുട്ടിരാമൻ മനസ്സിൽ പറഞ്ഞു
" സദ്യമുടക്കി .!!.. ഇനിയത്തെ പെർഫോമൻസ് അടുത്ത വിഷുവിനാവും ... "
കുട്ടിരാമന്റെ നോട്ടം കണ്ട് വലിയമ്മാവൻ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു
" ഓണോക്കെ കേമായോ കുട്ട്യേ.. എന്തായിരുന്നെടോ പായസം ??"
കുട്ടിരാമന്റെ മനസ്സിൽ അപ്പോൾ ഉള്ളത് കേട്ടിരുന്നെങ്കിൽ വലിയമ്മാവൻ സ്പോട്ടിൽ തന്നത്താൻ കുത്തിച്ചത്തേനെ !!!
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo